ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-2
അനോട്ടോളിയൻ വാതിലുകൾ തുറന്ന ആൽപ് അർസലാൻ
ഓരോ ദർവീശും ചരിത്രത്തിന്റെ ഭാഗമായാണ് ഓരോ നാടുകളിലേക്കും സഞ്ചരിക്കുന്നത്. അവൻ അലയുകയാണ്. അവന്റെ യാത്രകൾ തീരുന്നില്ല. അവന്റെ വഴികളിൽ അവൻ ദർശിച്ച യുദ്ധങ്ങൾ, സംഘർഷങ്ങൾ, പള്ളികൾ, കൊട്ടാരങ്ങൾ, നാടുകൾ ഓരോന്നും ഓരോ പ്രതീകങ്ങളെ വ്യക്തമാക്കി തരുന്നുണ്ട്. അവന്റെ ഭാണ്ഡത്തിലെ ഓരോ എഴുത്തുകളും അവൻ അനുഭവിച്ച അനുഭവങ്ങളുടെ സാക്ഷിക്കുറിപ്പുകളാണ്. ഒരു ദർവീഷ് മുസ്ലിം നാടുകളിലൂടെ നടന്ന് തുർക്കികളുടെ ചരിത്രം തേടുകയാണ്. ദർവീഷ് എഴുതുകയാണ് ഓഗുസ് ബൈയുടെ അനന്തരന്മാരെക്കുറിച്ച്.
പോർഷ്യൻ നാടുകളിലൂടെ തന്നെയാണ് ഇപ്പോയും സഞ്ചരിക്കുന്നത്. ഇവിടത്തെ സൽജൂഖികളുടെ കഥ പൂർണമായിട്ടില്ല.1037 ൽ തുഗ്റുൽ ബെഗ് സ്ഥാപിച്ച മധ്യക്കാല തുർക്കിഷ്-പേർഷ്യൻ സുന്നീ മുസ്ലിം സാമ്രാജ്യമായിരുന്നു സൽജൂഖ് സാമ്രാജ്യം.
ഹിന്ദു കുഷ് മുതൽ അനോട്ടോളിയ വരെയും മധ്യേഷ്യ മുതൽ അറേബ്യൻ ഗൾഫ് വരെ വ്യാപിച്ചു കിടക്കുന്ന ഒരു പ്രദേശത്തെ ഇവർ നിയന്ത്രിച്ചു. കിഴക്കൻ ഭാഗങ്ങളിൽ ഭിന്നിപ്പിലായ ഇസ്ലാമിക രാഷ്ട്രീയ രംഗത്തെ ഒന്നിപ്പിക്കുകയും ഒന്നാമത്തെയും രണ്ടാമത്തെയും മുഖ്യ കുരിശുയുദ്ധങ്ങളിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
പല എഴുത്തുകളും ഇറാനിലെ ലൈബ്രറികളിലും ലഭ്യമാണ്. പക്ഷെ, ശിഈയിസം പലതിനെയും മൂടിവെച്ചിരിക്കുന്നു. എങ്കിലും പല കാര്യങ്ങളും ആളുകളുടെ മനസ്സിൽ കൊത്തിവെക്കപ്പെട്ടിട്ടുണ്ട്. പലരുടെയും മഖ്ബറകളും, കൊട്ടാരങ്ങളും, യുദ്ധഭൂമികളും അവിടത്തെ ജനങ്ങളുമാണ് എനിക്ക് ചരിത്ര കഥകൾ പറഞ്ഞു തരുന്നത്...
തെഹ്റാന്റെ അടുത്തുള്ള ഒരു പ്രദേശമാണ് ഞാൻ ഇപ്പോൾ നിൽക്കുന്ന റയ്യ് നഗരം. ഈ നഗരത്തിൽ വന്ന് തല ഉയർത്തി നോക്കുമ്പോൾ ഖലീഫ ഹാറൂൻ റശീദിന്റെയും, ഫഖ്റുദ്ധീൻ റാസിയുടെയും, മുഹമ്മദ് ബിൻ സകരിയ്യാ റാസിയുടെയും, നജ്മുദ്ധീൻ റാസി യുടെയും മറ്റു പണ്ഡിതന്മാരുടെയും അടയാളങ്ങൾ നഗരത്തിന്റെ ഭംഗിയായി നിലനിൽക്കുന്നു. ഇന്ന് ഇവിടെ നിൽക്കുമ്പോൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മറക്കാൻ പറ്റാത്ത ഒരു തുർക്കി നായകനെ സംബന്ധിച്ച് പറയേണ്ടതുണ്ട്.....
ഇന്നും, പണ്ടും, എന്നും യുറോപ്യൻ ഭരണാധികാരികൾക്ക് ഭീഷണിയായി നിന്നവരാണ് തുർക്കികൾ. അതിന്റെ പ്രധാന കാരണം അവർ അനോട്ടോളിയൻ നാടുകളിൽ സ്ഥിരതാമസമാക്കി എന്നതാണ്. അതിനുള്ള പ്രധാന കാരണം മാൻസികേർട്ട് യുദ്ധമാണ്. മലാസികേർട്ട് യുദ്ധമെന്നും പറയാറുണ്ട്. അതിലെ നായകൻ ആൽപ് അർസലാനുമാണ്.
ചഗ്രി ബെഗിന്റെ മകൻ മുഹമ്മദ് ബിൻ ദാവൂദ് എന്ന ആൽപ് അർസലാൻ 1029 ജനുവരി 20നാണ് ജനിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ സുൽത്താൻ തുഗ്രിൽ ബെഗിന്റെ വീര പോരാട്ടങ്ങൾക്ക് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. ആൽപ് അർസലാന്റെ എളാപ്പയായ തുഗ്റുൽ ബെഗിന്റെ മരണ ശേഷം, ക്രി.വ. 1063-ൽ (ഹിജ്റ 454) തുഗ്രിലിന്റെ അനന്തരവൻ ആൽപ് അർസ്‌ലാൻ പേർഷ്യയിലെയും ഇറാഖിലെയും സുൽത്താനായി അവരോധിക്കപ്പെട്ടു. അദ്ദേഹത്തിനെ ലോക കണ്ട സുൽത്താനാക്കുന്നതിൽ വലിയ പങ്ക് വഹിച്ച പണ്ഡിതനാണ് നിസാമുൽ മുൽക്ക് (അബു അലി ഹസൻ ഇബ്നു അലി തുസി). അദ്ദേഹം മുസ്ലിം ലോകം കണ്ട ഏറ്റവും വലിയ നയതന്ത്രരിൽ ഒരാളായി അറിയപ്പെടുകയും ലോക പ്രശസ്ത നിസാമിയ മദ്രസ സ്ഥാപിക്കുകയും, ഇമാം ഗസ്സാലി അതിലെ അധ്യാപകനായി നിയമിക്കുകയും ചെയ്ത് സൽജൂഖികളെ ഭൗതികപരമായും വളർത്തി.
റയ്യ് പട്ടണത്തിന്റെ സൗന്ദര്യം ഞാൻ ആസ്വദിക്കുകയാണ്. ഈ നഗരമാണ് അൽപ് അർസലാന്റെ തലസ്ഥാനം. അദ്ദേഹം ഏഷ്യയുടെ നല്ല ഭാഗത്ത് അധികാരവും ആധിപത്യവും സ്ഥാപിച്ച സമയത്ത് തന്നെ അദ്ദേഹത്തിന് ആയിരത്തി ഇരുന്നൂർ പ്രഭുക്കന്മാരും രണ്ട് ലക്ഷം യോദ്ധക്കളുമുണ്ടായിരുന്നു. അദ്ദേഹം ഇസ്ലാം മത പ്രചാരണാർത്ഥം ഉത്തര ഏഷ്യൻ ഭാഗങ്ങളിലേക്ക് മാർച്ച് നടത്തി. 1064 ൽ ഉത്തര ഏഷ്യൻ രാജ്യങ്ങളായ ജോർജിയ, അർമേനിയ എന്നിവിടങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. എ.ഡി 1068 ൽ ആൽപ് അർസലാൻ റോമ സമ്രാജ്യം അക്രമിച്ചു. ആദ്യ മൂന്ന് ഘട്ടങ്ങളിലും മുന്നോറിയെങ്കിലും, 1070ൽ തുർക്കികൾ പരാജയപ്പെടുകയും യൂഫ്രട്ടീസീന്റെ ഭാഗത്തേക്ക് തിരിയുകയും ചെയ്തു.
Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-1
മാൻസികേർട്ട് യുദ്ധം വിശദീകരിക്കുന്നതിന് മുമ്പ് മുസ്ലിംകൾക്കും യൂറേപ്യർക്കുമിടയിലുള്ള സംഘർഷങ്ങളെ സംബന്ധിച്ച് പറയേണ്ടതുണ്ട്. റോമൻ സാമ്രാജ്യത്തിന് മുസ്ലിംകളുടെ ഭാഗത്ത് ആദ്യമായി വെല്ലുവിളിയായത് ഉമവി ഖിലാഫത്താണ്. റോമൻ സാമ്രാജ്യം കീഴടക്കാൻ ഉമവികൾ ഗൗരവമേറിയ രണ്ട് ശ്രമങ്ങൾ നടത്തി, കോൺസ്റ്റാന്റിനോപ്പിളിനെ എ.ഡി. 674 മുതൽ 678 വരെയും എ.ഡി 717 ലും ഉപരോധിച്ചു. ഭാഗ്യവശാൽ, ബൈസാന്റിയത്തെ സംബന്ധിച്ചിടത്തോളം 750-ൽ ഉമവി ഖിലാഫത്തിന്റെ അബ്ബാസികൾ അട്ടിമറിക്കപ്പെട്ടു എന്നത് വലിയ ആശ്വാസമായിരുന്നു. അബ്ബാസികൾ പതിവ് സൈനികനീക്കങ്ങൾ തിരഞ്ഞെടുത്തു, പക്ഷെ, പ്രതീക്ഷിക്കാത്ത തരത്തിൽ ബൈസന്റൈൻ അനറ്റോലിയയുടെ ഹൃദയത്തിലേക്ക് മുസ്ലിംകൾ തുളച്ചുകയറിയെങ്കിലും എ.ഡി 838-ൽ മധ്യ പടിഞ്ഞാറൻ അനറ്റോലിയയിലെ മുഅതസിമിന്റെ (എ.ഡി 833-842) അക്രമണങ്ങൾ ബൈസന്റ്യൻ സൈന്യം അവസാനിപ്പിച്ചു.
എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടാൻ തുടങ്ങി, അതേസമയം അബ്ബാസി സമ്പദ്‌വ്യവസ്ഥ തകർച്ചയിലായിരുന്നു, മത-രാഷ്ട്രീയ വിഭാഗീയതയാൽ സർക്കാർ സ്തംഭിച്ചു, തത്ത്വചിന്തകർ, മുഅതസിലുകൾ എന്നിവരുമായുള്ള മതവിരുദ്ധതയുടെ സംഘർഷങ്ങൾ വലിയ രീതിയിൽ ഇസ്ലാമിക ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ആക്രമണം നടത്താൻ ബൈസന്റൈൻ സാമ്രാജ്യം അബ്ബാസി അനൈക്യം ഉപയോഗിച്ച് രണ്ട് നൂറ്റാണ്ടുകൾക്കുള്ളിലായി അവർക്ക് നഷ്ടപ്പെട്ട പ്രവിശ്യകളായ ഇല്ലറികം, ഗ്രീസ്, ബൾഗേറിയ, വടക്കൻ സിറിയ, സിലീഷ്യ, അർമേനിയ എന്നിവ വീണ്ടെടുക്കുകയും ചെയ്തു. ബൈസന്റൈൻസ് അവരുടെ പുനരുജ്ജീവനത്തെ ആഘോഷിക്കുന്ന അതേ സമയം, അന്താരാഷ്ട്ര കാര്യങ്ങളിൽ ഒരു പുതിയ കളിക്കാർ രംഗത്തെത്തി - പത്താം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത നാടോടികളായ ഒഗൂസ് തുർക്കികളുടെ കുടുംബമായ സെൽജുക് തുർക്കികൾ......
ഇനി മാൻസികേർട്ട് കഥ തുടങ്ങാം....
ഒരിക്കൽ മുപ്പതിനായിരം സൈന്യകരുമായി ബൈസാന്റിയൻ ചക്രവർത്തി റൊമാനോസ് നാലാമൻ മുസ്ലിം സൈന്യത്തിന്റെ പൃഷ്ഠഭാഗത്തെ അക്രമിക്കാൻ പദ്ധതി മെനയുന്നുണ്ടെന്ന് ആൽപ് അർസലാൻ മനസ്സിലാക്കി. അദ്ദേഹം പതിനയ്യായിരത്തോളം അധികം വരുന്ന യോദ്ധാക്കളുമായി മാർച്ച് നടത്തുകയും, വാൻ എന്ന തടാകത്തിന്റെ വടക്ക് ഭാഗത്തുള്ള മുറാദ് നദിയുടെ സമീപത്തുളള മാൻസികേർട്ടിൽ (തുർക്കിയിലെ കിഴക്കൻ പ്രവിശ്യയായ മസിലെ ആധുനിക മാൻസി കേർട്ട്) എത്തുകയും ചെയ്തു...
1071 ഓഗസ്റ്റ് 26ന്(ഹിജ്റ 463 ദുൽഖഅദ് 20) റൊമാനോസ് തന്റെ സൈന്യത്തെ യുദ്ധത്തിനായി വിന്യസിച്ചു. വെള്ളിയായ്ച്ച ജുമുഅക്ക് ശേഷം ശഹീദാവാൻ തയ്യാറായി വെള്ള വസ്ത്രം ധരിച്ച് മാൻസികേർട്ടിലെ ചൂടിനെ വകവെക്കാതെ ആൽപ് അർസലാൻ സൈനികരോട് പറഞ്ഞു: "ഇസ്ലാമിനെ സേവിക്കുന്നതിൽ നാമെല്ലാം തുല്യരാണ്. ഞാൻ രക്തസാക്ഷിത്വം ആഗ്രഹിക്കുന്നു. ഞാൻ യുദ്ധത്തിൽ മരിക്കുകയാണെങ്കിൽ എന്നെ അവിടെ തന്നെ ഈ വസ്ത്രത്തി ഖബറടക്കുകയും എന്റെ മകൻ മലിക് ഷായുടെ നേതൃത്വത്തിൽ പിന്നീട് ജിഹാദ് തുടരുക."
“നമ്മൾ ഒരു ദുർബല ശക്തിയാണ്. ഒന്നെങ്കിൽ ഞാൻ ലക്ഷ്യം കൈവരിക്കും അല്ലെങ്കിൽ ഞാൻ സ്വർഗത്തിലേക്ക് ഒരു രക്തസാക്ഷിയായി പോകും. ഞാൻ മരിക്കുകയാണെങ്കിൽ, എന്റെ മകനെ അറിയുക"
ഒരു കുന്നിൽ വെച്ചായിരുന്നു ആൽപ് അർസലാൻ യുദ്ധം എങ്ങനെ നടക്കണമെന്ന് സൈന്യത്തോട് ആജ്ഞാപിച്ചത്. അദ്ദേഹം സൈന്യത്തോട് ചന്ദ്രക്കലയുടെ രൂപത്തിൽ ഒരു രേഖ സൃഷ്ടിക്കാൻ നിർദേശിച്ച് ബൈസാന്റിയൻ സൈന്യത്തിന്റെ പാർശ്വഭാഗങ്ങളിൽ കനത്ത അക്രമണങ്ങൾ സൃഷ്ടിക്കാനും സൈന്യത്തിന്റെ പിൻഭാഗത്തെ തകർക്കാനും അദ്ദേഹത്തിന് സാധിച്ചു. എണ്ണത്തിൽ ശക്തരും മനോവീര്യത്തിന്റെ വിഷയത്തിൽ ദുർബലരുമായ ബൈസാന്റിയൻ സൈന്യം സമർപ്പിത തുർക്കികൾക്കു മുന്നിൽ പരാജയപ്പെടുകയും ഒരു സായാഹ്ന സമയത്തോടെ റൊമാനോസ് ചക്രവർത്തിയെ തടവിലാക്കുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായി ഒരു ബൈസാന്റിയൻ ചക്രവർത്തി ഒരു മുസ്ലിം കമാൻഡറുടെ തടവുകാരനായി.
ആൽപ് അർസലാൻ റൊമാനോസിനോട് ചോദിച്ചു: “എന്നെ ഒരു തടവുകാരനായി നിങ്ങളുടെ മുമ്പിൽ കൊണ്ടുവന്നാൽ നിങ്ങൾ എന്തു ചെയ്യും?”
റൊമാനോസ് മറുപടി പറഞ്ഞു: “ഒരുപക്ഷേ ഞാൻ നിങ്ങളെ കൊല്ലുകയോ കോൺസ്റ്റാന്റിനോപ്പിളിലെ തെരുവുകളിൽ പ്രദർശിപ്പിക്കുകയോ ചെയ്യും.”
ആൽപ് അർസ്‌ലാൻ: “എന്റെ ശിക്ഷ വളരെ കഠിനമാണ്. ഞാൻ നിങ്ങളോട് ക്ഷമിക്കുകയും നിങ്ങളെ മോചിപ്പിക്കുകയും ചെയ്യുന്നു.”
ഈ വാക്കുകൾ റൊമാനോസിനെ വല്ലാതെ ഹൃദയത്തിൽ കൊണ്ടു എന്ന് പറയുന്നതിൽ വലിയ അത്ഭുതമില്ല. ഏതൊരു അമുസ്ലിമും ഈ വാക്കുകൾക്ക് മുന്നിൽ കീഴടങ്ങിപ്പോകും എന്നത് ഒരു സത്യമാണ്. ആൽപ് അർസലാൻ അദ്ദേഹത്തോട് വളരെ ഉദാരതയോടെയാണ് ഇടപഴകിയത്. സമാധാനാത്തിന്റെ നിബന്ധനകൾ ചർച്ച ചെയ്യുകയും രാജകീയ സമ്മാനങ്ങൾ നൽകുകയും ബഹുമാനത്തോടെ ടെന്റിൽ താമസിക്കുകയും ചെയ്തു. ചരിത്രത്തിൽ ചിലയിടങ്ങളിൽ മാത്രം കാണുന്ന ഒരു കാഴ്ച്ചയാണിത്. പ്രവാചകൻ ശത്രുകൾക്ക് മാപ്പ് നൽകി മോചദ്രവ്യം ആവശ്യപ്പെടുന്നത് പോലെ പതിനഞ്ച് ലക്ഷം സ്വർണ നാണയം മോചനദ്രവ്യം സമ്മതിച്ച് റൊമാനോസ് മടങ്ങിയെങ്കിലും ബൈസാന്റിയൻ തലസ്ഥാനം അദ്ദേഹത്തെ പുറത്താക്കിയിരുന്നു.
കോൺസ്റ്റാന്റിനോപ്പിളിൽ എത്തിയ റൊമാനോസ് ആൽപ് അർസലാന് എഴുതി:
"ചക്രവർത്തി എന്ന നിലയിൽ മോചനദ്രവ്യം നിങ്ങൾക്ക് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, ഞാനിപ്പോൾ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ ആശ്രയിച്ചാണ് ഇപ്പോൾ ജീവിക്കുന്നത്. എന്നെ കൊണ്ട് കഴിയുന്ന എല്ലാ നന്ദിയും ഞാനയക്കും." അദ്ദേഹത്തിന് മൂന്നു ലക്ഷം നാണയങ്ങളെ അയക്കാൻ സാധിച്ചൊള്ളൂ. ഉദാര മനോഭാവമുള്ള സുൽത്താൻ ആൽപ് അർസലാൻ അദ്ദേഹത്തിന് ബാക്കിയുള്ളതിനും മാപ്പ് നൽകി കാരുണ്യത്തിന്റെ പ്രവാചക മാതൃകയെ അദ്ദേഹം പിന്തുടർന്നു. ഇസ്ലാമിന്റെ നല്ല ബോധനത്തെ മനസ്സിലാക്കി കാെണ്ട് റൊമാനോസ് സ്വദേശത്തേക്ക് മടങ്ങിയ അവസരത്തിൽ, അദ്ദേഹത്തിന്റെ രാജസഭാ അംഗങ്ങൾ അദ്ദേഹത്തിനെ സിംഹാസനഭ്രഷ്ടനാക്കുകയും 1072 ജൂൺ 29ന് ക്രൂരമായി അന്ധനാക്കുകയും പിന്നീട് പ്രട്ടോയിലേക്ക് നാടുകടത്തുകയും മാരകമായ പരിക്കുകളാൽ ആ ചരിത്ര ബൈസാന്റ്യൻ ചക്രവർത്തി മരിക്കുകയും ചെയ്തു.
ലോക ചരിത്രത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ മികച്ച പത്ത് യുദ്ധങ്ങളിൽപ്പെട്ട ഒരു യുദ്ധമാണ് മാൻസികേർട്ട് യുദ്ധം. ഒട്ടോമൻ ഭരണാധിപന്മാർ കിഴക്കൻ യൂറോപ്പ് കീഴടക്കാൻ ഹേതുവായത് ആൽപ് അർസലാൻ മുസ്ലിംകൾക്ക് വേണ്ടി അനാട്ടോളിയ തുറന്നു കൊടുത്തതാണെന്നത് ഒരു യാഥാർത്ഥ്യമാണ്. അങ്ങനെ അദ്ദേഹം കീഴടക്കിയില്ലായിരുന്നുവെങ്കിൽ ജലാലുദ്ദീൻ റൂമിയുടെ കെനിയയോ, എർതുഗ്രുൽ ഗാസിയുടെ സോകുത്തേ, ഉസ്മാൻ ഗാസിയുടെ ബുർസയോ, മുഹമ്മദ് ഫാത്തിഹിന്റെ ഇസ്താംബൂളോ ഇന്ന് ഉണ്ടാവുമായിരുന്നില്ല....
അൽപ് അർസലാൻ എന്ന വാക്കിന്റെ അർത്ഥം "ധീരനായ സിംഹം" എന്നാണ്. ആ ധീരത തന്നെയാണ് ചരിത്രത്തിലെ മാൻസികേർട്ട് യുദ്ധത്തിൽ കാണാൻ കഴിയുക. മർവ് പട്ടണത്തിലാണ് ആൽപ് അർസലാന്റെ ഖബ്റ് സ്ഥിതി ചെയ്യുന്നത്. മർവ് ഇന്ന് ഗുർഭാംഗുലി ബെർമെദോവ് ഏകാധിപതിക്ക് കീഴിൽ പഴയ ഗാംഭീര്യമില്ലാതെ അടിച്ചമർത്തപ്പെട്ടുക്കാെരിക്കുകയാണ്. അൽപ് അർസലാനെ 1072ലെ ബുർസും യുദ്ധത്തിന് ശേഷം യൂസുഫ് എന്ന ഖവാറസ്മി പൗരൻ വിചാരണ ചെയ്യവെ കഠാര കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നവംബർ 25 ന് നാൽപ്പതിനാലാം വയസ്സിലാണ് വഫാത്താകുന്നത്. ഇസ്ലാമിന്റ സിംഹ പുത്രന്റെ പുത്രന്റെ പോരാട്ടങ്ങൾ അവസാനിക്കുന്ന ദിനമായിരുന്നു അന്ന്.
സുൽത്താൻ ആൽപ് അർസ്‌ലാൻ ആരാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയായിരിക്കും, നിങ്ങൾ അദ്ദേഹത്തെ ഒരു മാതൃകയാക്കി മാറ്റി, അദ്ദേഹത്തിന്റെ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുകയും ചെയ്യണം. അല്ലാഹു അദ്ദേഹത്തിന്റെ ഖബ്റ് വിശാലമാക്കട്ടെ, താൻ ഭരിക്കുമ്പോൾ മറ്റുള്ളവരോട് കരുണ കാണിച്ചതുപോലെ അല്ലാഹു അവരോട് കരുണ കാണിക്കട്ടെ... അല്ലാഹു അവരെപ്പോലുള്ള ഒരുത്തനെ ഈ ഉമ്മത്തിലേക്ക് അയക്കട്ടെ. ആമീൻ അമീൻ അമീൻ
ആൽപ് അർസലാന് ശേഷം ഭരണത്തിലേറിയ വ്യക്തിയാണ് അദ്ദേഹത്തിന്റെ പതിനെട്ട് വയസ്സുള്ള മകൻ മലിക് ഷാ. സൽജൂഖികളുടെ സുവർണ കാലഘട്ടമായിരുന്നു ഇത്. ഈ രണ്ട് പേരുടെയും ഇതിഹാസ കാലഘട്ടത്തിൽ ഭൂവിസ്തൃതിക്ക് പുറമെ ഭൗതിക മേഖലയിലും സൽജൂഖികൾ വളരെയധികം വളർന്നു. നിസാമിയ്യ മദ്രസയും അതിന്റെ സ്ഥാപകൻ മന്ത്രി നിസാമുൽ മുൽകുമാണ് അങ്ങനെ വളർത്തുന്നതിൽ ഏറെ പങ്കും വഹിച്ചത്. സൽജൂഖ് സാമ്രാജ്യത്തെ ക്രമപ്പെടുത്തിയ അദ്ദേഹത്തിന്റെ ജീവിത കഥ പറയുക എന്നത് നയതന്ത്ര രഹസ്യ കഥകളിലൂടെയുള്ള ഒരു കടന്നുക്കയറ്റം കൂടിയാണ്.
Leave A Comment