ലൂത്ത് നബി (അ): പ്രബോധന വീഥിയിലെ സാമൂഹ്യ പരിഷ്‌കർത്താവ്
പ്രവാചകൻ ലൂത്ത് നബി (അ) ചരിത്രത്തിൽ വിശ്രുതനായി ഇടം പിടിക്കുന്നത് നീചമായ ഒരു സാമൂഹ്യ ദുരാചാരത്തിനെതിരെ നില കൊണ്ടതിന്റെ പേരിലാണ്. ഏക ദൈവ പരമ സത്യ സന്ദേശത്തിലേക്ക് ജനങ്ങളെ കൈപ്പിടിച്ചാനയിക്കുന്നതോടൊപ്പം അതാതു കാലങ്ങളിൽ ഓരോ സമൂഹത്തിലും വേര് പിടിച്ചിരുന്ന തിന്മകൾക്കെതിരെ അവരുടെ പ്രവാചകന്മാർ ശബ്ദിച്ച പോലെ സദൂം ഗോത്രത്തിൽ നടമാടിയിരുന്ന സ്വവർഗ്ഗഭോഗം എന്ന ലൈംഗികരാചകത്വത്തിനെതിരെ ലൂത്ത് നബിയും നില കൊണ്ടു. വൈവാഹിക രതി പോലും മനുഷ്യ പ്രകൃതിയിൽ രഹസ്യമായി അനുഷ്ഠിക്കേണ്ടതായിരിക്കെ, വ്യഭിചാരത്തേക്കാൾ മോശമായ ഈ വിവാഹേതര രതി പോലും അഭിമാനപുരസ്സരം പരസ്യമായി കൊണ്ടാടുന്നവരായിരുന്നു അവർ. ഇതിനെതിരെ ആദ്യന്തം പോരാടുവുകയും സജീവമായി പ്രബോധനം നിർവ്വഹിക്കുകയും ചെയ്തു പ്രവാചകൻ. ഖുർആനിൽ 27 ഇടങ്ങളിലാണ് ലൂത്ത് നബിയുടെ ചരിത്രം വിവരിക്കപ്പെടുന്നത്. പിൽക്കാലത്തും ഈ ദുരാചാരം സമൂഹത്തെ ഗ്രേസിക്കുമെന്നതിനാലാണ് സവിസ്തരം ഖുർആൻ ഈ വിഷയം കണക്കിലെടുത്തതെന്നാണ് വ്യാഖ്യാതാക്കളുടെ പക്ഷം.
സദൂമിലേക്ക്
ഇബ്‌റാഹീം നബി(അ)യുടെ സമകാലികനും സഹോദര പുത്രനുമാണ് ലൂത്ത് നബി (അ). ഇബ്രാഹീം നബിയുടെ അനുയായിയും ഹിജ്‌റയിൽ തന്റെ സഹയാത്രികനുമാണെന്നതിന് പുറമെ അദ്ദേഹത്തിന്റെ കാലത്തേ പ്രവാചകത്വം ലഭിച്ചയാളുമായിരുന്നു ലൂത്ത് നബി (അ). ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സദൂം എന്ന സ്ഥലത്തായിരുന്നു ലൂത്വ് നബി(അ)യും ജനതയും വസിച്ചിരുന്നത്. ഹിജ്‌റയുടെ അവസാനം ലൂത്ത് നബി സദൂമിൽ താമസമാക്കുകയും ദൈവ നിയോഗാർത്ഥം അവിടെ പ്രബോധനം നിർവ്വഹിക്കുകയും ചെയ്യുകയായിരുന്നു എന്നും അഭിപ്രായമുണ്ട്. ദൈവ ധിക്കാരികളാണെന്നതിന് പുറമെ പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധത്തിന് തുടക്കം കുറിച്ച സമൂഹം കൂടിയായിരുന്നു അവർ.
നിയമാനുസൃതമായ സ്ത്രീ സംസർഗ്ഗത്തിന് ഒട്ടും താത്പര്യം കാണിക്കാതിരുന്ന അവർ സ്വവർഗ്ഗഭോഗത്തിൽ ആനന്ദം കണ്ടെത്തി. ഇതിനെതിരെ യുക്തിയുടെ ഭാഷയിലാണ് പ്രവാചകൻ സംസാരിച്ച് തുടങ്ങിയത്. പ്രവാചകൻ പറഞ്ഞു: "നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ" (ശുഅറാ: 61- 66). എന്നാൽ തീർത്തും നിർല്ലജ്ജമായ പ്രതികരണമായിരുന്നു അവരുടേത്. "ലൂത്തേ, നീ (ഇതില്‍നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും" (ശുഅറാ: 67). എന്നാൽ അവരുടെ ഭീഷണിയിൽ തളരാൻ പ്രവാചകന്റെ മനസ്സ് അനുവദിച്ചില്ല.
Also Read:സ്വാലിഹ് നബി (അ): അത്ഭുതം ഈട് പകർന്ന പ്രബോധന ജീവിതം
പ്രവാചകൻ പ്രബോധനം തുടർന്ന് കൊണ്ടേയിരുന്നു. ലോകത്തിന്നേ വരെ ആരും ചെയ്യാത്ത പാപമായതിനാൽ ഏറെ ഗൗരവതരമാണ് അതെന്ന് അവരെ ബോധ്യപ്പെടുത്തി. പിൽക്കാലത്ത് ആരെങ്കിലും ഈ പാപം ചെയ്താൽ അതിന്റെ പങ്ക് കൊള്ളേണ്ടവരും നിങ്ങളായിരിക്കുമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി. എന്നാൽ ദൈവ ചിന്തയേ ഇല്ലാത്തവർക്ക് എന്ത് പാപവും ശിക്ഷയും. അവരത് തുടർന്ന് കൊണ്ടേയിരുന്നു. ആയിടക്കാണ് പ്രവാചകരെ അങ്ങേയറ്റം വിഷമിപ്പിച്ചു ഒരു സംഭാവമുണ്ടാകുന്നത്. തന്റെ നീണ്ട പ്രബോധന സപര്യയെ അവഗണിച്ച് തള്ളിയതേക്കാൾ പ്രവാചകരെ വേദനിപ്പിച്ചു അത്. ആ സമൂഹത്തിന്റെ നാശത്തിലാണത് കലാശിച്ചത്. ഇബ്രാഹിം നബിയെ സന്ദർശിച്ചതിനു ശേഷം ലൂഥ് നബിയുടെ അടുത്തെത്തിയ പുരുഷ രൂപം പൂണ്ട മാലാഖമാരെ കണ്ട ആ സമൂഹം തങ്ങളുടെ ലൈംഗിക താത്പര്യത്തിനായി അവരെയും സമീപിച്ചതാണ് പ്രവാചകരെ വേദനിപ്പിച്ചത്.
അവിശ്വാസിനിയായിരുന്ന പ്രവാചകന്റെ ഭാര്യയായാണ് സുന്ദരന്മാരായ ചിലർ പ്രവാചകന്റെ അടുത്തെത്തിയ കാര്യം അവരെ അറിയിച്ചത്. കാമാസക്തി കയറിയ അവർ പ്രവാചകന്റെ വീട്ടിലേക്ക് ഇരച്ചെത്തി. തന്റെ അതിഥികളെ നീചവൃത്തിക്ക് വിധേയരാക്കി തന്നെ അവഹേളിക്കരുതെന്ന് പ്രവാചകൻ അവരോട് കെഞ്ചി. വേണമെങ്കിൽ തന്റെ പെണ്മക്കളെ നിങ്ങളെടുത്തേക്കൂ എന്ന് വരെ പറയേണ്ടി വന്നു അദ്ദേഹത്തിന്. എന്നാൽ അവർക്കാവശ്യം ആണുങ്ങളെയായിരുന്നു. ഇത് ഖുർആൻ വിവരിക്കുന്നത് കാണുക: അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ). അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ? അവര്‍ പറഞ്ഞു: നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് അറിവുണ്ടല്ലോ. തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന്. അദ്ദേഹം പറഞ്ഞു: എനിക്ക് നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍'' ( ഹൂദ്: 78-80). മാലാഖമാരെ പുല്‍കാന്‍ സര്‍വതും അവഗണിച്ച് വീട്ടിനകത്തേക്ക് കൂട്ടമായി പ്രവേശിച്ച അവർക്കെതിരെ പ്രവാചകന് ദൈവ സഹായം വന്നെത്തി. ജിബ്രീല്‍ മാലാഖയാണ് (അ) തന്റെ ഭീമാകാരമായ ചിറകടിച്ച് അവരുടെ കണ്ണുകള്‍ പൊട്ടിച്ചു.
പിറ്റേന്ന്, നിഷേധികളായ ഈ സമൂഹത്തെ തേടി ദൈവ ശിക്ഷയെത്തി. സൂര്യോദയ സമയത്ത് ഘോരമായ ഒരു അട്ടഹാസം അവരെ പിടികൂടുകയും ആ നാട് ഒന്നടങ്കം കീഴ്മേല്‍ മറിയുകയും ചെയ്തു. ചുട്ടുപഴുത്ത കല്ലുകള്‍ അവര്‍ക്കുമേല്‍ വര്‍ഷിപ്പിച്ച് അല്ലാഹു അവരെ നാമാവശേഷമാക്കി. ലൂത്വ് നബി(അ)യുടെ ഭാര്യയും നിഷേധിയായിരുന്നുവെന്ന് പറഞ്ഞല്ലോ. അവളും ശിക്ഷക്ക് പാത്രമായി. ശിക്ഷയിറങ്ങിയപ്പോള്‍ അവള്‍ ശിലയായി പരിണമിച്ചുവെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫലസ്ത്വീനിലെ ചാവുകടലില്‍ നിന്ന് ഈജിപ്തിലെ ഥാബാ അതിര്‍ത്തിയിലേക്കുള്ള പാതയുടെ വലതുഭാഗത്ത് ഒരു മലയില്‍ അവളൂടെയെന്ന് പറയപ്പെടുന്ന ഒരു മനുഷ്യ ശിലാരൂപം കാണാം.
ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം ശിക്ഷ വിധേയരായ സമൂഹമാണ് സദൂം. അവരിൽ നന്മയുടെയും സാമൂഹ്യ ശുദ്ധിയുടെയും പാഠങ്ങൾക്ക് ശില പാകിയ ലൂത്ത് പ്രവാചകൻ ലോകം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താവ് കൂടിയാണ്. 175 വയസ്സ് വരെയാണ് പ്രവാചകൻ ജീവിച്ചതെന്നാണ് പറയപ്പെടുന്നത്. ബനൂ നഈമിലാണ് അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്നത്.
Leave A Comment