ഹൂദ് നബി (അ): ത്യാഗ ശിലയിൽ തീർത്ത പ്രബോധന ജീവിതം 

സുദീർഘമായ ദിവ്യ ബോധനം ലഭിച്ചിട്ടും അഹന്തയൊന്ന് കൊണ്ട് മാത്രം സത്യ നിഷേധം തുടർന്ന ഒരു വിഭാഗത്തെ അള്ളാഹു ലോകമിന്നേ വരെ ദർശിക്കാത്ത പ്രളയത്തിൽ മുക്കി നാമാവശേഷമാക്കുക; ഇതിൽ നിന്നൊട്ടും പാഠമുൾക്കൊള്ളാതെ കാലങ്ങൾക്ക് ശേഷം ഇതേ നിഷേധം തുടർന്ന പിന്മുറക്കാരെ അള്ളാഹു അതിശക്തമായ കൊടുങ്കാറ്റിൽ  ഇല്ലാതാക്കിക്കളയുക; ഈ രണ്ട് ദൈവ ശിക്ഷകൾക്കിടയിലെ ത്യാഗ്വോജ്ജ്വലവും സ്ഥിരോത്സാഹപൂർണ്ണവുമായ പ്രബോധന ജീവിതത്തിന്റെ പേരാണ് ഹൂദ് നബി (അ). നൂഹ് നബി ( അ) യെ പോലെ, നിരന്തര ദിവ്യ ബോധനം എന്ന കുറ്റത്തിന് സമൂഹത്താൽ നിരന്തരമായി അപഹസിക്കപ്പെടുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്തയാളാണ് ഹൂദ് നബിയും. അദ്ദേഹത്തിന്റെ ഈ ത്യാഗസമ്പൂർണ്ണമായ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു അധ്യായം തന്നെയുണ്ട് വിശുദ്ധ ഖുർആനിൽ. കൂടാതെ, ആ മഹാ പ്രബോധന സപര്യയെ അങ്ങേയറ്റം ബഹുമാന്യമായി ചിത്രീകരിക്കുന്ന അനേകം സൂക്തങ്ങൾ വേറെയുമുണ്ട്. 

ആദ് സമുദായത്തിലേക്ക് 

പ്രവാചകനായ നൂഹ് നബിയുടെ മകൻ സാമിന്റെ മകനായ അർപ്പക്ഷാദിന്റെ മകനായ ശേലഹിന്റെ പുത്രനാണ് ഹൂദ്. ഏകദേശം ഏഴായിരം വർഷങ്ങൾക്ക് മുൻപ് ആധുനിക ഒമാനിൽ ഉൾപെട്ട ഷിദ്രിൽ മണ്മറഞ്ഞുപോയ ഉബാർ എന്ന പ്രദേശത്ത് ജീവിച്ചിരുന്ന ആദ് സമുദായത്തിലാണ് പ്രവാചകരുടെ ജനനം. നൂഹ് നബിയുടെ ജനതക്ക് ശേഷം, ഒരു സമുദായമെന്ന നിലക്ക് അഭിവൃദ്ധി പ്രാപിച്ച ഒരു ജനതയായിരുന്നു ആദ് സമൂഹം. നൂഹ് നബിയോടൊന്നിച്ച് കപ്പലിൽ രക്ഷപ്പെട്ടവരുടെ പിൻതലമുറകളായി വർദ്ധിച്ചുണ്ടായവരാണവർ. പതിമൂന്ന് ഗോത്രങ്ങളുടെ സഞ്ചയമായിരുന്ന ഈ സമൂഹം അവരുടെ രാജാവിലേക്ക് ചേർത്താണ് ആദ് എന്ന നാമകരണം ചെയ്യപ്പെടുന്നത്. ആദിന് പുറമെ  ഇറമ് എന്ന പേരിലും ഈ സമുദായം ചരിത്രത്തിൽ അറിയപ്പെടുന്നു. 

അതികായരും ബലിഷ്ഠഗാത്രനുമായിരുന്നു ആദ് മനുഷ്യരെന്ന് ഖുർആനിൽ തന്നെ പരാമർശമുണ്ട്. മലമ്പാറകൾ തുരന്ന് വീട് നിർമ്മിക്കുകയും ഒട്ടകങ്ങളെ ഭക്ഷിക്കുകയും ചെയ്യുന്ന ഒരു വിഭാഗമായിരുന്നു അവർ. അവർക്ക് തുല്യം മറ്റെങ്ങും ഒരു ജനതയും സൃഷ്ടിക്കപ്പെട്ടിട്ടില്ല(വി.ഖു: 89: 7,8) എന്ന സൂക്തം മതി, അവരെത്ര മേൽ അനുഗ്രഹീതരായിരുന്നു എന്നറിയാൻ. എന്നാൽ ഈ അനുഗ്രഹ ദാതാവിനെ മറന്ന് സ്വദ്ദ്, സമൂദാ, വഹ്‌റാ തുടങ്ങിയ വിഗ്രഹങ്ങളെയും അഗ്നിയേയും ആരാധിക്കാനായിരുന്നു അവർക്ക് താത്പര്യം. അവരെ സൽപാന്ഥാവിലേക്ക് തിരികെ നയിക്കുക എന്ന ദൗത്യമായിരുന്നു ഹൂദ് പ്രവാചകന് നിർവ്വഹിക്കാനുണ്ടായിരുന്നത്. 

ഹൂദ് പ്രവാചകൻ തന്നിലർപ്പിക്കപ്പെട്ട ദൗത്യം ഉത്തരവാദിത്ത ബോധത്തോടെ നിർവ്വഹിച്ചു. അവർ അനുവർത്തിച്ച് പോന്ന തിൻമകളിൽ നിന്നും സ്വയം മുക്തരാവാനും , സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുവാനും അവന്റെ ദാസരായി ജീവിക്കുവാനും ഹൂദ് നബി (അ) അവരെ നിരന്തരം ഉപദേശിച്ചു. അധർമത്തിൽ നിന്നും മുക്തരാവാതിരുന്നാൽ, കനത്ത ശിക്ഷ നിങ്ങളെ പിടികൂടുമെന്ന് അദ്ദേഹം താക്കീത് ചെയ്തു. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ ദൈവദൂതനാകുന്നു.അതിനാൽ നിങ്ങൾ അല്ലാഹുവിനോട് ഭക്തിപുലർത്തുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.ഈ ദൗത്യത്തിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല.എനിക്കുള്ള പ്രതിഫലം സർവ്വലോക രക്ഷിതാവിങ്കലാകുന്നു. പൊങ്ങച്ചം കാണിക്കുവാനായി എല്ലാ ഉയർന്ന സ്ഥലങ്ങളിലും നിങ്ങൾ വൃഥാസ്മാരകസൗധങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയാണോ? ഗംഭീരമായ കൊട്ടാരങ്ങളും പണിയുന്നുവല്ലോ;നിങ്ങൾക്ക് കാലാകാലവും ഇവിടെ വസിക്കാനുള്ളത് പോലെ. ആരെയെങ്കിലും ദോഹിക്കുമ്പോൾ നിഷ്ഠൂരമായി ദ്രോഹിക്കുന്നു.നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുവിൻ.എന്നെ അനുസരിക്കുകയും ചെയ്യുവീൻ” ” (ശുഅറാ 123 – 131).

Also Read:ലൂത്ത് നബി (അ): പ്രബോധന വീഥിയിലെ സാമൂഹ്യ പരിഷ്‌കർത്താവ് 

എന്നാൽ തീർത്തും അഹന്ത നിറഞ്ഞതായിരുന്നു ആ സമുദായത്തിന്റെ മറുപടി. "ഹുദ് ! നീ ഞങ്ങളുടെ അടുക്കൽ ഖണ്ഡിതമായ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല . നീ പറഞ്ഞതുകൊണ്ട് മാത്രം ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കുന്നവരല്ല.ഞങ്ങൾ നിന്നെ വിശ്വാസിക്കുന്നതുമല്ല.നിനക്ക് ഞങ്ങളുടെ ദൈവങ്ങളിലാരുടെയോ ബാധയേറ്റിരിക്കുന്നു എന്നത് ഞങ്ങൾ കരുതുന്നത്” (ഹൂദ് 53 – 54) എന്ന ആരോപണവും ഭീഷണിയും തരാംതരം അവർ പ്രവാചകന് നേരെ പ്രയോഗിച്ചു. പക്ഷെ, അത് കൊണ്ടൊന്നും തളരാൻ പ്രവാചകൻ തയ്യാറായില്ല. നിഷേധം കൂടും തോറും പ്രവാചകന്റെ പ്രബോധനത്തിന്റെ വീര്യവും കൂടി. ബഹുദൈവാരാധനക്കെതിരെ മാത്രമല്ല, അവർ പുലർത്തിയിരുന്ന സ്വഭാവ ദൂഷ്യങ്ങൾക്കെതിരെയും പ്രവാചകൻ വിരൽ ചൂണ്ടി. തങ്ങളേക്കാൾ കരുത്തുള്ളവർ വേറെയില്ലെന്ന അവരുടെ ദുരഭിമാനം നിറഞ്ഞ അജ്ഞത പ്രവാചകർ ചോദ്യം ചെയ്തു. തങ്ങളുടെ അഭിമാനത്തിന് ക്ഷതമേകുന്നത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നെന്നേക്കുമായി പ്രവാചകനെ ഇല്ലാതാക്കാനായി അവരുടെ പിന്നീടുള്ള ശ്രമങ്ങൾ. എന്നാൽ അതും സത്യ ബോധനത്തിന് വിഘാതമായി കാണാൻ പ്രവാചകർ കൂട്ടാക്കിയില്ല.

എന്നാൽ സുദീർഘമായ ഈ പ്രബോധന സപര്യയിൽ എഴുപതിൽ കുറഞ്ഞയാളുകൾ മാത്രമാണ് വിശ്വാസം പുല്കിയതെന്നും ശേഷിക്കുന്നവർ പൂർവോപരി നിഷേധത്തിൽ ഉറച്ച് നിൽക്കുകയാണെന്നും കണ്ടതോടെ ദൈവ ശിക്ഷയെ കുറിച്ചായി പ്രവാചകന്റെ ഓർമ്മപ്പെടുത്തലുകൾ. അതും അതീവ പരിഹാസോക്തിയോടെയാണ് സമുദായം എതിരേറ്റത്. നീ സത്യമാണ് പറയുന്നതെങ്കിൽ ശിക്ഷ എപ്പോൾ വരുമെന്ന് കൂടി പറയൂ എന്നായി അവർ. നിന്റെ ദൈവത്തിന്റെ ശിക്ഷയെ പ്രതിരോധിക്കാൻ മാത്രം കരുത്തുറ്റവരാണ് തങ്ങളെന്ന ധ്വനിയായിരുന്നു അവരുടെ ഓരോ മറുപടികളും. പ്രബോധന നിർവഹണത്തിൽ മനുഷ്യ സാധ്യമായതെല്ലാം ചെയ്തു കഴിഞ്ഞെന്നുറപ്പായതോടെ പ്രവാചകൻ അവരുടെ കാര്യം നാഥനയേൽപ്പിച്ച് അവന്റെ തീരുമാനത്തിനായി കാത്തുനിന്നു. ഏഴു രാവും എട്ട് പകലും ഇടതടവില്ലാതെ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ആ ദൃഢഗാത്രർ കടപുഴകി വീണു. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: “ആദ് സമുദായം അത്യുഗ്രമായി ആഞ്ഞുവീശിയ കൊടുങ്കാറ്റിനാലും ഉൻമൂലനം ചെയ്യപ്പെട്ടു.അല്ലാഹു തുടർച്ചയായ ഏഴ് രാവും എട്ട് പകലും ആ കാറ്റിനെ അവരുടെ മേൽ അടിച്ചേൽപിച്ചു .(താങ്കൾ അവിടെ ഉണ്ടായിരുന്നുവെങ്കിൽ) ആ ജനം കടപുഴകിവീണ ഈത്തപ്പനത്തടികളെ ന്നോണം വീണുകിടക്കുന്നത് കാണാമായിരുന്നു. അവരിൽ വല്ലവരു അവശേഷിച്ചതായി ഇപ്പോൾ നീ കാണുന്നുണ്ടോ” (അൽഹാഖ :6 – 5).

760 വര്ഷക്കാലമാണ് ഹൂദ് നബി (അ) ആദ് സമുദായത്തിൽ ജീവിച്ചത്. 40 വയസ്സിൽ പ്രവാചകത്വം ലഭിച്ച അദ്ദേഹം സ്വജീവിതം തന്നെയാണ് സൽമാർഗത്തിലായി സമർപ്പിച്ചത്. ഉദ്ധിഷ്ഠ ഫലം വരിക്കാത്ത പ്രയത്നങ്ങളെ കുറിച്ച് പരിഭവപ്പെടുന്നവർക്ക് പ്രചോദനം കൂടിയാണ് അവിടുത്തെ ജീവിതം.

അറബ് ഭാഷ സംസാരിച്ച ആദ്യ വ്യക്തി.

അറബ് കുല ജാതനായ പ്രവാചകനാണ് ആദ്യമായി അറബി ഭാഷയിൽ സംസാരിച്ചതെന്നാണ് പറയപ്പെടുന്നത്.  സഹിഹ് ഇബ്നു ഹിബ്ബാനിൽ അബുദർ (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം. നാല് പ്രവാചകർ അറബികളിൽ നിന്നാണ്. ഹൂദ്, സ്വാലിഹ്, ഷുയിബ്, പ്രവാചകൻ മുഹമ്മദ് എന്നിവരാണവർ.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter