അൽ മന്‍ഖൂൽ മിൻ മദ്ഹി റസൂൽ(സ്വ): മാനുമുസ്‍ലിയാരുടെ കാവ്യലോകം

അദമ്യമായ പ്രവാചകാനുരാഗത്തിന്റെ അനന്തതയെ കാവ്യശകലങ്ങളായി അവതരിപ്പിച്ച  ഒട്ടനവധി മഹത്തുക്കൾ നമുക്ക് മുമ്പിലുണ്ട്. ഇമാം ബൂസ്വീരിയുടെ ഖസീദത്തുൽ ബുർദ അപ്രകാരം പ്രവിശാലമായ പ്രവാചക സ്നേഹത്തിൽ നിന്ന് നിർഗളിച്ചതായിരുന്നു. കേരളീയ മുസ്‌ലിം പണ്ഡിത ചരിത്രങ്ങൾ പരിശോധിക്കുമ്പോഴും ഒട്ടനവധി മഹാരഥന്മാരും ആധ്യാത്മക രംഗത്തെ സ്നാനുക്കളുമായ കവികൾ കടന്നുപോയിട്ടുണ്ട്. മഹാനായ ഉമർഖാളി(റ) റൗളയുടെ മുന്നിലിരുന്ന് പാടിയ കാവ്യശകലങ്ങൾ ഇന്നും മദീനയുടെ ചുവരുകളിൽ കാണാം. കാവ്യാത്മകതയുടെ അതിരുകളില്ലാത്ത അർത്ഥതലങ്ങളെ അന്വർത്ഥമാക്കുന്നതായിരുന്നു ഈ രചനകളെല്ലാം. തങ്ങളുടെ ഹൃദയാന്തരങ്ങളിൽ അടക്കിവെച്ചിരുന്ന പ്രേമ ഭാജനത്തോടുള്ള അടങ്ങാത്ത പ്രണയ സപര്യ കാവ്യ ഈരടികളിലൂടെ അവർ പ്രകടിപ്പിക്കുകയായിരുന്നു. മഹാനായ മര്‍ഹൂം കെ ടി മാനു മുസ്ലിയാരുടെ മന്ഖൂൽ മിൻ മദ്ഹി റസൂലും ഈ ശ്രേണിയില്‍ പ്രത്യേകം പ്രസ്താവ്യമാണ്. 

സാധാരണ പ്രണയകാവ്യങ്ങളിൽ ഉണ്ടാകുന്ന സാഹിതീയ ബിംബങ്ങൾക്കതീതമായ രചനാ വൈശിഷ്ട്യമായിരുന്നു മൻഖൂലിൽ കെ ടി മാനു മുസ്ലിയാർ വരച്ചു കാട്ടിയത്. മൗലിദിന്റെ തുടക്കം മുതൽ ഒടുക്കം വരെ അറബികവിത ശാസ്ത്രത്തിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചുകൊണ്ട് അണ പൊട്ടി ഒഴുകാൻ കാത്തുനിൽക്കുന്ന പ്രണയാനുരാഗത്തെ കവിതയിലൂടെ പ്രകടിപ്പിക്കുകയാണ് മാനു മുസ്ല്യാര്‍. അത് കൊണ്ട് തന്നെ ആ രചന ഏറെ വശ്യമാണ്, ഹാരിതമാണ്, സൗന്ദര്യ പൂരിതമാണ്. 

പേര്, രചനാ പശ്ചാത്തലം.

മന്‍ഖൂസ് മൗലിദിന്റെയും ശറഫുൽ അനാം മൌലിദിന്റെയുമെല്ലാം സമാനമായ രീതി ശാസ്ത്രമാണ് ഏറെക്കുറെ അൽ മന്ഖൂൽ മിൻ മദ്ഹി റസൂലിലും കെ ടി മാനു മുസ്‌ലിയാർ ഉപയോഗിച്ചിരിക്കുന്നത്. ബൈത്തുകൾക്കിടയിൽ വരുന്ന ഹദീസുകളെല്ലാം തന്നെ ബുഖാരി, മുസ്‍ലിം എന്നിവയില്‍നിന്ന് മാത്രം എടുക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മന്‍ഖൂലിൽ പറയപ്പെടുന്ന സർവ്വ ഹദീസുകളുടെയും വിശ്വാസ്യതയും കൃത്യതയും സംശയാതീതമാണ്. ഇങ്ങനെ ഏറ്റവും സ്വീകാര്യമായ രണ്ട് ഗ്രന്ഥങ്ങളില്‍ നിന്ന് എടുക്കപ്പെട്ടതായതുകൊണ്ടാണത്രെ മന്‍ഖൂൽ എന്ന് ഈ രചനക്ക് പേര് നല്കിയത്. 
ഇനി രചനയുടെ ചരിത്ര പശ്ചാത്തലം പരിശോധിക്കാം. ഒരിക്കൽ ഉംറ നിർവഹണാർത്ഥം മക്കയിലേക്കും തുടർന്ന് മദീനയിലേക്കും തീർത്ഥാടനം നടത്തിയ മാനു മുസ്ലിയാർ റൗളയുടെ ചാരത്തിരുന്ന് രചിച്ചതായിരുന്നു മന്‍ഖൂൽ. വലിയ കവിയായിരുന്ന മാനുമുസ്‍ലിയാര്‍ മലയാള സാഹിത്യരംഗത്ത് മാപ്പിളപ്പാട്ടുകളിലൂടെയും മലയാള പ്രവാചക കീർത്തനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. പ്രത്യേകിച്ച് കവിതകൾ എഴുതുകയും വായിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ശീലം കൂടിയായിരുന്നു. അതോടൊപ്പം വല്ലാത്ത പ്രവാചക പ്രേമിയുമായിരുന്നു. തിരുനബിയോടുള്ള അടങ്ങാത്ത സ്നേഹം ജീവിതത്തിലുടനീളം കൊണ്ടുനടന്ന ആ മഹാമനീഷി, റൗളയുടെ ചാരത്തിരുന്ന് അത്രകാലം പറയാൻ കൊതിച്ച സകല പ്രേമ സ്വരങ്ങളും നബിക്ക് പാടി കേൾപ്പിക്കുകയായിരുന്നു എന്നതാണ് സത്യം.

സാഹിത്യം, കാവ്യാത്മകത

അറബി കവിതയ്ക്ക് 16 ഈണങ്ങള്‍ (ബഹ്റുകള്‍) ആണുള്ളത്. അറബിക് സാഹിത്യരംഗത്ത് പ്രസ്തുത ഈണങ്ങളിൽ കവിത ചൊല്ലാൻ കഴിയുക എന്നത് ഉയർന്ന ഭാഷ പരിജ്ഞാനം ഉള്ളവർക്കേ സാധിക്കു. പ്രത്യേകിച്ച് ശിഅ്റുല്‍ഹുറിന്റെ (സ്വതന്ത്ര കവിതകൾ) കടന്നുവരവോടെ ക്ലാസിക്കൽ അറബി കവിതാ രചനാരീതി അസ്തമിച്ച് കൊണ്ടിരുന്ന ഒരു കാലത്താണ് ഏറെക്കുറെ പ്രധാന ഈണങ്ങളെല്ലാം ഉൾപ്പെടുത്തി കെ ടി ഉസ്താദ് മന്ഖൂലിന്റെ രചന നിർവഹിക്കുന്നത്. അതിനാൽ അറബികവിതയ്ക്കുള്ള വലിയൊരു സംഭാവന കൂടിയാണ് മന്‍ഖൂൽ എന്ന് തന്നെ പറയാം.  സലാം ബൈത്തിന്റെ കാവ്യ ഈരടികളോട്  വിധേയത്വം പുലർത്തുന്ന ഈരടികളിൽ തിരുനബിയോടുള്ള അഭിസംബോധന പ്രണയ ഭദ്രമായി അവതരിപ്പിക്കുകയാണ് കെ ടി ഉസ്താദ് ആദ്യ ഭാഗങ്ങളിൽ ചെയ്യുന്നത്. പിന്നീട് തിരുനബിയെ ഭൂമിയിലേക്കയച്ച ജഗനിയന്താവിനെ വാഴ്ത്തുകയും സർവ്വലോകങ്ങൾക്കും അനുഗ്രഹമായി റസൂലിനെ അയച്ച അല്ലാഹുവിന് സ്തുതി പറയുകയും ചെയ്യുന്നു. ബിംബങ്ങളിലൂടെ, കിനായത്തുകളിലൂടെ തിരു മദ്ഹിനെ വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. ബലാഗയും തശ്ബീഹും ഇസ്തിആറത്തുമെല്ലാം ആവശ്യമായ രീതിയിൽ വിന്യസിച്ച ഒരു സാഹിതീയ സംഭാവന.

അർത്ഥതലങ്ങളിൽ നബിയുടെ ജനനം മുതൽ ഹബീബിന്റെ വഫാത്തും സ്വഭാവ വൈശിഷ്ട്യങ്ങളും കൃത്യമായി പ്രതിപാദിക്കുമ്പോൾ പോലും വാക്യഘടനയും ഭംഗിയും സൂക്ഷിച്ചത് രചയിതാവിന്റെ കവിത്വം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. "അലിവനുഗ്രഹത്തിനുടമയായ മഹത്വര സൃഷ്ടി" എന്നാണ് നബിയെ കെ ടി ഉസ്താദ് വിശേഷിപ്പിച്ചത്. ഇങ്ങനെ പല ഇടങ്ങളിൽ കാവ്യാത്മകമായി, സാഹിത്യമായി നബിയെ വർണിച്ചിട്ടുണ്ട്. വർണ്ണനയിലും ആസ്വാദനത്തിലും തികച്ചും ഈ രചന വേറിട്ടുനിൽക്കുന്നു. അറബികവിതാ ഈണങ്ങളിൽ ബസ്വീതും റംലും റജ്സും കാമിലുമെല്ലാം കെ.ടി ഉസ്താദ് ഉപയോഗിച്ചത് അറബി കവിതാ രചനാ രംഗത്തെ അദ്ദേഹത്തിന്റെ പാടവത്തെ കൂടി തുറന്നു കാട്ടുന്നു. നബിയുടെ വ്യക്തിജീവിതം അത്രമേൽ സരസവും പ്രചോദനവുമായിരുന്നു എന്ന് ഒരു ആഷിഖിന്റെ വർണ്ണനാത്മക വരികളിലൂടെ വായനക്കാരന് ആസ്വദിക്കാൻ കഴിയും. പ്രാസവും കമ്പിയും എല്ലാം ഒത്തുചേർന്ന പദസഞ്ചയങ്ങളെ കൃത്യമായി അടുക്കിവെച്ച ഒരു രചന.

അറബി കവിതാ ലോകത്തിന് വലിയൊരു സംഭാവന എന്നതിലുപരി അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങൾ കൃത്യമായി അവതരിപ്പിക്കുക കൂടി ഈ രചനയിലൂടെ കെ.ടി ഉസ്താദ് ചെയ്തിട്ടുണ്ട്. വാക്യങ്ങളിൽ ഉപരിപ്ലവമായി കൊണ്ടുവരുന്ന പ്രാസങ്ങൾക്കപ്പുറത്ത് അർത്ഥതലങ്ങളുടെ രചനാവൈഭവം പ്രവാചകാനുരാഗമായി പരിണമിക്കുന്നത് മന്‍ഖൂലിൽ സ്പഷ്ടമായി കാണാനാകും. തിരു ചര്യയെ അത്രമേൽ മുറുകെ പിടിച്ച ആ ജീവിതം തിരു സുന്നത് എങ്ങനെയായിരുന്നു എന്നുകൂടെ വായനക്കാരന് കാണിച്ചുതരുന്നു. ആ അനുരാഗിയെയും നമ്മെയും അല്ലാഹു തിരുനബി (സ)തങ്ങളോടൊപ്പം സ്വർഗ്ഗത്തിൽ ചേർത്തു നിർത്തട്ടെ - ആമീൻ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter