എൽ.ജി.ബി.ടി ആക്ടിവിസം:  ട്രാന്‍സ്ജൻഡറുകളുടെ പ്രശ്നങ്ങളറിയാൻ ആർക്കാണ് നേരം?   (ഭാഗം-രണ്ട്)

സ്വയം നിർണയവും ക്വിയർ ആക്ടിവിസ്റ്റുകളും

എൽ.ജി.ബി.ടി ആക്ടിവിസ്റ്റുകളെക്കൊണ്ട് മൂന്നു പ്രശ്നങ്ങളാണ് ട്രാൻസ്ജെൻഡറുകൾക്ക് പ്രധാനമായും ഉണ്ടായത്. ഒന്നാമതായി,ഒരാൾ ആണാണോ പെണ്ണാണോ എന്ന് അയാളുടെ മനസ്സിൻറെ തോന്നലനുസരിച്ച് തീരുമാനിക്കാമെന്ന് ആധികാരികമായി പ്രചരിപ്പിച്ചു. രണ്ടാമതായി തോന്നലിനനുസരിച്ച് ശരീരത്തിൽ ഇടപെടലുകൾ നടത്താമെന്നും അവർ ട്രാൻസ്ജെൻഡറുകളെ പഠിപ്പിച്ചു. മൂന്നാമതായി, ലൈംഗികന്യൂനപക്ഷങ്ങളുടെ പ്രയാസങ്ങൾ ദൂരീകരിക്കാൻ മുന്നോട്ടുവെച്ച രാഷ്ട്രീയ പരിഹാരങ്ങൾ മാത്രം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു.മീഡിയപ്രചാരണം, നിയമം, രാജ്യങ്ങളുടെപോളിസി, സ്കൂളുകൾ തുടങ്ങിയ ഉപാധികൾ ഇതിനു വേണ്ടി വ്യാപകമായി ഉപയോഗിച്ചു. ശാസ്ത്രീയമായ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വന്തത്തെക്കുറിച്ച് ആരെന്തുപറഞ്ഞാലും അതാണ് അയാളുടെ ജെൻഡർ ആണെന്ന വാദം മറ്റുള്ളവർ അംഗീകരിച്ചുകൊടുക്കണമെന്നും അതവരുടെ അവകാശമാണെന്നും വാദിച്ചു. ഞാനൊരു ആണാണെന്നാണ് എൻറെ മനസ്സുപറയുന്നതെന്ന സ്ത്രീയും, ഞാനൊരു പെണ്ണാണെന്ന് എൻറെ മനസ്സുപറയുന്നെന്ന് ആണും പറഞ്ഞാൽ അത് മറ്റൊരു തെളിവുകളെയും കാത്തുനിൽക്കാതെ സമൂഹം അംഗീകരിച്ചുകൊടുക്കണമെന്നുമാണ് ആക്ടിവിസ്റ്റുകളുടെ വാദം.ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ലിബറലിസം അരങ്ങുവാഴുന്ന നാടുകളിലുണ്ടായിട്ടുണ്ട്. നിരവധി ആണുങ്ങൾ മാനസികമായി തങ്ങൾ പെണ്ണുങ്ങളാണെന്ന പേരിൽ പെണ്ണുങ്ങളുടെ സ്വകാര്യ ഇടങ്ങളിലും പൊതു ഇടങ്ങളിലും കയറിപ്പറ്റി ശല്യവും ചൂഷണവും പതിവായി.  ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സ്ത്രീകളുടെ പബ്ളിക് ബാത്ത്റൂമുകളിലും മറ്റും ട്രാൻസ് വുമൺ ആണെന്ന വ്യാജേന കയറിപ്പറ്റുന്ന പുരുഷന്മാർ ജെൻഡർ സെൻസിറ്റിവിറ്റിക്ക് അമിതപ്രാധാന്യം നൽകുന്ന രാജ്യങ്ങളിൽ വലിയശല്യമായിത്തീരുകയും അതേക്കുറിച്ച് പ്രത്യേകം പഠനങ്ങളും ചർച്ചകളും നടക്കുകയും ചെയ്യുന്നുണ്ട്[i].

വ്യാജന്മാർ എല്ലാ മേഖലയിലും ഉണ്ടെന്ന ന്യായം മുൻനിർത്തി ഇക്കാര്യം നിസാരവൽക്കരിക്കാവതല്ല. കാരണം, ഒരാൾ ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കാൻ അനുഭവവേദ്യമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ പരിഗണിക്കാതെ സെൽഫ് ഐഡൻറിഫിക്കേഷൻ എന്ന പേരിൽ അയാളുടെ പ്രഖ്യാപനത്തെ മാത്രം മാനദണ്ഡമാക്കുന്നതിൻറെ പരിണിതഫലമാണ് ഇത്തരം പ്രശ്നങ്ങൾ.പുരുഷന്മാരുടെ ലൈംഗികാവയവമുള്ള ട്രാൻസ് വുമൺ ആണെന്ന് പരിചയപ്പെടുത്തുന്ന പുരുഷന്മാർലെസ്ബിയൻ ആയ സ്ത്രീകളുമായി ഇടപഴകുകയും, അവരെ ലൈംഗികവൃത്തിക്ക് നിർബന്ധിക്കുകയും, ലെസ്ബിയനുകൾ നിരസിക്കുമ്പോൾ അവരെ ട്രാൻസ്ഫോബിക് എന്നുവിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്നതായും പരാതികൾ ഉയർന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു. അതിനെതിരെ യു.കെ പോലുള്ള രാജ്യങ്ങളിൽ പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്[ii].ജയിലുകളിൽ ട്രാൻസ് വുമൺ ആണെന്നു വാദിക്കുന്ന ആണുങ്ങൾ സ്ത്രീകളെ ലൈംഗികചൂഷണത്തിന് വിധേയരാക്കുകയും ചെയ്യുകയും, എതിർത്തു സംസാരിച്ചാൽ ട്രാൻസ്ഫോബിയ ആരോപിക്കുകയും ചെയ്യുന്നുവെന്ന റിപ്പോർട്ട് കാനഡയിൽ നിന്നുള്ള ജയിൽ അന്തേവാസികൾ ആരോപിച്ചിരുന്നു[iii].

സ്പോർട്സ് രംഗത്തും ട്രാൻസ്ജെൻഡർ ആക്ടിവിസം വലിയ ശല്യമായിട്ടുണ്ട്. ശാരീരികമായും ലൈംഗികതയുടെ കാര്യത്തിലും ലക്ഷണമൊത്ത പുരുഷന്മാർ തങ്ങൾ മാനസികമായി സ്ത്രീയാണെന്ന് പറയുകയും സ്ത്രീകളുടെ സ്പോർട്സ് ഇനങ്ങളിൽ മത്സരിക്കുകയും സ്ത്രീകൾ നേടിയ ലോകറെക്കോർഡുകൾ തകർക്കുകയും ചെയ്യുന്നത് പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇടക്കിടെ വാർത്തകളിൽ ഇടം നേടാറുണ്ട്.“ട്രാൻസ്ജെൻഡർആക്ടിവിസംസ്ത്രീകളുടെ സ്പോർട്സിനെ ഒരു പ്രഹസനമാക്കിക്കളഞ്ഞിരിക്കുന്നു” എന്ന്ഏതാനും ദിവസങ്ങൾക്കു മുമ്പ് കനേഡിയൻ സെക്സോളജിസ്റ്റും ന്യൂറോശാസ്ത്രജ്ഞയും കോളമിസ്റ്റുമായ ഡെബ്റാ സോ റിപ്പോർട്ട് ചെയ്തിരുന്നു. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ  ലിയ തോമസ് എന്ന നീന്തൽക്കാരൻ ട്രാൻസ് വുമണായി മാറുകയും സ്ത്രീകളുടെ നീന്തൽ മത്സരത്തിൽ പങ്കെടുത്തുകൊണ്ട് അവരുടെ രണ്ട് ദേശീയ റെക്കോർഡുകൾ തകർക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആണും പെണ്ണും തമ്മിൽ, കരുത്തിലും ഹൃദയം ശ്വാസകോശം തുടങ്ങിയ ചില അവയവങ്ങളിലും മറ്റു പലകാര്യങ്ങളിലും പ്രകടമായിത്തന്നെ വ്യത്യാസങ്ങൾ നിലനിൽക്കുന്നുവെന്നും സർജറി ചെയ്തോ ഹോർമോൺ കുത്തിവെച്ച് കൊണ്ടോ ആണിനു പെണ്ണാവാൻ കഴില്ലെന്നും ഇത്തരം വ്യത്യാസങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അവർ പരാതിപ്പെടുന്നു[iv].

കൌമാരക്കാർക്ക് പുറമെ ഏതെങ്കിലും ലിംഗത്തിനു  അടിസ്ഥാനമാക്കി ഒരു പാടു കാലം ജീവിക്കുകയും പിന്നീട് തൻറെ ലിംഗത്വത്തിൽ ആശയക്കുഴപ്പമുണ്ടാവുകയും ചെയ്യുന്നതരത്തിലേക്ക് പക്വതയുള്ള ആളുകളെയും ആക്ടിവിസ്റ്റുകൾ തള്ളിവിടുന്നുണ്ട്.  ഏഴ്മക്കളുടെ പിതാവായ 45 കാരന്‍, ഒരു ദിവസം താന്‍ ആണല്ലെന്നും 6 വയസ്സുള്ള ചെറിയ പെണ്‍കുട്ടിയാണെന്നും വാദിച്ചുകൊണ്ട് ഭാര്യയും മക്കളും  അടങ്ങുന്ന കുടുബത്തെ വിട്ടിറങ്ങുകയും, മുടി നരച്ചു തുടങ്ങിയ അയാൾ, കയ്യിൽ പാവകളും,  തലയില്‍ റിബണും, വായില്‍ നിപ്പിളുമായി ഇരിക്കുകയും ചെയ്യുന്ന വാർത്ത മുമ്പ് ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു[v] . ഉദാരവാദികൾ ചെയ്യുന്ന പോലെ, കേവലം വ്യക്തി സ്വാതന്ത്ര്യത്തിൻറെ പേരിൽ ഇത്തരം ചിന്തകളെ ന്യായീകരിക്കാനും സ്വാഭാവികമായി കാണാനും കഴിയില്ല.

ശാസ്ത്രീയമായ മാനദണ്ഡങ്ങളുപയോഗിക്കാതെ മനസ്സിലെ തോന്നലുകളനുസരിച്ച് ഒരാളുടെ സ്വത്വത്തെ തീരുമാനിക്കാം എന്ന വാദം ഇനിയും മാരകമായ പ്രതിഫലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. “ഞാനെന്നെ നായയായി തിരിച്ചറിയുന്നു” എന്ന് വാദിക്കുന്ന മനുഷ്യർ ഇന്ന് ലോകത്തുള്ളത് ഈ സ്വയം നിർണയിക്കൽ രാഷ്ട്രീയത്തിൻറെ ഫലമാണ്. നായയുടെ രൂപത്തോട് സദൃശമായ മാസ്കും തൊപ്പിയുമണിഞ്ഞ് നാലു കാലിൽ നടക്കുന്ന യു.എസിലെ ലോസ് ആഞ്ചലസിലുള്ള ടോണി മക്ഗിൻ എന്നൊരാളെക്കുറിച്ചുള്ള വാർത്ത 2018 ൽ യു.കെയിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടോണി ബാർക്ക് എന്ന പേര് സ്വീകരിച്ച അയാൾ തെരുവിലൂടെ നാലുകാലിൽ നടക്കുന്ന വീഡിയോയും മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ട്രാൻസ്ജെൻഡറായ പുരുഷൻ തന്നെ നായയായി മനസ്സിലാക്കുന്നു എന്നതായിരുന്നു വാർത്തയുടെ തലക്കെട്ട്[vi].ഇത്തരം വാർത്തകളെ വ്യക്തി സ്വാതന്ത്ര്യത്തിൻറെയും മനുഷ്യാവകാശത്തിൻറെയും ഉന്നതമായ പ്രഘോഷണങ്ങളായിട്ടാണ് ലിബറൽ സമൂഹം കാണുന്നത് എന്നതാണ് ഏറ്റവും വലിയ പ്രശ്നം.

“ഞാൻ യഥാർഥത്തിൽ വാക്സിൻ എടുത്തിട്ടില്ല, എങ്കിലും മാനസികമായി ഞാനെന്നെ വാക്സിൻ എടുത്തയാളായിട്ടാണ് കാണുന്നത്” എന്ന് പറയുന്നത് പോലെയാണ് ഉദാരവാദത്തിൻറെ മറവിൽ ഒളിച്ചുകടത്തപ്പെടുന്ന ഇത്തരം സ്വയം നിർണയാവാകാശവാദങ്ങൾ. ഒരാൾ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് അയാളെ ശാരീരികമായി പരിശോധിക്കുകയോ വാക്സിൻ എടുത്തവരുടെ റെജിസ്ട്രേഷൻ, നൽകിയ ഉദ്യോഗസ്ഥൻറെ സാക്ഷ്യപത്രം തുടങ്ങിയ സ്പഷ്ടമായ ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെളിയേണ്ട കാര്യമാണ്. അല്ലാതെ ഒരാൾ എനിക്ക് അങ്ങനെയാണ് തോന്നുന്നത് അത് പറയാനുള്ള അവകാശമെനിക്കുണ്ട് എന്നു വാദിക്കുന്നുണ്ടെങ്കിൽ അയാളെ നിയമപരമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. ഇതേ യുക്തിയാണ് ഓരോ വ്യക്തിക്കും തൻറെ ജെൻഡർ സ്വയം തീരുമാനിക്കാം എന്ന വാദത്തിലുമുള്ളത്.

ട്രാൻസുകൾ അനുഭവിക്കുന്ന ജെൻഡർ ഡിസ്ഫോറിയരക്ക് സൂക്ഷ്മമായ പല വേർതിരിവുകളും ഉണ്ടെങ്കിലും, മനസ്സിലാക്കാനുള്ള സൌകര്യത്തിനുവേണ്ടിഗവേഷകർ മൂന്ന് വിധമാക്കി തിരിച്ചിട്ടുണ്ട്.

  1. കുട്ടികളിൽ കാണപ്പെടുന്ന എതിർ ലിംഗത്തോടുള്ള ആഭിമുഖ്യമാണ് ഒന്ന്. ഇത് childhood-onset gender dysphoria എന്ന് അറിയപ്പെടുന്നു. ആൺകുട്ടികൾക്ക് സാധാരണ അവർക്കു  അനുയോജ്യമായ കളിപ്പാട്ടങ്ങളോടും വസ്ത്രങ്ങളോടും അകൽച്ച തോന്നുകയും പെൺകുട്ടികൾക്ക് അവരുടെ കളിപ്പാട്ടവും ഉടുപ്പും ഇഷ്ടപ്പെടമാവാതിരിക്കുകയും പോലെയുള്ള അവസ്ഥകൾ ഇതിൽപ്പെട്ടതാണ്.
  2. ഒരാണിന് താൻ പെണ്ണാണെന്ന് സങ്കൽപ്പിക്കുമ്പോഴോ പെണ്ണിനെപ്പോലെ വസ്ത്രം ധരിക്കുമ്പോഴോ ലൈംഗികാനന്ദമോ ഉദ്ധാരണമോ ഉണ്ടാവുന്ന അവസ്ഥയാണ് രണ്ടാമത്തേത്. ഇതിന് autogynephilic gender dysphoria എന്നു പറയുന്നു. ഇതു രണ്ടും കാര്യമായ പരിഗണനയും ശ്രദ്ധയും ചികിത്സയും ആവശ്യമുള്ള മാനസികാവസ്ഥകളാണ്.
  3. മൂന്നാമത്തെ ഇനമാണ് റാപിഡ് ഓൺസെറ്റ് ജെൻഡർ ഡിസ്ഫോറിയ (ROGD). ഇത് ഈയടുത്ത കാലത്തുണ്ടായ പ്രതിഭാസമാണ്. കൌമാരക്കാരായ കുട്ടികൾക്ക് അവരുടെ ജെൻഡർ സംബന്ധമായ തെറ്റായ വിവരണങ്ങൾ നൽകപ്പെടുകയും താൻ എതിർലിംഗമാണോ എന്ന് ഓരോ കുട്ടിയും ചിന്തിക്കുന്ന അവസരത്തിലേക്ക് എത്തിക്കുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഇത്തരം പ്രചാരണങ്ങളുടെ ഏറ്റവും വലിയ സ്രോതസ്സുകളിലൊന്ന് സോഷ്യൽ മീഡിയയും ഇൻറർനെറ്റും ആണെന്ന് ഇതു സംബന്ധമായി പഠനം നടത്തിയ, ജെൻഡർ ഡിസ്ഫോറിയ വിദഗ്ധയായ, ബ്രൌൺ യൂണിവേഴ്സിറ്റിയിലെ ലിസ ലിറ്റ്മാൻ കണ്ടെത്തിയിട്ടുണ്ട്[vii]. രക്ഷിതാക്കളെക്കൂടി അഭിമുഖം ചെയ്തിട്ടാണ് അവർ ഈ നിഗമനത്തിലെത്തിയത്. യാതൊരു ശാരീരിക-മാനസിക പ്രശ്നങ്ങളും ഇല്ലാത്ത പെൺകുട്ടികളെപ്പോലും തങ്ങളുടെ ജെൻഡറിൽ സംശയിക്കുകയും സ്തനങ്ങൾ മുറിച്ചുമാറ്റി പുരുഷനായിക്കളയാം എന്ന് ആലോചിക്കുകയും ചെയ്യുന്ന ചിന്തയിലേക്ക് മാറുന്ന പ്രതിഭാസം പടിഞ്ഞാറൻ രാജ്യങ്ങളിലുണ്ട്. ഒരു പ്രത്യേക ഫാഷൻ ഭ്രാന്തായി പെൺകുട്ടികൾ അവയെ കൊണ്ടുനടക്കുന്നുണ്ട്.  അവരെ ഇത്തരം ചിന്തയിലേക്ക് നയിക്കുന്നത് സോഷ്യൽ മീഡിയ മാത്രമല്ല, ജെൻഡർ നോൺ കൺഫോമിറ്റി ഫോറങ്ങളും സ്കൂളുകളിലടക്കം സജീവമായ എൽ.ജി.ബി.ടി ക്ളബുകളും, അവയെല്ലാം ഏറ്റുപിടിക്കുന്ന കൂട്ടൂകാരികളുമെല്ലാം കൂടി ചേർന്നാണ്. എബിഗെയ്ൽ ശ്രിയർ തയ്യാറാക്കിയ ഇറിവേഴ്സിബ്ൾ ഡാമേജ്എന്ന ബെസ്റ്റ് സെല്ലർ പുസ്തകം ഇതുസംബന്ധമായ വ്യക്തമായ ഉൾക്കാഴ്ച നൽകുന്ന പഠനമാണ്[viii]. 2020 ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ റാപിഡ് ഓൺസെറ്റ് ജെൻഡർ ഡിസ്ഫോറിയയെഒരു മെഡിക്കൽ പ്രശ്നമായിട്ടുപോലും എബിഗെയ്ൽ കാണുന്നില്ല. മറിച്ച് ഒരു സാമൂഹിക പകർച്ചവ്യാധിയോ(social contagion) ഫാഷൻ ഭ്രാന്തോ ഒക്കെയായിട്ടാണ്. സൌന്ദര്യവുമായി ബന്ധപ്പെട്ട അമിതമായ ഉത്കണ്ഠകൾ മൂലം വിഷാദത്തിലേക്ക് പോവുകയും, തടികൂടുമോ എന്ന ഭയം മൂലം ആരോഗ്യം തകർക്കുന്ന തരത്തിൽ ആഹാരനിയന്ത്രണം(anorexia) നടത്തുകയുമെല്ലാം ചെയ്യുന്ന വെളുത്തവർഗക്കാരികളായ പെൺകുട്ടികളിലാണ് ട്രാൻസ്ജെൻഡറിൻറെ തീർത്തും ശാസ്ത്രീയ പിന്തുണയില്ലാത്ത ഈ വകഭേദം കൂടുതൽ കണ്ടുവരുന്നതെന്ന് അവർ നിരീക്ഷിക്കുന്നു.
Also Read:എൽ.ജി.ബി.ടി ആക്ടിവിസം: ട്രാന്‍സ്ജൻഡറുകളുടെ പ്രശ്നങ്ങളറിയാൻ ആർക്കാണ് നേരം? (ഭാഗം-ഒന്ന്)

ചുരുക്കത്തിൽ,ശാരീരികമായി പൂർണ ആരോഗ്യമുള്ള ആണുങ്ങൾക്ക് താൻ പെണ്ണാണ് എന്ന കൺഫ്യൂഷനുണ്ടാവുന്നു. ശാരീരികമായി സമ്പൂർണമായും പെണ്ണായവർക്ക് സ്വയം ആണാണെന്ന കൺഫ്യൂഷൻ ഉണ്ടാവുന്നു. യഥാർഥത്തിൽ കൺഫ്യൂഷൻ ഉണ്ടാവുകയല്ല, എൽ.ജി.ബി.ടി ആക്ടിവിസ്റ്റുകളുടെ ചില ലോബികകൾ അങ്ങനെയൊരു ആശയക്കുഴപ്പം (Gender Confusion)ഉണ്ടാക്കുകയാണ്. ഇതിൻറെ സ്വാധീനത്തിൽ പെട്ടുപോകുന്നയാളുകൾ പിന്നീട്    ആണിന്റെയോ പെണ്ണിന്റെയോ ശാരീരികഘടനയും അവയവങ്ങളുമെല്ലാം ഉണ്ടാവുമ്പോഴും മനസ്സിൽ താന്‍ എതിര്‍ലിംഗക്കാരനാണ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയും അതിനനുസരിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നവരായി മാറുന്നു. തദ്ഫലമായി ജെൻഡർ ഡിസ്ഫോറിയയുടെ മൂന്നാമത്തെ ഇനമായ ROGD  ഇവരെ പിടികൂടുന്നു.എൽ.ജി.ബിടി ആക്ടിവിസ്റ്റുകൾ വ്യക്തിസ്വാതന്ത്ര്യത്തിൻറെയും ഉദാരവാദത്തിൻറെയും പേരിൽ എന്തുമാവാമെന്ന് ചിന്തിപ്പിക്കുന്ന സാമൂഹികാന്തരീക്ഷമാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളതെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം. 18 വയസ്സാകുന്നതുവരെ ഒരാൾ ആണാണോ പെണ്ണാണോ എന്ന്തീരുമാനിക്കേണ്ടതില്ല, അയാൾക്ക് പക്വത വരുമ്പോൾ അയാൾ തീരുമാനിക്കട്ടെ എന്ന ഗുരുതരമായ വാദമാണ് ഇതിനായി ചില ഉദാരവാദികൾ ഉപയോഗിക്കുന്നത്. പൊതുവെ ലിബറൽ സെക്കുലർ ബുദ്ധിജീവി പരിവേഷമള്ളവരും ഇടതുപുരോഗമനചിന്തയുടെ വാക്താക്കളും പുരോഗമന ടാഗ് നഷ്ടപ്പെടാതിരിക്കാൻ ഇതേറ്റു പാടുന്നുണ്ടെങ്കിലും അവരിൽ പലർക്കും ഇതുണ്ടാക്കുന്ന മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയില്ല എന്നാണ് മനസ്സിലാകുന്നത്.

 

ലിംഗമാറ്റശസ്ത്രക്രിയയും ആക്ടിവിസ്റ്റുകളും

എൽ.ജി.ബി.ടി ആക്ടിവിസ്റ്റുകൾ ഉയർത്തുന്ന രണ്ടാമത്തെ പ്രശ്നംജെൻഡർ ഡിസ്ഫോറിയ ബാധിച്ച ആളുകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ്. ഇത്തരക്കാരുടെ പ്രശ്നങ്ങളെ രാഷ്ട്രീയമായല്ല സമീപിക്കേണ്ടത്, വൈദ്യശാസ്ത്രപരമായോ മനശാസ്ത്രപരമായോ ആണ്. ഇവരുടെ കാര്യത്തിൽ രണ്ട്പരിഹാരങ്ങളാണ്പൊതുവെ നിർദ്ദേശിക്കപ്പെടുന്നത്. ഒന്നുകില്‍, കൌണ്‍സിലിംഗ്, മെന്റല്‍ തെറാപ്പി തുടങ്ങിയ ചികില്‍സാ രീതികളിലൂടെ ശരീരത്തിന് അനുസരിച്ച് മനസ്സിനെ മാറ്റിയെടുക്കുക. അല്ലെങ്കില്‍, മനസ്സിന്അനുസൃതമായി, സര്‍ജറിയിലൂടെ ആവശ്യമായ അവയങ്ങള്‍ വെച്ച്പിടിപ്പിച്ച് ശരീരത്തെ മാറ്റിയെടുക്കുക.

ഇതില്‍ രണ്ടാമത്തെ രീതിയിലേക്ക് വൈദ്യശാസ്ത്രം ഇന്നും എത്തിയിട്ടില്ല. ശാരീരികമായി പുരുഷനായ ഒരാള്‍ക്ക്, അയാളുടെ നിലവിലെ ലൈംഗിക അവയവം ഒഴിവാക്കി പകരം സ്ത്രീയുടെ ലൈംഗിക അവയവം വെച്ച് കൊടുക്കുകയും അത് സാധാരണ പോലെ പ്രവര്‍ത്തന ക്ഷമമാവുകയും ചെയ്യുക എന്നത് ഇന്നു വരെ സാധ്യമായിട്ടില്ല. മനുഷ്യൻറെ ശരീരശാസ്ത്ര പ്രകാരം അങ്ങനെയൊരു മാറ്റം അസാധ്യവുമാണ്. മാത്രവുമല്ല, അത്തരത്തില്‍ സര്‍ജറികള്‍ നടത്തി രൂപത്തിലെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് കൊണ്ട്, ഭാവിയില്‍ വലിയ ശാരീരിക-മാനസിക പ്രയാസങ്ങളുണ്ടാവുന്നു എന്നത്നിരവധി പേരുടെ അനുഭവങ്ങള്‍ വെച്ച് വൈദ്യശാസ്ത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലോകത്തിൻറെ നാനാഭാഗങ്ങളിൽ സർജറിക്കു വിധേയരായ 100 ട്രാൻസ്ജെൻഡറുകളുടെ ജീവിതാവസ്ഥകൾ വിശകലനം ചെയ്തുകൊണ്ട് ബർമിങ്ഹാം യൂണിവേഴ്സിറ്റിയിലെ ഗവേഷണകേന്ദ്രം (Aggressive Research Intelligence Facility, ARIF) പുറത്തുവിട്ട കണക്കുപ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയകൊണ്ട് പരിഗണനീയമായ ഫലങ്ങൾ ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്[ix]. ഉപദ്രവങ്ങളുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെയാണെങ്കിൽ ഇന്ന് ലോകത്ത് നടക്കുന്ന മെഡിക്കൽ രംഗത്തെ ഏറ്റവു ദയാരഹിതമായ ചൂഷണങ്ങളിലൊന്ന് ലിംഗമാറ്റ ശസ്ത്രക്രിയയായിരിക്കും. കേരളത്തിലും ഇത്തരം ശസ്ത്രക്രിയാ ചൂഷണങ്ങൾ അരങ്ങേറുകയും ചികിത്സാപിഴവെന്ന പേരിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുക വഴി അതിൻറെ ഗൌരവം നഷ്ട്പെടുകയും, ഒരു തവണ ശസ്ത്രക്രിയ ചെയ്തവർക്ക് തന്നെ ആഴ്ചയിൽ മൂന്നും നാലും തവണ പരിഹാര ശസ്ത്രക്രിയ എന്ന പേരിൽ വീണ്ടും വീണ്ടും ചൂഷണങ്ങൾക്ക് വിധേയമാവുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

 ശരീരത്തിനനുസരിച്ച് മനസ്സു മാറ്റാൻ നോക്കാതെ മനസ്സിനനുസരിച്ച് ശരീരം മാറ്റാൻ വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയരായ നിരവധിപേർ അതൊരു പരിഹാരമല്ലെന്നും കൂടുതൽ ദുരിതങ്ങളിലേക്കുള്ള വാതിലാണെന്നും മനസ്സിലാക്കി ഖേദിക്കുകയും ജീവിതത്തോട് പ്രതീക്ഷ നഷ്ട്പ്പെടുകയും സർജറിക്ക് മുമ്പുള്ള അവസ്ഥയിലേക്കു തന്നെ മാറണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരെ സമീപിക്കുകയും ചെയ്യുന്ന പ്രതിഭാസവും (Trans regret) വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. സർജറിക്ക് വിധേയമായവർക്കിടയിലുള്ള ആത്മഹത്യാ പ്രവണതയുടെ നിരക്കും ഭയാനകമാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്. കേരളത്തിൽ ഏതാനും മാസങ്ങൾക്കു മുമ്പ് ആത്മഹത്യ ചെയ്ത ട്രാൻസ് വുമൺ അനന്യ അതിൻറെ ഏറ്റവും സമീപസ്ഥമായ ഉദാഹരണമാണ്. നൂറുകണക്കിന് അനന്യമാർ നമുക്കു ചുറ്റുമുണ്ടാവാം. കുറഞ്ഞ കേസുകൾ മാത്രമേ മാധ്യമങ്ങൾക്കു ലഭിക്കുന്നുള്ളൂ എന്നുമാത്രം.

ട്രാൻസ്ജെൻഡർ രാഷ്ട്രീയം തികച്ചും അശാസ്ത്രീയമായ കാര്യങ്ങളാണ് തിരുകിക്കയറ്റാൻ ശ്രമിക്കുന്നതെന്നും 18 വയസ്സിനുമുമ്പ് തന്നെ കുട്ടികൾക്ക് അവരുടെ ജെൻഡർ പ്രഖ്യാപിക്കാൻ അവസരം നൽകുന്നതിലൂടെ നിഷ്കളങ്കരായ കുട്ടികളുടെ ജീവിതത്തിലേക്ക് ജെൻഡർ രാഷ്ട്രീയം ഇരച്ചുകയറുന്നത് ആശങ്കാജനകമാണെന്നും അമേരിക്കയിലെ ശിശുവിദ്ഗധരുടെ സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്[x].1983 ൽലിംഗമാറ്റശസ്ത്രക്രിയ ചെയ്ത് എട്ടുവർഷം ട്രാൻസ്ജെൻഡർ സ്ത്രീയായി ജീവിക്കുകയും വേദനാജനകമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ 1991 ൽ തിരിച്ച് പഴയ ലിംഗത്വത്തിലേക്ക് തന്നെ തിരിച്ചുവരികയും(detransition) ചെയ്ത വാൾട്ട് ഹെയർ എന്ന അമേരിക്കൻ എഴുത്തുകാരൻറെ ജീവിതം സർജറിയുടെ ദുരിതങ്ങൾ മനസ്സിലാക്കാനും സർജറിയിലേക്ക്  എടുത്തുചാടി പ്രയാസപ്പെടുന്നവർക്ക് രക്ഷപ്പെടാനും സഹായകമാണ്.http://sexchangeregret.com/ എന്ന വെബ്സൈറ്റിൽ വാൾട്ട് ഹെയൻ തൻറെ അനുഭവങ്ങള്‍ വിശദമായി നൽകിയിട്ടുണ്ട് [xi].

ശരീരം കൊണ്ട് പുരുഷനായ ഒരാളെ സർജറിയിലൂടെ മനസ്സിനനുസരിച്ച് മാറ്റൽ സാധ്യമാണെന്ന് പറയുന്നവരും സർജറിയെ ഒരേയൊരു പരിഹാരമായി കാണുന്നവരും സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികമായ വ്യത്യാസമെന്ന ശാസ്ത്രീയ യാഥാർഥ്യത്തെ നിരാകരിക്കുകയാണ്. സ്ത്രീയും പുരുഷനും എന്ന ദ്വന്ദം കേവലം സാമൂഹികനിർമിതിയാണെന്നും, ഒരാളുടെ മനോനിലക്കനുസരിച്ച് അയാൾക്ക് വ്യത്യസ്തമായ ജെൻഡറുകളിലേക്കും തിരിച്ചും മാറിക്കൊണ്ടിരിക്കാമെന്നുമുള്ള ജെൻഡർ ഫ്ളൂയിഡിറ്റി എന്നറിയപ്പെടുന്ന വാദമാണ് ഇതിൻറെ അടിത്തറ. എന്നാൽ പ്രശസ്ത ന്യൂറോസയൻറിസ്റ്റും സെക്സോളജിസ്റ്റുമായ ഡെബ്റാ സോ ഈ വാദത്തെ സുദൃഢവും സമ്പന്നവുമായ ഗവേഷണം അടിസ്ഥാനപ്പെടുത്തി ദ എൻഡ് ഓഫ് ജെൻഡർ എന്ന തൻറെ പ്രശസ്തമായ പുസ്തകത്തിലൂടെ പൊളിച്ചുകളഞ്ഞിട്ടുണ്ട്[xii].

സാധാരണഗതിയിൽ ശരീരത്തിൻറെ ഒരു ഭാഗത്തോട് വെറുപ്പ് തോന്നുകയും അത് മുറിച്ചുകളയാൻ ആവശ്യപ്പെടുകയും ചെയ്യുന്നവരെ വൈദ്യശാസ്ത്രം കാണുന്നത് Amputee Identity Disorder അല്ലെങ്കിൽ ബോഡി ഇൻറഗ്രിറ്റി ഐഡൻറിറ്റി ഡിസോഡർ ബാധിച്ചവരായിട്ടാണ്. അവരുടെ അവസ്ഥയെ രോഗമായി മനസ്സിലാക്കുകയും അതിനെ ചികിത്സിക്കുകയും ചെയ്യുന്ന സാഹചര്യം ഇന്നു നിലവിലുണ്ട്. എന്നാൽ താൻ ആണാണെന്ന് വാദിച്ചുകൊണ്ട് ഒരു സ്ത്രീ സ്തനങ്ങൾ മുറിച്ചുമാറ്റാൻ ആവശ്യപ്പെടുകയോ, താൻ പെണ്ണാണെന്ന് വാദിക്കുന്ന ഒരു പുരുഷൻ ലിംഗം മുറിച്ചുകളയണമെന്ന് ആവശ്യപ്പെടുകയോ ചെയ്താൽ അതിനെ രോഗാവസ്ഥയായി മനസ്സിലാക്കുന്നത് അവരോടുള്ള മനുഷ്യാവകാശലംഘനമാണെന്നും അവർ അവർക്ക് തോന്നുന്നത് ചെയ്യട്ടെയെന്നും അവരോട് “അഭിനന്ദനങ്ങൾ, താങ്കളൊരു ട്രാൻസ്ജെൻഡറാണ്” എന്ന് പറയുകയും വേണമെന്ന വിചിത്രവാദമാണ് ക്വിയർ ആക്ടിവിസ്റ്റുകൾ മുന്നോട്ടുവെക്കുന്നത്.

മാത്രവുമല്ല, ഇത്തരത്തില്‍ സര്‍ജറിയിലൂടെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തി, ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നവര്‍ തമ്മില്‍ സ്ത്രീക്കും പുരുഷനുമിടയിൽ നടക്കുന്ന സ്വാഭാവിക ലൈംഗിക ബന്ധം നടക്കുന്നില്ലെന്നും സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താനായി ഒരു കുടുംബം പോലെ ജീവിക്കുക മാത്രമാണെന്നും പല ട്രാന്‍സ് ജന്‍ഡേഴ്സുകളും തുറന്ന് പറയാറുണ്ട്. ഇനി, ശസ്ത്രക്രിയയിലൂടെ കേവല അവയവ മാറ്റം സാധ്യമായാല്‍ പോലും, ശരീരത്തിലെ മറ്റു ഘടകങ്ങളെല്ലാം സൃഷ്ടിപ്പിലുള്ളതിനോട് അനുയോജ്യമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതെല്ലാം പുതുതായി മാറ്റി വെച്ച ലിംഗത്തിന് അനുസൃതമായി മാറ്റുക എന്നത് ഒട്ടും പ്രായോഗികവുമല്ല. കാരണം ഓരോ കോശത്തിലും ആൺപെൺ വ്യത്യാസങ്ങൾ ജനിതകമായിത്തന്നെ രേഖപ്പെട്ടു കിടക്കുകയാണ്. സമരം ചെയ്തതുകൊണ്ടോ, ഗവൺമെൻറുകളെ സമ്മർദ്ദത്തിലാക്കി പോളിസീ രൂപീകരണം നടത്തിയതുകൊണ്ടോ, വോട്ടിനിട്ടു ജയിപ്പിച്ചെടുത്തതുകൊണ്ടോ മനുഷ്യൻറെ ജനിതകകോഡുകൾ മാറ്റാൻ കഴിയില്ല.

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ലിംഗം മുറിച്ചുകളഞ്ഞ് യോനിസ്ഥാപിക്കുന്നത് കേവലം സൌന്ദര്യവർധക പ്രക്രിയപോലെയുള്ള നടപടി മാത്രമാണെന്നും,അതൊരിക്കലും ശരീരരത്തിലടങ്ങിയ പ്രകടമായ യാഥാർഥ്യത്തെ മാറ്റിമറിക്കില്ലെന്നും, വെച്ചുകെട്ടുന്ന അവയവങ്ങളെ കേവലം മുറിവായിട്ടാണ് ശരീരം സ്വീകരിക്കുന്നതെന്നും ഇത്തരം ശസ്ത്രക്രിയകൾക്ക് വിധേയമായവർ തന്നെ പറയുന്നത് കാണാം. ആൻഡ്രീ ലോങ് ചൂ എന്ന ട്രാൻസ് വുമൺ 2018 ൽ “My New Vagina Won’t Make Me Happy” എന്ന പേരിൽ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനം ഇവ്വിഷയകമായി ശ്രദ്ധേയമാണ്. വിശുദ്ധഖുർആനിൽ അല്ലാഹുവിൻറെ സൃഷ്ടിപ്പിനെ മാറ്റിമറിക്കുന്നത് സാത്താൻറെ പ്രവർത്തനമാണെന്ന് പരാമർശമുണ്ട്. മനുഷ്യരിൽ ചിലരെ ഞാൻ പിഴപ്പിക്കുക തന്നെചെയ്യുമെന്നും “ഞാൻ ഉത്തരവിടുമ്പോൾ അവർ അല്ലാഹുവിൻറെ സൃഷ്ടിപ്പിൽ മാറ്റം വരുത്തും, തീർച്ച” എന്നും സാത്താൻ അല്ലാഹുവിനോട് പറയുന്ന രംഗമാണിത്.[xiii]

ക്വിയർ ആക്ടിവിസ്റ്റുകൾ ഉയർത്തിവിട്ട മൂന്നാമത്തെ വലിയ പ്രശ്നം ഗവേഷണങ്ങളെ തടസ്സപ്പെടുത്തലാണ്. ട്രാൻസുകളുടെ പ്രശ്നം പരിഹരിക്കുന്നതിൽ തങ്ങൾ നിർദേശിച്ച രാഷ്ട്രീയവത്കൃതമായ മാർഗം അവലംബിക്കാതെ മറ്റു പ്രായോഗികമായ ബദലുകൾ സ്വീകരിക്കാൻ ശ്രമിച്ച ഡോക്ടർമാരെയും ഗവേഷകരെയും അവർ കയ്യേറ്റം ചെയ്യുകയും അവരുടെ ശ്രമങ്ങൾ നിർത്തിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്ജെൻഡറുകളുടെ ആരോഗ്യത്തിനായി പ്രവർത്തിച്ചിരുന്ന വേൾഡ് പ്രഫഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്ജെൻഡർ ഹെൽത്ത് എന്ന സംഘടനയിൽ അംഗവും, നൂറുകണക്കിന് പേരെ ശസ്ത്രക്രിയക്ക് വേണ്ടി സഹായിക്കുകയും ചെയ്ത ഡോ. ജെയിംസ് കാസ്പിയൻറെ അനുഭവം ഇതിൽ എടുത്തുപറയേണ്ടതാണ്. ഒരിക്കൽ ലിംഗം മാറ്റിയവർ പഴയലിംഗത്തിലേക്കു തന്നെ മാറാൻ ശ്രമിച്ചപ്പോൾ അതേക്കുറിച്ച് കൂടുതൽ പഠനം നടത്താൻ വേണ്ടി യു.കെയിലെ ബാത് സ് പാ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം ആരംഭിച്ച പഠനം ക്വിയർ ആക്ടിവിസ്റ്റുകളുടെ സമ്മർദ്ദം മൂലം യൂണിവേഴ്സിറ്റി നിർത്തിവെപ്പിക്കുകയായിരുന്നു[xiv]. ട്രാൻസ്ജെൻഡറുകൾക്കായുള്ള The Beaumont എന്നു പേരുള്ള ട്രസ്റ്റിൻറെയും യു.കെ കൌൺസിൽ ഫോർ സൈക്കോതെറാപ്പിയുടെയും ട്രസ്റ്റി കൂടിയായിരുന്നു ജെയിംസ് കാസ്പിയൻ എന്നത് ശ്രദ്ധേയമാണ്.സ്വവർഗരതിക്കാരെ കൌൺസിലിംഗ് ചെയ്തതിൻറെ പേരിൽ ബ്രിട്ടീഷ് സൈക്കോഡ്രാമ അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ട അയർലൻറുകാരനായ മൈക്ക് ഡേവിഡ്സൺ മറ്റൊരു ഉദാഹരണമാണ്. സ്വവർഗരതിക്കാരെ എതിർലിംഗക്കാരുമായി സംസാരിപ്പിച്ചും, സോഷ്യലൈസേഷന് വിധേയമാക്കിയും അദ്ദേഹം ചികിത്സിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്തതായിരുന്നു അദ്ദേഹം ചെയ്ത തെറ്റ്.[xv] ഇദ്ദേഹത്തിൻറെ അടുത്ത് ചികിത്സക്ക് വരുന്നത് ആക്ടിവിസ്റ്റുകൾ തടഞ്ഞു. പ്രണയത്തെ ചികിത്സിക്കേണ്ട കാര്യമില്ല എന്നതായിരുന്നു അവരുയർത്തിയ മുദ്രാവാക്യം. അമേരിക്കൻ മനശാസ്ത്രവിദഗ്ധനും ടൊറൻറോ യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ കെന്നത്ത് സക്കർ ജെൻഡർ ഡിസ്ഫോറിയയെ ചികിത്സിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിൻറെ ക്ളിനിക്ക് ആക്ടിവിസ്റ്റുകൾ 2015 ൽ പൂട്ടിച്ചു.അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷനിൽ വരെ അംഗമായിരുന്ന അദ്ദേഹത്തിൻറെ ജെൻഡർ ഡിസ്ഫോറിയെ ചികിത്സിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ബി.ബി.സി ഡോക്യുമെൻറി പുറത്തിറക്കിയിട്ടുണ്ട് [xvi].

[i] ഉദാഹരണത്തിന് ഈ പഠനം വായിക്കാം:

https://link.springer.com/article/10.1007/s12147-016-9181-6

[ii]https://www.bbc.com/news/uk-england-57853385

 [iii]https://www.rt.com/news/532803-transgender-abuse-women-canadian-prisons/

 [iv]https://www.washingtonexaminer.com/restoring-america/fairness-justice/transgender-activism-has-made-a-mockery-of-womens-sports

 [v]https://www.independent.co.uk/news/world/americas/stefonknee-wolschtt-transgender-father-leaves-family-in-toronto-to-start-new-life-as-a-sixyearold-girl-a6769051.html

 [vi]https://www.dailymail.co.uk/video/news/video-1781488/Video-Transgender-man-Los-Angeles-identifies-dog.html

 [vii]Lisa Littman, Parent reports of adolescents and young adults perceived to show signs of a rapid onset of gender dysphoria

 [viii]Abigail Shrier, Irreversible Damage: Teenage Girls and the Transgender Craze

 [ix]https://www.theguardian.com/society/2004/jul/30/health.mentalhealth

 [x]https://www.dailysignal.com/2017/07/03/im-pediatrician-transgender-ideology-infiltrated-field-produced-large-scale-child-abuse/

 [xi]തൻറെ ലിംഗമാറ്റജീവിതത്തിൻറെ നാൾവഴികൾ വാൾട്ട് ഹെയർ വിശദീകരിക്കുന്നത് കാണുക: The Journey Back to My True Identity - Walt Heyer & Kathy Grace, https://www.youtube.com/watch?v=U9YExJ7dWn0, accessed 9/1/2022

 [xii]Debra Soh, The End of Gender: Debunking the Myths about Sex and Identity in Our Society

 [xiii]അല്ലാഹുവോട് അവന്‍ പറഞ്ഞിട്ടുണ്ട്: നിന്റെ അടിമകളില്‍ നിന്നു ഒരു നിശ്ചിത വിഭാഗത്തെ തീര്‍ച്ചയായും ഞാന്‍ സ്വന്തമാക്കുന്നതും ദുര്‍മാര്‍ഗത്തിലാക്കുന്നതും വ്യാമോഹിപ്പിക്കുന്നതുമാണ്; ഞാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറും, ഞാന്‍ ഉത്തരവിടുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തും, തീര്‍ച്ച (64) എന്നാല്‍, അല്ലാഹുവിനെ വിട്ട് പിശാചിനെ ആര് സംരക്ഷകനാക്കുന്നുവോ അവന്‍ സ്പഷ്ടമായി പരാജയത്തിൽ ആപതിക്കുക തന്നെ ചെയ്തിരിക്കുന്നു. (4: 118-119).

 [xiv]https://www.bbc.com/news/uk-41384473, September 25, 2017. Accessed, 9/1/2022

 [xv]https://www.irishtimes.com/life-and-style/people/the-irishman-who-claims-to-help-people-with-unwanted-same-sex-attractions-1.3858250

 [xvi]https://www.theguardian.com/society/2017/jan/11/bbc-film-on-child-transgender-issues-worries-activists, accessed 9/1/2022

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter