അധ്യാപക ദിനത്തിലെ മുസ്‌ലിം വിചാരങ്ങള്‍
teacherസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യേണ്ടവനാണ് അധ്യാപകന്‍. അവരുടെ ശ്രമഫലമാണ് ഭാവിയുടെ പ്രതീക്ഷകളെന്നോണം പുതിയ വിദ്യാര്‍ത്ഥി തലമുറ കടന്നുവരുന്നത്. അതുകൊണ്ടുതന്നെ, ഏതൊരു സമൂഹത്തിന്റെയും ഹൃദയമാണ് അധ്യാപകര്‍. അവര്‍ നന്നായാല്‍ സമൂഹം നന്നായി. അവര്‍ മോശമായാല്‍ സമൂഹം മോശമായി. അധ്യാപക അനാദരവിന്റെയും മൂല്യച്യുതിയുടെയും വര്‍ത്തമാന കാലത്ത് ഒരു യഥാര്‍ത്ഥ ഇസ്ലാമിക അധ്യാപകന്റെ ധര്‍മവും കര്‍മവും അന്വേഷിക്കുകയാണിവിടെ.

അറിവ് സമ്പാദന രംഗത്തെ അഭിവാജ്യ ഘടകമാണ് അദ്ധ്യാപകന്.‍ വിദ്യനുകരാന്‍ വിദ്യവേണമെന്നപോലെ പ്രധാനമാണ് വിദ്യപഠിപ്പിക്കുന്നവനും. അദ്ധ്യാപകനില്ലാത്ത അദ്ധ്യായനം ചരിത്രത്തിന് പോലും അജ്ഞാതമാണ്. കുനിഞ്ഞിറങ്ങുന്ന നീരുറവക്ക് ഒരു പ്രഭവ കേന്ദ്രമുണ്ടെന്ന പോലെ ചലനാന്മകമായ ജ്ഞാന രൂപങ്ങള്‍ക്കും ഒരു ചാലക ശക്തി ഉണ്ടായേ തീരു.  മുഅല്ലിം, മുഅദ്ദിബ്, മുറബ്ബി എന്നീ പദങ്ങള്‍ കൊണ്ടാണ് സാധാരമ ഗതിയില്‍ അദ്ധ്യാപകനെ സൂചിപ്പിക്കുന്നത്, അറിവ് പകര്‍ന്ന് നല്‍കുന്നവന്‍ സംസ്‌കാര ദാദാവ് എന്നൊക്കെയാണ് ഇതിനര്‍ത്ഥം. ശുശക്തവും സുഭദ്രവുമായ തലമുറകളുടെ നിര്‍മൃതിയാണ് അദ്ധ്യാപകര്‍ നടത്തി കൊണ്ടിരിക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊളുത്തിയ വൈജ്ഞാനിക ദീപ ശഖയുടെ പ്രഭ അണയാതെ സൂക്ഷിക്കാന്‍ ഒരോ അദ്ധ്യാപകനും കടപ്പെട്ടിരിക്കുന്നു. പ്രവാചകനാണ് ആദ്യമായി ഈ പ്രഭ ഏറ്റുവാങ്ങിയത്. ജിബ്‌റീല്‍ വഴി അല്ലാഹുവില്‍ നിന്ന് തന്നെയാണ് ഇതിന്റെ ആരംഭം.  അദ്ധ്യാപന രംഗവും മൂല്യാധിഷ്ടിതമാകേണ്ടതുണ്ട്.എന്നുവെച്ചാല്‍,  സാര്‍ത്ഥകവും ചലനാതമകവുമായിരിക്കണം. ഓരോ അദ്ധ്യാപകനും തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തിപരമായും ആശയപരമായും പ്രവാചകരില്‍ കലാശിക്കുന്ന ഒരു ബന്ധം എപ്പോഴും ഉണ്ടായിരിക്കണം. അപ്പോഴാണ് തങ്ങള്‍ സ്വന്തം തനിമ കൈവെടിഞ്ഞിട്ടില്ല എന്ന കാര്യം വ്യക്തമാവുക.

അദ്ധ്യപനത്തിന്റെ കാര്യത്തില്‍ തനിമ കൈവിട്ടുപോയാല്‍ പിന്നെ ഒരര്‍ത്ഥവുമില്ല.കാരണം, വിശ്വഗുരുവായ പ്രവാചകനും ഒടുക്കത്തെ കണ്ണിയായ ഈ വിദ്യാര്‍ത്ഥിക്കുമിടയില്‍ പല പൈശാചിക ഇടപെടലുകള്‍ക്കും അവസരമൊരുങ്ങാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ജ്ഞാനമൊരിക്കലും മനുഷ്യനില്‍ അതിന്റെതായ പ്രവര്‍ത്തനം നടത്തുകയുമില്ല.  ഈ ജ്ഞാന ബന്ധത്തെ ഏറെ പവിത്രതയോടെയാണ് പൂര്‍വ്വ സൂരികള്‍ പരിഗണിച്ചിരുന്നത്. ഹദീസ് നിവേദന ശാസ്ത്രത്തില്‍ ജ്ഞാനികല്‍ ഇതിനെ സനദ് എന്ന് വിളിച്ച് പോന്നു. ത്വരീഖത്തില്‍ സില്‍സില എന്നും സാധാരണഗതിയില്‍ പരമ്പരയെന്നും പറയപ്പെട്ടു. ജ്ഞാന ശുദ്ധിയെയും നിശ്കളങ്കതെയെയും കുറിക്കുന്ന ശബദങ്ങളാണിവ ഈ ബന്ധം നിലനില്‍കുമ്പോല്‍ ജ്ഞാനം ഏതൊരു കാര്യത്തിന് വേണ്ടിയാണോ ഇറക്കപ്പെട്ടത് ആകാര്യം ചെയ്ത് തീര്‍ക്കുന്നു. കലര്‍പ്പുകളെന്നം സംഭവിക്കുന്നില്ല എന്നര്‍ത്ഥം.  വലിയ ഉത്തരവാദിത്വ ഭാരമുള്ളവനാണ് അദ്ധ്യാപകന്‍ സാധാരണഗതിയില്‍ ഉത്തരവാദിത്വങ്ങള്‍ ചെറിയ സംഘങ്ങളോട് മാത്രം ബന്ധിക്കുമ്പോല അദ്ധ്യാപകന്റെ ഉത്തരവാദിത്വം ഒരു സമൂഹത്തോടാണ് ബന്ധിക്കുന്നത്. കേവലം മുക്കാല്‍ മണിക്കൂര്‍ നാല് ചുമരുകള്‍ക്കിടയില്‍ ഒതുങ്ങിനില്‍കുന്നതല്ല ഈ ബന്ധം അതൊരു നിമിത്തം മാത്രം. യഥാര്‍ത്ഥ ബന്ധം അതോട് കൂടി ആരംഭിക്കുന്നതേയുള്ളു.

ഇസ്ലാമിക അദ്ധ്യാപകന്‍

 ഓരോ വിദ്യാര്‍ത്ഥിയുടെയും ആത്മീയ്യ രക്ഷിതാവാണ് അദ്ധ്യാപകന്‍. മാതാപിതാക്കള്‍ അവനെ ശാരീരികമായി സംരക്ഷിക്കുമ്പോള്‍ അവനെ ആത്മീയ്യമായി പരിപോഷിപ്പിക്കല്‍ അദ്ധ്യാപകന്റെ കടമയാണ്. പിന്നീട് സ്വന്തം കാലില്‍ നില്‍ക്കാനാകുന്നത് വരെ അദ്ധ്യാപകന്റെ മാര്‍ഗദര്‍ശനത്തിന് കീഴിലാണ് വിദ്യാര്‍ത്ഥി ജീവിക്കുന്നത്.  ഇതൊരു ചരിത്ര സത്യം കൂടിയാണ് ഇന്നലകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ജ്ഞാനികളായി കടന്ന് പോയവരല്ലാം പത്തും പന്ത്രണ്ടും വയസ്സാകുമ്പോഴേക്ക് പ്രാഥമിക പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി ഉന്നതരുടെ ശിഷ്യത്തം സ്വീകരിച്ച് നാടിനോട് വിടപറഞ്ഞവരായിരിന്നു. ആദ്യാത്മിക സരണികളായിരിന്നു അന്നത്തെ പുരോഗതിയുടെ മാനദണ്ഢങ്ങള്‍ ഏതൊരു അദ്ധ്യാപകന്റെ ശിഷ്യത്വം സ്വീകരിച്ചാലും അയാളില്‍നിന്നും ഒരു സരണി പുല്‍കുക സര്‍വ്വസാധാരണമായിരിന്നു. വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ലക്ഷ്യവും സാക്ഷാല്‍ കരിക്കപ്പെടാന്‍ ഇത് അത്യാവശ്യം തന്നെയാണ്.

വിദ്യാര്‍ത്ഥയെ അദ്ധ്യാപകന്റെ മുമ്പില്‍ കൊണ്ടുവന്ന് തരുന്നതോടെ മാതാപിതാക്കള്‍ തോളൊഴിയുന്നതാണ് ഇന്ന് പൊതുവെയുളള കാഴ്ച. ശേഷം എട്ട് പത്ത് വര്‍ഷം ആ കുട്ടി വളരുന്നത് അദ്ധ്യാപകന്റെ ശിക്ഷണത്തിലാണ്. അതിനാല്‍ കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തിന് ഏറ്റവും ബന്ധപെട്ടവന്‍ അദ്ധ്യാപകന്‍ തന്നെ സാമൂഹിക ചുമതല എന്നതിലപ്പുറം ദൈവികമായൊരു ചുമതയാണിത്. കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തില്‍ വല്ല പാളിച്ചയും സംഭവിക്കുന്ന പക്ഷം അതിന് അല്ലാഹുവിന്റെ മുമ്പില്‍ ചോദ്യം ചെയ്യപെടുക അദ്ധ്യാപകനാണ്.  ആത്മ വിമലീകരണം(തസ്‌കിയ്യത്തു ന്നഫസ്) ആത്മിയ പരിപോഷണം(തര്‍ബിയ്യത്ത്) എന്നിവയാണ് ഒരു അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം തന്റെ വിദ്യാര്‍ത്ഥിക്കുമുമ്പിലെ പ്രഥമ കവാടം. ജീവിതത്തിന്റെ നാനാ തലങ്ങലില്‍ നിന്നും ഓടിയെത്തുന്നവരായിരിക്കും വിദ്യാര്‍ത്ഥികള്‍ അത് കൊണ്ടുതന്നെ അവരുടെ ശരീരങ്ങള്‍ വിവിധയിനം സംസ്‌കാരങ്ങള്‍ക്കും ദുശ്ശീലങ്ങള്‍ക്കും അടിക്റ്റായിരിക്കും. ഇത്തരം കളങ്കങ്ങളില്‍ നിന്നും മുക്തമാക്കാനും ആദ്യാമായി തന്നെ ഒരു ശുദ്ധികലശം അനിവാര്യമാണ്. ശേഷമാണ് വിജ്ഞാനീയങ്ങളുടെ മാസ്മരിക ലോകത്തേക്ക് അവന്‍ ആനയിക്കപ്പെടേണ്ടത്.വിദ്യാഭ്യാസ രംഗം തീര്‍ത്തും ഒരാത്മിയ്യ യാനമായി പരിണമിക്കണം അപ്പോള്‍ മാത്രമെ അറിവ് ഹൃദയഗന്ധിയായി  മാറുകയുള്ളൂ.

അദ്ധ്യാപനം ഒരാരാധന

ഏറ്റവും പ്രതിഫലാര്‍ഹമായ ആരാധനകളിലൊന്നാണ് അദ്ധ്യാപനം ഭൂമിയില്‍ പ്രവാചകന്റെ പ്രതിനിധിയാണെല്ലോ അദ്ധ്യാപകന്‍. കാലം മുഴുവനും നോമ്പനുഷ്ടിക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്ന ഒരു സാത്ഥികന്റെ പ്രതിഫലമാണ് അദ്ധ്യാപകന്റെതെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഹൃദയ ശുദ്ധീകരണത്തിന്റെ കാര്യത്തിലാണ് അദ്ധ്യാപകന്‍ വിജയം കാണേണ്ടത്. തന്റെ അദ്ധ്യാപനത്തിലൂടെ അവന്‍ ലക്ഷീകരിക്കുന്നത് പണമാണെങ്കില്‍ അതവന് ലഭിക്കും. പ്രശസ്തിയാണെങ്കില്‍ അതും അവന് ലഭിക്കും പക്ഷെ, നാളെ അല്ലാഹുവിന് മുമ്പില്‍ പോകുമ്പോള്‍ അവന്റെ രജിസ്റ്റര്‍ കാലിയായിരികുമെന്ന് മാത്രം. ആത്മീയ്യാഭിവൃതിയെ കുറിച്ച്  സ്വപനത്തില്‍ പോലും ചിന്തിക്കാതെ വരവിന്റെ വലുപ്പവും കട്ടിയും മാത്രം പരിഗണിച്ച് അദ്ധ്യാപനം നടത്തുന്നത് തീര്‍ത്തും വങ്കത്വം തന്നെയാണ്.

അദ്ധ്യാപനത്തിലും അല്ലാഹുവിന്റെ തൃപ്തിയാണ് കാംഷിക്കപ്പെടേണ്ടത്. അഹങ്കാരമോ, ലോകമാന്യമോ അതില്‍ വന്ന് ചേരാന്‍ പാടില്ല. പഠിപ്പിക്കുന്ന വിഷയം ഭൗതികമാണെങ്കിലും മതപരമാണെങ്കിലും ഇസ്ലാമിക ചിന്തയിലൂന്നിനിന്ന് അവയെ സമീപിക്കേണ്ടതുണ്ട്. നമ്മള്‍ കാരണമായി ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ദുശിച്ച ചിന്ത വന്ന് പോകാന്‍ പാടില്ല. അത് വന്‍ ദുരന്തങ്ങള്‍ക്ക് വഴിതുറന്നേക്കും. നമ്മള്‍ കണക്ക് പഠിപ്പിക്കുമ്പോഴും സുവോളജി പഠിപ്പിക്കുമ്പോഴും കമ്പ്യൂട്ടര്‍ എന്‍ജിനീയറിംങിനെ കുറിച്ച് ലക്ചറിംഗ് നടത്തുമ്പോഴും ഒരു ഇസ്ലാമികമായ മൂല്യത്തെ കേന്ദ്രീകരിച്ചായിരിക്കണം നമ്മുടെ മുന്നോട്ടുള്ള ഗമനം. അതെ സമയം നാസ്തികതയുടെ മേല്‍ എടുക്കപ്പെട്ട ജ്ഞാന രൂപങ്ങളെ കുറിച്ച്(സമൂഹ ശാസ്ത്രം, നരവംശ ശാസ്ത്രം , ജനസംഖ്യാശാസ്ത്രം,സ്ത്രീ പഠനങ്ങള്‍)നിര്‍ബന്ധപൂര്‍വ്വം ക്ലാസെടുണ്ടിവരുമ്പോള്‍ അതില്‍ നമ്മള്‍ ഇസ്ലാമിക മൂല്യങ്ങള്‍ കണ്ടെത്തേണ്ട ആവശ്യവുമില്ല.ഇസ്ലാമികമായി ന്യായീകരിക്കേണ്ടതുമില്ല. കാരണം, ശുദ്ധ അസംബന്ധങ്ങളാണ് ആ ജ്ഞാനങ്ങള്‍. ഇവിടെ നമ്മള്‍ ചെയ്യെണ്ടത്. വിദ്യാര്‍ത്ഥികള്‍ കാര്യം ഗ്രഹിക്കാന്‍ വസ്തുതകള്‍ തുറന്ന് പറയുക എന്നതാണ്. ശേഷം ഇസ്ലാമിക ദൃഷ്ട്യാ ആ ജ്ഞാന രൂപങ്ങളെ നിരൂപിക്കുകയും ശക്തമായി വിമര്‍ശിക്കുകയും ചെയ്യേണ്ടതുണ്ട്.

വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ ഇവയെ പ്രശ്‌നവല്‍കരിച്ച് കാണിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം ആരാധനയാവേണ്ട അദ്ധ്യാപനം നിശിദ്ധ(ഹറാം)മായ ഒരിനം നാടകമായി പരിണമിക്കുന്നതാണ്.  അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്മുമ്പില്‍ സ്വന്തമായ ഒരു നിലപാടും സമീപനവും ഉണ്ടായിരിക്കുക എന്നുള്ളതാണ് പ്രധാനം ഈ സമീപനം സത്യസന്ധമായിരിക്കണം താനും. ജ്ഞാന രൂപങ്ങളെ അതിന്റെ ആത്മാവ് വിട്ട് ഒഴിവ്കഴിവുകള്‍ കണ്ടെത്തുന്ന ഒരു പരിതസ്ഥിതിയിലേക്ക് അദ്ധ്യാപകന്‍ അധഃപതിച്ച് പോകരുത്. ഇത്തരം ഘട്ടങ്ങളില്‍ അറിവുകളോടൊപ്പം നില്‍കുകയാണ് വേണ്ടത്. വിദ്യാര്‍ത്ഥികളോടൊപ്പമല്ല.

 അദ്ധ്യാപനത്തിലെ ധാര്‍മ്മിക വശം

അദ്ധ്യാപനം പ്രഫഷണലായി മാറികഴിഞ്ഞു ഇന്ന്.അദ്ധ്യാപനം എന്ന വസ്തുതയെ ലോകത്തിന് മനസ്സിലാകാതെ പോയതാണ് ഇതിന് കാരണം അല്ലെങ്കില്‍ ഈ യാഥാര്‍ത്ഥ്യത്തെ ഒരു വിഭാഗം മാത്രം മനസ്സിലാക്കുകയും പിന്നീടത് പാശ്ചാത്യ വല്‍കരണത്തിന് വിധേയമാവുകയും ചെയ്യും. മൈതയില്‍ മുക്കിയെടുത്ത വാഴപ്പഴം പോലെയാണത്. വസ്തുത മരിക്കാതെ നില്‍കുന്നുവെങ്കിലും പാശ്ചാത്യന്‍ കുപ്പായമാണ് ലോകമിവിടെ കാണുന്നത്. അദ്ധ്യാപകനെന്നാല്‍ കോറിയില്‍ പാറപൊട്ടിക്കുന്ന ഒരു അണ്ണാച്ചിയെ പോലെ വേതനം വാങ്ങുന്ന തൊളിലാളിയായി ഇന്ന് മാറിക്കഴിഞ്ഞു. സത്യം പറഞ്ഞാല്‍ നിസ്‌കാരം എന്ന് ഒരാരധനാരൂപത്തെ അല്‍പം കൂടി ആധുനിക വല്‍കരിച്ച് ചിലമാറ്റങ്ങള്‍ വരുത്തി പട്ടണത്തിലെ പ്രമുഖനായ ഒരാള്‍ക്ക് മുമ്പില്‍ പോയി രണ്ട് റകഅത്ത് നിസ്‌കരിച്ച് അതിന് നൂറ് രൂപ വേതനം വാങ്ങി മടങ്ങുന്ന ഒരാളുടെ സമീപനമാണ് നമ്മള്‍ ഇവിടെയും വായിക്കുന്നത്. മികച്ച ശമ്പളം ഓഫര്‍ ചെയ്യുന്ന മൃഗിയ്യ ജ്ഞാന രൂപങ്ങളുടെ ലോകത്ത് പണത്തിലധിഷ്ടിതമല്ലാത്ത ഇസ്ലാമിക ജ്ഞാന രൂപങ്ങളെ അതി ജീവന വഴില്‍ ക്ലേശങ്ങള്‍ നേരിടേണ്ടി വരുമെന്നത് സ്വാഭാവികമാണല്ലോ.  ഇസ്ലാമിക വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അവന്റെ സമയവും ചിന്തയും ഏറെ മൂല്യമുള്ളതാണ് ഒരു ഇസ്ലാമിക അദ്ധ്യാപകന്റെയും അവസ്ഥ ഇത് തന്നെ.

അവരുടെ ജ്ഞാന ധാരയെ തടസ്സപ്പെടുത്തികൊണ്ടു ചിന്തയും സമയവും സാമര്‍ത്ഥ്യവും ചൂഷണം ചെയ്യപ്പെടുന്ന പക്ഷം അതിന് അര്‍ഹിക്കുന്ന വില നല്‍കിയെ തീരു. ഇന്ന് പൊതുവെ ലോകം മത പണ്ഢിതരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യനെ സത്യ നിഷേധത്തിലേക്ക് നയിക്കുന്ന ജ്ഞാന രൂപങ്ങളെ അദ്ധ്യാപനം നടത്തുന്നവര്‍ വന്‍ തുകകള്‍ കൈപറ്റുമ്പോള്‍ മനുഷ്യനെ തൗഹീദിലേക്ക് ആനയിക്കുന്ന ഇസ്ലാമിക വിദ്യാര്‍ത്ഥികള്‍ അവഹേളിക്കപ്പെടുന്നു. ഈ വിരോധാഭാസം ലോകം എന്നാണാലോ തിരിച്ചിറിയുക.

പ്രതിഫലം വരുന്ന വഴി

അദ്ധ്യാപകന്‍ എന്നത് ഇസ്ലാമില്‍ ഉന്നതമായൊരു സ്ഥാനമാണ്. അല്ലാഹു അദ്ധ്യാപകരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. സ്വര്‍ഗത്തിലേക്കുള്ള പാത ജ്ഞാന മാണെന്ന് പറഞ്ഞതിലൂടെ ജ്ഞാനിയുടെ സ്ഥാനം വര്‍ദ്ധിക്കുന്നു. അത് കൊണ്ടു തന്നെ നമുക്ക് പറയാം സ്വര്‍ഗക്കവാടം തുറക്കുന്നത് അദ്ധ്യാപകനാണ്.  പ്രവാചകന്‍(സ) പറഞ്ഞു:'' ആരെങ്കിലും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനായി ഒരു കാര്യം പടിച്ചാല്‍ എഴുപത് സത്യസന്ധരുടെ പ്രതിഫലം അവന്‍ നല്‍കപ്പെടുന്നതാണ്''  '' അദ്ധ്യാപകന്‍ സ്വര്‍ണ്ണമാണെങ്കില്‍ വിദ്യാര്‍ത്ഥിവെള്ളിയാണ്''  '' അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും  പ്രതിഫലത്തിന്റെ വിഷയത്തില്‍ പങ്ക്കാരാണ് അവരല്ലാതെ മറ്റെരാള്‍ക്കും അത് നല്‍കപ്പെടുന്നതല്ല'' '' ദുനിയവും അതിലെ സര്‍വ്വ ചരാചരങ്ങളും അപിശപ്ത വസ്തുക്കളാണ്  ദൈവസ്മരണയും അതിന്റെ സഹായികളും അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും ഒഴികെ (തിര്‍മുദി)  ''ഭൗതി ജീവിതം രണ്ടേ രണ്ട് വ്യക്തികള്‍ക്കെ ഉപകാര പ്രദമാക്കിമാറ്റാന്‍ സാധിക്കുകയുള്ളു, അദ്ധ്യാപകനും വിദ്യാര്‍ത്ഥിക്കും''  '' താന്‍ അഭ്യസിച്ച വിജ്ഞാനീയങ്ങളെ അവസരത്തിനൊത്ത് പ്രയോഗവല്‍കരിക്കാന്‍ കഴിവുള്ള മുസ്ലിം പണ്ഢിതനാണ് ഏറ്റവും ശ്രേഷ്ടനായ മനുഷ്യന്‍''  '' എന്റെ സമുദായത്തിലെ സല്‍വൃത്തര്‍ ജ്ഞാനികളാണ് ജ്ഞാനികളില്‍ ഏറ്റവും ഉത്തമന്‍ പണ്ഢിതന്‍മാരും''  ആര്‍മാര്‍ത്ഥതയുണ്ടെങ്കില്‍ ദിവ്യ സ്‌നേഹം സ്വായത്തമാക്കാനും പ്രതിഫലം വാരിക്കുട്ടാനും പറ്റിയ രംഗമാണ് അദ്ധ്യാപനം പക്ഷെ നിയ്യത്ത് ശരിയാകണമെന്ന് മാത്രം.

കാരണം, ഇത് പാസ്പര്യത്തിന്റെ വിഷയമാണ്. അഥവാ നാം ഒരാള്‍ക്ക് നല്ല കാര്യം പഠിപ്പിച്ച് കൊടുത്താല്‍ എത്ര കാലം അത് ചെയ്യന്നുവോ അന്നൊക്കെ അതിന്റെ പ്രതിഫലത്തിന്റെ ഒരംശം നമുക്ക് ലഭിച്ചുകൊണ്ടിരിക്കും. അതവന്‍ മൂന്നാമതെരാള്‍ക്ക് പഠിപ്പിക്കുന്ന പക്ഷം അവന്‍ ചെയ്യുന്നതിന്റെ പ്രതിഫലത്തില്‍ ഒരംശവും നമുക്ക് ലഭിച്ചുകൊണ്ടിരിക്കും അതെ സമയം നാം അവരെ പഠിപ്പിക്കുന്നത് തിന്മയാണെങ്കില്‍ അതിനുള്ള കുറ്റവും ശ്രേണിയായും നമ്മെ തേടിയെത്തുന്നതാണ്. പ്രവാചകന്‍(സ) പറഞ്ഞു:'' ആരെങ്കിലും മറ്റൊരാളെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അവന്‍ ചെയ്യുന്ന ഒരോ കാര്യങ്ങളുടെയും പ്രതിഫലം അതെ പോലെ ഇവനും ലഭിക്കുന്നതാണ്.അതില്‍ നിന്ന് അല്‍പം പോലും ചുരുങ്ങുന്നതല്ല. ആരെങ്കിലും മറ്റൊരാളെ തിന്മയിലേക്ക ക്ഷണിച്ചാല്‍ അവന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളുടെയും കുറ്റം അതെ പോലെ ഇവനും ലഭിക്കുന്നതാണ് അതില്‍ നിന്ന് അല്‍പം പോലും ചുരുങ്ങുന്നതല്ല(മുസ്ലിം).  '' ഒരാള്‍ മറ്റൊരാളെ വല്ല അറിവും പഠിപ്പിക്കുന്ന പക്ഷം അവന്‍ പഠിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അതിനോട് സമാനമായ പ്രതിഫലം ഒട്ടും കുറയാതെ ഇവനും ലഭിക്കുന്നതാണ്'' (ഇബ്‌നുമാജ)  '' നീ മുഖേന ഒരാള്‍ സത്യപാന്ഥാവിലേക്ക് കടന്ന് വന്നാല്‍ നിനക്കത് ഒരു ചുവന്ന കുതിരയെക്കാള്‍ നല്ലതാണ് '' (അബൂദാവൂദ്)

 '' ഒരു വിശ്വാസി മരിച്ചാല്‍ സുകൃതങ്ങളില്‍ നിന്ന് അവനുമായി ആദ്യം കണ്ടുമുട്ടുക താന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത വിജ്ഞാനീയങ്ങള്‍, സല്‍വൃത്തനായ സന്താനം, അനന്തരമായി ബാക്കിവെച്ച മുസ്ഹഫ്, സ്വന്തമായി നിര്‍മ്മിച്ച് നല്‍കിയ പള്ളി എന്നിവ നിമിത്തമായി ഉണ്ടാവുന്ന പ്രതിഫലമാണ്''  '' ഒരാള്‍ അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങളില്‍ നിന്ന് നാലോ അഞ്ചോ പദങ്ങള്‍ പഠിക്കുകയും അതിനെ മറ്റുള്ളവര്‍ക്ക് പഠിപ്പിക്കുകയും ചെയ്താല്‍ സ്വര്‍ഗ്ഗമല്ലാതെ അതിന് മറ്റുപ്രതിഫലം ഇല്ല'' .  '' ആരെങ്കിലും പഠിക്കാനോ പഠിപ്പിക്കാനോ എന്റെ പള്ളിയിലേക്ക് കയറിവന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിലേര്‍പെട്ടവനെ പോലെയാണ് ''  '' നീ ഒരു അദ്ധ്യാപകനാവുക അല്ലെങ്കില്‍ വിദ്യാര്‍ത്ഥിയാവുക അതുമല്ലങ്കില്‍ അവന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്നവനാവുക നാലാമത് ഒരാളായി നീ മാറരുത്. കാരണം, അത് നാശമാണ്''

ഒരിക്കല്‍ പ്രവാചകന്‍(സ) പള്ളിയിലേക്ക് കയറിച്ചെന്നു.അവിടെ രണ്ട് ഭാഗങ്ങളിലായി രണ്ട് കൂട്ടം ആളുകളുണ്ട് ഒരു കൂട്ടം ദിക്‌റും തസ്ബീഹുമായി കഴിഞ്ഞുകൂടുന്നു. മറ്റൊരു കൂട്ടം വിജ്ഞാനീയങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ഇത് കണ്ട് പ്രവാചകന്‍ പറഞ്ഞു. രണ്ട് കൂട്ടവും നന്മയുടെ മേല്‍ തന്നെയാണ് എങ്കിലും ഇതില്‍ ഒന്നിനോടാണ് എനിക്ക് കൂടുതല്‍ പ്രിയം. ഈ കൂട്ടം അല്ലാഹുവിനെ ദിക്‌റുകള്‍ ചൊല്ലുന്നു അവന്‍ ഉദ്ദേശിച്ചാല്‍ ഒരു പക്ഷെ അവര്‍ക്ക് മറുപടി നല്‍കും അല്ലാത്ത പക്ഷം തടഞ്ഞുവെക്കുകയും ചെയ്യും മറ്റൊരു കൂട്ടം അറിവ് പഠിക്കുകയും പഠിപ്പിക്കുകയുമാണ് ഞാന്‍ ഒരദ്ധ്യാപകനായിട്ടാണ് അയക്കപ്പെട്ടത്''.താമസിയാതെ പ്രവാചകന്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഇരിക്കുകയും ചെയ്തു.  '' ഭൂമിയിലൂടെ നടക്കുന്നവരില്‍ വെച്ച് ഏറ്റവും ഉത്തമന്‍ അദ്ധ്യാപകരാണ്. മതത്തിന് മങ്ങലേല്‍കുമ്പോള്‍ അവരാണതിന് പുനരുദ്ധാരണം നല്‍കുന്നത്''.

തലമുറകളുടെ സംഗമം

 ക്ലാസ് മുറികള്‍ തലമുറകളുടെ സംഗമ സ്ഥലമാണ്. ഏറെ ദുശിച്ചു നാറിയെ വര്‍ത്തമാന സാഹചര്യങ്ങള്‍ക്കുമുമ്പില്‍ കുറച്ചെങ്കിലും മെച്ചപ്പെട്ട പഴമയുടെ പരിശുദ്ധിയായിരിക്കണം അവതരിപ്പിക്കപ്പെടേണ്ടത്. ഓരോ നൂറ്റാണ്ടം വിടപറയുന്നതിനനുസരിച്ച് മനുഷ്യന്‍ മോശമായി വരികയാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഓരോ ദിനങ്ങളുടെ മാറ്റവും മനുഷ്യന്റെ മൂല്യത്തില്‍ മാറ്റമുണ്ടാകുന്നു.  ഇസ്ലാമിക തനിമയില്‍ ഊന്നി നിന്ന് ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവനായിരിക്കണം അദ്ധ്യാപകന്‍. കാലാനുസാരിയായി അയാളുടെ കാലത്തുണ്ടായിരിന്ന ഇസ്ലാമിക ചിന്തകളും ഇന്ന് മുസ്ലിംകളില്‍ നിന്നും അസ്തമിച്ചുകൊണ്ടിരിക്കുന്ന മൗലിക മൂല്യങ്ങളും അയാളില്‍ നിഴലിച്ചുകാണേണ്ടതുണ്ട്. എങ്കിലെ പുതിയ തലമുറയുമായി സംവദിക്കുമ്പോള്‍ അവര്‍ക്കതില്‍ നിന്ന് വല്ലതും പകര്‍ത്താനുണ്ടാകുകയുള്ളൂ.  അല്ലാതെ, വിദ്യാര്‍ത്ഥികളെ പോലും വെല്ലുന്ന പരിശ്കാര മുഖങ്ങളോടെയാണ് അദ്ധ്യാപകന്‍ മുമ്പിലെത്തുന്നതെങ്കില്‍ പരിണതി കൂടുതല്‍ ദുരന്തപൂര്‍ണ്ണമായിരിക്കും. ഇത്തരമൊരു സമീപനം സ്വന്തം സംസ്‌കാരത്തോടുള്ള അവജ്ഞയും ആധുനികതയോടുളള അഭിവാജ്ഞയുമാണ് സൂചിപ്പിക്കുന്നത്. അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം അവന്‍ പാരമ്പര്യത്തിന്റെ ശോഭന ചിത്രങ്ങളാണ് പിന്തുടരേണ്ടത്.

സാംസ്‌കാരിക പകര്‍ച്ച

വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്കുമുമ്പിലെ മാതൃകാപുരുഷനാണ് അദ്ധ്യാപകന്‍.അയാളുടെ ഓരോ അനക്കവും അടക്കവും പിന്തുടരപ്പെടുന്നതാണ്.മറ്റു ചോദ്യങ്ങള്‍ക്കോ തിരുത്തലുകള്‍ക്കോ അവസരമൊരുങ്ങാത്ത വിധം അയാള്‍ അനുകരിക്കപ്പെടുന്നവനുമാണ്.അത് കൊണ്ട് തന്നെ അദ്ധ്യാപകന്‍  അനുവാര്യമായും ചില മുന്നൊരുക്കങ്ങള് നടത്തിയേ തീരൂ.അല്ലാത്ത പക്ഷം,അവന്റെ   വ്യക്തിത്വത്തിന്റെ  കറ പുരണ്ട വശങ്ങളെ വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കുന്നതാണ്.  ഉത്തമ സ്വഭാവങ്ങള്‍കൊണ്ടും പെരുമാറ്റം കൊണ്ടും സര്‍വ്വരേയും കവച്ചുവെക്കുന്നതായിരിക്കണം അദ്ധ്യാപകന്റെ വ്യക്തിത്വം.സംസ്‌കൃതമായൊരു മനസ്സും അനുകരണീയമായ ജീവിത രീതിയും അദ്ദേഹത്തിനുണ്ടാകേണ്ടതുണ്ട്.തികച്ചും ഇസ്ലാമികമായിരിക്കണം ഇടപാടുകളോരോന്നും.വേഷങ്ങള്‍ മുതല്‍ ചിന്തകള്‍ വരെ ഇസ്ലാമിക ആദര്‍ശത്താല്‍ ആവേശിക്കപ്പെട്ടതായിരിക്കണം. എവിദ്യാര്‍ത്ഥിയില്‍ ചലനാത്മകമായൊരു ഭാവി സ്വപ്നം കാണാന്‍ കഴിയുകയുള്ളൂ.നേര്‍ വിപരീതമാണെന്കില്‍,അദ്ധ്യാപകന്‍ നിന്നു പാത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ നടന്നു പാത്തും എന്ന അവസ്ഥയാണ് വന്നുചേരുക.

 അദ്ധ്യാപന ശൈലി

ശൈലി ആകര്‍ഷകമാകുന്നിടത്താണ് ഒരു അദ്ധ്യാപകന്‍ വിജയിക്കുന്നത്.ശൈലി എന്നുവെച്ചാല്‍,ഒരു അദ്ധ്യാപകന്‍ എങ്ങനെയെല്ലാം ആവണമെന്ന് ഒരു വിദ്യാര്‍ത്ഥി ആഗ്രഹിക്കുന്നുവോ ആ വിശേഷണങ്ങളെല്ലാം ഒത്തുകൂടിയതെന്നര്‍ത്ഥം.  അഗാധമായ ജ്ഞാനമാണ് ഒരു അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആവശ്യമായിട്ടുള്ളത്.എല്ലാ വിഷയങ്ങളെയും കുറിച്ച് മൊത്തത്തിലും ചില വിഷയങ്ങളെ കുറിച്ച് ആഴത്തിലും അറിഞിരിക്കുക എന്നുള്ളതാണ്.  ഉള്ളിലുള്ള ബോധത്തെ പുറത്ത് പ്രകടിപ്പിക്കലാണ് രണ്ടാമത്തെ കാര്യം.അവിടെയാണ് വിദ്യാര്‍ത്ഥികള്‍ വശീകരിക്കപ്പെടുന്നത്.കുറേ അറിവുള്ളത് കൊണ്ട് മാത്രം ഒരാള്‍ നല്ല അദ്ധ്യാപകനാകുന്നില്ല.അത് എങ്ങനെ പ്രസരിപ്പിക്കണം എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ.  øøഓരോ വിദ്യാര്‍ത്ഥിയുടേയും മനസ്സ് വായിക്കാന്‍ സാധിക്കുകയെന്നത് സുദൃഡമായ അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന് നല്ലതാണ്. എങ്കില്‍,അവര്‍ക്കനുസരിച്ച് അദ്ധ്യാപനത്തിന്റെ ശൈലിയില്‍ മാറ്റം വരുത്താനും സാധിക്കുന്നു.ഹൃദ്യമായ അവതരണങ്ങളിലൂടെയും വ്യക്തമായ സമര്‍ത്ഥനങ്ങളിലൂടെയും ക്ലാസ് മെച്ചപ്പെടുന്നതാണ്.വിദ്യാര്‍ത്ഥികളെയെല്ലാം    അദ്ധ്യാപകന്‍ ഒരേ കണ്ണ് കൊണ്ട് കാണേണ്ടതുണ്ട്.

അതേ സമയം അവരുടെ ഗ്രാഹ്യശക്തിയിലെ വ്യത്യാസമനുസരിച്ച് സമീപനത്തില്‍ വ്യത്യാസം  വരുത്തേണ്ടതുണ്ട്.പ്രോത്സാഹനം വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം നല്ലൊരു പ്രേരണോപാധിയാണ്.നേടിയതിനും നേടാനിരിക്കുന്നതിനും കുട്ടിയെ പ്രോത്സാഹിപ്പിച്ചാല്‍ അവന്റെ വളര്‍ച്ചാരംഗത്ത് പെട്ടന്നുള്ള മാറ്റങ്ങള്‍ ദൃശ്യമാകുന്നതാണ്.  അടിച്ചിരിത്തുക എന്നതിലപ്പുറം തുറന്ന സമീപനമായിരിക്കണം എന്തിലും വിദ്യാര്‍ത്ഥികളോട് പുലര്‍ത്തേണ്ടത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സ് തുറക്കാനും അദ്ധ്യാപകനോട് കൂടുതല്‍ അടുക്കാനും അവസരമൊരുക്കുന്നു.ഇത്തരം ബന്ധങ്ങളാണ് ഏത് സംശയങ്ങളും പെട്ടന്ന് തന്നെ ദൂരീകരിക്കാന്‍ വിദ്യാര്‍ത്ഥിയെ പ്രേരിപ്പിക്കുക.നബി(സ) പറഞ്ഞു:ജ്ഞാനം പല ഭണ്ഢാരങ്ങളാണ്. ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് ഇവ തുറക്കാനുള്ള താക്കോല്‍. അതിനാല്‍, നിങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുക. കാരണം, അതു വഴി നാല് പേര്‍ക്ക് പ്രതിഫലം ലഭിക്കുന്നതാണ്. അദ്ധ്യാപകന്‍, വിദ്യാര്‍ത്ഥി, ശ്രദ്ധിക്കുന്നവന്‍,ഇഷ്ടപ്പെടുന്നവന്‍ എന്നിവരാണവര്‍.  വിദ്യാര്‍ത്ഥികളില്‍ മൂല്യാധിഷ്ടിതമായ വായനാശീലം വളര്‍ത്തല്‍ നല്ലതാണ്. സാംസ്‌കാരിക കടന്ന് കയറ്റങ്ങള്‍ക്ക് മുമ്പില്‍ സ്വന്തത്തെ തിരിച്ചറിയാനും തനിമയെ അടുത്തറിയാനും ഇത് അവസരമൊരുക്കും. പ്രതിരോധത്തിന്റെ എഴുത്തും വായനയും കാര്യക്ഷമമാകാന്‍ നിപുണനായ അദ്ധ്യാപകന്റെ ഭാഗത്തുനിന്നും അര്‍ഹിക്കുന്ന പരിഗണന വിദ്യാര്‍ത്ഥിക്ക് ലഭിച്ചേതീരൂ.

  പാഠ്യപദ്ധതി എന്ന ഭീകരന്‍  

അദ്ധ്യാപകന്‍ ഒരിക്കലും റബ്ബര്‍ സ്റ്റാമ്പായി അധഃപതിക്കരുത്. അവന്‍ സദാ വികാസ ചിന്തകളുടെയും നവോഥാന ആശയങ്ങളുടെയും തിളക്കുന്ന ശക്തികേന്ദ്രമായി നിലകൊള്ളണം. ആത്മാവ് മറന്നുള്ള വികാസമല്ല ഇപ്പറഞ്ഞത്.തനിമയിലൂന്നി നിന്നുള്ള എത്തിനോക്കലുകളാണ്. അപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ പോരായ്മകള്‍ തിരിച്ചറഞ്ഞ് പ്രവര്‍ത്തനഗോഥയിലേക്ക് ഊര്ജ്ജ്വസ്വലമായി കടന്ന് വരികയുള്ളൂ.  നല്ലനിലയില്‍ ക്ലാസെടക്കാനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചലനാത്മകത സൃഷ്ടിക്കാനും ആഗ്രഹിക്കാത്തവരായി ആരുമില്ല. പക്ഷെ ലിഖിതമായ പാഠ്യാപദ്ധതികളാണ് അദ്ധ്യാപകരെ നിഷ്‌ക്രിയരാക്കുന്നത്. ജ്ഞാന പ്രസരണ രംഗത്തെ സ്വതന്ത്രവും വശ്യവുമായ ശൈലികള്‍ ഇവിട അസ്തമിക്കുന്നു. തികച്ചും കൃത്രിമവും എന്നാല്‍ യാന്ത്രികവുമായ മാതൃകകളാണ് പിന്നീട് സ്വീകരിക്കപ്പെടുന്നത്. തന്റെ വിദ്യാര്‍ത്ഥികളെ താനെന്ത് പഠിപ്പിക്കണമെന്ന് ഇന്ന് തീരുമാനിക്കുന്നത് മറ്റുള്ളവരാണ്. തന്റെ വഴിയടയാളങ്ങള്‍ വരെ മറ്റുളളവരാല് തീരുമാനിക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് അദ്ധ്യാപകന്‍ കേവലം നാമമായി പരിണമിച്ചത്.

 ഏത് പ്രതികൂല സാഹചര്യങ്ങളിലും ഇസ്ലാമിക ചിന്തയെ പ്രായോഗിക വല്‍കരിക്കാന്‍ പാടുപെടുന്നവനായിരിക്കണം അദ്ധ്യാപകന്‍. ആദര്‍ശവും വിശ്വസവുമാണ് ഇവിടെ പഠനവിശയങ്ങള്‍ തീരുമാനിക്കേണ്ടത്. ദൈവ തൃപതിയും പാരത്രിക മോക്ഷവും ലക്ഷീകരിക്കുന്നതായിരിക്കണം പാഠ്യപദ്ധതി. അല്ലെങ്കില്‍, അതിലേക്ക് വഴിനടത്തുന്നതെങ്കിലും ആയെ മതിയാകു.

ഗുരുശിഷ്യബന്ധം

ജ്ഞാനാര്‍ജ്ജനം പോലെ തന്നെ എന്നെന്നും മഹത്തരമായി സംക്ഷിക്കപ്പെടേണ്ട പാവനമായ ഒരു ബന്ധമാണ് അദ്ധ്യാപകനും വിദ്യാര്‍ത്ഥക്കുമിടയില്‍. ഒരക്ഷരം പഠിപ്പിക്കുന്നതിലൂടെ തന്നെ ഒരാള്‍ അദ്ധ്യാപകനാകുന്നുവെങ്കില്‍ അതോടെ ഈ ബന്ധവും ആരംഭിക്കുന്നു. മരിച്ചാലും അണഞ്ഞുപോകാത്ത ഈ ബന്ധം ഗുരുത്വത്തിന്റെയും പൊരുത്തത്തിന്റെയും തോതനുസരിച്ചാണ് ഒരാളില്‍ പ്രശോഭിതമായി നില്‍കുന്നത്.

 തന്റെ അദ്ധ്യാപകനെ ആദരിക്കാന്‍ കടപ്പെട്ടവനാണ് വിദ്യാര്‍ത്ഥി വിഢാനത്തെ എത്രമാത്രം ബഹുമാനിക്കേണ്ടതുണ്ടോ അതേ പോലെ വിജ്ഞാനം പകര്‍ന്ന് തരുന്ന വ്യക്തിയെയും ബഹുമാനിക്കണം അവടെയാണ് വിദ്യഭ്യാസം സാര്‍ത്ഥകമാകുന്നതും ജ്ഞാനാര്‍ജ്ജനം അര്‍ത്ഥം കാണുന്നതും.

 ഈ ബന്ധം ഒരുതരം വിധേയത്വമാണ് എന്ന് വെച്ചാല്‍ നാം അവരില്‍ നിന്നും ഒരു അറിവ് സ്വീകരിച്ചു എന്നത് കൊണ്ട് തന്നെ നാം എപ്പോഴും അവര്‍ക്ക് കീഴിലാണ് നിലകൊള്ളുന്നത്. അദ്ധ്യാപകന്‍ ഒരു ചെരുപ്പ് കുത്തിയും വിദ്യാര്‍ത്ഥി വ്യഖ്യാതനായ ഒരു പണക്കാരനുമാണെങ്കിലും ഈ സ്‌നേഹവും ആദരവും ഒട്ടും കുറയാതെ അവിടെയും നടക്കേണ്ടതുണ്ട്. അദ്ധ്യാപകനെ അനുസരിക്കുക എന്നുള്ളതാണ് ഇവിടെ പ്രധാനം. അവരോട് കയര്‍ത്ത് സംസാരിക്കുകയോ അവരെ പരീക്ഷിക്കാന്‍ ചോദ്യങ്ങള്‍ ചോദിക്കുകയോ എന്തിനേറെ അവര്‍ക്ക് നേരെ കാല്‍ നീട്ടുകയോ ചെയ്യവക പോലും ഒരു വിദ്യാര്‍ത്ഥിക്ക് യോജിച്ചതല്ല.

 ഗുരശിഷ്യ ബന്ധം എന്നത് ഒരു ആത്മികബന്ധത്തെയാണ് പ്രതിനിധീകരിക്കുന്നത്. സാധാരണ, നമ്മള്‍ പറയുന്ന ബന്ധത്തിലപ്പുറം ഇവിടെ വലിയൊരു ലോകമുണ്ട്. നമ്മളും നമ്മുടെ അദ്ധ്യാപകനും തമ്മിലുള്ള ബന്ധമാണെങ്കിലും ദൈവീകമായ ഒരിടപെടല്‍ കൂടി ഇവിടെ കടന്ന് വരുന്നു.അത് കൊണ്ടാണ് അദ്ധ്യാപകരെ ആദരിക്കുന്നവര്‍ക്ക്മത്രമെ വിദ്യാഭ്യാസം സുസാധ്യമാവുകയുള്ളൂയെന്ന് പറയപ്പെടുന്നത്.നാം ആര്‍ജ്ജിച്ചെടുത്ത ജ്ഞാനം ഉപകരാപ്രദമാകണമെങ്കില്‍ അവരുടെ തൃപതി സ്വായത്തമാക്കേണ്ടതുണ്ട്. അദ്ധ്യാപകമനസ്സ് വേദനിപ്പിക്കുന്ന പക്ഷം നമ്മുടെ ജീവിതം തന്നെ തുലഞ്ഞുപോകുന്നതാണ്. അദ്ധ്യാപകനോടുള്ള കോപം അല്ലാഹുവിനോടുള്ള കോപമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

 എന്നാല്‍, ആത്മാവില്ലാത്ത ജ്ഞാനരൂപങ്ങക്കുമുമ്പില്‍ പുതിയ സംസ്‌കാരങ്ങള്‍ പിറവിയെടുക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും അവിഹിത ബന്ധത്തില്‍ ഏര്‍പെടുന്നതാണ് ഗുശിഷ്യബന്ധത്തിന്റെ ഏറ്റവും പരിഷ്‌കൃതമോഡല്‍.പരസ്പരം കലഹിച്ചും പോരടിച്ചും മരണത്തില്‍ കലാശിക്കുന്ന ഇത്തരം ദുരന്ധങ്ങള്‍ മൂല്യരഹിത ജ്ഞാനത്തിന്റെ അനുരണനം തന്നെയാണ്. സത്യംപറഞ്ഞാല്‍, അദ്ധ്യാപകനെന്നൊരു മഹത്തായ സംജ്ഞ ജീവനോടെ കുഴിച്ചുമൂടപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter