കെ.പി.സി. തങ്ങൾ വല്ലപ്പുഴ: ധന്യമായ പണ്ഡിത ജീവിതം

സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ നമ്മോട് വിട പറഞ്ഞിരിക്കുന്നു. സമസ്ത എന്ന മഹിതമായ പണ്ഡിത പ്രസ്ഥാനത്തിന് വേണ്ടി ഒട്ടേറെ സേവനങ്ങള്‍ അര്‍പ്പിച്ച, ഏറെ ധന്യമായ ആ പണ്ഡിത ജീവിതം പരിചയപ്പെടാം.

കൊടിഞ്ഞി പള്ളിയിൽ ഖാദിയായിരുന്ന സയ്യിദ് അഹ്മദ് ബുഖാരിയുടെ വംശപരമ്പരയിൽ, സയ്യിദ് മുഹമ്മദ് ഹാശിം മുത്തുക്കോയ തങ്ങളുടെയും കുഞ്ഞി ബീവിയുടെയും മകനായി 1952-ൽ മലപ്പുറം ജില്ലയിലെ കുളത്തൂരിലായിരുന്നു ജനനം. ശേഷം പിതാവോടൊപ്പം വല്ലപ്പുഴയിലേക്ക് മാറിത്താമസിച്ചു.

ജന്മദേശമായ കുളത്തൂരിലെ ജവാഹിറുൽ ഉലൂം മദ്രസ്സയിലും എ.എൽ.പി. സ്കൂളിലുമായിരുന്നു പ്രാഥമിക പഠനം. പൂക്കാട്ടിരി, ചെറുകര, വണ്ടുംതറ, എടപ്പലം, പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളിലെ ദർസ് പഠനത്തിന് ശേഷം 1975-ൽ ഉപരിപഠനത്തിനായി കെ.പി. സി. തങ്ങൾ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ ചേരുകയും 1977-ൽ ഒന്നാം റാങ്കോടെ ജാമിഅയിൽ നിന്ന് ഫൈസി ബിരുദം നേടുകയും ചെയ്തു. ശേഷം ചെമ്മൻകുഴി, ചെറുകോട്, മേലെപട്ടാമ്പി എന്നിവിടങ്ങളിലായി 25 വർഷം ദർസ് നടത്തി. ശേഷം വല്ലപ്പുഴ ദാറുന്ന ജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സിൽ പ്രിൻസിപ്പളായി സേവനമനുഷ്ഠിച്ചുപോന്നു. വാപ്പു മുസ്ലിയാർ പൈലിപ്പുറം, കെ.കെ. സയ്താലി മുസ്ലിയാർ വണ്ടുംതറ, പി. പി. അബ്ബാസ് മുസ്‌ലിയാർ വണ്ടുംതറ, കെ.സി. ജമാലു ദ്ദീൻ മുസ്ലിയാർ, കെ.കെ. അബൂബക്കർ ഹസ്രത്ത്, കോട്ടുമല അബൂബ ക്കർ മുസ്‌ലിയാർ, ശംസുൽ ഉലമാ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ പ്രധാന ഉസ്‌താദുമാരാണ്.

2008 അവസാനത്തോടെയാണ്, കെ.പി.സി. തങ്ങൾ സമസ്‌ത കേന്ദ്ര മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പുറമെ, ജില്ലാ ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ്, പട്ടാമ്പി താലൂക്ക് പ്രസിഡന്റ്, വല്ലപ്പുഴ ദാറുൽ ഇസ്‌ലാം യതീംഖാന കമ്മറ്റി കൺവീനർ, വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാ മിക് കോംപ്ലക്‌സ്‌ ചെയർമാൻ, പട്ടിക്കാട് ജാമിഅ നൂരിയ്യ, പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജ് (സബ് കമ്മിറ്റി ചെയർമാൻ), വാണിയംകുളം മാനു മുസ്‌ലിയാർ ഇസ്‌ലാമിക് കോംപ്ലക്‌സ് എന്നീ സ്ഥാപനങ്ങളുടെ കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.

അനേകം മഹല്ലുകളുടെ ഖാളി കൂടിയായ സയ്യിദ് കെ.പി.സി തങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ നിറസാന്നിധ്യമായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്വീകരിക്കട്ടെ, ആമീന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter