മത വിമർശകരും ഇസ്‌ലാമും : ലോക വീക്ഷണങ്ങളുടെ വ്യത്യാസം (ഭാഗം1)

മതവിമർശകർ ഇസ്ലാമിനെ മാത്രം ഉന്നം വെക്കുന്നതിൻറെ കാരണം ഇസ്‌ലാമോഫോബിയ മാത്രമാണോ? എൻ്റെ കാഴ്ചപ്പാടിൽ അല്ല! ഇത്തരം സംശയങ്ങളുള്ള ധാരാളം മുസ്ലിംകളുമുണ്ട്. മുസ്ലിം സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യമെടുക്കാം, ഇതിന് എങ്ങനെയൊക്കെ ഉത്തരം പറഞ്ഞാലും ചിലർക്ക് ഉൾകൊള്ളാൻ കഴിയില്ല. കാരണം ചോദ്യം വരുന്നത് ഒരു ലോക വീക്ഷണത്തിൽ നിന്നും ഉത്തരം പറയുന്നത് മറ്റൊരു ലോകവീക്ഷണത്തിൽ നിന്നുമാണ്.  

രണ്ട് കാര്യങ്ങളാണ് ഈ ചോദ്യത്തിൽ അന്തർലീനമായിരിക്കുന്നത്, പുരോഗമനവും വ്യക്തി സ്വാതന്ത്ര്യവും.
ഒരാശയം പ്രാകൃതമാണോ ആധുനികമാണോ എന്നതിൻ്റെ അടിസ്ഥാനത്തിൽ  അത് ശരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കുന്നതിൻ്റെ യുക്തിയെന്താണ്? പ്രാകൃതമായ ശരികളും അത്യാധുനിക മണ്ടത്തരങ്ങളും ഉണ്ടാകാം. BC 500കളിൽ ഉദയം കൊണ്ട ജനാധിപത്യം എന്ന ആശയത്തെ ഇപ്പോഴും മഹത്തായ ജനാധിപത്യം എന്ന് തന്നെയല്ലേ പറയുന്നത്? ഒന്നും ഒന്നും രണ്ടാണ് എന്നത് പ്രാകൃതമാണ് പുരോഗമിപ്പിക്കണം എന്നാരും പറഞ്ഞതായി കേട്ടിട്ടില്ല. അടിസ്ഥാനപരമായി മനുഷ്യരുടെ ആവശ്യങ്ങൾ അന്നും ഇന്നും ഒന്ന് തന്നെ. ഭക്ഷണം, വസ്ത്രം, സുരക്ഷ, പാർപ്പിടം, പങ്കാളി, ചികിത്സ, സന്തോഷം, സമാധാനം, ആശയവിനിമയം, ട്രാൻസ്പോർടേഷൻ തുടങ്ങിയവയും, പ്രശ്നങ്ങളുടെ കാരണങ്ങൾ സാമ്പത്തിനോടും അധികാര സ്ഥാനമങ്ങളോടുമുള്ള അത്യാഗ്രഹം, അഹംഭാവം, അസൂയ, പക, വിദ്വേഷം തുടങ്ങിയവയും. ഇതൊക്കെ നേടാനും ചെയ്യാനുമുള്ള മാർഗ്ഗങ്ങൾ മാത്രമാണ് പുരോഗമിച്ചത്. പണ്ട് കൃഷി ചെയ്തും വേട്ടയാടിയും ഭക്ഷണം കണ്ടെത്തിയിരുന്നത് ഇപ്പൊ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങുന്നു. പ്രാവിൻ്റെയും പരുന്തിന്റെയും കാലിൽ കെട്ടി കത്തയച്ചിരുന്നത് ഇപ്പൊ വാട്സാപ്പിലും ജിമെയിലിലും അയക്കുന്നു. അമ്പെയ്തും കുന്തമെറിഞ്ഞും കൊന്നിരുന്നത് ഇപ്പൊ ബോംബിട്ടും വെടിവച്ചും കൊല്ലുന്നു. അടിസ്ഥാനപരമായി മനുഷ്യനിൽ എന്ത് പുരോഗമനമാണുണ്ടായത്? പാരമ്പര്യമായതെല്ലാം അല്ലെങ്കിൽ നമ്മെക്കാൾ മുൻപ് ജീവിച്ചവരൊക്കെ നമ്മെക്കാൾ മോശപ്പെട്ടവരാണെന്ന ആശയം എവിടെ നിന്നാണ് വന്നത്? ആരാണതിൻറെ ഗുണഭോക്താക്കൾ?

രണ്ടാമത്തേതാണ് യഥാർത്ഥ പ്രശ്നം, നമ്മൾ സമ്പൂർണ്ണ സ്വതന്ത്രരാണ്, നമ്മുടെ പൂർണ്ണമായ ഉടമസ്ഥാവകാശവും ഉത്തരവാദിത്വവും നമുക്ക് തന്നെയാണ്. നമ്മളാണ് നമ്മുടെ പരമമായ യജമാനൻ.  My body my rights! മറ്റുള്ളവരെ പ്രത്യക്ഷത്തിൽ ഉപദ്രവിക്കാത്തതെല്ലാം ധാർമികമായി ശരിയാണ് തുടങ്ങിയ ലിബറൽ പുരോഗമന സ്വതന്ത്ര ചിന്തയുടെ അടിസ്ഥനമായ ഇൻഡിവിജ്വലിസ്റ്റിക് ആശയങ്ങൾ.

സ്വന്തം ജനനത്തിലോ സൃഷ്ടിപ്പിലോ യാതൊരു പങ്കുമില്ലാത്ത നമുക്ക് ഏതു നിമിഷം മുതലാണ് നമ്മുടെ പൂർണ ഉടമസ്ഥാവകാശാവും സ്വാതന്ത്ര്യവും ലഭിച്ചത്? ആരിൽ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്? എത്രയാണ് അതിൻറെ അളവ്? ആരാണത് തീരുമാനിച്ചത്? ശരിക്കും നമുക്കെത്രത്തോളം സ്വാതന്ത്ര്യമുണ്ട്? നമുക്ക് ടാക്സ് കൊടുക്കാതിരിക്കാനോ അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് ഭരണഘൂടത്തിൻ്റെ  ഇടപെടലില്ലാതെ സ്ഥലം വാങ്ങാനോ ആ സ്ഥലത്ത് ഭരണഘൂടത്തിൻ്റെ അനുമതിയില്ലാതെ നമ്മുടെ ഇഷ്ടത്തിന് വീട് വെക്കാനോ സ്വാതന്ത്ര്യമുണ്ടോ? ആത്മാവില്ലാത്ത കേവല ഭൗതിക വസ്‌തുവായ മനുഷ്യന് സ്വതന്ത്ര ഇച്ഛയുണ്ടോ? സ്വതന്ത്ര ഇച്ഛയില്ലാത്ത മനുഷ്യന് എന്തിനാണ് സ്വാതന്ത്ര്യം? 

ഈ പ്രപഞ്ചത്തിനും നമുക്കും ഒരു സ്രഷ്ടാവുണ്ടെന്നും, എല്ലാറ്റിൻ്റെയും ഉടമസ്ഥൻ ദൈവമാണെന്നും, മനുഷ്യനെ ഒരു പ്രത്യേക ഉദ്ധേശലക്ഷ്യത്തിനായി സൃഷ്ടിച്ചതാണെന്നും വിശ്വസിക്കുന്ന, സ്വന്തം ദേഹേച്ഛകൾക്കതീതമായി ദൈവത്തിൻ്റെ ഇച്ഛക്കനുസരിച്ച്‌ ജീവിക്കാൻ പ്രതിജ്ഞയെടുത്ത് അതിനായി പരിശ്രമിച്ച് കൊണ്ടിരിക്കുന്നവരെയാണ് മുസ്ലിമെന്ന് പറയുന്നത്. ഇനിയാ ചോദ്യം ഒന്നൂടെ പരിഗണിച്ചാൽ,  ദൈവത്തിൻറെ ഇച്ഛക്കനുസരിച്ച് ജീവിക്കാൻ പ്രതിജ്ഞയെടുത്ത് അതിനായി പരിശ്രമിച്ച് കൊണ്ടിരിക്കുന്ന മുസ്ലിമിന് ദൈവത്തിൻ്റെ ഇച്ഛക്ക് വിരുദ്ധമായി, സ്വന്തം ഇച്ഛക്കനുസരിച്ച് ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ടോ?? ഇതെന്ത് ചോദ്യമാണ്? ഇന്ത്യൻ പൗരനായ ഒരാളോട് നിങ്ങൾക്ക് ഇന്ത്യൻ നിയമങ്ങൾ അംഗീകരിക്കാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോന്ന് ചോദിക്കുന്ന പോലെയാണത്. ഒരു വ്യത്യാസം, ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണ്, ഇല്ലെങ്കിൽ അകത്തിടും. എന്നാൽ ഇസ്ലാം ഒരാൾ സ്വയം സ്വീകരിക്കുന്നതാണ്. ഒരു വ്യക്തിയും ദൈവവും തമ്മിലുള്ള കരാറാണ്. ഒരാൾക്ക് അതിൽ വിശ്വാസമില്ലാതായൽ, അത് ശരിയല്ലെന്ന് തോന്നിയാൽ പിന്നെ ഇസ്ലാമില്ല.

ഈ ഇസ്ലാമിക വിശ്വാസിത്തിന് നേരെ വിരുദ്ധമായ ഒന്നാണ് ഇൻഡിവിജ്വലിസം. ഒരു മുസ്ലിം ഇൻഡിവിജ്വലിസം അംഗീകരിച്ചാൽ പിന്നെ ഇസ്ലാമില്ല. ഒരു മുസ്ലിമിന് സ്വന്തം സമ്പാദ്യം ഇഷ്ടത്തിന് ചിലവഴിക്കാൻ കഴിയുമോ? ഇല്ല, എല്ലാ വർഷവും 2 .5% സകാത്ത് കൊടുക്കണം, കുടുംബത്തിൻറെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റണം. അനുവദിനീയമല്ലാത്ത ഒന്നിനും ചിലവഴിക്കാൻ പാടില്ല. ഒരേ സമയം മുസ്ലിമാവുകയും ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം എനിക്കിഷ്ടമുള്ള പോലെ ചിലവഴിക്കും എന്ന രണ്ട് നിലപാടുകളും കൂടി ഒരുമിച്ചു സാധ്യമല്ല.    

വൈരുദ്ധ്യ ദ്രുവങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് ലോകവീക്ഷണങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണിത്. പക്ഷേ ചർച്ചകൾ മിക്കപ്പോഴും വൈകാരിക മണ്ഡലത്തിൻറെ തൊലിപ്പുറത്താണ് അരങ്ങേറുന്നത്. സെക്യൂലറിസം മതത്തെ നിർവചിക്കുന്നത് ഒരാളുടെ ആത്മീയവും സ്വകര്യവുമായ ഒന്നായാണ്. പക്ഷേ യഥാർത്ഥത്തിലത് പറയുന്നത് നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ളത് വിശ്വസിച്ച് നടന്നോളൂ,  ഇവിടുത്തെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ എങ്ങനെയാവണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാമെന്നാണ്.  ക്രിസ്ത്യാനിറ്റിക്കോ ഹിന്ദുയിസത്തിനോ ബുദ്ധമതത്തിനോ അതിലൊരു പരിഭവമുണ്ടാകാനിടയില്ല, കാരണം അവ മനുഷ്യരുടെ ആത്മീയ മണ്ഡലത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നവയോ ഒതുങ്ങിപ്പോയതോ ആണ്. ഇസ്ലാമിനെ ഈയൊരു ചട്ടക്കൂടിൽ ഒതുക്കി നിർത്തുക അസാധ്യമാണ്. പുരോഗമന സെക്യൂലർ ഭൗതിക പ്രത്യയശാസ്ത്രങ്ങൾ മതത്തിന് അനുവദിച്ചു കൊടുക്കാത്ത സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെല്ലാം ഇസ്ലാം കൈ വെക്കുന്നുണ്ട്. ആത്മീയതിയിലൂന്നിയാണ് ഈ ഭൗതിക വ്യവഹാരങ്ങളെയെല്ലാം ഇസ്ലാം കൈകാര്യം ചെയ്യുന്നതും. ഭൗതിക പ്രത്യയശാസ്ത്രങ്ങളെല്ലാം മനുഷ്യനെ കാണുന്നതും വിശകലനം ചെയ്യുന്നതും പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതും പരിഹാരം കണ്ടെത്തുന്നതും മനുഷ്യനെ ഒരു കേവല ജൈവീക ഭൗതിക വസ്തുവായി മാത്രം പരിഗണിച്ചും ഇസ്ലാം മനുഷ്യൻ്റെ ആത്മീയ ധാർമിക വ്യവഹാരങ്ങളെയും ഭൗതിക പ്രകൃതിയെയും അംഗീകരിക്കുന്ന ദ്വൈതവാദത്തിലൂന്നിയുമാണ്. രണ്ട് വൈരുദ്ധ്യ പ്രമാണങ്ങളുടെ സമന്വയമാണ് ഇസ്ലാം.  

സമൂഹത്തിൻറെ നന്മയെക്കാളും വ്യക്തിഗത സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൽപ്പിക്കുന്ന ഇൻഡിവിജ്വലിസമാണ് ഇന്ന് നിലവിലുള്ള സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളുടെ ആന്തരിക തത്വം. ഇതിൻ്റെ രാഷ്ട്രീയ പതിപ്പാണ് ലിബറലിസം, സാമ്പത്തിക പതിപ്പാണ് ക്യാപിറ്റലിസം. ഇതനുസരിച്ചാണ് ആത്മഹത്യയും അബോർഷനും, സ്വവർഗ്ഗരതിയും, ഇന്സെസ്റ്റും, മൃഗരതിയും, ശവരതിയും ലൈംഗീക അരാജകത്വവും അവകാശവും സ്വാതന്ത്ര്യവുമാകുന്നത്. മനുഷ്യൻ അടിസ്ഥാനപരമായി ഒരു സാമൂഹിക ജീവിയാണ്. ചരിത്രത്തിലെന്നും മനുഷ്യൻ ഓരോ കൂട്ടമായും സമൂഹമായുമാണ് നില നിന്നിരുന്നത്. സുദൃഢമായ കുടുംബബന്ധങ്ങളാണ് സമൂഹത്തിൻ്റെ അടിസ്ഥാന ഘടകം. മുകളിൽ പറഞ്ഞ ഇൻഡിവിജ്വലിസ്റ്റിക് അവകാശവും സ്വാതന്ത്ര്യവുമെല്ലാം കട പുഴക്കുന്നത് സമൂഹത്തിൻ്റെ ആണിക്കല്ലിനെയാണ്. ഏഷ്യൻ രാജ്യങ്ങളിൽ ഒരു പരിധി വരെ ഇപ്പോഴും WE കൾച്ചറാണ് നിലനിൽക്കുന്നത് , പാശ്ചാത്യ രാജ്യങ്ങൾ ME കൾച്ചറും. അവിടേക്ക് പാഞ്ഞടുക്കാനാണ് സ്വതന്ത്ര ചിന്തകരുടെ ഈ പുരോഗമന വിപ്ലവങ്ങൾ. അതിൻറെ വിദൂര ഭാവിയിലുള്ള അപകടങ്ങളെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ സ്വാതന്ത്രമായി ചിന്തിക്കാത്തത് കൊണ്ട് മാത്രമാണത്. ഇതിന് നേരെ വിരുദ്ധമായ, വ്യക്തികളേക്കാൾ സമൂഹത്തിൻറെ താല്പര്യങ്ങളും അവകാശങ്ങളും  പുരോഗമനവും ലക്ഷ്യം വെക്കുന്ന ആശയങ്ങളാണ് collectivism/socialism. അവിടെ വ്യക്തിക്ക്  പ്രത്യേക അവകാശങ്ങളോ പരിഗണനയോ ഉടമസ്‌ഥവകാശമോ ഇല്ല. ഇന്ന് പ്രത്യേകിച്ച് നിലവിലില്ലാത്തതു കൊണ്ട് മാറ്റിവെക്കാം.

ഈ ഭൗതിക പ്രത്യയശാസ്ത്രങ്ങളെല്ലാം ഒരു സാമൂഹികക്രമം രൂപപ്പെടുത്തിയെടുക്കുന്നത് ഒരു അധികാരകേന്ദ്രം നടപ്പിലാക്കുന്ന നിയമങ്ങളിലൂടെയും കൃത്യമായ നിരീക്ഷിണങ്ങളിലൂടെയുമാണ് (Top down hierarchy) അധികാരകേന്ദ്രം അനുവദിച്ചു തരുന്ന സ്വാതന്ത്യ്രം മാത്രമാണ് നമുക്കുണ്ടാകുക. നിയമവാഴ്ച തടസ്സപ്പെട്ടാൽ, അധികാരകേന്ദ്രം തകർന്നാൽ സമൂഹം താറുമാറാകും. അധികാര കേന്ദ്രം നീതിയും ന്യായവും നടപ്പിലാക്കിയില്ലെങ്കിലും വ്യവസ്ഥിതി അലങ്കോലമാകും. മരണത്തോടെ എല്ലാം അവസാനിക്കുന്ന, അക്രമിക്കപ്പെട്ടവനും അക്രമിയും ഒരു പോലെ ചീഞ്ഞളിഞ്ഞ മണ്ണായി അവസാനിക്കുന്ന ഭൗതികവാദ വീക്ഷണത്തിൽ അധികാരവും ശക്തിയുമുള്ളവർക്ക് നീതിന്യായം നടപ്പിലാക്കാൻ ധാർമിക ഉത്തരവാദിത്വമൊന്നുമില്ല. അതൊക്കെ ചെയ്യുന്നതിനേക്കാൾ നല്ലത് സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കുന്നതാണെന്ന് തോന്നിയാൽ ചെയ്യാതിരിക്കാൻ കാരണങ്ങളൊന്നുമില്ല. ചെയ്യാൻ ധരാളം കാരണങ്ങളുമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter