മൽഫൂസാത്: സൂഫീസാഹിത്യങ്ങളുടെ ദക്ഷിണേന്ത്യൻ തനിമ

മധ്യകാല ഇന്ത്യൻ ചരിത്രത്തിലെ സൂഫി രചനകളുടെ സാഹിത്യരൂപമാണ് മൽഫൂസാത്. പതിമൂന്നാം നൂറ്റാണ്ട് വരെ മധ്യേഷ്യയിലെയും പേർഷ്യയിലെയും സാഹിത്യങ്ങളോട് സാമ്യത പുലർത്തിയ രചനകളിൽ നിന്ന് വ്യത്യസ്തമായി ഒരു സാംസ്കാരിക ഇന്ത്യൻ തനിമക്ക് അത് ബീജാവാപം നൽകി. തദ്ദേശീയരുടെ സാഹിത്യ സംഭാവനകൾ സൂഫി ഇടപെടലുകളുടെ സജീവതയെ ക്രോഡീകരിച്ചു. കൊട്ടാര സദസ്സുകളിലും ഭരണ കേന്ദ്രങ്ങളിലും ഒതുങ്ങുന്ന ചരിത്രരചനകളിൽ നിന്ന്  മൽഫൂസാതിനെ വേറിട്ട് നിർത്തുന്നത് അത് ദർഗ്ഗകളിൽ എത്തുന്ന സാധാരണക്കാരെയും അവരുടെ ജീവിത മണ്ഡലങ്ങളെയും രേഖപ്പെടുത്തുന്നു എന്നതാണ്. ഹിജ്റ 722 ൽ ശൈഖ് നിസാമുദ്ദീൻ ഔലിയയുടെ ഉപദേശ സംഹാരമായി അമീർ ഹസൻ സിജിസി രചിച്ച 'ഫവാഇദുൽ ഫുആദ്' എന്ന ഗ്രന്ഥമാണ് മൽഫുസാത് സാഹിത്യങ്ങളിലെ പ്രഥമ രചന. പിൽക്കാലത്ത് സൂഫി സാഹിത്യങ്ങളിൽ അഖിലവും ഉദ്ധരിക്കപ്പെടുന്ന തരത്തിൽ ചിശ്തി സരണിയെ പരിചയപ്പെടുത്തുന്നതിൽ ഫവാഇദുൽ ഫുആദിന്റെ കീർത്തി പരക്കെ പടർന്നിരുന്നു. തൻറെ പട്ടാള ജീവിതത്തിന്റെ തിരക്കിനിടയിൽ ഔലിയയുടെ സദസ്സുകളിൽ കൃത്യമായി പങ്കെടുക്കാൻ സാധിച്ചിരുന്നില്ല എന്നതിനാൽ തന്നെ ഗ്രന്ഥത്തിന്റെ എഴുത്ത് ക്രമപ്രകാരം പൂർത്തിയാക്കാൻ സിജിസിക്ക് സാധിച്ചില്ല.

ആദ്യകാലത്ത് ചിശ്തി സരണിയിലെ പ്രധാനികൾ കാർമികത്വം വഹിച്ചെങ്കിലും തുടർന്ന് ഖാദിരി, സുഹ്‍റവർദി, നഖ്ശബന്ദി ത്വരീഖത്തുകാരും മൽഫുസാത് രചനകൾക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഹാമിദ് ഖലന്ദർ രചിച്ച ‘ഖൈറുൽ മജാലിസ്’ എണ്ണപ്പെട്ട സാഹിത്യ രചനയാണ്. സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്തെ ക്ഷേമയുഗമായി എണ്ണുന്നതിനെ ഖലന്ദർ എതിർക്കുന്നു. ശൈഖ് നാസറുദ്ദീൻ ചിറാഗുദീന്റെ ഉപദേശങ്ങളെ കാര്യമായി ക്രോഡീകരിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ശൈഖ് ഖുതുബുദ്ദീൻ ബഖ്തിയാർ കഅ്കി, ശൈഖ് ഫരീദുദ്ദീൻ ഗഞ്ച്ഷകർ, ശൈഖ് ജലാലുദ്ദീൻ തിബ്രീസി എന്നീ പ്രമുഖരെ കുറിച്ചുള്ള വിവരണങ്ങൾ, മുസ്‍ലിം ലോകത്ത് മംഗോളിയര്‍ നടത്തിയ കടന്നാക്രമണം തുടങ്ങി നിരവധി മേഖലകളിലൂടെ ഖലന്ദർ തന്റെ രചനയെ കൊണ്ടുപോകുന്നു. ചിശ്തികളുമായി ഏറെ ബന്ധം സ്ഥാപിച്ച കുടുംബമായിരുന്നു കിർമാനി കുടുംബം. തൻറെ കുടുംബ പശ്ചാത്തലങ്ങളുടെ സഹായത്തോടെയാണ് മീർകുർദ് തൻറെ സിയറുൽ ഔലിയാ എന്ന വിഖ്യാത രചന നടത്തുന്നത്. ചെറുപ്പം മുതലേ നിസാമുദ്ദീൻ ഔലിയായുമായും മരണശേഷം അദ്ദേഹത്തിന്റെ ശിഷ്യന്മാരുമായുള്ള ആത്മബന്ധവും ഗ്രന്ഥരചനയിൽ അദ്ദേഹത്തിന് മുതൽക്കൂട്ടായി. അമീർ ഖുസ്രു, സിയാവുദ്ദീൻ ബറനി, അമീർ ഹസൻ, ഷെയ്ഖ് നാസറുദ്ദീൻ ചിറാഗ് എന്നിവരുമായുള്ള വ്യക്തി ബന്ധങ്ങൾ അദ്ദേഹം ഏറെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മൽഫൂസാതുകളിലെ മറ്റൊരു ശൈലി സൂഫി സംഭാഷണങ്ങളുടെ ശേഖരണമാണ്. ഗുൽബർഗയിലെ പ്രശസ്ത സൂഫിവര്യനും, നാസറുദ്ദീൻ ചിറാഗിന്റെ അനുയായിയുമായ സയ്യിദ് മുഹമ്മദ് ഗെസു ദരാസിന്റെ സംഭാഷണ സമാഹാരമാണ് ‘ജവാമിഉൽ കലിം’ എന്ന രചന. പുത്രൻ മുഹമ്മദ് അക്ബർ ഹുസൈനിയാണ് രചയിതാവ്. സുൽത്താൻ ഫിറോസ് തുഗ്ലകിന്റെ കാലത്തുള്ള ഡൽഹിയിലെ ജനജീവിതത്തെ അദ്ദേഹം കൃത്യമായി പകർത്തുന്നുണ്ട്. ബീഹാറിലെ പ്രസിദ്ധ സൂഫി ശൈഖ് ഷറഫുദ്ദീൻ യഹിയ മാനേരിയുടെ സംഭാഷണങ്ങൾ ‘മഅ്ദനുൽ മആനി’ എന്ന ഗ്രന്ഥത്തിൽ മൗലാനാ സയ്ബദർ ശേഖരിക്കുന്നുണ്ട്. മൗലാനാ ഹമ്മാദിന്റെ ‘അഹ്സനുൽ അഖ്‍വാലും’ മൽഫൂസാത് സാഹിത്യങ്ങളിലെ എണ്ണപ്പെടുന്ന രചനയാണ്. ശൈഖ് ബുർഹാനുദ്ദീൻ ഗരീബിന്റെ സംഭാഷണങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ശൈഖ് ഹമിദുദ്ദീന്‍  നഗൗറിയുടെയും പുത്രൻ ശൈഖ് ഫരീദുദ്ദീൻ മഖ്ദൂമിന്റെയും സുവിശേഷ വചനങ്ങളിലൂടെ കടന്നുപോകുന്ന പ്രസിദ്ധ രചനയാണ് ‘സദസ്സുദൂർ’. ഇൽതുമിഷ്, മിൻഹാജ് സിറാജ് തുടങ്ങിയ സൂഫി ജീവിതങ്ങളെ കൃത്യമായി അദ്ദേഹം അടയാളപ്പെടുത്തി. മതമൈത്രിയുടെ കാവലാളായിരുന്ന ശൈഖ് നഗൗറിയുടെ ജീവിതവും ലളിതമായി പരാമർശിച്ചതായി കാണാം. അദ്ദേഹത്തിന്റെ ജീവിതസൗന്ദര്യത്തിൽ ആകൃഷ്ടരായി ആ പ്രദേശത്തെ ഒട്ടുമിക്ക ഹിന്ദുക്കളും ഇസ്‍ലാമിലേക്ക് കടന്നുവെന്നാണ് ചരിത്രം.

മൽഫൂസാത് രചനയുടെ ശോഭയ്ക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് വിരചിതമായ വ്യാജ സാഹിത്യ രചനകൾ സൂഫി വായനകളെ ചിലയിടങ്ങളിലെങ്കിലും വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. അലിഗഡ് പണ്ഡിതൻ കെ എ നിസാമിയുടെ അഭിപ്രായത്തിൽ അനീസുൽ അർവാഹ്, ദലീലുൽ ആരിഫീൻ, ഫവാഇദു സാലിക്കീൻ, അസ്റാറുൽ ഔലിയ, റാഹത്തുൽ ഖുലൂബ് തുടങ്ങിയ ചില മൽഫൂസാതുകൾ വിശ്വാസയോഗ്യമല്ല. നിരവധിയായ അസംബന്ധങ്ങളാണ് മേൽ ഗ്രന്ഥങ്ങളുടെ കർത്താക്കൾ പടച്ചുവിട്ടിട്ടുള്ളത് എന്നും അദ്ദേഹം പറയുന്നു. അത്ഭുത സിദ്ധികളുടെ ഉറവിടമായി മാത്രം സൂഫി ജീവിതത്തെ അടയാളപ്പെടുത്തുന്നതിലൂടെ സൂഫിസത്തിന്റെ മഹത്തായ സത്യങ്ങൾ വിസ്മൃതിയിലാവുകയാണുണ്ടായത്. അത്തരം രചനകളുടെ പ്രചാരണം സൂഫി ഇടപെടലുകളിൽ ചിലപ്പോഴെങ്കിലും കെട്ടുകഥകൾ ആയും മായാവി കഥകളായും ക്രൂശിക്കപ്പെടാൻ കാരണമായതായി കാണാം.

വ്യാജനിർമ്മിതിയുടെ പരിണിതഫലങ്ങൾ മാറ്റിനിർത്തിയാൽ ദക്ഷിണേന്ത്യക്ക് സ്വന്തമായി അവകാശപ്പെടാനുള്ള ഒരു കലയായി മൽഫൂസാത് സാഹിത്യം മാറുകയും ആത്മീയ അനുഭൂതിയുടെ അതിർവരമ്പുകളിൽ വളർന്നു പന്തലിച്ച് ഒരു കാലഘട്ടത്തിലെ ജനവിഭാഗത്തിന്റെ ആവിഷ്കാരത്തെ അനാവൃതമാക്കിയതും മൽഫൂസാതിനെ ഇതര സാഹിത്യ രചനകളിൽ നിന്നും വേറിട്ടതാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter