സഈദ് റമദാൻ അൽബൂത്വീ - ആത്മീയതയിൽ ഊന്നിയ പാണ്ഡിത്യസാഗരം
ഇരുപതാം നൂറ്റാണ്ടിലെ മുസ്‍ലിം ലോകം വീക്ഷിച്ച അഗ്രഗണ്യരായ പണ്ഡിതരിൽ ഒരാളായിരുന്നു സഈദ് റമദാൻ അൽബൂത്വീ. 1929-ൽ ഇസ്‍ലാമിക നാഗരികതയുടെ ചരിത്രം മുറ്റിനിൽക്കുന്ന തുർക്കിയില്‍ ജനിച്ച് അവിടെ നിന്നും ജ്ഞാന സമ്പാദനത്തിനായി ഇസ്‍ലാമിൻറെ വൈജ്ഞാനിക ഈറ്റില്ലങ്ങളായ ഈജിപ്തിലേക്കും സിറിയയിലേക്കും ചേക്കേറിയ അദ്ദേഹം ആധുനിക മുസ്‍ലിം പണ്ഡിതരിൽ ഏറ്റവും മനോഹരമായി ഇസ്‍ലാമിക വൈജ്ഞാനിക മേഖലകളെ നോക്കിക്കാണാനും അതിൽ അപഗ്രഥനം നടത്താനും സാധിക്കുന്ന പ്രഗൽഭനായ പണ്ഡിതനായിരുന്നു.
ഇസ്‍ലാമിക കർമ്മശാസ്ത്രം, വിശ്വാസശാസ്ത്രം, ഖുർആൻ, ഹദീസ്, അറബി ഭാഷ തുടങ്ങിയ വിവിധ മേഖലകളിൽ ഏറെ നിപുണനായിരുന്നു അദ്ദേഹം. വിശ്വാസശാസ്ത്രവും കർമ്മശാസ്ത്രവും അടങ്ങുന്ന ഏകദേശം 60 ഓളം കൃതികൾ അദ്ദേഹത്തിനുണ്ട്. പരമ്പരാഗത പണ്ഡിതരുടെ ശൈലിയിൽ കർമ്മ ശാസ്ത്രത്തിൽ നാല് മദ്ഹബുകൾ അംഗീകരിച്ചുകൊണ്ടും വിശ്വാസത്തിൽ അശ്അരി മദ്ഹബ് പിന്തുണർന്നുകൊണ്ടുമുള്ള ശൈലിയായിരുന്നു അദ്ദേഹത്തിൻറെത്. അതിനാൽ തന്നെ നിയോ ട്രഡീഷണലിസ്റ്റ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
ഭീകരതയുടെ മുഖത്തോടെ ലോകം നോക്കി കണ്ട ഇസ്‍ലാമിനെ സാഹോദര്യവും സ്നേഹവുമാണ് അതിന്റെ അടിത്തറ എന്ന രീതിയിലുള്ള വീക്ഷണങ്ങളെ തുടർന്ന് കാട്ടലായിരുന്നു അദ്ദേഹത്തിൻറെ ജീവിതത്തിലുടനീളം ചെയ്തു വച്ചത്. തുർക്കിയിലും ഇറാഖിലും വ്യാപിച്ചു കിടന്ന കുർദിഷ് കുടുംബത്തിൽപ്പെട്ട മുല്ല റമദാൻ ബൂത്വീ എന്നിവരാണ് പിതാവ്. ടൈഗ്രീസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സിസ്രെ എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം സരോജ ഡിസ്ട്രിക്ട് പ്രൈമറി സ്കൂളിൽ പഠനം നടത്തുകയും അതോടൊപ്പം മതപരമായ വിഷയങ്ങളിൽ പിതാവിൽ നിന്ന് പ്രാഥമിക പഠനം സ്വീകരിക്കുകയും ചെയ്തു. ചെറുപ്പത്തിൽ തന്നെ വിശ്വാസ സംബന്ധിയായ കിതാബുകളും അറബി വ്യാകരണ കാവ്യകൃതിയായ അൽഫിയ തുടങ്ങിയ ഗ്രന്ഥങ്ങളും സ്വായത്തമാക്കിയതായി അദ്ദേഹം തന്റെ പിതാവിനെ കുറിച്ചുള്ള സ്മരണികയായ ഹാദാ വാലിദീ എന്ന ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്.
11 വയസ്സ് പ്രായമുള്ളപ്പോൾ തന്നെ ഇസ്‍ലാമിക വിജ്ഞാന മേഖലകളിലേക്ക് കടന്നു തുടങ്ങിയ അദ്ദേഹം ഖുർആനും ഹദീസും പഠനം നിർവഹിക്കാൻ വേണ്ടി ഹസൻ ഹബന്നഖ എന്ന പണ്ഡിതന്റെ അടുത്തേക്ക് യാത്രയായി. 1953 വരെ കർമ്മശാസ്ത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു അദ്ദേഹത്തിൻറെ പഠനം. തന്റെ ജീവിതകാലത്ത് സിറിയയിൽ നിലനിന്നിരുന്ന ഭരണകൂടങ്ങളോട് കൂറുപുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. തുർക്കി ഭാഷയും അറബിഭാഷയും അനായാസം കൈകാര്യം ചെയ്തിരുന്നു. 17 വയസ്സാകുന്നതിനുമുമ്പേ ഖുതുബകൾ നിർവ്വഹിക്കാൻ തുടങ്ങി.
അറബി ഭാഷയിൽ വലിയ താല്പര്യം കാരണം, തുർക്കിയിലെ ഏറ്റവും അറിയപ്പെട്ട പ്രേമകാവ്യമായ മമ്മൂ സൈൻ എന്ന കൃതി അറബിയിലേക്ക് അദ്ദേഹം വിവർത്തനം ചെയ്തു. 1956ല്‍ യൂണിവേഴ്സിറ്റി ഓഫ് ഡമസ്കസിലെ ഇസ്‍ലാമിക നിയമവിഭാഗത്തിലെ തലവനായി മാറുകയും 1960ൽ അസിസ്റ്റൻറ് പ്രൊഫസർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. സിറിയൻ മുസ്‍ലിം ബ്രദർഹുഡ്ഡുമായി ശക്തമായ ബന്ധമുള്ള റാബിതത്തുൽ ഉലമ അദ്ദീനിയ്യ എന്ന ലീഗ് ഓഫ് സ്കോളേഴ്സ് സംഘടിപ്പിക്കുന്ന വാരാന്ത്യ സാഹിത്യ സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുത്തതായി രേഖകളിൽ കാണാം. 1952 ലാണ് അദ്ദേഹത്തിൻറെ ആദ്യ രചന പുറത്തുവരുന്നത്. അൽതമദ്ദുൻ അൽഇസ്‍ലാമി എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനമായിരുന്നു അത്.
സർവ്വരാലും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത ഇസ്‍ലാമിക പണ്ഡിതൻ എന്ന നിലയിൽ വ്യത്യസ്തങ്ങളായ പല സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ആധുനിക ജീവിതത്തെക്കുറിച്ചും ഇസ്‍ലാമിനുള്ളിലെ ബൗദ്ധിക വ്യവഹാരങ്ങളെ കുറിച്ചും പ്രസക്തവും വിവാദപരവുമായ നിരവധി വിഷയങ്ങളിൽ അദ്ദേഹം സ്പർശിച്ചു സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അടിമത്തം, സ്ത്രീകളുടെ നിഖാബ്, സ്ത്രീയുടെ തൊഴിൽ, വിദ്യാഭ്യാസം, ഇസ്‍ലാമിക ദഅവത്ത്, നവോത്ഥാനം, റാഡിക്കലിസം, പരിഷ്കരണ വാദം, ജിഹാദ്, മതേതരത്വം, മാർക്സിസം, ദേശീയത തുടങ്ങിയ വിഷയങ്ങളിൽ ഇസ്‍ലാമിന്റെ വീക്ഷണം യുക്തിഭദ്രമായി അവതരിപ്പിച്ചു കൊണ്ടാണ് ബൂത്വീ ലോകത്ത് ശ്രദ്ധേയനായത്.
ശൈഖ് ഹസൻ ഹബന്നഖയുടെ കീഴിൽ ആറ് വർഷം പഠനം നടത്തിയതിനുശേഷം 1953-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‍ലാമിക് ഗൈഡൻസിൽ പഠനത്തിന് ചേരുന്നുണ്ട് അദ്ദേഹം. അന്ന് മന്‍ജഖ് മസ്ജിദ് എന്നറിയപ്പെട്ടിരുന്ന ആ സ്ഥാപനം ഇന്ന് അംഗീകൃത ശരീഅത്ത് സ്ഥാപനമാണ്. 1960ന്റെ തുടക്കത്തിൽ ഡമസ്കസ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രൊഫസർ ആയിരുന്ന അദ്ദേഹം 1965ൽ യൂണിവേഴ്സിറ്റിയിൽ ശരീഅത്ത് പഠനത്തിൽ പി എച്ച് ഡി പൂർത്തിയാക്കി. അതിനുമുമ്പ് 1950 കളിൽ അദ്ദേഹം അൽ അസ്ഹറിൽ നിന്ന് തന്നെ ഡിഗ്രിയും അറബി ഭാഷയിൽ ഡിപ്ലോമയും പൂർത്തീകരിക്കുന്നുണ്ട്. പിന്നീട് അദ്ദേഹം ഡമസ്കസ് യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ തലവനായി നിയമിക്കപ്പെട്ടു. 1980കൾ ആകുമ്പോൾ അദ്ദേഹം പൂർണമായും മുഖ്യധാരയിൽ നിന്ന് പിൻവലിയാൻ തുടങ്ങി. പിന്നീട് മസ്ജിദുകൾ കേന്ദ്രീകരിച്ചുള്ള ദർസുകൾ മാത്രമായിരുന്നു അദ്ദേഹത്തിൻറെ പൊതു ഇടപെടലുകൾ.
പ്രശസ്ത ഇസ്‍ലാമിക പണ്ഡിതന്മാരായ ഇമാം നവവി(റ), ഇമാം ശാഫിഈ(റ), ഇമാം ഗസാലി(റ) തുടങ്ങിയവർ സ്വാധീനിച്ചതായി അദ്ദേഹത്തിൻറെ കൃതിയില്‍ കാണാം. 2004 ദുബായ് ഇൻറർനാഷണൽ ഹോളി ഖുർആൻ അവാർഡിന് അദ്ദേഹം അർഹനായി. ബൂത്വീയുടെ വൈജ്ഞാനിക സംഭാവനകളെ കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ പറയപ്പെടുന്ന പ്രശസ്തമായ ഒരു കൃതിയാണ് കുബ്റൽ യകീനിയ്യാത്ത് (സാർവലൗകിക സത്യങ്ങൾ)എന്ന കൃതി. ഇസ്‍ലാമിക വിശ്വാസ ശാസ്ത്രത്തിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളും ചർച്ച ചെയ്യുക എന്നുള്ള ലക്ഷ്യത്തിൽ എഴുതപ്പെട്ട ആ ഗ്രന്ഥം ആധുനികമായി ഓറിയന്റ്‍ലിസ്റ്റുകളുടെ ഭാഗത്തുനിന്ന് വരുന്ന ചോദ്യങ്ങൾക്കുള്ള മറുപടി കൃത്യമായി പറയുന്നുണ്ട്. ചോദ്യോത്തര രീതിയിൽ മുന്നോട്ടുപോകുന്ന ഗ്രന്ഥം പല പാശ്ചാത്യ ചിന്തകരെയും നിശിതമായി വിമർശിക്കുന്നുണ്ട്. കമ്മ്യൂണിസം പോലെയുള്ള വികലമായ ആശയങ്ങളെ ശക്തമായി എതിർക്കാനും അദ്ദേഹം തൻറെ കൃതികളെ ഉപയോഗിച്ചു. വെറും പുസ്തകങ്ങളിലൂടെ മാത്രമല്ല, മറിച്ച് നവസാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചും അദ്ദേഹം വിജ്ഞാന പ്രചാരണം നടത്തുകയുണ്ടായി.
ഡമസ്കസിലെ മസ്ര ജില്ലയിലെ അൽഈമാൻ പള്ളിയിൽ ദർസ് നടത്തി കൊണ്ടിരിക്കുമ്പോൾ ദുരൂഹമായ സാഹചര്യത്തിൽ ബോംബിങ്ങിലൂടെയാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിക്കുന്നത്. വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടെങ്കിലും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. അമുസ്‍ലിം ചിന്തകനായ തോമസ് പിററ്റ് പറഞ്ഞുവെക്കുന്നത് ഇങ്ങനെയാണ്: ബൂത്വീയുടെ മരണത്തോടു കൂടെ സിറിയയിലെ സുന്നി മുസ്‍ലിം നേതൃത്വത്തിന് മങ്ങൽ ഏറ്റിരിക്കുന്നു, ബൂത്വീ ലോകത്ത് തന്നെ സ്വീകാര്യതയുള്ള ഒരു പണ്ഡിതനായിരുന്നു.
നാഥന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്വീകരിക്കട്ടെ, അര്‍ഹമായ പ്രതിഫലം നല്കട്ടെ.
Leave A Comment