മാഹമ്മദം: മലയാളത്തിലെ ആദ്യ പ്രവാചക മഹാകാവ്യം

മലയാള കാവ്യ പരിസരത്ത് പരിചിതമല്ലാതിരുന്ന ഇസ്‍ലാമിക വൃത്തത്തെ ഏറെ സുഗ്രാഹ്യമായ രീതിയിൽ അപഗ്രഥനം ചെയ്ത ആദ്യ രചനയാണ് പൊൻകുന്നം സൈദ് മുഹമ്മദിന്റെ മഹാകാവ്യമായ മാഹമ്മദം. 

1909 ലാണ് പൊൻകുന്നത്തെ പുതുപ്പറമ്പിൽ തറവാട്ടിൽ നാഗൂർ മീരാ റാവുത്തരുടെ മകനായി മഹാകവി പൊൻകുന്നം സെയ്ദു മുഹമ്മദ് ജനിക്കുന്നത്. വേണ്ട രീതിയിൽ ചരിത്രരേഖകളിൽ കവിയുടെ ജീവിത-രചനാ ചുറ്റുപാടുകളെ അനാവരണം ചെയ്യപ്പെട്ടിട്ടില്ല. കേരള സാഹിത്യ അക്കാദമിയുടെ ഡയറക്ടറികളിലും ഡോ.സി.കെ. കരീമിന്റെ കേരള മുസ്‍ലിം ചരിത്രം സ്ഥിതി വിവരകണക്ക് ഡയറക്ടറിയിലുമൊക്കെ കവി പൊൻകുന്നത്തിന്റെ ജനനസ്ഥലവും തീയതിയുമെല്ലാം പരസ്പര വ്യത്യാസങ്ങളോടെയാണ് കാണുന്നത്. മുസ്‍ലിം ഡയറക്ടറിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത് കവികളുടെയും സാഹിത്യകാരന്മാരുടെയും കൂട്ടത്തിലല്ല, മറിച്ച് കോട്ടയം ജില്ലയിലെ ചില പ്രമുഖ വ്യക്തിത്വങ്ങളുടെ ഗണത്തിലാണ്. 

കവിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ തമിഴും ഇംഗ്ലീഷും വശമുണ്ടായിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. മലയാളത്തിൽ മനോഹരമായ കാവ്യരചന നടത്തിയിരുന്ന ഒരു കവിയ്ക്കു മലയാളത്തിലും സംസ്‌കൃതത്തിലും ഉണ്ടായിരുന്ന പ്രാവീണ്യം എടുത്തുപറയേണ്ടതില്ലെന്ന് കരുതിയായിരുന്നിരിക്കണം ഇതര ഭാഷാ പാണ്ഡിത്യത്തെക്കുറിച്ച് മാത്രം സൂചിപ്പിച്ചത് എന്നു കരുതാം. ഏതായാലും താൻ വിദ്യ അഭ്യസിച്ച് കാവ്യ രചനയിലേർപ്പെടാനിടയായ സാഹചര്യങ്ങളും പശ്ചാത്തലവും മാഹമ്മദം മഹാകാവ്യത്തിന് കവി തന്നെ എഴുതിയ മുഖവുരയിൽ വിവരിച്ചിട്ടുള്ളത് ഇങ്ങനെ സംക്ഷേപിക്കാം: ലൗകിക വിദ്യാഭ്യാസം നിഷിദ്ധമെന്ന് ദുഷ്പ്രചരണം നടത്തിയ ചിലർ കേരള മുസ്‍ലിം സമുദായത്തെ ഭാഷാപരമായി പിന്നോട്ട് വലിച്ചിരുന്നു. എന്നാൽ, പൊൻകുന്നത്ത് ബഹുഭൂരിപക്ഷം അമുസ്‍ലിംകൾക്കിടയിൽ ജനിച്ചുവളർന്ന മുസ്‍ലിം ന്യൂനപക്ഷ സമുദായാംഗമായിരുന്ന സെയ്ദ് മുഹമ്മദിന് 'മറ്റു കുട്ടികളെപ്പോലെ പള്ളിക്കൂടങ്ങളിൽ പോയി പഠിക്കുക' എന്നതു താരതമ്യേന എളുപ്പമായി. അക്കാലത്തെ പാഠപുസ്തകങ്ങളിൽ പദ്യ ഗ്രന്ഥങ്ങൾക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ടായിരുന്നു. കുട്ടിയായിരുന്ന സെയ്ദു മുഹമ്മദിന്റെ കവിതാവാസനയെ പരിപോഷിപ്പിച്ചത് അന്നത്തെ പദ്യ ഗ്രന്ഥാവലികളായിരുന്നു. 'രാമായണാദി കാവ്യങ്ങൾ വായിക്കുമ്പോൾ രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് പാത്രമാകാത്തവണ്ണം ആ ഭാഗങ്ങൾ അനായാസേന മറിച്ചുകടന്ന് മറ്റ് ഭാഗങ്ങളിലെത്തിച്ചേരുമെന്ന്' പൊൻകുന്നം തുറന്നെഴുതുന്നു. 

കൂടുതൽ പദ്യഗ്രന്ഥങ്ങൾ വായിക്കാനുള്ള അദമ്യമായ ഉത്സാഹത്താൽ രാമായണം, ഭാരതം, ഭാഗവതം, കൃഷ്ണപ്പാട്ട്, തുള്ളൽക്കഥകൾ, ചമ്പുക്കൾ എല്ലാംതന്നെ പലപ്രാവശ്യം വായിച്ച് ഹൃദിസ്ഥമാക്കുന്നതിന് സെയ്ദു മുഹമ്മദിന് സാധിച്ചു. അങ്ങനെ വിവിധ കാവ്യരൂപങ്ങളും രീതികളുമായി ഗാഢബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ സെയ്ദ് അന്നത്തെ സമ്പ്രദായമനുസരിച്ച് പദ്യ പ്രബന്ധരചനയിൽ തന്റേതായ ഇടം കണ്ടെത്താൻ ശ്രമിച്ചു. ക്രമേണ അതു കാവ്യരചനയിലേക്കു നീങ്ങി. അതിനോടകംതന്നെ വൃത്ത ശാസ്ത്രാലങ്കാരാദികൾ ആവുന്നത്ര അഭ്യസിക്കുന്നതിനും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന ലേഖനങ്ങൾ വായിച്ചു അറിവു സമ്പാദിക്കുന്നതിനും പൊൻകുന്നത്തിന് സാധിച്ചു. പ്രാസ വാദക്കാലത്തെക്കുറിച്ചുള്ള ഓർമ്മകളും യുവാവായ കവിയിൽ അനുരണനങ്ങൾ ഉണ്ടാക്കി.

പഴയതിരുവിതാംകൂറിൽ കൊല്ലത്തിനടുത്തുള്ള ഇടവായിൽ നിന്നും പുറത്തിറക്കിയിരുന്ന ഇസ്‍ലാം ദൂതൻ എന്ന മാസികയിലായിരുന്നു പൊൻകുന്നം സെയ്ദു മുഹമ്മദിന്റെ ശ്ലോകം ആദ്യമായി അച്ചടിച്ച് വന്നത്. അന്ന് പ്രസിദ്ധീകരണങ്ങൾക്ക് മംഗള ശ്ലോകം ഉണ്ടാവുക പതിവായിരുന്നു. ഇസ്‍ലാം ദൂതനിൽ അങ്ങനെയൊന്നില്ലെന്നുകണ്ടാണ് അദ്ദേഹം ആ ശ്ലോകമെഴുതിയത്. അദ്ധ്യാപന വൃത്തത്തിൽ ഏർപെട്ടിരുന്ന പൊൻകുന്നം സൈദ് മുഹമ്മദ് കാവ്യ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. 1978-ലാണ് മാഹമ്മദം മഹാകാവ്യം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് 2015ൽ കേരള സാഹിത്യ അക്കാദമി അത് പുന:പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ഭർതൃപരിത്യക്തയായ ശകുന്തള (ഖണ്ഡകാവ്യം), സ്‌നേഹോപഹാരം (1934-ഖണ്ഡകാവ്യം), ഹൃദയപൂജ (1939-കവിതകൾ), ഗായിക (1945-കവിതകൾ), ശുഭോദയം (1946-കവിതകൾ), ഭാഗ്യാങ്കുരം (കവിതകൾ), മധുരിക്കുന്ന കവിതകൾ (കവിതകൾ), വിജയപതാക (1937-കവിതാ സമാഹാരം) അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട മറ്റു കൃതികളാണ്.

ഇസ്‍ലാമിക ചരിത്ര കാവ്യാഖ്യാനമായ മാഹമ്മദ്, മൂന്ന് സർഗങ്ങളും 1269 ശ്ലോകങ്ങളുമായാണ് രചിക്കപ്പെട്ടിട്ടുള്ളത്. മലയാളത്തിൽ ഇസ്‌ലാമിക ഇതിവൃത്തം മാഹാകാവ്യമായി അവതരിപ്പിക്കുന്ന ആദ്യ കൃതിയാണിത്. മുഹമ്മദിനെ സംബന്ധിച്ചത് എന്നാണ് മാഹമ്മദം എന്നതിന്റെ പദാർത്ഥം. 'ആദർശ സുന്ദരമായ ഒരാശയത്തിന്റെ പ്രകാശനം മലയാളത്തിൽ പ്രതിഫലിപ്പിക്കാമെന്ന' ഏക ലക്ഷ്യത്തോടെയായിരുന്നു മഹാകാവ്യ നിർമ്മാണത്തിൽ ഏർപ്പെട്ടതെന്ന് കവി മുഖവുരയിൽ പ്രസ്താവിക്കുന്നുണ്ട്. 

മലയാള കവിതയിൽ ഇസ്‌ലാമിക ഇതിവൃത്തങ്ങൾ കുറഞ്ഞ കാലത്താണ് പ്രമേയപരമായും ശൈലീപരമായും പൊൻകുന്നം സൈദ് മുഹമ്മദ് മഹാകാവ്യം രചിക്കുന്നത്. ഇസ്‍ലാമിനെക്കുറിച്ചും ഇസ്‍ലാമിക ചരിത്രത്തെക്കുറിച്ചുമെല്ലാം ആവുന്നത്ര വായിച്ചു പഠിച്ച് കടുത്ത സാമ്പത്തിക പ്രയാസങ്ങളും അവമതിയും സഹിച്ച് പത്തു വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് മാഹമ്മദം വെളിച്ചം കാണുന്നത്. നയതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന കെ.പി.എസ്. മേനോൻ മാഹമ്മദത്തെക്കുറിച്ച് ഇംഗ്ലീഷിൽ എഴുതിയത് ഇപ്രകാരമായിരുന്നു: 'പ്രോത്സാഹനത്തിന്റെ കാലം കൂടി പരിഗണിച്ചാൽ ദശാബ്ദങ്ങളുടെ തയ്യാറെടുപ്പിന്റെ ഫലമാണ് മാഹമ്മദം, മലയാളത്തിൽ അത്തരത്തിലെ ആദ്യ ഗ്രന്ഥമാണ്. പ്രമേയപരമായും ശൈലീപരമായും അതിനെ ഒരു മഹാകാവ്യം എന്നു വിളിക്കാം. വിഷയത്തിന്റെ ഗാംഭീര്യവും പ്രൗഢിയും അതു പ്രതിഫലിപ്പിക്കുന്നുമുണ്ട്. ഇസ്‍ലാം ഉദിച്ചുയർന്നതിന്റെ ചലനാത്മകമായ കഥ കേരളത്തിൽ ഇനിയും അറിയേണ്ട വിധം അറിഞ്ഞിട്ടില്ലെന്നതു കഷ്ടമാണ്. മലയാള സാഹിത്യത്തിനു മാത്രമല്ല കേരളത്തിന്റെ സമ്മിശ്ര സംസ്‌കാരത്തിനും ഈ ഗ്രന്ഥം അർത്ഥവത്തായ ഒരു സംഭാവനയാണ്. അർഹിക്കുന്ന വിജയം അതിനുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' 1983 -84 കാലത്ത് മാഹമ്മദം മഹാകാവ്യത്തിന്റെ ഏതാനും ഭാഗങ്ങൾ കേരള സർവ്വകലാശാല ബി.എ. മലയാളം പാഠ്യപുസ്തകമായി അംഗീകരിച്ചിരുന്നു. ആചാര്യ ദണ്ഡി (എ.ഡി. 600-750) യുടെ മഹാകാവ്യ ലക്ഷണ നിർവ്വചനത്തിന്റെ വെളിച്ചത്തിലാണ് മലയാളത്തിലെ ഒട്ടുമിക്ക മഹാകാവ്യങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്. ദണ്ഡിയുടെ സമ്പ്രദായത്തിലാണ് മാഹമ്മദവും രചിക്കപ്പെട്ടിട്ടുള്ളതെന്ന് സാമാന്യേന പറയാം.

ഒന്നാം സർഗത്തിൽ ഇസ്‌ലാം, മുഹമ്മദ് നബി, പരിശുദ്ധ ഖുർആൻ, അല്ലാഹു തുടങ്ങിയവയെ സംബന്ധിച്ചുള്ള പൊതു നിരീക്ഷണങ്ങളാണ് നടത്തുന്നത്. മനുഷ്യ സൃഷ്‌ടിപ്പിനെക്കുറിച്ചും മനുഷ്യകുലത്തിന്റെ ആരംഭവും വ്യാപനവും ഇദ്രീസ്, നൂഹ് പ്രവാചകന്മാരെയും നൂഹ് നബിയുടെ പ്രളയത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. പ്രവാചകസ്തുതിയോടെയാണ് കാവ്യത്തിന്റെ പ്രധാനഭാഗം ആരംഭിക്കുന്നത്.

അക്ഷരജ്ഞാനമില്ലാത്ത
നബിക്കു വെളിപാടിനാൽ
അപ്പപ്പോൾ ദത്തമായ് വന്ന
സത്യമേ വിജയിപ്പു നീ.

ചരാചരങ്ങളെസ്സർവ്വം 
സൃഷ്ടിച്ചുള്ള ജഗൽപതേ
അല്ലാഹുവൊരുവൻ മാത്രം
നീ പഠിപ്പിച്ചു ഞങ്ങളെ

തുടർന്നുള്ള സർഗത്തിൽ കവി നിരവധി ശ്ലോകങ്ങളിൽ ഖുർആനെ പ്രകീർത്തിക്കുന്നത് കാണാം.

നിത്യസത്യങ്ങളുൾക്കൊള്ളും
നിർമ്മലാനന്ദ സൂക്തമേ!
നിതരാം നിൻ നിഴൽപ്പാട്ടി-
ലെന്റെ പൂവല്ലി പൂക്കണേ.

യുക്തി സത്യങ്ങളൊക്കെയും
മുക്തി നൽകാൻ സുശക്തമായ
കെട്ടുറപ്പാർന്നുനില്ക്കുന്നു
ണ്ടിസ്ലാമിൻ തത്വസംഹിത.

രണ്ടാം സർഗത്തിൽ പ്രവാചകനായ ഹസ്രത് ഇബ്രാഹിം(അ)ന്റെ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്നു. ഇബ്രാഹിം നബിയും സാറയും ഹാജറയും ശാമിൽ ഒരു കുടിൽകെട്ടി താമസിക്കുന്നതോടെയാണ് മൂന്നാംസർഗം ആരംഭിക്കുന്നത്. തുടർന്ന് ഹാജറയും പുത്രൻ ഇസ്മാഈലും മക്കയിൽ ഉപേക്ഷിക്കപ്പെടുന്നതും സംസം പൊട്ടിയൊഴുകി മഹത്തായ ഒരു സംസ്‌കാരത്തിന് നാന്ദിയാകുന്നതും വിശുദ്ധ കഅബ പടുത്തുയർത്തപ്പെടുന്നതും വിവരിക്കുന്നു. ഒന്നും രണ്ടും സർഗങ്ങളിൽ അനുഷ്ടുപ്പും മൂന്നാം സർഗത്തിൽ കല്യാണിയുമാണ് വൃത്തങ്ങൾ.
 
സഹസ്രസംവൽസരങ്ങൾക്കപ്പുറം  ബാബിലോൺ നാട്ടിൽ ഇബ്റാഹീം നബി പ്രകടിപ്പിച്ച സമർപ്പണത്തെ സഹ്യപർവ്വതമെന്ന കേരളീയ ബിംബപ്രയോഗത്തിലൂടെയാണ് കവി വിവരിക്കുന്നത്. ഇത് അനുവാചകന് കഥയിലും കവിതയിലും ലയിക്കുവാനുള്ള ഉചിതസ്ഥാനീയ വർണ്ണനയാണ്. തുടർന്ന് പ്രളയം വരുന്ന രൂപം വിവരിക്കുന്നതും ഇത്തരമോരു രീതിയിൽ തന്നെ. കവി ഒരുക്കുന്ന കേരളീയ ബിംബ പശ്ചാത്തലം ഇതിന് അസാധാരണമായ മിഴിവേകുന്നു. 

മലയാള കവിതാ സാഹിത്യ ചരിത്രത്തിൽ കാല്പനിക യുഗത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഡോ. എം. ലീലാവതി പൊൻകുന്നം സെയ്ദു മുഹമ്മദിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഇസ്‌ലാമിക കഥാപരിസരത്തെ മഹാകാവ്യവിഷയമായി സ്വീകരിക്കുക മൂലം ഭാരതീയ മഹാകാവ്യ ലക്ഷണങ്ങൾക്ക് പുതിയ മാനം നൽകാൻ കവി നടത്തിയ ധീരമായ പരീക്ഷണമായി ഈ കൃതിയെ വിലയിരുത്താം. അതോടൊപ്പം, സംസ്‌കൃത വൃത്തത്തിൽ ഒരു മുസ്‌ലിം ഇതിവൃത്തം എന്നും പറയാം, അതും ഒരു മഹാകാവ്യം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter