ഇഹ്‌സാന്‍: പ്രതിഫലങ്ങളുടെ പെരുമഴ
എല്ലാ നന്മകള്‍ക്കും തിന്മകള്‍ക്കും അതിന്റേതായ പ്രതിഫലങ്ങളും പ്രതിഫലനങ്ങളുമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങള്‍. സല്‍കൃത്യങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും വൃഹത്തായ പകരം ഏകുമെന്ന് വാഗ്ദാനം ചെയ്യുന്ന അല്ലാഹു സല്‍വൃത്തര്‍ക്ക് സ്വര്‍ഗം സുനിശ്ചിതമെന്നും അറിയിച്ചുതന്നിട്ടുണ്ട്. സല്‍വൃത്തനായി സ്വന്തത്തെ അല്ലാഹുവിന് കീഴ്‌പ്പെടുത്തിയവനേക്കാള്‍ ഉത്തമമതസ്ഥനായി മറ്റാരുണ്ടെന്ന് പരിശുദ്ധ ഖുര്‍ആന്‍ ആധികാരികമായി ചോദിക്കുന്നുണ്ട് (സൂറത്തുന്നിസാഅ് 125).
ധര്‍മ്മകൃത്യത്തിന് ഇസ്ലാം മതം സാങ്കേതികാര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നത് 'ഇഹ്‌സാന്‍' എന്ന വിശാല അര്‍ത്ഥതലങ്ങളുള്ള പദമാണ്. സല്‍കര്‍മി 'മുഹ്‌സിന്‍' എന്നും. വാക്കിലും പ്രവര്‍ത്തിയിലും, എന്നല്ല സകല വിചാര വികാരങ്ങളിലുമുള്ള ധര്‍മ്മനിഷ്ഠയാണ് ഇഹ്‌സാന്‍. ഇസ്ലാമിക വിശ്വാസപരമായ 'ഈമാന്‍' കാര്യങ്ങളും കര്‍മ്മശാസ്ത്ര സംബന്ധിയായ 'ഇസ്ലാം' കാര്യങ്ങളും പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് പഠിപ്പിച്ച മാലാഖ ജിബ്‌രീല്‍ (അ) ഇഹ്‌സാനും വിവരിച്ചുക്കൊടുത്തിട്ടുണ്ട്. 'നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നിന്നെ കാണുന്നു'വെന്ന ബോധത്തില്‍ ആരാധിക്കലെന്നാണ് ഇഹ്‌സാന്‍ വിവക്ഷിക്കപ്പെടുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). എല്ലാം കാണുന്നുവെന്ന ഭയമാണ് ഇഹ്‌സാനെന്നും ഹദീസ് റിപ്പോര്‍ട്ടുണ്ട്.
പ്രവാചകന്മാരടക്കം മുന്‍കഴിഞ്ഞ സച്ചരിതരായ സല്‍ജനങ്ങളുടെ ശീലവും നടപ്പുമായിരുന്നു ഇഹ്‌സാന്‍. അതുകൊണ്ട് തന്നെ പരിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്മാരെ പരിചയപ്പെടുത്തുന്നത് മുഹ്‌സിനീങ്ങള്‍ എന്നാണ്. നൂഹ് നബി (അ)യെ പ്പറ്റി അല്ലാഹു പറയുന്നു: ലോകരിലുടനീളം നൂഹ് നബിക്ക് സമാധാനം ഭവിക്കട്ടെ, പുണ്യവാന്മാര്‍ക്ക് (മുഹ്‌സിനീങ്ങള്‍ക്ക്) അങ്ങനെ തന്നെയാണ് നാം പ്രതിഫലം കൊടുക്കുക (സൂറത്തു സ്വാഫ്ഫാത്ത് 79, 80). ഇബ്രാഹിം നബി (അ)യെ പ്പറ്റി പറയുന്നു: നാം വിളിച്ചറിയിച്ചു; ഹേ ഇബ്രാഹിം, താങ്കള്‍ കിനാവ് സാക്ഷാല്‍ക്കരിക്കുക തന്നെ ചെയ്തിരിക്കുന്നു. ഇങ്ങനെ തന്നെയാണ് പുണ്യവാന്മാര്‍ക്ക് (മുഹ്‌സിനീങ്ങള്‍ക്ക്) നാം പ്രതിഫലം നല്‍കുക (സൂറത്തു സ്വാഫ്ഫാത്ത് 104, 105). മൂസാ നബി (അ)യും സഹോദരന്‍ ഹാറൂന്‍ നബി (അ)യും മുഹ്‌സിനീങ്ങളായി ചേര്‍ത്തുവിളിക്കപ്പെട്ടിട്ടുണ്ട് : മൂസാ നബിക്കും ഹാറൂന്‍ നബിക്കും സമാധാനം ഭവിക്കട്ടെ, ഇങ്ങനെ തന്നെയാണ് പുണ്യവാന്മാര്‍ക്ക് (മുഹ്‌സിനീങ്ങള്‍ക്ക്) നാം പ്രതിഫലമേകുക (സൂറത്തു സ്വാഫ്ഫാത്ത് 120, 121).
മുഹ്‌സിനീങ്ങളുടെ നേതാവാണ് ലോകഗുരു പ്രവാചകര്‍ മുഹമ്മദ് നബി (സ്വ). അല്ലാഹു പറയുന്നു: സത്യസന്ദേശവുമായി സമാഗതരാവുകയും അത് അംഗീകരിക്കുകയും ചെയ്തവര്‍ തന്നെയാണ് ജീവിതത്തില്‍ സുക്ഷ്മത പുലര്‍ത്തിയവര്‍. തങ്ങള്‍ ഇഛിക്കുന്നത് നാഥങ്കല്‍ അവര്‍ക്കുണ്ടാകും. പുണ്യവാന്മാരുടെ പ്രതിഫലം അതത്രേ (സൂറത്തു സുമര്‍ 33, 34).
മേല്‍ സൂക്തത്തില്‍ പ്രതിപാദ്യമായ സത്യസന്ദേശ വാഹകന്‍ മുഹമ്മദ് നബി (സ്വ) യാണെന്ന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളായ തഫ്‌സീറു ത്വിബ്‌രി (20/204), തഫ്‌സീറുല്‍ ഖുര്‍ത്വുബി (15/256), തഫ്‌സീറു ഇബ്‌നു കസീര്‍ (7/99) വിശദമാക്കിയിട്ടുണ്ട്. ലോകജനങ്ങളില്‍ വെച്ച് ഏറ്റവും വലിയ പുണ്യവാന്‍ മുഹമ്മദ് നബി (സ്വ)യാണെന്ന് പ്രമുഖ സ്വഹാബി വര്യന്‍ അനസ് ബ്‌നു മാലിക് (റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). നബി (സ്വ)യുടെ ഇഹ്‌സാനില്‍ നിന്ന് ജീവിത സുകൃതങ്ങള്‍ പകര്‍ന്നവരാണ് സ്വഹാബികള്‍. നബി (സ്വ)യെയും മുഹാജിറുകളായ മക്കാ നിവാസികളെയും അന്‍സ്വാറുകളായ മദീനാ നിവാസികള്‍ ഹാര്‍ദ്ദവമായാണ് സ്വീകരിച്ചത്. അവരിലെ സമ്പന്നര്‍ സമ്പത്തു കൊണ്ടും ദരിദ്രര്‍ വാക്ക് കൊണ്ടും സമാശ്വാസം നല്‍കിയെന്നാണ് മുഹാജിറുകള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് (ഹദീസ് തുര്‍മുദി 2487, അഹ്മദ് 13076). മദീനക്കാരിലെ ഇഹ്‌സാനാണ് ഇവിടെ പ്രകടമാവുന്നത്.
ജിബ്‌രീല്‍ (അ) വിവരിച്ചുകൊടുത്ത പ്രകാരം ആരാധനകളിലും ദൈനംദിന ജീവിത ചിട്ടകളിലും സല്‍കൃത്യം അനുവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നിര്‍ബന്ധിത ആരാധനാ കര്‍മ്മങ്ങള്‍ മുറപോലെ അനുഷ്ഠിക്കുന്നതോടൊപ്പം സുന്നത്തായ കാര്യങ്ങളും കൂടി നിര്‍വ്വഹിക്കുമ്പോഴാണ് ഇസ്ലാമിക ആരാധനാകര്‍മ്മങ്ങളില്‍ ഇഹ്‌സാന്‍ കൈവരിക. ജീവിതത്തില്‍ നാം സമ്പര്‍ക്കം പുലര്‍ത്തുന്ന ഓരോര്‍ത്തരോടും സല്‍കൃത്യം പാലിക്കേണ്ടിയിരിക്കുന്നു. അതില്‍ മാതാപിതാക്കളെന്നോ ബന്ധുമിത്രാധികളെന്നോ വ്യത്യാസമില്ല.
അല്ലാഹു പറയുന്നുണ്ട് : നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍, ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, ബന്ധുവോ അന്യനോ ആയ അയല്‍ക്കാരന്‍, സഹവാസികള്‍, സഞ്ചാരികള്‍, സ്വന്തം അധീനതയിലുള്ള അടിമകള്‍ എന്നിവരോടൊക്കെ നല്ലരീതിയില്‍ വര്‍ത്തിക്കുക (ഖുര്‍ആന്‍, സൂറത്തുന്നിസാഅ് 36).
ജനങ്ങളോട് ഇടപെടുമ്പോഴും വ്യവഹരിക്കുമ്പോഴുമെല്ലാം ഗുണോക്കര്‍ഷം പാലിക്കണമെന്ന് പരിപാവന ദീനുല്‍ ഇസ്ലാം നിശ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ശത്രു പോലും ആത്മമിത്രമായിത്തീരുന്നതായിരിക്കും. വീഴ്ച പറ്റിയവന് വിടുതി നല്‍കുന്നവനും, സ്വന്തം ദേഷ്യത്തെ ക്ഷമിപ്പിക്കുന്നവനും, സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നവനും മുഹ്‌സിനീങ്ങളുടെ ഗണത്തില്‍പ്പെട്ടവരാണ്.
അവര്‍ക്ക് സമ്മാനമായി അറ്റമില്ലാ സ്വര്‍ഗം തയ്യാര്‍ ചെയ്തിട്ടുണ്ടെന്ന് സൂറത്തു ആലു ഇംറാന്‍ 133, 134 സൂക്തങ്ങളിലൂടെ അല്ലാഹു വ്യക്തമാക്കുന്നുണ്ട്. പാരസ്പര്യ ബോധവും സ്‌നേഹബന്ധവും സൗഹൃദവുമൊക്കെ ഇഹ്‌സാനിന്റെ ഗുണഗണങ്ങളില്‍പ്പെട്ടവയാണ്. മുഹ്‌സിനീങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക ഇഷ്ടവും കരുണക്കടാക്ഷവും ഉണ്ടാവും. സൂക്ഷ്മാലുക്കളായ സല്‍ക്കര്‍മ്മികളുടെ കൂടെ അല്ലാഹു ഉണ്ടാവുമെന്ന് ഖുര്‍ആന്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ട് (സൂറത്തുന്നഹ്‌ല് 128).
അവര്‍ക്ക് സ്വര്‍ഗം മാത്രമല്ല പ്രതിഫലമായുള്ളത്, അതില്‍ കവിഞ്ഞ് അവര്‍ക്ക് അല്ലാഹുവിനെ കാണാനുമാവും. അവര്‍ക്കുള്ള അനുഗ്രഹങ്ങളെപ്പറ്റി അല്ലാഹു പറയുന്നു: സല്‍ക്കര്‍മ്മാനുഷ്ഠാനികള്‍ക്ക് ഉദാത്ത പ്രതിഫലം ലഭിക്കും. വര്‍ധവുമുണ്ടാവുമുണ്ടാകും. അവരുടെ വദനങ്ങളെ ഇരുളോ നിന്ദ്യതയോ പിടികൂടില്ല. സര്‍ഗാവകാശികളാണവര്‍. അതില്‍ ശാശ്വതവാസികളുമായിരിക്കും അവര്‍ (ഖുര്‍ആന്‍, സൂറത്തു യൂനുസ് 26).
ഉദാത്ത കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം നല്ലതു ചെയ്തു കൊടുക്കല്‍ മാത്രമല്ലേ (ഖുര്‍ആന്‍, സൂറത്തു റഹ്മാന്‍ 60). അതായത് ഇഹ്‌സാനിന് പകരമായുള്ളത് ഇഹ്‌സാന്‍ മാത്രം. നന്മക്ക് പകരം നന്മ മാത്രം.
Leave A Comment