ശാഹ്‌  ഷഹീദുല്ല ഫരീദി-ഇന്ത്യൻ സൂഫികളിലെ ഓക്സ്ഫോർഡിയൻ 

ആധുനിക കാലത്ത് ഇസ്‍ലാമിലേക്ക് കടന്നു വന്ന പടിഞ്ഞാറൻ ചിന്തകരിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയ ഒരു നാമമാണ്  ശാഹ്‌ ഷഹീദുല്ല ഫരീദി എന്ന ജോൺ ഗില്ബർട്ട് ലിയോനാർഡ്. ഇംഗ്ലണ്ടിലെ ഒരു സമ്പന്നക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ജോണ്‍, അവസാനം ചിശ്തി ത്വരീഖതിന്റെ ആത്മീയ നേതൃത്വമായി മാറിയ കഥ ഏറെ ഉദ്വേഗജനകമാണ്. സത്യം തേടി നീണ്ട യാത്ര തന്നെ നടത്തിയ ആ മഹാന്റെ ജീവിതം ലോകത്തിനു മുന്നിലെത്തിച്ചത് ബ്രിട്ടീഷ് പണ്ഡിതനും കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഇസ്‍ലാമിക് സ്റ്റഡീസ് വിഭാഗം  തലവനുമായ അബ്ദുൽ ഹകീം മുറാദ് ആണ്.

ജനനവും ബാല്യവും

ഓസ്ട്രേലിയന്‍ വംശജരായ വില്യം ലിയോനാർഡ്- റൂത് കാത്തലീന്‍ ക്രിസ്ത്യന്‍ ദമ്പതികളുടെ രണ്ടാമത്തെ മകനായി, 1911 മാര്‍ച്ച് 11 നായിരുന്നു ജോണ്‍ ഗില്‍ബര്‍ട്ടിന്റെ ജനനം. ഇംഗ്ലണ്ടില്‍ സ്ഥിര താമസമാക്കിയ പിതാവ് വില്യം, ഒന്നാം ലോക മഹായുദ്ധത്തിൽ സൈനികനായിരുന്നു. ശേഷം ബധിരത കാരണം സേനയിൽ നിന്ന് വിരമിക്കുകയും  ബിസിനസിലേക്ക് തിരിയുകയും ചെയ്തു. പേപ്പർ നിർമ്മാണ ബിസിനസ്സിലൂടെ അതി സമ്പന്നനായി മാറിയ അദ്ദേഹം യൂറോപ്യൻ പേപ്പർ മർച്ചന്റ് അസോസിയേഷന്റെ തലവനായി വരെ തെരഞ്ഞെടുക്കപ്പെട്ടു. 

ഇംഗ്ലണ്ടിലെ വിൽസ്റ്റൺ ബംഗ്ലാവിൽ  എല്ലാ വിധ സുഖാഢംഭരങ്ങളും നിറഞ്ഞതായിരുന്നു ജോണിന്റെ ബാല്യകാലം. തന്നെക്കാൾ രണ്ടു വയസ്സിനു മുതിർന്ന ജ്യേഷ്ഠൻ മാത്യുവുമായിരുന്നു ജോണിന് കൂടുതൽ അടുപ്പം. മറ്റുള്ളവരിൽ നിന്ന് വിഭിന്നമായി ചെറുപ്പം മുതലേ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു മാറി ശാന്തപ്രകൃതി നിറഞ്ഞ ഭൂമികകൾ തേടി ഇരുവരും നടക്കുമായിരുന്നു.
പ്രശസ്തമായ റോസ്ബെറി സ്കൂളിലായിരുന്നു  പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂൾ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു  ജോൺ ഗിൽബർ. ബൈബിൾ പഠനവും  കാത്തലിക്  ആരാധനകളും അന്നത്തെ  ബ്രിട്ടീഷ് വിദ്യാഭാസ നയത്തിന്റെ ഭാഗമായിരുന്നതിനാൽ സ്കൂളുകളിൽ നിർബന്ധിതമായി അവ പഠിപ്പിക്കപ്പെട്ടിരുന്നു.

സത്യമാർഗം തേടി

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ബിരുദ പഠന കാലത്ത്  ഒട്ടേറെ ഓറിയന്റലിസ്റ് കൃതികൾ അദ്ദേഹം പരിചയപ്പെടുകയുണ്ടായി. താൻ ജനിച്ചു വളർന്ന കാത്തലിക് സമൂഹം കാലങ്ങളായി വെച്ച് പുലർത്തുന്ന വിശ്വാസ വൈരുദ്ധ്യങ്ങളെ സംബന്ധിച്ചു  പണ്ട്  മുതലേ ബോധവാനായിരുന്ന ഗിൽബർട്ടിന് ഇസ്‍ലാമിക ദൈവിക ശാസ്ത്രം കൂടുതൽ പ്രായോഗികമായി അനുഭവപ്പെട്ടു. സത്യമാർഗം തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര  ആരംഭിക്കുന്നത് ഇവിടെ വെച്ചാണ്. യൂസഫ് അലിയുടെ ഇംഗ്ലീഷ് ഖുർആൻ പരിഭാഷയും ഇഖ്‌ബാൽ അലി ഷായുടെ സൂഫി രചനകളും അദ്ദേഹം വായിച്ചു. പടിഞ്ഞാറൻ സർവകലാശാലകളിൽ ഒട്ടേറെ സൂഫി ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. റൂമിയുടെ മസ്നവി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ റെയ്‌നോർഡ് നിക്കോൾസണും മഹതി റാബിയത്തുൽ അദ്‌വിയ്യഃയെ പടിഞ്ഞാറിന് പരിചയപ്പെടുത്തിയ മാർഗരറ്റ് സ്മിത്തും ഇതിൽ നിർണായക പങ്കു വഹിച്ചവരാണ്.

എന്നാൽ ജോൺ ഗിൽബർട്ടിന്റെ ജീവിതത്തിൽ വഴിത്തിരിവ് തീർത്തത് പേർഷ്യൻ സൂഫിഗ്രന്ഥമായ  അലി ഹുജ്‍വിരിയുടെ കശ്ഫുൽ മഹജൂബ് ആയിരുന്നു. നീണ്ട അന്വേഷങ്ങൾക്കൊടുവിൽ ത്രികേയത്വം നിരർത്ഥകമാണെന്ന് ബോധ്യപ്പെടുകയും അതോടെ ഇസ്‍ലാം ആശ്ലേഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. തന്റെ അതേ സത്യാന്വേഷണ വഴിയിൽ സഞ്ചരിക്കുകയായിരുന്ന സഹോദരൻ മാത്യുവിനോടൊപ്പം 1936 ൽ ആദ്ദേഹം ശഹാദത് ചൊല്ലി ഇസ്‍ലാം സ്വീകരിച്ചു. 

നമസ്കരിക്കാൻ പള്ളികളോ കഴിക്കാൻ ഹലാലായ ഭക്ഷണമോ ലണ്ടനിൽ  ഇല്ലാതിരുന്നത് ഇരുവർക്കും കനത്ത വെല്ലുവിളിയായിരുന്നു. അക്കാലത്ത് ബ്രഡ് പോലും നിർമിച്ചിരുന്നത് പന്നി മാംസം ചേര്‍ത്തായിരുന്നു. എന്നാൽ അതിനേക്കാളേറെ ഇരുവരെയും വിഷമിപ്പിച്ചത് ഒരു ഗുരുനാഥൻറെ അഭാവമായിരുന്നു. ഇസ്‍ലാമിലൂടെ  ജീവിതത്തിന്റെ  ആത്യന്തിക യാഥാർഥ്യത്തെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇരുവരും തങ്ങൾക്ക്  വഴികാട്ടിയാകാവുന്ന  ഒരു ഗുരുവിനെയും തേടി യാത്ര ആരംഭിച്ചു. തുർക്കിയും സിറിയയുമായിരുന്നു അന്ന് സൂഫികളുടെയും പണ്ഡിതരുടെയും പ്രധാന താവളം. എന്നാൽ ഇതിനിടെ  തുർക്കിയില്‍ അത്താതുർക്ക് ഭരണമേറ്റതും സിറിയയിൽ ഫ്രഞ്ച് കോളനിവാഴ്ച ആരംഭിച്ചതും തിരിച്ചടിയായി.  

കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിൽ ഉയർന്നു വന്ന പെരിന്നിയിലിസത്തിന്റെ (perennialism) പ്രചാരകരിൽ പ്രമുഖനായ സ്വിസ്  തത്വചിന്തകൻ ഫ്രിജോഫ് ഷുവോണിന്റെ(Frithjof Schuon) അടുത്തേക്കാണ് ജോൺ ഗിൽബർട് ആദ്യമായി പോകുന്നത്. ഇന്നത്തെ സർവ്വമത സത്യവാദവുമായി പെരിന്നിയിലിസത്തിന് സാദൃശ്യമുണ്ടെങ്കിലും അതിൽ നിന്നും  വിത്യസ്തമാണ് ഷുവോണിന്റെ കാഴ്ചപ്പാടുകൾ. അവിടെ നിന്നും ഈജിപ്തിലേക്ക് യാത്ര ചെയ്തു പെരിന്നിയലിസത്തിന്റെ വക്താക്കളിൽ പ്രമുഖനായ റെനേ ഗേനനെ (René Guénon) കണ്ടു മുട്ടി. സൂഫിസത്തിലും മെറ്റാഫിസിക്സിലും ആഴത്തിലുള്ള അറിവ് നേടിയിട്ടുള്ള ഫ്രഞ്ചുകാരനായ ഗെനോൻ, അബ്ദൽ വാഹിദ് യഹ്‌യ എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് ഈജിപ്ഷ്യൻ പൗരത്വം സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ്. ഷുവോണും  ഗേനനും മുന്നോട്ട് വെക്കുന്ന പ്രത്യയ ശാസ്ത്രത്തിനുള്ളിൽ  തങ്ങൾ അന്വേഷിക്കുന്ന അല്ലാഹുവിനെ കണ്ടെത്താനാവില്ലെന്നു തിരിച്ചറിഞ്ഞ ഗില്ബർട്ട് സഹോദരനൊപ്പം ഇംഗ്ലണ്ടിലേക്ക് തന്നെ മടങ്ങി.

ഇന്ത്യയിലേക്ക്

ആയിടയ്ക്കാണ് ഗിൽബർട്ടിന്റെ പിതാവിൻറെ സുഹൃത്തും ബഹവാൽപൂർ നവാബുമായിരുന്ന സർ സാദിഖ് മുഹമ്മദ് ഖാൻ ഇരുവരെയും ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത്. ഇന്ത്യയിലെത്തിയ ഇരുവരും നവാബിനൊപ്പം കൊട്ടാരത്തിൽ ഉല്ലസിക്കാനോ  ക്ലബ്ബിൽ ബില്യാർഡ്‌സ് കളിച്ചിരിക്കാനോ നിൽക്കാതെ തങ്ങളുടെ ലക്ഷ്യമായ സത്യദീപ്തം തേടി യാത്ര തുടർന്നു. ബാംഗാളിന്റെ തെരുവുകളിലൂടെ അലഞ്ഞു നടന്ന  ഗില്ബർട്ട് അവസാനം എത്തിപ്പെട്ടത് രവീന്ദ്ര നാഥാ ടാഗോറിന്റെ ആശ്രമമായ ശാന്തിനികേതനിൽ ആയിരുന്നു. ടാഗോറിന്റെ പിതാവ് ദേബേന്ദ്ര നാഥ് പേർഷ്യൻ സൂഫി കവിതകൾ മനപാഠമുള്ള വ്യക്തിയായിരുന്നു. ഏകദൈവത്തിൽ വിശ്വസിച്ചിരുന്ന ടാഗോറിന്റെ രചനകളിലും ഈ ഒരു സൂഫി സ്പർശം കണ്ടെത്താനാവും.
ഗില്ബർട്ട് മാസങ്ങളോളം ടാഗോറിനൊപ്പം ആശ്രമത്തിൽ  ചിലവഴിച്ചു. പിന്നീട് ബംഗാളിൽ നിന്ന് മീററ്റിലേക്കും അവിടെ നിന്നും ഡൽഹിയിലെക്കും യാത്ര ചെയ്ത് നിസാമുദ്ധീൻ ഔലിയയുടെ മസാറിലെത്തി. മഹാനവർകളുടെ മസാറിൽ വെച്ച്  തനിക്ക് അഭൂതപൂർണമായ ആത്മീയകരുത്തും ശാന്തിയും അനുഭവപ്പെട്ടതായി പിന്നീട് അദ്ദേഹം പറയുകയുണ്ടായി. മസാറിൽ നിന്നും പുറത്തിറങ്ങി ഡൽഹിയിൽ നിന്ന് പടിഞ്ഞാറോട്ട് ബഹാൽപ്പൂർ ലക്ഷ്യമാക്കി യാത്ര തുടർന്നു. ദറ നവാബ് എന്ന സ്ഥലത്ത് വെച്ച് തന്നെ പോലെ ആത്മീയ ഗുരുവിനെ തേടി നടക്കുകയായിരന്ന സഹോദരൻ മാത്യുവിനെയും (മാത്യു ഇതിനിടക്ക്  ഫാറൂഖ് എന്ന പേര് സ്വീകരിച്ചിരുന്നു) മറ്റൊരു സത്യന്വേഷകനായിരുന്ന ക്യാപ്ടൻ വഹീദ് ബഹ്ഷ് യേയും (ഇദ്ദേഹം പിന്നീട് ഷഹീദുല്ലയുടെ ആത്മമിത്രവും പിൻഗാമിയും ആയി) കണ്ടു മുട്ടി.

മൂവരും ഒരുമിച്ചിരുന്നു അന്തി മയങ്ങുവോളം ആത്മീയചർച്ചകളിൽ വ്യാപൃതരായി. തങ്ങളിൽ ആരാണോ ആദ്യമായി ഒരു യഥാർത്ഥ ശൈഖിനെ കണ്ടെത്തുന്നത്, അദ്ദേഹത്തെ മൂവരും പിന്തുടരുമെന്ന തീരുമാനത്തിൽ അവർ വേർപിരിഞ്ഞു. പിന്നീട് വഹീദ് ബഹ്ഷയുടെ തീരുമാനപ്രകാരം പ്രമുഖ ദയൂബന്ദി സൂഫി പണ്ഡിതനായ മൗലാന അഷ്‌റഫ്‌ അലി താനവിയെ തേടി മൂവരും സഹാറന്‍പൂരിലേക്ക് പുറപ്പെട്ടു. ഒരു വിവർത്തകന്റെ സഹായത്തോടെ അഷ്‌റഫ്‌ അലി താനവിയുമായി നീണ്ട സംഭാഷണത്തിൽ ഏർപ്പെട്ടു. തങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി എന്ന് മൂവർക്കും തോന്നിതുടങ്ങി. 
എന്നാൽ അവിടെ വെച്ച് ഷഹീദുല്ലാക്ക് വ്യത്യസ്തമായ ഒരു സ്വപ്നദർശനം ഉണ്ടായി. ഒരു കൊച്ചു പെൺകുഞ്ഞിനെ കയ്യിലേന്തിയ ഒരു വ്യക്തി വന്ന് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു."നിന്റെ വിഹിതം എന്റെ അടുത്താണ്. ഇഹലോകത്തിന്റെയും പരലോകത്തിന്റെയും".

Also Read:ശൈഖ്അബ്ദുൽ ഹകീം മുറാദ്- ഇംഗ്ലണ്ടിലെ ഇസ്‍ലാമിക ധൈഷണികമുഖം 

തുടർന്ന് മൂവരും സഹാറന്‍പൂരിനോട് വിടപറഞ്ഞു യാത്ര തുടർന്നു. ഇത്തവണ ഒരു കൃത്യമായ ലക്ഷ്യസ്ഥാനം അവർക്കില്ലായിരുന്നു. ഒടുവിൽ ലഹോറിൽ എത്തിച്ചേര്‍ന്ന് മാസങ്ങളോളം അവിടെ ചിലവഴിച്ചെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാനായില്ല. തങ്ങളുടെ ദൗത്യം പരാജയപ്പെട്ടുവെന്ന് തോന്നിത്തുടങ്ങിയ ഷഹീദുല്ലയും സഹോദരനും നിരാശരായി ഇംഗ്ലണ്ടിലേക്ക് തന്നെ മടങ്ങിപ്പോകാൻ തീരുമാനിച്ചു. അതിനായി അവര്‍ ബോംബെ തുറമുഖത്തേക്ക് വന്നു.

ഒരു വഴിത്തിരിവ്

കപ്പൽ കയറാൻ എത്തിയ ഇരുവരും അസർ നമസ്‌കാരത്തിനായി തൊട്ടടുത്തുള്ള പള്ളിയിൽ കയറി. നിസ്കാരശേഷം തിരിച്ചു പോകാൻ നേരത്ത് ആ പള്ളിയിലെ ഇമാം വന്ന് അവരെ പരിചയപ്പെട്ടു. വിവരങ്ങളെല്ലാം കേട്ട ശേഷം അവരോട് ഇങ്ങനെ പറഞ്ഞു, "നിങ്ങൾ ഇന്ത്യ വിട്ടു പോകും  മുമ്പ്  ഒരാളെ കൂടി കാണണം. അദ്ദേഹം എന്റെ ഗുരുനാഥനാണ്. ഇപ്പോൾ ഹൈദരാബാദിലാണ് വസിക്കുന്നത്."
ഇത് കേട്ട ഇരുവരും തങ്ങളുടെ കയ്യിലുണ്ടായിരുന്ന ടിക്കറ്റുകൾ കീറി എറിഞ്ഞു ഹൈദരാബാദിലേക്ക് വണ്ടി കയറി. ദിവസങ്ങൾക്കു ശേഷം ഇമാം പറഞ്ഞ ആ പണ്ഡിതന്റെ മുന്നിലെത്തിയ ഷഹീദുല്ല ഫരീദി സ്തംഭിച്ചുപോയി. മാസങ്ങൾക്ക് മുമ്പ് തന്റെ സ്വപ്നത്തിൽ വന്ന അതേ മഹാനുഭാവൻ! ആ പണ്ഡിതൻ മറ്റാരുമായിരുന്നില്ല, പ്രഗത്ഭനായ സൂഫി പണ്ഡിതൻ സയ്യിദ് മുഹമ്മദ്‌ സൗഖി ശാഹ്‌ ആയിരുന്നു അത്.

ആത്മീയദീപം തേടിയുള്ള നീണ്ട അന്വേഷണയാത്ര അവസാനം വിജയം കണ്ടതിൽ അവർ അല്ലാഹുവിനെ സ്തുതിച്ചു. ഇരുവരും സൗഖി ശായുടെ ശിഷ്യണത്തിൽ ഒരു വർഷത്തോളം കഴിഞ്ഞു കൂടി. ആത്മീയതയുടെ പുതിയ വാതായനങ്ങൾ ഗുരു അവർക്ക് മുന്നിൽ തുറന്നു കൊടുത്തു. അതിലൂടെ പടിപടിയായി ഉയർന്ന് അവർ ആത്യന്തികമായ യഥാർഥ്യത്തെ അനുഭവിച്ചറിഞ്ഞു.

ഇന്ത്യയിലെ കഠിന ജീവിതസാഹചര്യം ഇരുവരുടേയേം ആരോഗ്യത്തെ ദിനം പ്രതി മോശമാക്കിക്കൊണ്ടിരുന്നു. എന്നാൽ ആത്മീയവഴിൽ എല്ലാം ത്യജിക്കാൻ തയ്യാറെടുത്തവരായിരുന്നു ഇരുവരും.
1945ൽ രണ്ടാം ലോകമഹാ യുദ്ധം ആരംഭിച്ചപ്പോൾ ഷാ ഷഹീദുല്ല ബഹവാൽപൂരിലേക്ക് പോവുകയും സൈന്യത്തിന്റെ ഭാഗമാവുകയും ചെയ്തു. അറബി, പേർഷ്യൻ, ഉർദു ഭാഷകളിൽ അവഗഹാം നേടാനുള്ള അവസരമായി കൂടി അദ്ദേഹം ഇതിനെ ഉപയോഗപ്പെടുത്തി.

1948 ൽ ഇന്ത്യാവിഭജനത്തിന് ശേഷം ഷാ ഷഹീദുല്ല കറാച്ചിയിലേക്ക് പോയി അവിടെ വെച്ച് പാക്കിസ്ഥാൻ പൗരത്വം സ്വീകരിച്ചു. തന്റെ മക്കളുടെ യാത്രകളെ കുറിച്ച് അറിവുണ്ടായിരുന്ന വില്യം ലിയോനാർഡ് കറാച്ചിയിലുള്ള ഷഹീദുല്ലക്ക് പണവും വാഹനങ്ങളും അയച്ചു കൊടുത്തെങ്കിലും അദ്ദേഹം എല്ലാം നിരസിക്കുകയും തിരിച്ചയക്കുകയും ചെയ്തു.

ഇതിനിടയിൽ സഹോദരൻ ഫാറൂഖും പാകിസ്ഥാനിലെത്തി. അവിടെ വെച്ച് അദ്ദേഹത്തിന് മലേറിയ ബാധിക്കുകയും അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയാവുകയും ചെയ്തു. ഷഹീദുല്ലയുടെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ദിനങ്ങളായിരുന്നു അത്.
വിൽസ്റ്റണിലെ ബംഗ്ലാവിൽ തങ്ങളുടെ ജീവിതം തുടർന്നിരുന്നുവെങ്കിൽ പ്രിയപ്പെട്ട സഹോദരന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് ഒരു വേള അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നി. ആ നിമിഷത്തിൽ സവിശേഷമായ ഒരു ദർശനം അദ്ദേഹത്തിന് അനുഭവപ്പെട്ടു. സഹോദരന്റെ മയ്യിത്തിനു ചുറ്റും അല്ലാഹുവിന്റെ ഓലിയാക്കൾ  കൂടിയിരിക്കുന്നു. അവർക്കിടയിൽ നേതാവായി പ്രവാചകൻ(സ്വ)യും!

തന്റെ ഗുരുവായ സയ്യിദ് സൗഖിയുടെ മകൾ റഷീദയെയാണ് ഷഹീദുല്ല വിവാഹം കഴിച്ചത്. മുപ്പത്തി ഒന്നാമത്തെ വയസ്സിലായിരുന്നു ആ വിവാഹം. അങ്ങനെ സ്വപ്നത്തിൽ ഗുരുവിന്റെ കരങ്ങളിൽ അദ്ദേഹം ദർശിച്ച പെൺകുട്ടി വർഷങ്ങൾക്ക് ശേഷം ജീവിത സഖിയായി കടന്നു വന്നതോടെ അതും സാക്ഷാല്‍കൃതമായി.
1951 ൽ സൗഖി ശാഹ്‌  ഹജ്ജിനായി മക്കയിലേക്ക് പോയപ്പോൾ കൂടെ ഷഹീദുല്ലയും ഉണ്ടായിരുന്നു. ബാഗ്ദാദിൽ പോയി മുഹ്‌യിദ്ദീൻ ശൈഖിന്റെ മസാർ സന്ദർശിച്ച ശേഷമാണ് അവർ മദീനയിലേക്ക് പുറപ്പെട്ടത്. മക്കയിലെത്തി ഹജ്ജ് കർമത്തിനിടെ അറഫ ദിനത്തിലാണ് സൗഖി ശാഹ്‌  ഈ ലോകത്തോട് വിടപറയുന്നത്.
ശേഷം ചിശ്തി ത്വരീഖത്തിൻറെ ആത്മീയ നേതൃത്വം ഏറ്റെടുത്തത് ഷഹീദുല്ല ഫരീദിയായിരുന്നു. ഹിജ്റ വര്‍ഷം 1398 (1978) റമദാന്‍ 17ന് ആ മഹാഭാഗ്യശാലി ഈ ലോകത്തോട് വിട പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter