അകത്തുനിന്നുള്ള ഭീഷണികള്‍

  നൂറ്റാണ്ട്‌ 14-കള്‍ക്കപ്പുറം അറേബ്യന്‍ മണ്ണില്‍ പരിശുദ്ധ ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം പ്രപഞ്ചനാഥന്‍ നിര്‍വ്വഹിക്കുകയുണ്ടായി. പൂര്‍ത്തീകരിക്കപ്പെട്ട ദീന്‍ നമ്മുടെ കയ്യിലേക്ക്‌ കൈമാറുമ്പോള്‍ നബിതങ്ങള്‍ക്കുതന്നെ ധാരാളം എതിര്‍പ്പുകളെ നേരിടേണ്ടതായി വന്നിട്ടുണ്ട്‌. പ്രസ്‌തുത വെല്ലുവിളികളധികവും സത്യത്തില്‍ ഇന്നും `ദീന്‍' നേരിടുന്നുണ്ട്‌. പലവിധത്തിലായി അകത്തുനിന്നും പുറത്തുനിന്നും വന്ന പ്രതിസന്ധികളെ തരണം ചെയ്‌ത്‌ മുന്നോട്ടുള്ള ഗമനം നാം തുടരുന്നുമുണ്ട്‌. മുശ്‌രിക്കുകളും കൃസ്‌ത്യാനികളും യഹൂദികളും കൂടുതല്‍ ശത്രുത പുലര്‍ത്തിയത്‌ ഇസ്‌ലാമിനോടായിരുന്നു. കൃസ്‌തുവിനെക്കുറിച്ച്‌ ജാരസന്തതിയെന്നാക്ഷേപിച്ച യഹൂദികളും, അദ്ദേഹം ദൈവദൂതനും ഇഷ്‌ടദാസനുമെന്ന്‌ പ്രഖ്യാപിക്കുകയും മുസ്‌ലിമിന്റെ വിശ്വാസത്തിന്റെ ഭാഗമാക്കുകയും ചെയ്‌ത ഇസ്‌ലാമിക രീതിയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ സത്യത്തില്‍ കൃസ്‌ത്യാനികള്‍ക്ക്‌ എന്ത്‌കൊണ്ടും യഹൂദരേക്കാള്‍ മുസ്‌ലിംകള്‍ മിത്രങ്ങളാവേണ്ടിയിരുന്നു. എന്നാല്‍ സത്യത്തിന്റെ ശത്രുക്കളാവുന്ന അവരും എതിര്‍പ്പ്‌ കഠിനമാക്കിയത്‌ ഇസ്‌ലാമിനോടായിരുന്നു.  

പുറത്ത്‌ നിന്നുള്ള ശത്രുതയെ നേരിട്ട്‌ കൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും നബിതങ്ങള്‍ക്കും പിന്നീട്‌ വന്ന ഇമാമുകള്‍ക്കും വലിയ പ്രതിസന്ധി സൃഷ്‌ടിച്ചത്‌ നമ്മുടെ ഇടയില്‍ നിന്നുള്ളവരില്‍ നിന്ന്‌ തന്നെയായിരുന്നു. ഈ ശത്രുക്കള്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകളോ ഇസ്‌ലാമിക പണ്ഡിതരോ ആയിരുന്നുവെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. പുറത്തുള്ളവരേക്കാള്‍ ചിലപ്പോഴെങ്കിലും അകത്തുള്ളവരാണ്‌ നമുക്ക്‌ കൂടുതല്‍ നഷ്‌ടങ്ങള്‍ ഉണ്ടാക്കിയത്‌. `മുനാഫിഖുകള്‍' എന്ന്‌ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തിയ, വിശ്വാസത്തില്‍ ദൃഢത ഇല്ലാത്ത ഒരുവിഭാഗം പലപ്പോഴും നബിയെ വേദനിപ്പിച്ചിട്ടുണ്ട്‌. നബിയുടെ വേദന ദീനിന്റെ ചേതനയാണ്‌. ഉഹ്‌ദ്‌ യുദ്ധത്തില്‍ നിന്ന്‌ കുറെ ആളുകളെ പിന്തിരിപ്പിക്കാനും ആയിശബീവിയെ കുറിച്ച്‌ പരന്ന ഇല്ലാത്ത വാര്‍ത്ത ജനങ്ങളിലേക്കെത്തിക്കാനും ഈ കക്ഷികളാണു മുന്നിലുണ്ടായിരുന്നത്‌. ഇവരുടെ നേതാവായ അബ്‌ദുള്ളാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍ പ്രത്യക്ഷത്തില്‍ നബിയുടെ ആളായിരുന്നു. ഇവന്‍ തുടങ്ങിവെച്ച ഈ കപട വിശ്വാസം നവമുസ്‌ലിംകളെയാണ്‌ കൂടുതല്‍ വേട്ടയാടിയത്‌. ഇദ്ദേഹം മരിച്ചതിന്‌ ശേഷം മകന്റെ ആവശ്യപ്രകാരം നബി തങ്ങള്‍ തന്റെ `ഖമീസ്‌' കഫം ചെയ്യാന്‍ നല്‍കുകയും മയ്യിത്ത്‌ നിസ്‌കാരത്തിന്‌ നേതൃത്വം നല്‍കുകയും ചെയ്യുകയുണ്ടി - സ്വഹീഹ്‌ മുസ്‌ലിം രേഖപ്പെടുത്തിയിട്ടുണ്ട്‌. ധാരാളം വചനങ്ങള്‍ ഇവരെക്കുറിച്ച്‌ ഇറക്കപ്പെട്ടതായും തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ കാണാം. കള്ളപ്രവാചകരുടെ കടന്ന്‌കയറ്റവും ഇസ്‌ലാമിക വൃത്തത്തിന്റെ അകത്തുനിന്ന്‌ തന്നെയാണെന്ന്‌ പ്രത്യേകം നാം ഗൗനിക്കണം.

മുഹമ്മദ്‌ നബി(സ)യുടെ നുബുവ്വത്തിനെ നിഷേധിക്കാതെ തന്നെ നുബുവ്വത്തിനെ വാദിച്ച അസ്‌വദ്‌ബ്‌നുല്‍ കഅ്‌ബും നബിതങ്ങളുടെ നുബുവ്വത്തില്‍ തനിക്കും പങ്കുണ്ടെന്ന്‌ പ്രഖ്യാപിച്ച മുസൈലിമത്തുല്‍ കദ്ദാബും വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്‌. സമകാലിക ഇസ്‌ലാമിക പണ്ഡിതരുടെ ഇടപെടലാണ്‌ അവരില്‍ നിന്നൊക്കെ ദീനിനെ രക്ഷപ്പെടുത്തിയത്‌. ഖുലഫാഉര്‍റാഷിദീങ്ങളുടെ ഭരണം തീരുംമുമ്പ്‌ തന്നെ പുതിയ പല ഇസങ്ങളും ഈ മതത്തിന്റെ പേരില്‍ രംഗത്തുവന്നു. ഖവാരിജുകളും ശിയാക്കളും മുഅ്‌തസിലുകളും തുടങ്ങി ദശകങ്ങളോളം ദീനിനെ പൊളിക്കാന്‍ ശ്രമിച്ചവര്‍ രംഗത്തുണ്ടായിരുന്നു. അലി (റ) വിനെ പോലോത്ത സ്വഹാബി പ്രമുഖരടക്കം ഇവരെ നേരിടുന്നതിലാണ്‌ ശ്രദ്ധ പതിപ്പിച്ചത്‌. ഇമാം അശ്‌അരിയെ പോലോത്ത പണ്ഡിതര്‍ തന്റെ ഊര്‍ജ്ജം മുഴുവന്‍ ചിലവഴിച്ചത്‌ നമുക്കിടയിലെ ശത്രുക്കളെ നേരിടാനാണ്‌. വിശ്വാസത്തിലും പ്രവര്‍ത്തനത്തിലും മായം ചേര്‍ക്കാന്‍ ശ്രമിച്ച പ്രസ്‌തുത വിഭാഗക്കാര്‍ ഒരുപക്ഷെ ഭൗതിക താല്‍പര്യത്തിന്‌ വേണ്ടി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തുപോയിരിക്കും. തങ്ങളുടെ മനസ്സില്‍ ഉദിക്കുന്ന ആശയങ്ങളെ ഇസ്‌ലാമിന്റെ പേരില്‍ കെട്ടിച്ചമക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ തലയിടുപ്പുള്ള സൂക്ഷ്‌മശാലികളും പരലോക ഗുണത്തിന്‌ വേണ്ടി ജീവിക്കുകയും ചെയ്യുന്ന പണ്ഡിതര്‍ രംഗത്ത്‌ വരികയും അവക്കെതിരെ പ്രതിരോധം തീര്‍ക്കുകയും ചെയ്‌തതായി ചരിത്രപഠനം നമ്മെ ബോധ്യപ്പെടുത്തുന്നു. ഇസ്‌ലാമിന്‌ വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു വിഭാഗം ഭൗതിക താല്‍പര്യത്തിനും സാമ്പത്തിക വിജയത്തിനും വേണ്ടി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തവരാണ്‌. ഇതില്‍ പലരും പണ്ഡിത വേഷധാരികളായിരുന്നുവെന്നത്‌ ഏറെ ദുഃഖകരമാണ്‌.

കഴിഞ്ഞകാല ഇസ്‌ലാമിക ചരിത്രത്തില്‍ നിന്നും ഈ ഗണത്തില്‍ പെടുന്ന ധാരാളം ആളുകളെ വായിച്ചെടുക്കാന്‍ നമുക്ക്‌ കഴിയും. ഹദീസുകളില്‍ കളവ്‌ പറഞ്ഞായിരുന്നു ചിലര്‍ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച്‌ ദീനിനെ ഉപയോഗിച്ചിരുന്നത്‌. പരലോക വിശ്വാസത്തില്‍ അര്‍പ്പിതവും ഭൗതിക ജീവിതത്തിന്‌ അപ്രാധാന്യവും നല്‍കുന്ന ഇസ്‌ലാമിലെ ചില പണ്ഡിതര്‍ തന്നെ സത്യത്തില്‍ ഇതിനു വിപരീതം പ്രവര്‍ത്തിക്കുകയും ഭൗതിക സ്ഥാനമാനങ്ങളും സാമ്പത്തിക അടിത്തറയും ആഗ്രഹിക്കുകയും ചെയ്‌തിരുന്നു. ഇതിനായി അവര്‍ ദീനിനെയും ദീനിന്റെ വേദികളെയും ഉപയോഗപ്പെടുത്തിയിരുന്നു. `അറിവ്‌' പാരത്രിക വിജയത്തിനുള്ള ആയുധമാകുമ്പോഴാണ്‌ മഹത്വരമാകുന്നത്‌. ഇതിന്‌ വേണ്ടി വിജ്ഞാനം കരസ്ഥമാക്കിയ പണ്ഡിതരെക്കുറിച്ചാണ്‌ സ്വഹീഹായ ഹദീസുകളില്‍ ധാരാളം പ്രശംസകളും ഉന്നതസ്ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്‌. അമ്പിയാക്കളുടെ അനന്തരക്കാരായും, സ്വഹാബികളുടെ ഇടയില്‍ നബിക്കുള്ള സ്ഥാനം പോലെ `ആബിദ്‌' നേക്കാള്‍ `ആലിം' ന്‌ `പവര്‍' നല്‍കിയതും അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്കേ സ്വര്‍ഗമുള്ളൂവെന്നും ആ വിഭാഗം പണ്ഡിതര്‍ മാത്രമാണെന്നും, ഖിയാമത്ത്‌ നാളില്‍ അമ്പിയാക്കള്‍ക്കു പുറമെ ശഫാഅത്തിന്ന്‌ അര്‍ഹതയുള്ളവരില്‍ പണ്ഡിതരെ ഉള്‍പ്പെടുത്തിയതും തുടങ്ങി ഖുര്‍ആനിലും ഹദീസിലും അവരെ പുകഴ്‌ത്തിവന്ന മുഴുവന്‍ `നസ്സു'കളും പരലോകത്തിന്‌ വേണ്ടി അറിവിനെ ഉപയോഗിക്കുന്ന പണ്ഡിതന്മാരെ കുറിച്ചാണ്‌. `ദുന്‍യാവിനു' വേണ്ടി ദീനിനെ ദുരുപയോഗം ചെയ്യുന്ന `ഉലമാഉസൂഅ്‌' നെ ആക്ഷേപിക്കുകയും കടുത്ത ശിക്ഷക്ക്‌ ഇരയാവുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്യുന്ന ധാരാളം നബിവചനങ്ങള്‍ നമുക്ക്‌ കണ്ടെത്താന്‍ കഴിയും. നബി തങ്ങള്‍ പറയുന്നു. ഖിയാമത്ത്‌ നാളില്‍ ശിക്ഷയാല്‍ ഏറ്റവും കഠിനമായവന്‍ ഉപകാരം കിട്ടാത്ത അറിവിന്റെ ഉടമയാണ്‌. ജനങ്ങളില്‍ വെച്ച്‌ ഏറ്റവും `ശറര്‍' ആയവന്‍ മോശക്കാരനായ പണ്ഡിതനാണെന്ന്‌ നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. (ഇഹ്‌യാ 201/4). രണ്ട്‌ പണ്ഡിതരെക്കുറിച്ച്‌ കാര്യമായ ഒരു വിശദീകരണം നബിതങ്ങള്‍തന്നെ നല്‍കിയിട്ടുണ്ട്‌. അതില്‍ ഒരാള്‍ക്ക്‌ അല്ലാഹു വിജ്ഞാനം നല്‍കി. ആ അറിവിനെ ജനങ്ങള്‍ക്കുവേണ്ടി അവന്‍ ചെലവഴിച്ചു.

പ്രതിഫലം ആഗ്രഹിക്കുകയോ വിലക്കു വില്‍ക്കുകയോ ചെയ്യാതെ അവന്‍ നല്ലനിലയില്‍ നിലകൊണ്ടു. അവന്‌ വേണ്ടി ആകാശത്തെ പക്ഷികളും സമുദ്രത്തിലെ മത്സ്യങ്ങളും ഭൂമിയിലെ ജീവികളും മലാഇകത്തും ഗുണത്തിന്‌ വേണ്ടി പ്രാര്‍ത്ഥിച്ച്‌ കൊണ്ടേ ഇരിക്കും. പരലോകത്ത്‌ വെച്ച്‌ പ്രവാചകരോടൊപ്പം ഉന്നതസ്ഥാനത്തില്‍ അവനെ അല്ലാഹു മുന്തിക്കും. മറ്റൊരാള്‍ അവനും അല്ലാഹു വിജ്ഞാനം നല്‍കി. പക്ഷെ അവന്‍ നല്ലനിലയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ലുബ്‌ധത കാണിച്ചു. പ്രതിഫലും വിലയും പറഞ്ഞ്‌ ഭൗതിക താല്‍പര്യം അവനെ വിജ്ഞാനത്തെ വില്‍ക്കുന്നതിനു പ്രേരിപ്പിച്ചു. പരലോകത്ത്‌ വെച്ച്‌ കടിഞ്ഞാണിലായി അവനെ വലിക്കപ്പെടുകയും അറിവിനെ ദുരുപയോഗം ചെയ്‌തവനായി ആളുകള്‍ക്കു മുമ്പില്‍ പറയപ്പെടുകയും ഭയാനകമായ ശിക്ഷക്ക്‌ വിധേയനാക്കപ്പെടുകയും ചെയ്യും (ഇഹ്‌യാ ഉലൂമുദ്ദീന്‍ 55/1) ഇത്തരം പണ്ഡിതരെ ഖബറുകളോടൊണ്‌ ഈസാ നബി (അ) ഉപമിച്ചിട്ടുള്ളത്‌. ഖബറിന്റെ പുറം ജനവാസമാണെങ്കിലും ഉള്ളില്‍ മരിച്ചവരുടെ അവശിഷ്‌ടങ്ങളാണല്ലോ. അതുപോലെ പുറം ജീവിതം നന്നാക്കുകയും യഥാര്‍ത്ഥ ജീവിതം അഴുക്കാകുയും ചെയ്യുന്നവര്‍. നാം `അരിപ്പ' പോലെയാവരുതെന്ന്‌ ഈസാനബി (അ) തന്നെ ഉപദേശവും നല്‍കുന്നുണ്ട്‌. അതില്‍ അരിച്ചെടുക്കുമ്പോഴാണ്‌ നല്ല പാനീയങ്ങള്‍ പുറത്ത്‌ പോവുകയും അഴുക്കും വേസ്റ്റും ബാക്കിയാവുകയും ചെയ്യുന്നു.

ഇപ്രകാരം നാവിലൂടെ നല്ല സംസാരം വരുകയും ചീത്ത സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും നമ്മളില്‍ തന്നെ ബാക്കിയാവുകയും ചെയ്യുന്ന രീതിയെയാണ്‌ ഇത്‌കൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌ ഭൗതികതാല്‍പര്യ പണ്ഡിതരുടെ നല്ലൊരുപമയാണ്‌ ഈസാ നബി ഇതിലൂടെ വരച്ച്‌ കാട്ടുന്നത്‌. അറിവ്‌കൊണ്ട്‌ ഭൗതികതയോ ആവശ്യ പ്പെടാത്ത പണ്ഡിതനാണ്‌ യഥാര്‍ത്ത പണ്ഡിതര്‍ സൂചിപ്പിക്കുന്ന ധാരാളം മഹല്‍ വചനങ്ങളും നമ്മുടെ മുന്നിലുണ്ട്‌. ചുരുക്കത്തില്‍ ഉന്നതിയും ഉല്‍കൃഷ്‌ഠയും സ്രേഷ്‌ഠതയും ഉന്നത സ്ഥാനമാനങ്ങളും റബ്ബിന്റെ പ്രീതിയും എല്ലാം കരസ്ഥമാക്കാന്‍ പറ്റുന്ന `വിജ്ഞാനം'കൊണ്ട്‌ തന്നെ നാശവും സങ്കടവും വെറുപ്പും നരകവും എത്തിച്ചേരാന്‍ കാരണമാവുമെന്നും മനസ്സിലാക്കപ്പെടുമ്പോഴാണ്‌ `ഉലമാഉസൂഇന്റെ' പതനം തിരിച്ചറിയുക. ഇപ്രകാരം ഇസ്‌ലാമിന്‌ വലിയ വെല്ലുവിളി ഉയര്‍ത്തിയത്‌ ഈ നിലക്കുള്ള പണ്ഡിതന്മാര്‍ തന്നെ ആയിരുന്നു. സ്വഹാബത്തിന്റെ കാലം മുതല്‍ ഇന്ന്‌ വരെ ഇത്‌ തുടരുന്നുമുണ്ട്‌. ഹദീസുകളെയും അസറുകളെയും ദുര്‍വ്യാഖ്യാനം ചെയ്‌തവരും സ്വന്തം താല്‍പര്യത്തിനനുസരിച്ച്‌ മാറ്റം വരുത്തിയവരുമായ ഒരുപറ്റം പണ്ഡിതരെ ഇസ്‌ലാമിക ചരിത്രം വരച്ച്‌ കാട്ടുന്നുണ്ട്‌. നബി തങ്ങളുടെ മേല്‍ കളവ്‌ പറയാന്‍ യാതൊരു അറപ്പും തോന്നാത്ത ഇത്തരക്കാരെ ക്കുറിച്ച്‌ കഠിനമായ ഭാഷയില്‍ താക്കീത്‌ ചെയ്‌തിട്ടുണ്ട്‌. പരിശുദ്ധ ഹദീസ്‌ റിപ്പോര്‍ട്ടു ചെയ്‌തിരുന്ന `റാവി'മാര്‍ വരെ ഈ നീചപ്രവര്‍ത്തിക്ക്‌ കൂട്ടുനിന്നിട്ടുണ്ട്‌. ഹദീസ്‌ വിജ്ഞാന ശാഖയില്‍ `മൗളൂഅ്‌' എന്നൊരു ഇനം തന്നെ മാറ്റിവെച്ചിരിക്കുന്നത്‌, ഇപ്രകാരമുള്ള ആളുകള്‍ റിപ്പോര്‍ട്ടര്‍മാരില്‍ ഉള്ളതുകൊണ്ടാണ്‌. ഒരു റാവിയില്‍ നബിയുടെ മേല്‍ കളവ്‌ പറഞ്ഞതായി ആക്ഷേപിക്കപ്പെട്ടാല്‍ അദ്ദേഹമുള്ള സനദിലൂടെ വന്ന ഹദീസുകളെ `മൗളൂഹ്‌' എന്ന്‌ പറയുന്നു.

(കിതാബുല്‍ തക്‌സീര്‍ 89) ഇത്തരം ഹദീസുകള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്കു പ്രചോദനം നല്‍കുന്നതിന്റെ കാരണങ്ങള്‍ ഇമാമുകള്‍ വിവരിക്കുന്നുണ്ട്‌. മതബോധം ഇല്ലാത്തത്‌ കൊണ്ട്‌ അറിവില്ലായ്‌മകൊണ്ട്‌, പക്ഷവാദം കൊണ്ട്‌, ദേഹേഛക്ക്‌ പിന്‍പറ്റിയത്‌കൊണ്ട്‌, ജനങ്ങളുടെ താല്‍പര്യമുണ്ടാകല്‍ കൊണ്ട്‌, പ്രസിദ്ധി ആഗ്രഹിച്ചത്‌ കൊണ്ട്‌ തുടങ്ങി പരതിയ ഏത്‌ കാരണം മൂലമാണെങ്കിലും നബി തങ്ങളുടെ മേല്‍ കളവ്‌ പറഞ്ഞ്‌ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഏത്‌ കാരണവും `ഹറാമാ'ണെന്ന്‌ `ഇജ്‌മാഅ്‌' ഉണ്ട്‌. (നുഖ്‌വ, അല്‍ഫികറ്‌ 62). ജനങ്ങള്‍ക്കു പരലോക ചിന്തയും പേടിയുമുണ്ടാക്കാന്‍ ഇത്തരം മാര്‍ഗം അനുവദനീയമാണെന്ന അബ്‌ദുല്ലാഹ്‌ ബുജകിറാമിന്റെ വാദത്തെ മുസ്‌ലിം ലോകം തള്ളിക്കളഞ്ഞിട്ടുണ്ട്‌. മാത്രവുമല്ല, നബി തങ്ങളുടെ മേലില്‍ കളവ്‌ പറയുന്നത്‌ വന്‍കുറ്റങ്ങളില്‍പ്പെട്ട താണന്നതില്‍ മുസ്‌ലിം പണ്ഡിതരുടെ ഏകോപനവും ഉണ്ട്‌(നുഖ്‌ബ 63). മഹാനായ ഇമാമുല്‍ ഹറമൈനിയുടെ പിതാവ്‌ അബൂ മുഹമ്മദുല്‍ ജുറൈനി (റ) ഇത്‌ മതത്തില്‍ നിന്ന്‌ പുറത്ത്‌ പോവുന്ന കാരണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കളവാണെന്ന്‌ മനസ്സിലായിട്ട്‌ ആരെങ്കിലും എന്റെ പേരില്‍ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ അവനും കള്ളവാദികളില്‍ പെട്ടവനാണെന്ന ഇമാം മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസിന്റെ അടിസ്ഥാനത്തില്‍ മൗളൂഅ്‌ ആയ ഹദീസുകളെ ഇത്‌ മൗളൂ ആണെന്ന വിശദീകരണം കൂടാതെ ഉദ്ധരിക്കല്‍ ഹറാമാണെന്നതിലും നമ്മുടെ `ഉലമാഅ്‌' ഏകോപിച്ചിട്ടുണ്ട്‌. മൈസറത്തുബ്‌നു അബ്‌ദുറബ്ബ്‌, മുഹമ്മദ്‌ ബ്‌നു സജാദുശാമി, ഗിയാസുബ്‌നു ഇബ്‌റാഹീം, അബൂ സഈദുല്‍ മദായിനി, ഇബ്‌നു ഉബയ്യദഹ്‌യ്യ, ഹമ്മാദനസീബി തുടങ്ങിയ വ്യക്തികളും ഖവാരിജുകള്‍, ശിയാക്കള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും മുകളില്‍ പറയപ്പെട്ട രീതിയില്‍ `മൗളൂആയ' ഹദീസുകള്‍ നിര്‍മ്മിച്ചവരായി കണ്ടെത്തപ്പെട്ടിട്ടുണ്ട്‌. അലി (റ) മനുഷ്യരില്‍ ഏറ്റവും ഉത്തമനായവനും അതില്‍ സംശയിക്കല്‍ കുഫ്‌റും ആണെന്ന്‌ നബി പറഞ്ഞതായി ശിയാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്‌.

ഈ ഹദീസ്‌ അവരുടെ ഇസത്തിന്റെ വളര്‍ച്ചക്കുവേണ്ടി കച്ചകെട്ടി നിര്‍മ്മിച്ചതാണ്‌. മഅ്‌മൂന്‍ബ്‌നു അഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ വെച്ച്‌ ഹസനുല്‍ ബസരി അബൂഹുറൈറ(റ) യില്‍ നിന്ന്‌ ഹദീസ്‌ കേട്ടിട്ടുണ്ടോ എന്നൊരു ചര്‍ച്ച വന്നപ്പോള്‍ അദ്ദേഹം ഉടനെ പറഞ്ഞു. നബി തങ്ങള്‍ പറഞ്ഞു: ഹസന്‍ അബൂഹുറൈറയില്‍ നിന്ന്‌ കേട്ടുവെന്ന്‌ ഇത്‌ അദ്ദേഹം നബിക്കുമേല്‍ കളവ്‌ പറയുകയായിരുന്നു. അപ്രകാരം അബ്ബാസി ഖലീഫയില്‍ പെട്ട, ഹാറൂന്‍റശീദിന്റെ പിതാവുമായ മുഹമ്മദ്‌ ബ്‌ന്‍ മന്‍സൂര്‍ എന്ന മഹ്‌ദി ഒരിക്കല്‍ ഒരു പ്രാവുമായി കളിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു. ആ സയമം ഗിയാസുബ്‌നു ഇബ്‌റാഹീം അവിടെ വന്നു. ഉടനെ ഇയാള്‍ നബിയിലേക്കു ചേര്‍ത്തി ഒരു ഹദീസ്‌ പറഞ്ഞു. അമ്പിലും, ഒട്ടകത്തിലും, കുതിരയിലും, പക്ഷിയിലുമല്ലാതെ മത്സരമില്ലെന്ന്‌ നബി പറഞ്ഞിട്ടുണ്ട്‌. ഇതില്‍ പക്ഷിയെ ഇദ്ദേഹം കെട്ടിച്ചമച്ചതായിരുന്നു. ഖലീഫയുടെ ഇഷ്‌ടം സമ്പാദിക്കാന്‍ ഹദീസില്‍ ഒരു പദം കൂട്ടിക്കൊടുക്കുന്നതില്‍ ഇയാള്‍ക്കു യാതൊരു മടിയും ഉണ്ടായില്ല. ഇത്‌ കേട്ട ഖലീഫക്ക്‌ ഇദ്ദേഹത്തെ ഇഷ്‌ടമാവുകയും പതിനായിരം ദിര്‍ഹം നല്‍കുകയും ചെയ്‌തുവെന്ന്‌ പറയപ്പെട്ടിട്ടുണ്ട്‌. ഗിയാസ്‌ പോയതിന്‌ ശേഷം ഖലീഫക്കുകാര്യം ബോധ്യമാവുകയും ഈ പ്രാവ്‌ കാരണമല്ലോ അദ്ദേഹം നബിയുടെ മേല്‍ കളവ്‌ പറഞ്ഞതെന്ന്‌ ഓര്‍ത്ത്‌ അതിനെ കൊലപ്പെടുത്തുകയും ചെയ്‌തു. (ശറഹു ശറഹ്‌, തഫ്‌സീര്‍, നുഖ്‌സ) എന്റെ എതിരില്‍ കളവ്‌ പറയുന്നവന്‍, നരകത്തില്‍ ഇരിപ്പിടം തയ്യാറാക്കട്ടെ എന്നു ഹദീസില്‍ നിന്നും നബി(സ)ക്കു അനുകൂലമാവുന്ന കാര്യങ്ങളില്‍ കളവ്‌ പറയാം എന്ന്‌ മനസ്സിലാക്കിയ കറാമിയ്യത്തിന്റെ നിലപാട്‌ മുസ്‌ലിം ലോകത്തിന്റെ `ഇജ്‌മാഇ'നു വിരുദ്ധമാണെന്ന്‌ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

യാഥാര്‍ത്ഥ്യങ്ങള്‍ക്കു എതിരെ `ഡ്യൂപ്‌' ഉണ്ടാവല്‍ സ്വാഭാവികമാണ്‌. നമ്മുടെ ദീന്‍ സത്യമായപ്പോള്‍ പരസ്‌പരം വൈരികളാവുന്നവര്‍പോലും ഇസ്‌ലാമിനു എതിരില്‍ കൈ കോര്‍ക്കുന്നത്‌ ആധുനിക യുഗത്തില്‍ പോലും കാണപ്പെടുന്നു. അപ്രകാരം കഴിഞ്ഞകാലങ്ങളിലെ പോലെ നബിയുടെ പേരിലും പ്രബോധനത്തിന്റെ പേരിലും കളവും കുപ്രചരണവും നടന്ന്‌ കൊണ്ടിരിക്കുന്നതും നാം കാണുന്നു. ഒരു വസ്‌തുവിന്റെ തനിമ ചോരാതെ നിലനില്‍ക്കാന്‍ പറ്റുന്ന ഒരു വിദ്യയാണ്‌ അതിനെ എതിര്‍ക്കുന്നവര്‍ രംഗത്തു വരുകയെന്നത്‌. അപ്പോള്‍ അതിന്റെ ആളുകള്‍ കൃത്യമായി ആ വസ്‌തുവിനെ സംരക്ഷിക്കും. കള്ളനെ പേടിച്ച്‌ തന്റെ ധനം ഗൗരവത്തോടെ സൂക്ഷിക്കുമ്പോള്‍ കേട്‌ വരാതെ നിലനില്‍ക്കാനും അത്‌ ഉപകരിക്കുമെന്ന പോലെ എതിര്‍പ്പുകളും ശത്രുക്കളും ഉണ്ടാവുമ്പോള്‍ ദീനിന്റെയാളുകള്‍ക്ക്‌ യഥാര്‍ത്ഥ രീതിയില്‍ അതിനെ സൂക്ഷിക്കാനും എപ്പോഴും എടുത്ത്‌ കേട്‌ വരാതെ കൈമാറിപോവാനും സാധിക്കുമെന്ന്‌ വിചാരിക്കുമ്പോഴാണ്‌ അല്ലാഹുവിന്റെ ദീനിന്റെ മഹത്വം ഉള്‍ക്കൊള്ളുന്നത്‌. കഴിഞ്ഞകാല നൂറ്റാണ്ടിലെന്ന പോലെ നാം ജീവിക്കുന്ന കാലത്തും മുമ്പ്‌ സൂചിപ്പിക്കപ്പെട്ട രീതിയില്‍ ദീനിന്‌ എതിര്‍പ്പുനേരിടുമ്പോള്‍ പ്രസ്‌തുത കാലഘട്ടങ്ങളിലെ പണ്ഡിതരും മുസ്‌ലിം വിശ്വാസികളും ചെയ്‌ത പോലെ ഇതിനെ സംരക്ഷിക്കേണ്ട ബാധ്യത നമ്മളിലുണ്ടെന്ന തിരിച്ചറിവാണ്‌ നമുക്കുണ്ടാവേണ്ടത്‌. ഹദീസുകളില്‍ തിരിമറിയും തന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച്‌ വ്യാഖ്യാനങ്ങലും കൊടുത്ത്‌ റസൂല്‍ കരീമിന്റെ (സ) പേരില്‍ വ്യാജന്‍മാര്‍ ഇറങ്ങിയപോലെ അവിടുത്ത അസറുകളുടെ പേരില്‍ ഭൗതിക താല്‍പര്യക്കാരായ ചില പണ്ഡിത വേഷധാരികള്‍ ഇറങ്ങിത്തിരിച്ചതും നാം കാണുന്നുണ്ട്‌.

ദീനിന്‌ ഇതൊന്നും പുതിയത്‌ അല്ലെങ്കിലും കണ്ടിട്ടും അറിഞ്ഞിട്ടും കാണായ്‌മ നടിച്ചാല്‍ നമ്മെളെയും ദൈവശിക്ഷ പിടികൂടുമെന്ന്‌ നാം ഭയപ്പെടണം. മുന്‍കാലങ്ങളില്‍ നിന്ന്‌ വിഭിന്നമായി സംഘടിതമായും നേരിടാനുള്ള അവസരങ്ങളുമുള്ള ഈ കാലത്ത്‌ ബിദഈ-കുഫ്‌രീ ഭീഷണിയെപോലെ, അതിലുമപ്പുറമുള്ള ഭീഷണിയായി, ഈ പണ്ഡിതവേഷധാരികളുടെ കപട ആത്മീയതയും നബിയുടെ മേലിലുള്ള കടന്നുകയറ്റവും നാം മനസ്സിലാക്കി നേരിടേണ്ടതുണ്ട്‌. അബ്‌ദുഹാബ്‌നു ഉബയ്യ്‌ സുഹൂസുലൂല്‍ ഉണ്ടാവുമെങ്കിലും അതാത്‌ കാലങ്ങളില്‍ സംരക്ഷിക്കേണ്ട ബാധ്യത കാലഘട്ടങ്ങളിലെ മുസ്‌ലിമിനുണ്ടാകുമെന്ന്‌ നാം ശരിക്കും ഉള്‍ക്കൊള്ളണം. പരലോക വിശ്വാസത്തിന്റെ പേരില്‍ ജീവിക്കുകയും പിരിവും കള്ളപ്രചരണവും മുടിക്കെട്ടുകളുമായി റോന്ത്‌ ചുറ്റുകയും ചെയ്യുന്നവര്‍ക്കു പ്രസ്‌തുത വിശ്വാസം ഹൃദയങ്ങളിലുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യാ ഉലൂമുദ്ദീന്‍ മാത്രമൊന്ന്‌ കണ്ണോടിച്ചാല്‍ ഇത്തരം പണ്ഡിതരുടെ ദുര്‍ഗതിയും അന്തിമ പരാജയവും മനസ്സിലാക്കാന്‍ നമുക്ക്‌ വളരെ വേഗത്തില്‍ സാധിക്കും. നാം നമ്മുടെ ബാധ്യതയും വിശ്വാസവും ഉള്‍ക്കൊണ്ട്‌ ദീനിന്റെ കാവല്‍ക്കാരായി മാറണം. അതിനു അല്ലാഹു തൗഫീഖ്‌ നല്‍കട്ടെ. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter