ഇബ്നു ഖല്ലികാൻ: പണ്ഡിത ലോകത്തെ ചരിത്രകാരൻ
പ്രശസ്ത ഇസ്‍ലാമിക ചരിത്രകാരനും അതേസമയം പല നാടുകളിലെ ഖാളിയുമായിരുന്നു ഇബ്നു ഖല്ലികാൻ. ഹിജ്റ 608 റബീഉൽ അവ്വൽ 11 (1211 september 22) ഇറാഖിലെ എർബിലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഇബ്രാഹീം അബുൽഅബ്ബാസ് ഷംസുദ്ദീൻ എന്നാണ് പൂർണ്ണനാമം. അദ്ദേഹത്തിന്റെ കുടുംബം ബർമകികളായിരുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ട് അനാഥനായാണ് അദ്ദേഹം വളര്‍ന്നത്.
പ്രാഥമിക വിദ്യാഭ്യാസം എർബലിൽ തന്നെയായിരുന്നു. തുടർന്ന് ഹിജ്റ 628ൽ ഇബ്നുശദ്ദാദിന്റെയും ഇബ്നു യാഇശിന്റെയും കീഴിൽ അലപ്പോയിൽ പഠനം തുടർന്നു. ഹിജ്റ 632ൽ ഇബ്നു ശദ്ദാദ് മരണപ്പെട്ട ശേഷം ഡമസ്കസിലെ ഇബ്നു സ്വലാഹിന്റെ അടുത്തേക്ക് പോയി. പ്രശസ്ത ചരിത്രകാരൻ ഇബ്നുൽ അതീറിനെയും കമാലുദ്ദീൻ ഇബ്നുയൂനുസിനേയും പരിചയപ്പെട്ടത് ഇക്കാലത്താണ്. ഹിജ്റ 635ൽ ഈജിപ്തിലെത്തിയ അദ്ദേഹം, ഹിജ്റ 646ൽ അവിടത്തെ ഖാളിഖുളാത്തായിരുന്ന ബദ്റുദ്ദീൻ യൂസുഫിന്റെ ഡെപ്യൂട്ടിയായും വൈകാതെ ഖാളിഖുളാത്തായും നിയമിതനായി. ആ സമയത്ത് ഹമ്പലി, മാലികി, ഹനഫി ഖാളിമാർ അദ്ദേഹത്തിന്റെ ഡെപ്യൂട്ടികളായിരുന്നു. പിന്നീട് ഹിജ്റ 669ൽ ഇബ്നു ഖല്ലികാന് ഈ സ്ഥാനങ്ങളെല്ലാം നഷ്ടമാവുകയും ഫഖ്‍രിയ്യ കോളജിലെ മുദരിസ് ആയി സേവനം ചെയ്യുകയും ചെയ്തു.
മംലൂകി സുൽത്താൻ ബൈബറസിന്റ മരണത്തിനുശേഷം ഹിജ്റ 676ൽ വീണ്ടും ഖാളിഖുളാത്തായി നിയമിക്കപ്പെടുകയും 677ൽ വലിയ ബഹുമതിയോടുകൂടി ഡമസ്കസിൽ സ്വീകരണം ലഭിക്കുകയും ചെയ്തു. പക്ഷേ ശേഷം വന്ന സുൽത്താൻ ഖലാവുൻ സിംഹാസനം ഏറ്റെടുത്തതോടെ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ഡമസ്കസിന്റെ ഗവർണറായ സുങ്കുർ വിപ്ലവം ഉണ്ടാക്കുകയും പിന്നീട് അത് അടിച്ചമർത്തപ്പെടുകയും ചെയ്തു. ഹിജ്റ 679 ഡമസ്കസ് സന്ദർശിച്ച ഖലാവുന്‍ എല്ലാവർക്കും മാപ്പ് നൽകി. പക്ഷേ സുങ്കൂറിന് വിപ്ലവത്തെ ന്യായീകരിച്ച് ഫത്‍വ നൽകിയെന്ന് ആരോപിക്കപ്പെട്ടത് കാരണത്താൽ ഇബ്നു ഖല്ലികാനെ ജയിലിൽ അടച്ചു. മൂന്നാഴ്ച കഴിഞ്ഞ് അദ്ദേഹത്തെ മോചിപ്പിക്കുകയും സുൽത്താന്റെ പെട്ടെന്നുള്ള ഉത്തരവിനാൽ വീണ്ടും ഖാളിഖുളാത്തായി നിയമിതനാവുകയും ചെയ്തു. അടുത്ത വർഷം ഹിജ്റ 680ൽ ഖലാവുൻ ഡമസ്കസ് സന്ദർശിക്കുകയും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് വീണ്ടും ഒഴിവാക്കുകയും ചെയ്തു.
ഇബ്നു ഖല്ലികാന്റെ പ്രശസ്തമായ ഗ്രന്ഥമാണ് വഫയാത്തുൽ അഅ്‍യാൻ വ അൻബാഉ അബ്നാഇസ്സമാൻ. അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയ ഗ്രന്ഥം കൂടിയാണിത്. ഇസ്‍ലാമിക ചരിത്രത്തിലെ 860 പണ്ഡിതന്മാരുടെയും പ്രധാന വ്യക്തികളുടെയും ജീവചരിത്ര വിജ്ഞാനകോശമായ ഇത്, എക്കാലത്തെയും മികച്ച പൊതു ജീവചരിത്രമാണെന്ന് ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ റൈനോൾഡ് പോലും വ്യക്തമാക്കുന്നുണ്ട്.
ഹിജ്റ 681 റജബ് മാസത്തിൽ ഡമസ്കസിൽ വെച്ച് മഹാനവർകൾ ഈ ലോകത്തോട് വിട പറഞ്ഞു.
Leave A Comment