ദാനധര്‍മ്മം, ചില ചാരു ദൃശ്യങ്ങള്‍
തികഞ്ഞ പാണ്ഡിത്യത്തോടൊപ്പം വ്യാപാരിയും ധനാഢ്യനും കൂടിയായിരുന്നു ഇമാം അബൂഹനീഫ (റ). അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു ഇമാം മുഹമ്മദ്. പഠിക്കാൻ ഏറെ മിടുക്കനായിരുന്ന അദ്ദേഹം ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ കാരണം പഠനം നിര്‍ത്തി ജോലിക്ക് പോകാന്‍ പിതാവുള്‍പ്പെടെ വീട്ടുകാര്‍ ഇടക്കിടെ അദ്ദേഹത്തെ ഉപദേശിക്കുമായിരുന്നു. അദ്ദേഹത്തിനാകട്ടെ പഠിക്കാൻ അതിയായ താത്പര്യവുമായിരുന്നു. എങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി, ദുഖത്തോടെയാണെങ്കിലും ഇടക്ക് അദ്ദേഹം ജോലിക്ക് പോയി.
ദിവസങ്ങൾക്ക് ശേഷം സമയം ഒത്തു കിട്ടിയപ്പോൾ അദ്ദേഹം വീണ്ടും ക്ലാസിൽ വന്നു. ദിവസങ്ങളായി ക്ലാസിന് വരാതിരുന്നതെന്തെന്ന് ഇമാം അബൂഹനീഫ (റ) ചോദിച്ചു. എന്റെ കുടുംബം ദരിദ്രരാണ്, ഞാന്‍ ജോലിക്ക് പോകുകയല്ലാതെ നിവൃത്തിയില്ല, ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇതു കേട്ട് ദു:ഖിതനായ അബൂ ഹനീഫ (റ) ശിഷ്യന് ഒരു പണക്കിഴി ദാനമായി നൽകി, എന്നിട്ട് ഇങ്ങനെ പറഞ്ഞു, നിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് ഇതിൽ നിന്നും ചെലവഴിക്കുക, ഇതു തീരുമ്പോൾ മറ്റൊന്നു തരാം, ഒരിക്കലും പഠനം മുടക്കരുത്. അദ്ദേഹത്തിന് അത് വല്ലാത്ത ആശ്വാസമായിരുന്നു. ശേഷം പൂര്‍ണ്ണ ശ്രദ്ധയോടെ പഠനം തുടര്‍ന്ന അദ്ദേഹം, ഹനഫീ മദ്ഹബിലെ രണ്ടാമത്തെ പണ്ഡിതനായി മാറിയതാണ് പിന്നീട് ലോകം കണ്ടത്.
ഇമാം മാലിക് (റ) മുവത്വയിൽ വിവരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം. ഒരിക്കൽ മഹതി ആഇശാ ബീവി (റ) നോമ്പനുഷ്ഠിച്ച് വീട്ടിലിരിക്കുന്ന വേളയിൽ വല്ലതുമുണ്ടോ എന്ന് ആരാഞ്ഞ് ഒരാൾ വീട്ടു മുറ്റത്തെത്തി. മറ്റൊന്നും ആലോചിക്കാതെ നോമ്പുതുറക്കാനാകെ ഉണ്ടായിരുന്ന ഒരു റൊട്ടിക്കഷ്ണം യാചകനു നൽകാൻ വേലക്കാരിയോടു മഹതിപറഞ്ഞു. നമുക്ക് നോമ്പു തുറക്കാൻ മറ്റൊന്നുമില്ലല്ലോ എന്ന് വേലക്കാരി തിരിച്ചു ചോദിച്ചു. അന്നേരം മഹതി നൽകിയ മറുപടി ഇതായിരുന്നു: "അല്ലാഹു ഉണ്ടല്ലോ, അവന്‍ നമുക്ക് നൽകാതിരിക്കില്ല".
അധികം കഴിഞ്ഞില്ല, വൈകുന്നേരമായപ്പോഴേക്കും, അയൽവീട്ടില്‍നിന്നും മുന്തിയ ഇറച്ചി കൊണ്ടുണ്ടാക്കിയ ഭക്ഷണം മഹതിയുടെ വീട്ടിലെത്തി. ഉടനെ ആഇശാ ബീവി വേലക്കാരിയോടു പറഞ്ഞു: "കണ്ടില്ലേ, നാം യാചകനു കൊടുത്ത റൊട്ടിയേക്കാൾ ഉത്തമമായത് അല്ലാഹു നൽകിയിരിക്കുകയാണ്".
Also Read:ഇഹ്‌സാന്‍: പ്രതിഫലങ്ങളുടെ പെരുമഴ
മദീനയിലെ ദരിദ്രകുടുംബങ്ങളുടെ വീട്ടുപടിക്കൽ രഹസ്യമായി ഗോതമ്പ് പൊടിയുടെ ഭാണ്ഡം വെച്ചു പോകുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. മഹാനായ ഹുസൈൻ ( റ) ന്റെ മകന്‍ അലിയുബ്നു ഹുസൈൻ ആയിരുന്നു ആ മഹത് വ്യക്തി. ജനങ്ങൾ സൈനുൽ ആബിദീൻ എന്നായിരുന്നു അദ്ധേഹത്തെ വിളിച്ചിരുന്നത്. വഫാത്തായ ശേഷം മയ്യിത്ത് കുളിപ്പിക്കാനായി എടുത്തപ്പോഴാണ്, അദ്ധേഹത്തിന്റെ ഇരു തോളുകളിലും കുറെ കറുത്ത പാടുകൾ ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. കാര്യം തിരക്കിയപ്പോഴാണ് മനസ്സിലായത്, രാത്രികളിൽ മദീനയിലെ നൂറോളം വീടുകളിൽ ഗോതമ്പുപൊടിയുടെ ഭാണ്ഡം വഹിച്ചു കൊണ്ട് പോയതിന്റെ പാടുകളായിരുന്നുവത്രെ അവ. അദ്ദേഹത്തിന്റെ വിയോഗ ശേഷം തങ്ങളുടെ വീട്ടുപടിക്കൽ ഗോതമ്പു ചാക്കു കാണാതെ വന്നപ്പോഴാണ്, അത് തങ്ങള്‍ക്ക് വേണ്ടതെല്ലാം എത്തിച്ചിരുന്ന മനുഷ്യൻ സൈനുൽ ആബിദീൻ(റ) ആയിരുന്നുവെന്ന് മദീനയിലെ പാവപ്പെട്ട ജനങ്ങൾക്ക് പോലും മനസ്സിലാവുന്നത്. (ഹില്‍യതുല്‍ ഔലിയാ).
ദാനധര്‍മ്മങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഇസ്‍ലാം കല്‍പിക്കുന്നത്. സാമ്പത്തികമായി പരാധീനതയനുഭവിക്കുന്നവരെ കൈപ്പിടിച്ചുയർത്തുവാനും മാരകമായ രോഗങ്ങൾക്കിരയായി അവശരായവരെ പരിചരിക്കാനും പലവിധ കാരണങ്ങളാല്‍ സുരക്ഷിതമാർന്ന ജീവിതം പോലും സ്വപ്നം കാണാൻ കഴിയാതെ മുഖ്യാധാരയിൽ നിന്നകന്ന സമൂഹത്തെ പുഷ്ടിപ്പെടുത്താനും വിശുദ്ധ ഇസ്‍ലാം സംവിധാനിച്ച സാമൂഹിക വ്യവസ്ഥിതി കൂടിയാണ് ദാനധർമം.
പരസ്പരം പോരടിച്ചും കലഹിച്ചും രക്തം ചിന്തിയും കഴിച്ചു കൂട്ടേണ്ട ഇടമല്ല ദുനിയാവ്. അന്യോന്യം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും സൗഹൃദം പങ്കു വെച്ചും പാരത്രിക ജീവിതം രക്ഷപ്പെടുത്താനുള്ള ഇടമാണ് അത്. അത് കൊണ്ട് തന്നെ, പരിശുദ്ധ റമളാനിൽ ഈ സൽകർമ്മത്തിന്റെ ശ്രേഷ്ഠതയും പുണ്യവും വളരെയേറെയാണ്.
"അവരുടെ മിക്ക രഹസ്യാലോചനകളിലും നന്മയേ ഇല്ല; ദാനം ചെയ്യാനോ സദാചാരമനുവർത്തിക്കാനോ ആളുകൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാനോ നിർദേശിക്കുന്നവരുടേതിലൊഴികെ. ദൈവ പ്രീതി കാംക്ഷിച്ച് അങ്ങനെയൊരാൾ ചെയ്താൽ അവനു നാം അതിമഹത്തായ പ്രതിഫലം നൽക്കുന്നതാണ്" എന്ന സൂറത്തുന്നിസാഇലെ നൂറ്റിപതിനാലാം സൂക്തം സൂചിപ്പിക്കുന്നതും ദാനധർമങ്ങളുടെയും സ്വദഖയുടേയും സവിശേഷമാർന്ന ശ്രേഷ്ഠത തന്നെയാണ്.
Leave A Comment