അല്‍മസ്ഊദി: അറബികളുടെ ഹെറഡോട്ടസ്

അബ്ബാസികളുടെ ഖിലാഫത്ത് കാലഘട്ടത്തില്‍ സകല വൈജ്ഞാനിക മേഖലകളിലും ലോകത്ത് തന്നെ മികച്ച് നിന്ന പണ്ഡിത പ്രതിഭകളാല്‍ സമ്പന്നമായിരുന്നല്ലോ അറേബ്യന്‍ ഭൂമി. അവരില്‍ പ്രധാനിയായിരുന്നു, ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അബ്ബാസീ ഖിലാഫത്തിന്റെ ഭരണസിരാ കേന്ദ്രമായ ബഗ്ദാദില്‍ ജനിച്ച, നിരവധി വൈജ്ഞാനിക മേഖലകളില്‍ തിളങ്ങിനിന്ന അബൂ ഹസന്‍ അലി ബിന്‍ ഹുസൈന്‍ ബിന്‍ അലിയെന്ന അല്‍ മസ്ഊദി. അറബികളുടെ ഹെറഡോട്ടസെന്നറിയപ്പെട്ട ഇദ്ദേഹം ചരിത്രം, ഭൂമിശാസ്ത്രം, സമുദ്രശാസ്ത്രം, പ്രപഞ്ചശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം എന്നീ മേഖലയിലേക്ക് അര്‍പ്പിച്ച സംഭാവനകള്‍ മഹത്തരമാണ്. ഇസ്‍ലാമിക് തിയോളജിയിലും അക്കാലത്തെ വലിയ പണ്ഡിതനായി ഇദ്ദേഹത്തെ ഗണിക്കുന്നുണ്ട്. പ്രശസ്ത സ്വഹാബിയും പ്രവാചകന്റെ സന്തത സഹചാരിയുമായിരുന്ന അബ്ദുല്ലാഹി ബിന്‍ മസ്ഊദിലേക്ക് ചെന്നത്തുന്നതാണ് മസ്ഊദിയുടെ കുടുംബ പരമ്പര.

ജ്ഞാന പ്രസരണത്തിന്റെ കളിത്തൊട്ടിലായിരുന്ന ബഗ്ദാദില്‍ ധാരാളം പ്രഗല്‍ഭ പണ്ഡിതരുടെ പക്കല്‍ നിന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജ്ഞാന സമ്പാദനത്തിന്റെ തുടക്കം. പ്രശസ്ത വിശ്വാസശാസ്ത്ര പണ്ഡിതരായ അബൂ അലി ജുബായിയും അബുല്‍ഹസനുല്‍ അശ്അരിയും പ്രശസ്ത ചരിത്രകാരനും മത പണ്ഡിതനുമായിരുന്ന അല്‍ത്വബ്‍രിയും   കൊട്ടാര മന്ത്രിയും ചരിത്ര പണ്ഡിതനുമായ അബൂബക്കര്‍ അല്‍ സ്വലീയുമടക്കം വിശ്വ പണ്ഡിതരുടെ ശിക്ഷണത്തില്‍ വളര്‍ന്ന മസ്ഊദിക്ക്, ബഗ്ദാദിലെ ലൈബ്രറികളും ചര്‍ച്ചാവേദികളും ഉള്ളില്‍ മറഞ്ഞുകിടന്ന ജ്ഞാന ത്വരയെ ഉണര്‍ത്താന്‍ കാരണമായി. ഈ ദാഹം വിദേശ ഭാഷകള്‍ പഠിക്കാനും അവയിലെ ഗ്രന്ഥങ്ങള്‍ ഗ്രഹിക്കാനും അദ്ദേഹത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. വാണിജ്യ കേന്ദ്രമായിരുന്ന അവിടെ  ജൂത, ക്രൈസ്തവ, പാഴ്സി വിശ്വസികളോടടക്കം മറ്റു മതസ്ഥരോട് ഇടപഴകിയ അദ്ദേഹത്തിന് മുസ്‍ലിമേതര രാജ്യങ്ങളിലേക്ക് യാത്രചെയ്യാനും അവരുടെ സംസ്‌കാരങ്ങള്‍ തൊട്ടറിയാനും താല്‍പര്യം ഉടലെടുക്കുന്നുണ്ട്. ഇത് അദ്ദേഹത്തെ ഒരു സഞ്ചാരിയാക്കി മാറ്റി.

AD 915 ലാണ് ആദ്യമായി പേര്‍ഷ്യയിലേക്കുള്ള യാത്രയോടെ തന്റെ പര്യവേഷണ സഞ്ചാരത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഖുറാസാനിലേക്കും (അഫ്ഗാനിസ്ഥാന്‍) പിന്നീട് കശ്മീര്‍ വഴി ഇന്ത്യയിലേക്കും യാത്രചെയ്തു. അവിടെ ഗുജറാത്ത് തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും  ശേഷം ഇന്ത്യന്‍ പടിഞ്ഞാറ് തീരത്തേക്ക് കപ്പല്‍ കയറി മലബാര്‍ സന്ദര്‍ശിച്ചതായും രേഖകള്‍ തെളിയിക്കുന്നു. പിന്നീട് ഇന്തോനേഷ്യയും, മലാക്കയും സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യയും മലാക്കയും തമ്മിലുള്ള വാണിജ്യബന്ധത്തെക്കുറിച്ച് തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ശേഷം ഒമാനും കിഴക്കന്‍ ആഫ്രിക്കന്‍ തീരങ്ങളും സന്ദര്‍ശിച്ച് ഇന്ത്യന്‍ മഹാ സമുദ്രത്തിലൂടെ മഡഗാസ്‌ക്കറിലേക്കു പോയ മസ്ഊദി  917 ല്‍ ബഗ്ദാദിലേക്ക് തന്നെ മടങ്ങി. പിന്നീട് 918 മുതല്‍ 926  വരെ മിഡില്‍ ഈസ്റ്റിലും അറേബ്യയുടെ മറ്റു ഭാഗങ്ങളിലും ജീവിച്ചു. 932 ല്‍ അര്‍മീനിയയിലും കാസ്പിയന്‍ കടലിലും പര്യവേഷണം നടത്തി. പിന്നീട് 941 ല്‍ ഈജിപ്തിലേക്ക് പോയ അദ്ദേഹം 943 ല്‍ വീണ്ടും സിറിയ സന്ദര്‍ശിച്ചു ഈജിപ്തിലേക്ക് തന്നെ മടങ്ങി.  അദ്ദേഹം ചൈനയും ശ്രീലങ്കയും സന്ദര്‍ശിച്ച വിഷയത്തില്‍ ചരിത്ര ഗവേഷകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അദ്ദേഹം ചൈനയെയും ശ്രീലങ്കയേയും വിവരിച്ചത് അവിടെ സന്ദര്‍ശിച്ച കച്ചവടക്കാരുടെ വിവരണങ്ങളില്‍ നിന്നാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. 

മസ്ഊദി ഇന്ത്യയെ കുറിച്ച് വളരെ വിശദമായി തന്നെ തന്റെ പ്രധാന ഗ്രന്ഥമായ മുറൂജ് അല്‍ ദഹബില്‍ വിവരിക്കുന്നുണ്ട്.  ഇന്ത്യയൊരു വിശാലമായ രാജ്യമാണെന്നും അതിര്‍ത്തികള്‍ കടല്‍കൊണ്ടും ഖുറാസാന്‍ (അഫ്ഗാനിസ്ഥാന്‍), സിന്ദ്, ടിബറ്റന്‍ പര്‍വതങ്ങള്‍ കൊണ്ടും ചുറ്റപ്പെട്ടതാണെന്നും പറയുന്നു.  ഹിന്ദു മതത്തെയും അതിന്റെ വിശ്വാസികളെയും അവരുടെ തത്വങ്ങളും മനസ്സിലാക്കിയ അദ്ദേഹം ഇന്ത്യയെയും ഇറ്റലിയെയും, ഹിന്ദുക്കളെയും ഇറ്റലിക്കാരെയും ഭൂമിശാസ്ത്രപരമായും സ്വഭാവ സംസ്‌കാരപരമായും താരതമ്യം ചെയ്യുന്നുണ്ട്. ഭൂമിശാസ്ത്രപമായി ഇന്ത്യയെ നോക്കി കണ്ട മസ്ഊദി ഗംഗ നദിയെക്കുറിച്ചും കശ്മീരിലെ ഭൂപ്രകൃതിയെക്കുറിച്ചും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.  ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഇന്ത്യയിലേക്ക് വീശുന്ന കാറ്റിനെക്കുറിച്ച് ആദ്യമായി വിശദീകരിച്ചതും മസ്ഊദി തന്നെയാണ്. ഇന്ത്യന്‍ രാജാക്കന്മാര്‍ പരസ്പരം നടത്തുന്ന യുദ്ധങ്ങളെയും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ ഹിന്ദു രാജാക്കന്മാര്‍ മത സൗഹാര്‍ദ്ദം വെച്ചു പുലര്‍ത്തുന്നുണ്ടെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും  ഊന്നല്‍ നല്‍കി പറയുന്നു. താന്‍ കണ്ട മുസ്‍ലിംകള്‍ തുര്‍ക്കി വംശജരാണെന്നും എന്നാല്‍ അവര്‍ സ്വന്തം സംസ്‌കാരങ്ങള്‍ ഉപേക്ഷിച്ച് അവിടുത്തെ സാഹചര്യത്തോട് യോജിച്ച സംസ്‌കാരം സ്വീകരിച്ചതായും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. 

പതിറ്റാണ്ടുകളായിട്ടുള്ള തന്റെ പര്യവേഷണ സഞ്ചാരത്തിന്റെ ഫലമായി ലോകത്തിന്റെ ഭൂപടം തന്നെ അദ്ദേഹം തയ്യാറാക്കിട്ടുണ്ട്. ഇന്ത്യന്‍ മഹാ സമുദ്രവും അറ്റ്‍ലാന്റിക്ക് മഹാ സമുദ്രവും തമ്മില്‍ ചേരുന്നതായി സങ്കല്‍പ്പിച്ചുളളതായിരുന്നു ഇത്. താന്‍ സഞ്ചരിച്ച ഭാഗങ്ങള്‍ വളരെ കൃത്യമായി രേഗപ്പെടുത്തുന്നതിനോടൊപ്പം ഈജിപ്തിലെ നൈല്‍ നദിയെയും ഇന്ത്യയിലെ ഗംഗ, സിന്ധു നദികളേയും അടയാളപ്പെടുത്തിട്ടുണ്ട്. കാസ്പിയന്‍ കടലും ചാവുക്കടലും മെഡിറ്ററേനിയന്‍ കടലും ആരിയല്‍ കടലും ഇന്ത്യന്‍ മഹാ സമുദ്രവും പര്യവേഷണം നടത്തിയ മസ്ഊദി എല്ലാത്തിനെയും കുറിച്ച് വിവരണം നല്‍കുന്നതിനോടൊപ്പം കാസ്പിയന്റെയും ആരിയല്‍ കടലിന്റെയും രൂപരേഖയും തയാറാക്കി. കാസ്പിയന്‍ കടലും കരിങ്കടലും ഒന്നാണെന്ന് ഗണിക്കപ്പെട്ടിരുന്ന അക്കാലത്ത് രണ്ടും രണ്ടാണെന്ന് ആദ്യമായി കണ്ടെത്തിയതും മസ്ഊദിയാണ്.

മസ്ഊദി തന്റെ ജീവിത കാലത്ത് മുപ്പത്തിയാറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍  രണ്ട് ഗ്രന്ഥങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇതില്‍ ഏറെ പ്രധാന്യമുള്ള ഗ്രന്ഥമാണ് കിതാബു മുറൂജില്‍ദഹബ് വ മദാഇനില്‍ജൗഹര്‍. ലോക ചരിത്രത്തിന്റെ പ്രാരംഭമായ ആദം നബിയുടെയും പത്നി ഹവ്വാ ബീവിയുടെയും ചരിത്രം മുതല്‍ അന്നത്തെ അബ്ബാസീ ഖലീഫ വരെയുള്ള ചരിത്രമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ബൈസന്റെയ്ന്, ചൈന, ഇന്ത്യ, ആഫ്രിക്ക രാജ്യങ്ങളിലെ മുസ്‍ലിംകളെക്കുറിച്ചും അവരുടെ ആചാരാനുഷ്ഠാനങ്ങളും ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ ഗ്രന്ഥത്തില്‍ മസ്ഊദി ചരിത്രത്തെ വിവരിക്കുന്നത് ഭൂമിശാസ്ത്രത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാണ്. ഓരോ ചരിത്ര സംഭവങ്ങളിലും ഭൂപ്രദേശത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രകൃതിയുടെയും വരെ സ്വധീനമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം. തന്റെ അവസാന കാലത്ത് രചിച്ച മറ്റൊരു ഗ്രന്ഥമായ കിതാബുല്‍ തന്‍ബീഹു വല്‍ ഇഷ്റാഫ് മുകളില്‍ വിവരിച്ച ഗ്രന്ഥത്തിന്റെ സംക്ഷിപ്ത രൂപമാണെന്ന് പറയാം.

പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച വിശ്വപ്രസിദ്ധ പണ്ഡിതന്‍ ഇബ്നു ഖല്‍ദൂന്‍ ചരിത്രകാരന്മാരുടെ നേതാവെന്ന് വിശേഷിപ്പിച്ച അല്‍ മസ്ഊദിയുടെ ജീവിതത്തിന്  956 ല്‍ ഈജിപിതിലെ കൈറോയില്‍ വെച്ചാണ് തിരശ്ശീല വീഴുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter