സ്വൂഫികളും വിമര്‍ശകന്മാരും
സ്വൂഫിസത്തെയും സ്വൂഫികളെയും വിമര്‍ശിക്കുകയും അവരുടെ നേരെ ചാടിവീഴുകയും ചെയ്യുന്നവര്‍ പല തരക്കാരുണ്ട്. അവരെക്കുറിച്ച് ഒരു ഹ്രസ്വ വിശകലനം നടത്താം: ശരീഅത്ത്, ഥരീഖത്ത്, ഹഖീഖത്ത് എന്നിങ്ങനെ നാമിവിടെ നിര്‍വഹിച്ചതുപോലുള്ള വിഭജനത്തെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരാണ് അവരെങ്കില്‍ അത് മഹാകഷ്ടം തന്നെ. ഇസ്‌ലാമിന്റെ ആത്മാവിനെ അതിന്റെ ശരീരത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നു എന്നാണതിന്റെ അര്‍ഥം. ജിബ്‌രീല്‍(അ)ന്റെ സുപ്രസിദ്ധ ഹദീസില്‍ വ്യക്തമാക്കപ്പെട്ട, ദീനിന്റെ മൂന്ന് ഘടകങ്ങളില്‍ സുപ്രധാനമായൊരു ഘടകത്തെ ഇവര്‍ തകര്‍ക്കുന്നു എന്നുമാണതിന്റെ താല്‍പര്യം. ഇക്കാലമത്രയുമുള്ള ഇസ്‌ലാമിന്റെ പണ്ഡിതന്മാരോടും സമുന്നതരായ ഫുഖഹാഇനോടും ഇവര്‍ വിരുദ്ധരാവുകയും ചെയ്യുന്നു.
അല്ലാമ ഇബ്‌നു ആബിദീന്‍ തന്റെ സുപ്രസിദ്ധമായ ഹാശിയയില്‍ രേഖപ്പെടുത്തുന്നു: ‘ഭിന്നമായ സ്ഥാനങ്ങളിലൂടെ കടന്നുകയറുക, വ്യത്യസ്ത പദവികളില്‍ ആരോഹണം ചെയ്‌തെത്തുക തുടങ്ങി അല്ലാഹുവിങ്കലേക്കുള്ള പന്ഥാവിലേക്ക് കടക്കുന്നവരുടെ പ്രത്യേകമായ ജീവിതരീതികളും ചര്യയുമാണ് ഥരീഖത്ത്.’ അദ്ദേഹം തുടര്‍ന്നു പറയുകയാണ്: ഹഖീഖത്ത് എന്നു വെച്ചാല്‍ അല്ലാഹുവിന്റെ റുബൂബിയ്യത്ത് (യജമാനത്വം) ഹൃദയം കൊണ്ട് നേര്‍ക്കുനേരെ കാണലാകുന്നു. ഹഖീഖത്ത് എന്നാല്‍ ദിശയോ അതിര്‍ത്തിയോ ഇല്ലാത്ത ഒരു അഗോചര രഹസ്യമാണെന്നും അഭിപ്രായമുണ്ട്.
ഹഖീഖത്തും ഥരീഖത്തും ശരീഅത്തും പരസ്പരബന്ധിതങ്ങളാകുന്നു. കാരണം അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തിന് ഉള്ളും പുറവുമുണ്ട്. ശരീഅത്തും ഥരീഖത്തുമാണ് അതിന്റെ ബാഹ്യം. ഹഖീഖത്ത് അതിന്റെ ഉള്‍ഭാഗമാകുന്നു. അപ്പോള്‍ വെണ്ണ പാലിലാണ് എന്നതുപോലെ, ശരീഅത്തിലും ഥരീഖത്തിലുമാണ് ഹഖീഖത്തിന്റെ അന്തര്‍ഭാഗങ്ങള്‍. കടയുന്ന കോലു കൊണ്ടേ പാലില്‍ നിന്ന് വെണ്ണ പുറത്തെടുക്കാന്‍ കഴിയൂ. ശരീഅത്ത്, ഥരീഖത്ത്, ഹഖീഖത്ത് എന്നീ മൂന്നിന്റെയും ലക്ഷ്യം അടിമയില്‍ നിന്ന് ഉദ്ദേശിക്കപ്പെടുന്ന അതേ രീതിയില്‍ അടിമത്തം നിലനിറുത്തുക എന്നതാകുന്നു.
ശൈഖ് അബ്ദുല്ലാഹില്‍ യാഫിഈ(റ) പറയുന്നു: ഹഖീഖത്ത് എന്നാല്‍ യജമാനത്വത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്തലാണ്. അതിന് പ്രത്യേക വഴിയുണ്ട്.ശരീഅത്തിന്റെ ഖണ്ഡിത നിയമങ്ങള്‍ അനുധാവനം ചെയ്യലാണ് അത്. ആ വഴി (ഥരീഖത്ത്)യില്‍ ഒരാള്‍ പ്രവേശിച്ചാല്‍ അവന്‍ ഹഖീഖത്തില്‍ എത്തിച്ചേരും. അപ്പോള്‍ ശരീഅത്തിന്റെ ഖണ്ഡിത നിമയങ്ങളുടെ അന്തിമ (പൂര്‍ണ) അവസ്ഥയിലെത്തലാണ് ഹഖീഖത്ത്. ഒരു വിഷയത്തിന്റെ അന്തിമാവസ്ഥ എന്നത് ആ വിഷയവുമായി വിരുദ്ധമാവുകയില്ലല്ലോ. അതുകൊണ്ട് ഹഖീഖത്ത് ശരീഅത്തിന്റെ ഖണ്ഡിത നിയമങ്ങളുമായി വൈരുധ്യമില്ല.
കശ്ഫുള്ളുനൂനിന്റെ രചയിതാവ് വ്യക്തമാക്കുന്നതു കാണുക: ഇല്‍മുത്തസ്വവ്വുഫി(ആധ്യാത്മികശാസ്ത്രം)ന് ‘ഹഖീഖത്തി’ന്റെ വിജ്ഞാനം എന്നും പേരുണ്ട്. ഥരീഖത്തിന്റെ അറിവാണ് അത്. അതായത് താഴ്ന്ന സ്വഭാവങ്ങളില്‍ നിന്ന് മനസ്സിനെ സംസ്‌കരിച്ചെടുക്കുക, ഹീനമായ ലക്ഷ്യങ്ങളില്‍ നിന്ന് ഹൃദയത്തെ സ്ഫുടം ചെയ്‌തെടുക്കുക. ‘ഹഖീഖത്തി’ന്റെ ജ്ഞാനമില്ലാതെയുള്ള ശരീഅത്ത് പാണ്ഡിത്യം കര്‍മരഹിതമായിരിക്കും; ശരീഅത്തിന്റെ വിജ്ഞാനമില്ലാത്ത ഹഖീഖത്തിന്റെ അറിവ് ശിഥിലവുമാകുന്നു.
ശരീഅത്തിന്റെ വിജ്ഞാനവും ബാഹ്യകാര്യങ്ങള്‍ ശരിപ്പെടുത്തുന്നത് സംബന്ധിച്ച അറിവുകളും ഹജ്ജിന്റെ അനിവാര്യാവശ്യങ്ങളെപ്പറ്റിയുള്ള അറിവിന്റെ സ്ഥാനത്താണ്; ഥരീഖത്തും ആന്തരിക കാര്യങ്ങള്‍ നന്നാക്കുന്നതും ആയി ബന്ധപ്പെട്ട വിജ്ഞാനം, ആ ഹജ്ജ് യാത്രയിലെ ഇടത്താവളങ്ങള്‍, വഴിയിലെ പ്രയാസങ്ങള്‍(2) എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട സ്ഥാനത്തുമാകുന്നു. അപ്പോള്‍ ഹജ്ജിന്റെ അനിവാര്യകാര്യങ്ങളെയധികരിച്ചുള്ള കേവലവിജ്ഞാനമോ ഇടത്താവളങ്ങളെക്കുറിച്ചുള്ള വെറും അറിവോ പ്രത്യക്ഷത്തിലുള്ള ഹജ്ജില്‍ അപര്യാപ്തമായിരിക്കും; ഹജ്ജിന്റെ അനിവാര്യ കാര്യങ്ങള്‍ സജ്ജീകരിക്കുകയും യാത്രയുടെ വഴിയില്‍ പ്രവേശിക്കുകയും ചെയ്യണമല്ലോ.(3) ഇതുപോലെത്തന്നെ, ശരീഅത്തിന്റെ വിധിവിലക്കുകളെയും ഥരീഖത്തിന്റെ ചിട്ടകളെയും സംബന്ധിച്ച കേവലവിജ്ഞാനം ആന്തരികമായ ഹജ്ജില്‍(4) മതിയാവില്ല; ശരീഅത്തിന്റെയും ഥരീഖത്തിന്റെയും താല്‍പര്യങ്ങളനുസരിച്ച് കര്‍മങ്ങളനുഷ്ഠിക്കുക തന്നെ(5) ചെയ്യണം.
നമുക്ക് വിമര്‍ശകന്മാരിലേക്ക് മടങ്ങാം: അവര്‍ ഈ മൂന്നായുള്ള വിഭജനം തത്ത്വത്തില്‍ അംഗീകരിക്കുന്നുണ്ട്, പക്ഷേ, ശരീഅത്ത്, ഥരീഖത്ത്, ഹഖീഖത്ത് എന്നുള്ള ഈ നാമകരത്തിലാണോ അവര്‍ക്ക് വിയോജിപ്പ്? എങ്കില്‍ ഇത്രയേ അവരോട് പറയാനുള്ളൂ: ഇതുവരെ നാം വിവരിച്ചുവന്നതുപോലെ പണ്ഡിതന്മാരും ഫുഖഹാക്കളുമൊക്കെ അംഗീകരിച്ചുതുടര്‍ന്നു പോരുന്ന ഒരു രീതിയാണിത്. സാങ്കേതിക ശബ്ദങ്ങളാണ് എന്നര്‍ഥം. സാങ്കേതിക ശബ്ദങ്ങള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ആക്ഷേപമില്ല എന്നത് ഒരു സാര്‍വത്രിക സിദ്ധാന്തമാണ്.
ഇനിയും ചിലര്‍ വിഭജനവും നാമകരണവുമൊക്കെ അംഗീകരിക്കുന്നുണ്ട്; പക്ഷേ, സ്വൂഫികളെ അവര്‍ക്ക് പിടിക്കുന്നില്ല-അവരുടെ ഹൃദയപരമായ അവസ്ഥകള്‍, വിഭാവനാപരമായ ആസ്വാദനങ്ങള്‍, സ്വലബ്ധമായ വിജ്ഞാനങ്ങള്‍ എന്നിവയൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവാതെ പോവുകയാണോ? എങ്കില്‍ അവരോട് നമുക്ക് പറയാനുള്ളത് ഇതാണ്: ഇപ്പറഞ്ഞതൊക്കെ അല്ലാഹു അവര്‍ക്ക് നല്‍കുന്ന ചില ആദരങ്ങളാണ്. ആത്മാര്‍ഥരായ തന്റെ അടിമകള്‍ക്കും സത്യനിഷ്ഠരായ തന്റെ മിത്രങ്ങള്‍ക്കും പടച്ചവന്‍ ഇങ്ങനെ ചില പുരസ്‌കാരങ്ങള്‍ നല്‍കും. അല്ലാഹുവിന്റെ ഖുദ്‌റത്തിനു മേല്‍ ഉപരോധമേര്‍പ്പെടുത്താവതല്ലല്ലോ! നിശ്ചയമായും അവ ചില ആസ്വാദനങ്ങളും ആശയഗ്രഹണങ്ങളുമാകുന്നു; ചില ഉള്‍വിളികളും ദൈവികോദ്ഘാതങ്ങളുമാകുന്നു. അല്ലാഹു അവര്‍ക്ക് കനിഞ്ഞേകുന്നതാണവ. ഒരിക്കല്‍ തിരുനബി(സ്വ) പ്രസ്താവിച്ചു: വിജ്ഞാനം രണ്ടു തരമുണ്ട്. ഒന്ന് ഹൃദയത്തിലുള്ളത്-ഹൃദയത്തില്‍ സുസ്ഥിരമായത് എന്നാണ് മറ്റൊരു നിവേദനത്തില്‍-അതാണ് ഫലപ്രദമായ വിജ്ഞാനം. മറ്റൊന്ന്, നാവിന്മേലുള്ള വിജ്ഞാനമാണ്.(1) തന്റെ സൃഷ്ടികളുടെ മേല്‍ അല്ലാഹുവിനുള്ള ദൃഷ്ടാന്ത(2)മത്രേ അത്.
ഹ. മുആദുബ്‌നുജബലി(റ)നെക്കുറിച്ച ഒരു ഹദീസ് ഇപ്പറഞ്ഞതിന് തെളിവാണ്-അനസുബ്‌നു മാലിക്(റ)വില്‍ നിന്നുദ്ധരണം: മുആദുബ്‌നു ജബല്‍(റ) ഒരിക്കല്‍ തിരുനബി(സ്വ)യുടെയടുത്ത് കടന്നുചെന്നു. അവിടന്ന് ചോദിച്ചു: എന്തൊക്കെയുണ്ട് മുആദ്, പ്രഭാത വിശേഷങ്ങള്‍? മുആദ്: അല്ലാഹുവില്‍ വിശ്വസിച്ചുകൊണ്ട് ഞാന്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. നബി(സ്വ): ഓരോ പ്രസ്താവത്തിനും ഓരോ താല്‍പര്യവും ഓരോ സത്യത്തിനും ഓരോ യാഥാര്‍ഥ്യവുമുണ്ടായിരിക്കും-നിങ്ങള്‍ ഇപ്പറഞ്ഞതിന്റെ താല്‍പര്യമെന്താണ്? മുആദ് വിവരിച്ചു:
അല്ലാഹുവിന്റെ തിരുദൂതരേ, ഇതുവരെയും ഏതൊരു ദിവസം നേരം വെളുത്താലും അന്ന് സന്ധ്യയാകുമെന്ന്(4) ഞാന്‍ വിചാരിക്കാറില്ല. ഏതൊരു ദിനം വൈകുന്നേരമായാലും അടുത്ത പ്രഭാതത്തില്‍ ജീവിച്ചിരിപ്പുണ്ടാകില്ല എന്നായിരിക്കും എന്റെ ധാരണ. ഏതൊരു കാലടി മുന്നോട്ടു വെക്കുമ്പോഴും അടുത്തത് ചവിട്ടാനാകില്ല എന്നായിരിക്കും എന്റെ വിചാരം. പരലോകത്ത് വിനയാന്വിതരായി മുട്ടുകുത്തി നില്‍ക്കുന്ന ഓരോ ജനപഥത്തിലേക്കും(1) ഞാന്‍ നോക്കുന്നതുപോലെയുണ്ട്; അവര്‍ ഗ്രന്ഥം വായിക്കാനായി ക്ഷണിക്കപ്പെടും; അല്ലാഹുവിനെ വിട്ട് അവര്‍ ആരാധിച്ചിരുന്ന ബിംബങ്ങളും തങ്ങളുടെ നബിയും അവരോടൊപ്പമുണ്ടായിരിക്കും. നരകക്കാരുടെ ശിക്ഷയും സ്വര്‍ഗക്കാരുടെ പ്രതിഫലവും ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നതുപോലെയാണ്! തിരുമേനി(സ്വ) പ്രതികരിച്ചു-നിങ്ങള്‍ക്ക് ആത്മജ്ഞാനം ലഭിച്ചുകഴിഞ്ഞിരിക്കുന്നു; അത് വിടാതെ മുറുകെ പിടിക്കുക.
ഈദൃശമായ ഉള്‍വിളികളിലേക്കും ആത്മജ്ഞാനങ്ങളിലേക്കുമൊക്കെ സദ്‌വൃത്തരായ ആളുകള്‍ എത്തിച്ചേര്‍ന്നത് ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ചതുകൊണ്ടു മാത്രമാണ്. മഹാനായ തിരുമേനി(സ്വ)യുടെയും സമുന്നതരായ സ്വഹാബത്തിന്റെയും കാല്‍പാടുകള്‍ അനുധാവനം ചെയ്യുകയും, നോമ്പും നമസ്‌കാരവുമെല്ലാമായി സ്വന്തത്തോടുതന്നെ മനസ്സമരമുറകളനുഷ്ഠിക്കുകയും ചെയ്തു അവര്‍. നശ്വരമായ ഈ ലോകത്തെ ആ മഹാന്മാര്‍ പരിത്യജിക്കയുമുണ്ടായി. ഉപര്യുക്തമായ കശ്ഫ് കൊണ്ട് ഹ. മുആദി(റ)നെ അവന്‍ ആദരിച്ചതും അങ്ങനെത്തന്നെയായിരുന്നു. ‘നിങ്ങള്‍ക്ക് ആത്മജ്ഞാനമുണ്ടായിരിക്കുന്നു; അത് മുറുകെ പിടിക്കുക’ എന്ന് പറഞ്ഞ് തിരുമേനി(സ്വ) തന്നെ അദ്ദേഹത്തെ അംഗീകരിച്ചത് നാം കണ്ടുവല്ലോ.
തിരുമേനി(സ്വ)യുടെയും ഹ. മുആദുബ്‌നു ജബല്‍(റ)വിനെപ്പോലെയുള്ള മഹാന്മാരായ സ്വഹാബത്തിന്റെയും പന്ഥാവിലൂടെ സഞ്ചരിച്ച സ്വൂഫീ ശ്രേഷ്ഠരെ പടച്ചവന്‍ ആദരിക്കുന്നത് സംബന്ധിച്ച് ഇമാം ശഅ്‌റാനി(റ) സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിലയിരുത്തല്‍ കാണുക: പ്രിയ സഹോദരാ, തസ്വവ്വുഫ് എന്നാല്‍ അല്ലാഹുവിന്റെ ഔലിയാക്കളുടെ ഹൃദയങ്ങളില്‍ ജ്വലിച്ചുണ്ടാകുന്ന ഒരു വിജ്ഞാനത്തെക്കുറിച്ച് പറയുന്നതാണ്. ഖുര്‍ആനും സുന്നത്തുമനുസരിച്ച് കര്‍മങ്ങളനുഷ്ഠിക്കുക വഴി ആ ഹൃദയങ്ങള്‍ തെളിമയുറ്റതാകുമ്പോഴാണ് അതുണ്ടാകുന്നത്. അപ്പോള്‍ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ആര് പ്രവര്‍ത്തിക്കുന്നുവോ തന്മൂലം അവര്‍ക്ക് വിവിധ വിജ്ഞാനങ്ങളും മര്യാദകളും രഹസ്യങ്ങളും യാഥാര്‍ഥ്യങ്ങളും ലഭ്യമാകുന്നതാണ്. അവയെക്കുറിച്ച് പ്രതിപാദിക്കുവാന്‍ വാക്കുകള്‍ക്കാവില്ല. ശരീഅത്തിന്റെ പണ്ഡിതന്മാര്‍ തങ്ങള്‍ പഠിച്ചുവെച്ച വിധി വിലക്കുകളനുവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് പുതിയ അറിവുകള്‍(3) ഉണ്ടാകുന്നതുപോലെയാണിത്.
പൂര്‍വഗാമികളും സച്ചരിതരുമായ പണ്ഡിതന്മാര്‍ തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളനുസരിച്ച് റബ്ബിന്റെ പ്രീതി മാത്രം കാംക്ഷിച്ച് കര്‍മങ്ങളനുഷ്ഠിക്കുന്നവരായിരുന്നു. തന്മൂലം അവരുടെ ഹൃദയങ്ങള്‍ പ്രകാശപൂര്‍ണമായി. ആക്ഷേപാര്‍ഹമായ സകല കാരണങ്ങളില്‍ നിന്നും അവരുടെ കര്‍മാനുഷ്ഠാനങ്ങള്‍ സുരക്ഷിതമായിത്തീര്‍ന്നു. അവര്‍ പരലോകപ്രാപ്തരാവുകയും പിന്‍ഗാമികള്‍ രംഗത്തു വരികയും ചെയ്തപ്പോള്‍ സ്ഥിതി മാറി. വഴിയെ വന്നവര്‍ തങ്ങളുടെ വിജ്ഞാനങ്ങളിലോ കര്‍മങ്ങളിലോ ഉണ്ടാകേണ്ട ഇഖ്‌ലാസ്വ് അത്ര കാര്യമാക്കിയില്ല. അക്കാരണത്താല്‍ അവരുടെ ഹൃദയങ്ങള്‍ അന്ധകാരപൂര്‍ണമായി. തസ്വവ്വുഫിന്റെയാളുകളുടെയും ആത്മജ്ഞാനികളുടെയും അവസ്ഥകളില്‍ നിന്ന് അവര്‍ക്ക് മറയിടപ്പെട്ടു. തന്മൂലം അവരത് നിഷേധിക്കുകയുണ്ടായി.
വേറെ ചില നിക്ഷിപ്ത താല്‍പര്യക്കാരുണ്ട്. ഇബ്‌നുതൈമിയ്യയുടെയും മറ്റും വാക്കുകള്‍ തെളിവായി സ്വീകരിച്ചുകൊണ്ട് അവര്‍ സ്വൂഫികളുടെ മേല്‍ ചാടിവീഴുകയാണ്. ശരീഅത്തിന്റെ വശം അവഗണിച്ചുകൊണ്ട് ഹഖീഖത്ത് മാത്രമാണവര്‍ ഗൗനിക്കുന്നത് എന്ന്, വ്യാജമായും പച്ചക്കള്ളമായും, സ്വൂഫികളുടെ മേല്‍ ആരോപിക്കുകയാണവര്‍. ഇസ്‌ലാമിക ശരീഅത്തുമായി വൈരുധ്യമുണ്ടെങ്കിലും ശരി, ആത്മജ്ഞാനികള്‍ തങ്ങളുടെ ഉള്‍വിളികളും ആന്തരികദര്‍ശനങ്ങളുമാണ് അവലംബിക്കുന്നത് എന്നും ഈ തല്‍പരകക്ഷികള്‍ തട്ടിവിടുന്നു. എന്നാല്‍ ഇപ്പറഞ്ഞതത്രയും അടിസ്ഥാനരഹിതമായ വ്യാജനിര്‍മിത വാദങ്ങളാണ്. ഇവര്‍ ജല്‍പിക്കുന്നതൊക്കെ ബാലിശവും അടിസ്ഥാനമില്ലാത്തതുമാണെന്നതിന് ഇബ്‌നു തൈമിയ്യയുടെ വാക്കുകള്‍ തന്നെ തെളിവായുണ്ട്. അദ്ദേഹത്തിന്റെ ഫത്‌വാ സമാഹാരത്തിലെ ഇല്‍മുസ്സുലൂക് (സ്വഭാവശാസ്ത്രം) എന്ന വിഭാഗത്തില്‍ സ്വൂഫികളായ മഹാന്മാര്‍ ഖുര്‍ആനും സുന്നത്തും ശക്തിയായി മുറുകെ പിടിക്കുന്നവരാണെന്നദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണുക:
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയും തന്നെപ്പോലുള്ളവരും തങ്ങളുടെ കാലത്തെ മഹോന്നതന്മാരായ ശൈഖുമാരായിരുന്നു. ശരീഅത്ത് മുറുകെ പിടിക്കാനും കല്‍പനകളും നിരോധങ്ങളും അപ്പടിയനുവര്‍ത്തിക്കുവാനും സ്വന്തം അഭിരുചികളെയും നിശ്ചയങ്ങളെയുംകാള്‍ ശരീഅത്തിന് മുന്‍ഗണന നല്‍കാനും കല്‍പിച്ചിരുന്നു അവര്‍. അവനവന്റെ മാനസിക ഉദ്ദേശ്യങ്ങളെയും ദേഹേച്ഛകളെയും കൈവെടിയാനും അവര്‍ അനുശാസിച്ചിരുന്നു. കാരണം സ്വന്തം മാനസിക ഉദ്ദേശ്യങ്ങളില്‍, അത് സ്വന്തത്തില്‍ നിന്നുണ്ടാകുന്നതാണെന്ന നിലക്കുതന്നെ, അബദ്ധം സംഭവിക്കും. അതിനാല്‍ സ്വന്തമായ യാതൊരു ഉദ്ദേശ്യവും വ്യക്തിക്ക് ഒട്ടുമേ ഉണ്ടായിക്കൂടെന്ന് ഥരീഖത്തില്‍ പ്രവേശിക്കുന്നവരോട് അവര്‍ കല്‍പിക്കുമായിരുന്നു; അല്ലാഹു എന്താണോ ഉദ്ദേശിക്കുന്നത് അതുതന്നെയായിരിക്കണം അടിമയുടെ ഉദ്ദേശ്യമെന്നും അവര്‍ കല്‍പിച്ചു… ഇത് ശരീഅത്തിന് വിധേയവും കുറ്റമറ്റതുമായ ഥരീഖത്ത് ആകുന്നു.
മറ്റൊരിടത്ത് ഇബ്‌നു തൈമിയ്യ പറഞ്ഞു: ഥരീഖത്തില്‍ പ്രവേശിച്ചവരായ സത്യസന്ധമായ ജീവിതം നയിക്കുന്നവരുണ്ടല്ലോ. സലഫുകളില്‍ നിന്നുള്ള മഹാഭൂരിഭാഗം ശൈഖുമാരും ആ ഗണത്തില്‍ പെട്ടവരാണ്. ഫുളൈലുബ്‌നു ഇയാള്, ഇബ്‌റാഹീമുബ്‌നു അദ്ഹം, അബൂസുലൈമാനദ്ദാറാനി, മഅ്‌റൂഫുല്‍ കര്‍ഖി, സരിയ്യുസ്സഖഥി, ജുനൈദുല്‍ബ്‌നു മുഹമ്മദ്(റ) മുതലായ മുന്‍ഗാമികള്‍; അതുപോലെ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി, ശൈഖ് ഹമ്മാദ്, അബുല്‍ ബയാന്‍(റ) തുടങ്ങിയ പിന്‍ഗാമികള്‍-ഇവരാരും തന്നെ മുരീദിന് ശരീഅത്തിന്റെ വിധിവിലക്കുകളില്‍ നിന്ന് പുറത്തുപോകുവാന്‍ അനുമതി നല്‍കിയിട്ടില്ല-അവന്‍ അന്തരീക്ഷത്തില്‍ പറക്കുകയോ വെള്ളത്തിനു മീതെ നടക്കുകയോ ചെയ്താല്‍ പോലും. പ്രത്യുത, മരിക്കുന്നതു വരെയും അവന്‍ കല്‍പനകള്‍ അനുവര്‍ത്തിക്കുകയും നിരോധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്‌തേ പറ്റൂ. ഖുര്‍ആനും സുന്നത്തും സലഫിന്റെ ഏകകണ്ഠാഭിപ്രായവും പഠിപ്പിക്കുന്ന ശരിയായ സത്യവും ഇതുതന്നെ. സ്വൂഫികളുടെ പ്രസ്താവങ്ങളില്‍ ഇക്കാര്യം ധാരാളമായി കാണാം.
സ്വൂഫികളായ മഹാന്മാരുടെ നേതാക്കളില്‍ ചിലരുടെ പ്രസ്താവങ്ങളും മാര്‍ഗദര്‍ശനങ്ങളും നമുക്ക് പരിശോധിച്ചു നോക്കാം. പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അവര്‍ എത്രമാത്രം ശക്തമായി മുറുകെ പിടിച്ചിരുന്നു എന്ന് അതില്‍ നിന്ന് സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയും. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പറയുന്നു: ശരീഅത്തിന്റെ സാക്ഷ്യമില്ലാത്ത ഏതു ഹഖീഖത്തും കപടഭക്തിയത്രേ. ഖുര്‍ആനും സുന്നത്തുമെന്ന രണ്ടു ചിറകുകള്‍ വെച്ച് മഹാനായ അല്ലാഹുവിന്റെ സന്നിധിയിലേക്ക് നീ പറന്നുകൊള്ളുക. തിരുമേനി(സ്വ)യുടെ കൈയില്‍ നിന്റെ കൈ കൊണ്ട് പിടിച്ചാവണം(3) പടച്ചവന്റെ തിരുസവിധത്തിങ്കലേക്ക് നീ പ്രവേശിക്കേണ്ടത്.
ശൈഖായി പുരോഗമിക്കുകയും ‘ഔലിയ’യായി മുന്നോട്ടു പോവുകയും ചെയ്യുമ്പോള്‍ ചില ഘട്ടങ്ങളില്‍ ശരീഅത്തിന്റെ അനുശാസനങ്ങളില്‍ നിന്ന് വിട്ടുവീഴ്ചയുണ്ടെന്നാണ് ചിലരുടെ വിശ്വാസം. അത്തരക്കാരെ വിമര്‍ശിച്ചുകൊണ്ട് ശൈഖ് ജീലാനി(റ) വ്യക്തമാക്കി: നിര്‍ബന്ധമായ ആരാധനകളുപേക്ഷിക്കുന്നത് കപടഭക്തി(5)യത്രേ. നിഷിദ്ധങ്ങളനുവര്‍ത്തിക്കല്‍ പാപമാണ്. ഏതൊരവസ്ഥ ഒരാള്‍ പ്രാപിച്ചാലും ശരി, ശരീഅത്ത് നിര്‍ബന്ധമായി കല്‍പിച്ച യാതൊന്നുംതന്നെ അയാളില്‍ നിന്ന് ഒഴിവായിപ്പോകുന്നതല്ല.(1) മഹാനായ ശൈഖ് സഹ്‌ലുബ്‌നു അബ്ദില്ലാഹിത്തുസ്തരി(റ) പറയുകയുണ്ടായി: നമ്മുടെ അടിസ്ഥാന വിഷയങ്ങള്‍ ഏഴെണ്ണമാണ്-മഹോന്നതനായ റബ്ബിന്റെ കിതാബ് മുറുകെ പിടിക്കുക. തിരുമേനി(സ്വ)യുടെ ചര്യ പിന്തുടരുക. ഹലാലായ ഭക്ഷണം കഴിക്കുക. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക. പാപങ്ങള്‍ കൈവെടിയുക. പശ്ചാത്തപിക്കുക. ബാധ്യതകള്‍ നിര്‍വഹിക്കുക.
ഇമാം അബുല്‍ ഹസനിശ്ശാദിലി(റ) ഇങ്ങനെ പറയുമായിരുന്നു: നിന്റെ ശരിയായ കശ്ഫുകള്‍ തന്നെ ഖുര്‍ആനോടും ഹദീസിനോടും വിരുദ്ധമായി വന്നാല്‍, കിതാബും സുന്നത്തും അനുസരിച്ച് പ്രവര്‍ത്തിക്കുകയും ഉള്‍വിളികള്‍ കൈവെടിയുകയുമാണ് ചെയ്യേണ്ടത്. എന്നിട്ട് സ്വന്തത്തോട് നീ ഇങ്ങനെ പറയുക: വിശുദ്ധ ഗ്രന്ഥത്തിലും തിരുചര്യയിലും അല്ലാഹു സുരക്ഷിതത്വമേറ്റെടുത്തിട്ടുണ്ട്; എന്നാല്‍ ഉള്‍വിളികളുടെയും ആന്തരികദര്‍ശനങ്ങളുടെയും കാര്യത്തില്‍ അങ്ങനെ ഒരു സുരക്ഷിതത്വം പടച്ചവന്‍ ഏറ്റെടുത്തിട്ടില്ലല്ലോ.
ശൈഖ് അബൂസഈദ് അര്‍ഖര്‍റാസ്(റ) പ്രസ്താവിക്കുകയുണ്ടായി: പ്രത്യക്ഷമായ വിജ്ഞാനങ്ങളോടും വിഷയങ്ങളോടും വിപരീതമാകുന്ന എല്ലാ ആന്തരിക കാര്യങ്ങളും അടിസ്ഥാനരഹിതമാകുന്നു.(4) അബൂഹുസൈന്‍ അല്‍വര്‍റാഖ്(റ) പറഞ്ഞു: അല്ലാഹുവിനെക്കൊണ്ടും അവന്റെ ആത്മമിത്രമായ തിരുമേനി(സ്വ)യോട് ശരീഅത്തിന്റെ കാര്യങ്ങളില്‍ യോജിക്കല്‍ കൊണ്ടുമല്ലാതെ ഒരു വ്യക്തി പടച്ചവന്റെ സന്നിധിയിലെത്തിച്ചേരുകയില്ല. തിരുദൂതരോട് പിന്തുടര്‍ന്നുകൊണ്ടല്ലാതെ അല്ലാഹുവിങ്കലെത്താന്‍ മറ്റൊരു വഴി സ്വീകരിക്കുന്നവര്‍ ദുര്‍മാര്‍ഗത്തില്‍ നിപതിച്ചുപോകും; അവനാകട്ടെ താന്‍ സന്മാര്‍ഗപ്രാപ്തനാണ് എന്നാകും ധരിക്കുക.
ഇമാം അബ്ദുല്‍ വഹ്ഹാബ് അശ്ശഅ്‌റാനി(റ) പറയുന്നു: തസ്വവ്വുഫിന്റെയാളുകളുടെ മാര്‍ഗം, സ്വര്‍ണവും രത്‌നങ്ങളും ശോധന ചെയ്യുന്നതുപോലെ, ഖുര്‍ആനും സുന്നത്തും വെച്ച് പരിശോധന ചെയ്‌തെടുക്കപ്പെട്ടതത്രേ. അതുകൊണ്ട് ഥരീഖത്തില്‍ പ്രവേശിക്കുന്നവന്ന് തന്റെ മുഴുവന്‍ ചലന-നിശ്ചലാവസ്ഥകളിലും ശരീഅത്തിന്റെ ഒരു തുലാസ്(6) ആവശ്യമാകുന്നു.(7) മറ്റൊരിടത്ത് അദ്ദേഹം പ്രസ്താവിച്ചു: തസ്വവ്വുഫിന്റെയാളുകളുടെ ഥരീഖത്തിന്റെ യാഥാര്‍ഥ്യം വിജ്ഞാനവും കര്‍മവുമാണ്. അതിന്റെ ഊടും പാവും(1) ശരീഅത്തും ഹഖീഖത്തുമത്രേ; ഏതെങ്കിലും ഒന്നു മാത്രമല്ല.(2)
മറ്റൊരിക്കല്‍ ഇമാം ശഅ്‌റാനി(റ) പ്രസ്താവിച്ചു: തസ്വവ്വുഫിന്റെയാളുകളുടെയും ആത്മജ്ഞാനികളുടെയും അറിവുകളില്‍ നിന്ന് യാതൊന്നും തന്നെ ശരീഅത്തില്‍ നിന്നു പുറത്തുപോകുന്നില്ല എന്ന് സൂക്ഷ്മപഠനം നടത്തുന്ന ആര്‍ക്കും ഗ്രഹിക്കാനാകും. അല്ലെങ്കിലും, അതെങ്ങനെ ശരീഅത്തില്‍ നിന്ന് പുറത്തു ചാടും? ഓരോ സെകന്റിലും സ്വൂഫികള്‍ അല്ലാഹുവിന്റെ ശരീഅത്തുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരല്ലേ?(3) അബൂയസീദല്‍ ബിസ്ഥാമി(റ)യോട്, സ്വൂഫി എന്നാല്‍ ആരാണ് എന്നൊരാള്‍ ചോദിച്ചു. മറുപടി ഇതായിരുന്നു: സ്വൂഫി എന്നാല്‍ വലതുകൈ കൊണ്ട് ഖുര്‍ആനും ഇടതുകൈ കൊണ്ട് ഹദീസും പിടിക്കുകയും വലതു കണ്ണു കൊണ്ട് സ്വര്‍ഗത്തിലേക്കും ഇടതുകണ്ണുകൊണ്ട് നരകത്തിലേക്കും നോക്കുന്നവനുമാണ്. അവന്റെ അടിയുടുപ്പ് ദുന്‍യാവും മേല്‍മുണ്ട് ആഖിറവുമായിരിക്കും. അതിനിടയില്‍ നിന്ന് തന്റെ നാഥന്ന് അവന്‍ ഉത്തരം നല്‍കും-പടച്ചവനേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്യുന്നു.
ഇമാം അബൂയസീദല്‍ ബിസ്ഥാമി(റ)യുടെ മാര്‍ഗദര്‍ശനങ്ങളില്‍ ഇങ്ങനെ കാണാം: പത്തു കാര്യങ്ങള്‍ ശരീരത്തിന് നിര്‍ബന്ധമാകുന്നു-ഫര്‍ളുകള്‍ നിര്‍വഹിക്കുക, നിഷിദ്ധ കാര്യങ്ങള്‍ ദൂരീകരിക്കുക, അല്ലാഹുവിനു വേണ്ടി വിനയം കാണിക്കുക, സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുക, പുണ്യവാനും അധര്‍മകാരിക്കും ഗുണം കാംക്ഷിക്കുക,(6) മുഴുവന്‍ കര്‍മങ്ങളിലും റബ്ബിന്റെ പ്രീതി കാംക്ഷിക്കുക, പാപമോചനത്തിനര്‍ഥിക്കുക, കോപം കൈവെടിയുക, വിദ്വേഷമുണ്ടാകുന്നതില്‍ നിന്നുള്ള ഔന്നത്യവും പരിധി വിടലും തര്‍ക്കവും, മരണത്തിന് തയ്യാറെടുക്കുന്നതിനായി തന്നെത്തന്നെ ഉപദേശിക്കുന്നവനാവുക.
യാഥാര്‍ഥ്യം ഇങ്ങനെയൊക്കെ പ്രസ്പഷ്ടമാണെങ്കിലും തസ്വവ്വുഫിനോട് ക്രോധമനസ്‌കരായ ആളുകള്‍ ആത്മജ്ഞാനികളുടെ പ്രവര്‍ത്തനങ്ങളോ പ്രസ്താവങ്ങളോ വിലയിരുത്തുകയാണെങ്കില്‍ ‘ഇതൊരു സ്വൂഫി പ്രവണതയാണ്, ശരീഅത്ത്പരമല്ല’ എന്ന് അഭിപ്രായപ്പെടുന്നത് കേള്‍ക്കാം. കേട്ട മാത്രയില്‍ ശ്രോതാവ് വിചാരിക്കുക തസ്വവ്വുഫ് എന്നാല്‍ ശരീഅത്തിന്റെ പരിധിയില്‍ നിന്ന് പുറത്തായിരിക്കും എന്നാണ്. സത്യാവസ്ഥയോ, നാം മുകളില്‍ കണ്ടതുപോലെ അത് ശരീഅത്തിന്റെ കഴമ്പാണുതാനും.
കൈകടത്തലുകളില്‍ നിന്ന് സുരക്ഷിതമായ സ്വൂഫീഗ്രന്ഥങ്ങള്‍(1) പരിശോധിച്ചുനോക്കാന്‍ അത്തരക്കാര്‍ സന്നദ്ധരാവണം. ഹില്‍യത്തുല്‍ ഔലിയാ-അബൂനുഐം, അര്‍രിസാല-ഇമാം ഖുശൈരി, കിതാബുത്തഅര്‍റുഫ് ലിമദ്ഹബി അഹ്‌ലിത്തസ്വവ്വുഫ്-ഇമാം കലാബാദി, കിതാബുല്ലുമഅ്-ഥൂസി, ഇഹ്‌യാ-ഇമാംഗസ്സാലി, ഥബഖാത്തുസ്സ്വൂഫിയ്യ-സുലമി, അര്‍രിആയത്തു ലിഹുഖൂഖില്ലാഹ്-മുഹാസിബി, അല്‍വസ്വായാ-ശൈഖ് മുഹ്‌യിദ്ദീനിബ്‌നു അറബി(റ) മുതലായവ അത്തരം ഗ്രന്ഥങ്ങളാണ്. ഇസ്‌ലാമിക ശരീഅത്തിനോട് വിരുദ്ധമാകുന്ന ഏതെങ്കിലും ഒരു സ്വഭാവമെങ്കിലും അവയിലൊന്നും കാണാന്‍ കഴിയണമെന്നില്ല. സ്വൂഫികള്‍ വളരെയധികം ആത്മപരിശോധന നടത്തുന്നവരാണ് എന്നതാണതിന് കാരണം; ഖണ്ഡിത കാര്യങ്ങളേ അവര്‍ മുറുകെ പിടിക്കുകയുള്ളുതാനും. എന്തുകൊണ്ടെന്നാല്‍ ആത്മജ്ഞാനികളുടെ ഥരീഖത്തിന്റെ യാഥാര്‍ഥ്യം വിജ്ഞാനവും തദനുസൃതമായ കര്‍മവുമാണ്. അതിന്റെ ഊടും പാവും ശരീഅത്തും ഹഖീഖത്തുമത്രേ.
Leave A Comment