മംഗോളിയരും ബഗ്ദാദും: ഒരു തിരിച്ചു വരവിന്റെ കഥ- ഭാഗം രണ്ട്
ഹൂലാക്കുവിന്റെ മരണ ശേഷം ഭാര്യ ദൂകൂസ് ഖാതുൻ തന്റെ മകനും ഖുറാസാൻ ഭരണാധികാരിയുമായിരുന്ന അബാക്ക ഖാനിനെ രാജാവാക്കാൻ ചരടു വലിച്ചു. ഹൂലാക്കുവിന്റെ പല ക്രൂരതകൾക്കും നേരിട്ട് നേതൃത്വം വഹിച്ച അബാക്ക ഖാൻ തിബിരീസിനെയാണ് തന്റെ തലസ്ഥാനമായി തിരഞ്ഞെടുത്തത്.
തന്റെ മാതാവ് ക്രിസ്ത്യൻ പാരമ്പര്യത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ ക്രിസ്ത്യാനികളോട് പ്രത്യേക പരിഗണന പുലർത്തിയെങ്കിലും മുസ്‍ലിംകളോട് വിശിഷ്യാ അന്ന് ഇറാഖിലും ശാമിലും ഹിജാസിലും ഉണ്ടായിരുന്ന സുന്നികളോട് ശക്തമായ ശത്രുത വെച്ചുപുലർത്തുന്നയാളായിരുന്നു അബാക്കൻ ഖാൻ. തദവസരം, ഇറാനിലെ ശിയാക്കളുമായി നല്ല ബന്ധം അബാക്ക ഖാൻ പുലർത്തി പോരുകയും ചെയ്തു. ഈ കാലത്ത് ഇൽഖാനിയ്യ ഭരണകൂടത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്ന പ്രധാനപ്പെട്ട പല യുദ്ധങ്ങൾ നടന്നു. ഹിജ്റ 650ല്‍, മുസ്‍ലിമായിരുന്ന ബേർഗേ ഖാന്റെയും അദ്ദേഹത്തിന്റെ ദഹബിയ്യ ഗോത്രത്തിനുമെതിരെ നടന്നതാണ് അതിൽ പ്രധാനപ്പെട്ടത്. തുർക്കിസ്ഥാനിലെ മംഗോൾ സംഘത്തിനെതിര നടന്ന ആക്രമണമാണ് മറ്റൊന്ന്. മൂന്നാമത്തേത് ശാമിലെ മംലൂക്കുകൾക്കെതിരെയുള്ള യുദ്ധവും.
ഈ യുദ്ധത്തിൽ മംഗോൾ സൈന്യത്തിന് പരാജയം നേരിടേണ്ടി വന്നു. ഹിജ്റ വർഷം 680 ൽ ഹിംസ് നഗരത്തിൽ വെച്ച് മംലൂക് സുൽത്താൻ ആയിരുന്ന അൽ മംലൂക് അൽമൻസൂർ ഖലാവൂനിന്റെ സൈന്യവും അബാക്ക ഖാന്റെ സൈന്യവും ഏറ്റുമുട്ടുകയും അബാക ഖാൻ പരാജയപ്പെടുകയും ചെയ്തു. പരാജയം മംഗോൾ സൈന്യത്തിന് വലിയ തിരിച്ചടികൾ നൽകിയെങ്കിലും യുദ്ധം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം തന്നെ അബ്ബാക്ക ഖാൻ അമിതമായ മദ്യപാനത്താൽ ബാധിച്ച രോഗം മൂലം മരണപ്പെടുകയാണ് ഉണ്ടായത്.
അബാക്കയുടെ മരണശേഷം മംഗോൾ കുടുംബം പതുക്കെ ബിംബാരാധനയിൽ നിന്ന് ഇസ്‍ലാമിലേക്ക് കടന്നു വന്നുകൊണ്ടിരുന്നു. 681 ൽ അബാക്കളുടെ സഹോദരനും ഹൂലാക്കുവിന്റെ ഏഴാമത്തെ മകനുമായ സുൽത്താൻ അഹമ്മദ് തക്കൂദാർ ഇൽഖാനിയ്യ ഭരണം ഏറ്റെടുത്തു. ചെറുപ്പത്തിൽ ക്രിസ്ത്യാനിയായിരുന്ന അഹമ്മദ് മുസ്‍ലിംകളുമായുള്ള നിരന്തര സമ്പർക്കക്കത്തിലൂടെ ഇസ്‍ലാമിനെക്കുറിച്ചറിയുകയും ഇസ്‍ലാം സ്വീകരിക്കുകയുമായിരുന്നു. ഇസ്‍ലാമിക ചരിത്രത്തിലെയും മംഗോൾ ചരിത്രത്തിലെയും ഒരു വഴിത്തിരിവായിരുന്നു അഹ്മദിന്റെ ഭരണം. മംഗോൾ കുടുംബത്തിൽ നിന്ന് ആദ്യമായി ഇസ്‍ലാം സ്വീകരിച്ച വ്യക്തിയായി പരിഗണിക്കപ്പെടുന്നതും സുൽത്താൻ അഹ്മദ് തക്കൂദാർ തന്നെയാണ്. അദ്ദേഹം ബഗ്ദാദിലും ഈജിപ്തിലുമുള്ള പണ്ഡിതരെ തന്റെ നാട്ടിലേക്ക് ക്ഷണിച്ചു. ഇസ്‍ലാം വ്യാപിപ്പിക്കുന്നതിൽ വ്യാപൃതനായ അഹ്മദ് തന്റെ മുൻഗാമികൾ തച്ചുടച്ച ഇസ്‍ലാമിക പൈതൃകങ്ങളെ മടക്കി കൊണ്ടുവരാൻ കഠിന പരിശ്രമങ്ങൾ നടത്തി. നിരവധി മദ്രസകളും പള്ളികളും പുനർനിർമ്മിക്കപ്പെട്ടു.
അഹമ്മദിന്റെ സമത്വ സുന്ദരമായ ഭരണം അധികം നീണ്ടുനിന്നില്ല. മുസ്‍ലിമാണെന്നതിനാൽ തന്നെ അദ്ദേഹത്തോട് ശത്രുത വെച്ചുപുലർത്തിയ സഹോദര പുത്രൻ ആർഗൂൻ ബിൻ അബാക്ക ഖാൻ ഹിജ്റ 683 ൽ അദ്ദേഹത്തെ വധിക്കുകയും ഭരണമേറ്റെടുക്കുകയും ചെയ്തു. ഹിജ്റ 690 മരിക്കുന്നതുവരെ ആർഗൂൻ മുസ്‍ലിം രക്തപ്പുഴകൾ തന്നെ സൃഷ്ടിച്ചു. അദ്ദേഹത്തിനു ശേഷവും 695 വരെ ഭരിച്ചവരെല്ലാം മുസ്‍ലിംകളോട് കഠിനശത്രുത വെച്ചുപുലർത്തിയിരുന്ന ക്രൂരന്മാർ തന്നെയായിരുന്നു.
ഹിജ്റ 694 ൽ ഇസ്‌ലാം സ്വീകരിക്കുകയും 695 ൽ ഭരണം ഏറ്റെടുക്കയും ചെയ്ത മഹ്മൂദ് ഗാസൻ ആണ് മംഗോൾ-മുസ്‌ലിംചരിത്രത്തിൽ പിന്നീട് വഴിത്തിരിവുണ്ടാക്കുന്നത്. എങ്കിലും ശാമിലെയും മിസ്റിലെയും ഇറാഖിലെയും മുസ്‍ലിംകളുമായി അദ്ദേഹം കഠിന ശത്രുത വെച്ചു പുലർത്തിയിരുന്നു. ഹിജ്റ 700ല്‍ അദ്ദേഹം ശാമിലേക്ക് കടക്കാൻ പദ്ധതിയിട്ട സമയത്ത് അതിനെ തടയാൻ അന്നത്തെ മുസ്‍ലിം നേതാക്കൾ തീരുമാനമെടുത്തു. മംഗോൾ മുസ്‍ലിം സൈന്യത്തിനെതിരെ വാളെടുക്കാൻ അന്നത്തെ പണ്ഡിതനായിരുന്ന ഇബ്നു തൈമിയ, ഇബ്നു കസീർ തുടങ്ങിയവര്‍ ഫത്‍വകൾ നല്കിയിരുന്നു. എങ്കിലും 703 ൽ ഗാസൻ മരിക്കുന്നതോടുകൂടി ഈ പദ്ധതി ഇല്ലാതായി.
അദ്ദേഹത്തിനു ശേഷം സഹോദരൻ ഊൽജിയാത് ഭരണമേറ്റെടുക്കുകയും സ്വന്തം പേര് മുഹമ്മദ് ഖുദാബന്ദ എന്നാക്കി മാറ്റുകയും ചെയ്തു. ചെറുപ്പത്തിൽ ക്രിസ്ത്യാനിയായി വളർന്ന അദ്ദേഹം പിന്നീട് ഇസ്‍ലാം സ്വീകരിക്കുകയും ശിയ വിഭാഗമായ റാഫിളയുടെ അനുയായിയാവുകയും ചെയ്തു. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അണികളോട് കഠിനശത്രുത വെച്ച് പുലർത്തിയ മുഹമ്മദ് ഖുദാബന്ദ ഹിജ്റ 716 ൽ മക്കയെ ആക്രമിക്കാൻ വരെ തീരുമാനിച്ചിരുന്നുവെങ്കിലും ആ ദുരാഗ്രഹം സഫലീകൃതമാകുന്നതിനു മുമ്പ് തന്നെ അദ്ദേഹം മരണപ്പെട്ടു.
Read More: മംഗോളിയരും ബഗ്ദാദും: ഒരു തിരിച്ചു വരവിന്റെ കഥ – ഭാഗം ഒന്ന്
ഖുദാബന്ദയുട ശേഷം ഹിജ്റ 716ല്‍ മകൻ അബുസഈദ് ഇൽഖാനിയ്യ ഭരണം ഏറ്റെടുത്തു. ഭരണകൂടത്തിന്റെ ശക്തനായ അവസാനത്തെ നേതാവായി അറിയപ്പെടുന്ന അബുസഈദ് ഭരണമേറ്റെടുക്കുമ്പോൾ വെറും 13 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് പൊട്ടി പുറപ്പെട്ട ആഭ്യന്തര കലാപങ്ങളെ അദ്ദേഹം തന്റെ സൈനിക നേതാവായിരുന്ന അമീർ ജൂബാന്റെ സഹായത്തോടുകൂടി ഇല്ലാതാക്കി. അറിവിനെയും ഗ്രന്ഥങ്ങളെയും അഗാധമായി സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വിജ്ഞാനവും സാഹിത്യവും വ്യാപകമാകാൻ തുടങ്ങി. തന്റെ പിതാവ് ഇറാനിൽ അടിച്ചേൽപ്പിച്ചിരുന്ന റാഫിളിയ്യ വിശ്വാസത്തെ അദ്ദേഹം ഇല്ലാതാക്കുകയും അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയങ്ങളെ തിരിച്ചുകൊണ്ടുവരുകയും ചെയ്തു. നാല് ഖുലഫാഉ റാഷിദികളുടെ പേരുകൾ കൊത്തിവെക്കപ്പെട്ട നാണയങ്ങൾ അടിച്ചിറക്കിയ അബൂസഈദ് എന്നും നീതി പൂർണ്ണമായ ഭരണം കാഴ്ചവെക്കാൻ പരമാവധി ശ്രമിച്ചിരുന്നു.
പേർഷ്യയുടെ ഗവർണറായി അദ്ദേഹം നിയമിച്ചത് ഗിയാസുദ്ധീൻ മുഹമ്മദ് ബിൻ റഷീദുദ്ദീനെയാണ്. ഇമാം ഈജി തങ്ങളുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഗിയാസുദ്ധീനുവേണ്ടിയാണ് ഈജി തങ്ങൾ അൽ ഫവാഇദുൽ ഗിയാസിയ്യ എന്ന ഗ്രന്ഥം രചിച്ചത്. ഇരുപത് വർഷത്തോളം ഭരണം നടത്തിയ അബൂ സഈദ് ഹിജ്റ 736ല്‍ അന്തരിച്ചതോടുകൂടി ഇൽഖാനിയ്യ ഭരണം തകരാൻ തുടങ്ങി.
അബൂ സഈദിന് ശേഷം വന്ന ഭരണാധികാരികൾ അധികവും പലരുടെയും കളിപ്പാവകൾ ആയി മാറുകയുണ്ടായി. കാലക്രമേണ അത് വ്യത്യസ്ത ഭരണകൂടങ്ങളായി മാറി. ദൗലത് ആൽ മുസഫർ, ദൗലത്ത് ജോബാനിയ്യീൻ, ദൗലത് സർബാരിയ്യൂൻ, ദൗലത് ആൽ ജലാഇർ എന്നിവയൊക്കെ രൂപം കൊള്ളുന്നത് ഇങ്ങനെയാണ്. ഇവർ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങൾ ക്രമേണ ഇൽഖാനിയ്യ ഭരണകൂടത്തിന്റെ ശക്തി ക്ഷയിപ്പിച്ചുക്കൊണ്ടിരിന്നു. ഈ അവസരം മുതലെടുത്താണ് തിമൂർ ഇറാനെ ആക്രമിക്കുന്നതും ഹിജ്റ 788 വരെ തുടർന്ന ഈ ആക്രമണങ്ങൾ മൂലം ഇൽഖാനിയ്യ ദൗലത്ത് പൂർണമായും തകരുന്നതും.
മുസ്‌ലിംകളെ ഇത്രത്തോളം വെറുപ്പോടെ കണ്ട് അവരെ ഇല്ലായ്മ ചെയ്യാനും ലോക രാജ്യങ്ങൾ തങ്ങളുടെ കൈപിടിയിൽ ആക്കാനും പുറപ്പെട്ട അന്ധത ബാധിച്ച ഒരു സമൂഹത്തിന്റെ കണ്ണുകളിലേക്ക് പോലും ഇസ്‌ലാമിന്റെ പ്രകാശം കടന്നു ചെന്നു എന്നത് ചരിത്ര സത്യമാണ്. മംഗോൾ അധിനിവേശം മുസ്‌ലിം ലോകത്തിന് സമർപ്പിച്ച ദുരന്തങ്ങൾ എണ്ണമറ്റതാണെങ്കിലും അന്ത്യത്തിൽ എല്ലാം സുന്ദരമായി മാറിയ ലോകചരിത്രത്തെയും നാം കാണാതിരുന്നു കൂടാ.
Leave A Comment