എ മാസ്ക് ദി കളർ ഓഫ് ദി സ്കൈ: ജയിലിൽ നിന്നൊരു ഫലസ്തീൻ രചന

2024ലെ അറബ് അന്താരാഷ്ട്ര ഫിക്ഷനുള്ള പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഇസ്രായേലിന്റെ അതിർവരമ്പുകളില്ലാത്ത നിഷ്ഠൂരതകൾക്കുള്ള മറുപടിയായിരിക്കുകയാണ് ഫലസ്തീനി പ്രതിരോധസാഹിത്യം. ഫലസ്തീനിയൻ സാഹിത്യകാരനും നോവലിസ്റ്റും കവിയുമായ ബാസിം ഖൻദഖ്ജിയുടെ ‘എ മാസ്ക് ദി കളർ ഓഫ് ദി സ്കൈ’ എന്ന നോവലിനാണ് അന്താരാഷ്ട്ര അറബ് ഫിക്ഷനുള്ള ഈ വർഷത്തെ പുരസ്കാരം ലഭിച്ചത്. ഈ അംഗീകാരം ഖന്ദഖ്ജിയെ തേടിയെത്തുമ്പോഴും അദ്ദേഹം ജയിലിലാണെന്നതാണ് സങ്കടകരം. അബുദാബിയിൽ നടന്ന ചടങ്ങിലെ പ്രഖ്യാപനത്തിന് ശേഷം നോവലിന്റെ പ്രസാധകരായ 'ദാറുൽ അദബിന്റെ' ഉടമ റാന ഇദ്രീസ് ആണ് ഖന്ദഖ്ജിക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. 50,000 ഡോളറാണ് സമ്മാനത്തുക. ‘ഖിനാഉൻ ബി ലൗനി സ്സമാഅ്’ എന്ന അറബി മൂലത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. ടെല്‍അവീവിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2004-ല്‍ ഇസ്രയേല്‍ സേന അറസ്റ്റ് ചെയ്ത്, മൂന്ന് ജീവപര്യന്തതടവ് ശിക്ഷ നല്കി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

1983ൽ ഫലസ്തീനിലെ നാബുല്‍സിലായിരുന്നു ഖന്ദഖ്ജിയുടെ ജനനം. നാബുല്‍സിലെ അൽ-നജാ നാഷണൽ യൂണിവേഴ്സിറ്റിയിൽ ജേർണലിസം പഠിച്ചു. പഠന കാലത്ത് തന്നെ അദ്ദേഹം ചെറുകഥകള്‍ എഴുതാറുണ്ടായിരുന്നു. 20 വർഷങ്ങൾക്ക് മുൻപ് 21 കാരനായ ഖന്ദഖ്ജി ഇസ്രായേൽ സൈന്യത്തിന്റെ തടവിലകപ്പെട്ടതോടെ ടെൽഅവീവിലെ ജയിലിനുള്ളിൽ നിന്ന് തന്നെ അൽഖുദ്സ് സർവകലാശാലയിൽ നിന്നും ഓൺലൈനായി അദ്ദേഹം പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ഇസ്രായേലി സ്റ്റഡീസ് എന്ന വിഷയത്തിൽ അദ്ദേഹം പ്രബന്ധവും തയ്യാറാക്കിയിരുന്നു. സാഹിത്യം, രാഷ്ട്രീയം, ഫലസ്തീനികളായ സ്ത്രീ ആക്ടിവിസ്റ്റുകൾ എന്നീ വിഷയത്തിൽ ഖന്ദഖ്ജി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 

ഫലസ്തീനികളുടെ ദുരിതപൂർണമായ ജീവിതത്തെ പുറം ലോകത്തെത്തിക്കാന്‍ സാഹിത്യത്തെക്കാൾ മികച്ച മാധ്യമമില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം, ജയിലിലും എഴുത്ത് തുടര്‍ന്നു. 2023ലാണ് പുരസ്കാരത്തിന് അർഹമായ എ മാസ്ക്, ദ കളർ ഓഫ് സ്കൈ എന്ന നോവൽ രചിക്കുന്നത്. 2010ൽ ‘റിച്വൽസ് ഓഫ് ദി ഫസ്റ്റ് ടൈം’ എന്ന കവിതാ സമാഹാരം പുറത്തിറക്കി. ഒരു രാത്രികാല കവിതയുടെ ശ്വാസം (2013), ദി നാർസിസസ് ഓഫ് ഐസൊലേഷൻ (2017) തുടങ്ങിയ കവിതാസമാഹരങ്ങളും ദി എക്ലിപ്സ് ഓഫ് ബദറുദ്ദീൻ (2019), ദി ബ്രീത്ത് ഓഫ് എ വുമൺ ലെറ്റ് ഡൗൺ (2020) തുടങ്ങി അനേകം രചനകളാണ് ജയിലിലായിരിക്കെ അദ്ദേഹം എഴുതിത്തീർത്തത്. ചരിത്രവും ഫിക്ഷനും ഇതിവൃത്തമാക്കിയ രചനയാണ് ദി എക്ലിപ്സ് ഓഫ് ബദറുദ്ദീൻ എന്ന നോവൽ. 

റാമല്ലയിലെ അഭയാർത്ഥി കേമ്പിൽ താമസിക്കുന്ന പുരാവസ്തു ഗവേഷകനായ നൂർ എന്ന വ്യക്തിക്ക് ഇസ്രായേൽ പൗരന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ലഭിക്കുന്ന നീല നിറത്തിലുള്ള തിരിച്ചറിയൽ കാർഡിനെ പ്രമേയമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. താൻ ഇസ്രായേലി പൗരനാണെന്ന് നടിച്ച് അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രവേശനം നിരോധിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി നൂർ ഈ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കുന്നു. വെസ്റ്റ് ബാങ്കിൽ ഇസ്രായേലി പൗരനായും ഫലസ്തീനി പൗരനായും ദിവസങ്ങളോളം സഞ്ചരിക്കുന്ന നൂറിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ഫെബ്രുവരിയിൽ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടിക പ്രഖ്യാപിക്കുന്നതിനിടെ ചരിത്രത്തിൽ ആദ്യമായാണ് ഇസ്രായേൽ തടവിലാക്കപ്പെട്ട എഴുത്തുകാരന്റെ വാക്കുകൾ ചുവരുകൾ ഭേദിച്ച് വായനക്കാരിലേക്കെത്തുന്നത് എന്ന് ട്രസ്റ്റി ബോർഡ് ചെയർമാന്‍ പ്രൊഫസർ യാസിർ സുലൈമാൻ പറഞ്ഞു. 133 പുസ്തകങ്ങളാണ് ഇത്തവണത്തെ അറബ് സാഹിത്യപുരസ്കാരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. മല്‍സരത്തിന്റെ ജൂറിയായ നബീൽ സുലൈമാന്‍, ഈ നോവലിനെ കുറിച്ച് അഭിപ്രായപ്പെടുന്നത് ഇങ്ങനയാണ്, "വംശീയത, വംശഹത്യ, കുടിയിറക്കൽ, വിഭജിക്കപ്പെട്ട കുടുംബ ബന്ധങ്ങൾ എന്നിവയുടെ കയ്പേറിയ യാഥാർത്ഥ്യത്തെ തുറന്നുകാട്ടുകയാണ് ഈ നോവൽ".

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter