ഗസ്സയും തൂഫാനുല്‍അഖ്സയും ഉമ്മതിനോട് പറയുന്നത്
തൂഫാനുല്‍അഖ്സാക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. അതിലുപരി, സയണിസ്റ്റ് ക്രൂരതകള്‍ക്ക് മുമ്പില്‍ ഗസ്സക്കാരുടെ ഉറച്ചുനില്‍പ്പിന് ഒരു വര്‍ഷം തികയുന്നു എന്ന് വേണം പറയാന്‍. ഒന്നുമില്ലാത്ത ഈ കൊച്ചു പ്രദേശം, ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ പിന്തുണയോടെ അക്രമണം നടത്തുന്ന സയണിസ്റ്റ് ശക്തിക്ക് മുമ്പില്‍ ഇത്രയും പിടിച്ചുനിന്നത് തന്നെ വിജയത്തിന്റെ സൂചനയാണ്. അഥവാ, വലിയൊരു സാംസ്കാരിക മുന്നേറ്റത്തിന്റെ അവസരമാണ് എന്നര്‍ത്ഥം. കേവലം ഗസ്സക്കാരുടെ മാത്രം വിപ്ലവമായി കാണാതെ, ഉമ്മതിന്റെ തന്നെ ഉയിര്‍ത്തെഴുന്നേല്‍പിനുള്ള അവസരമായി വേണം ഇതിനെ കാണാന്‍. അതിനെ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ ഇനിയെങ്കിലും സമുദായം തയ്യാറായിരുന്നെങ്കിലെന്ന് ആശിച്ച് പോവുകയാണ്. തൂഫാനുല്‍അഖ്സാ സമുദായത്തിന് മുന്നില്‍ തുറന്നിടുന്ന അവസരങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
01. വിശുദ്ധ കേന്ദ്രങ്ങളെ വേണ്ട വിധം സംരക്ഷിക്കാനും അവയെ അക്രമിക്കുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കാനുമുള്ള ഏറ്റവും നല്ല അവസരമാണ് തൂഫാന്‍ സമുദായത്തിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ പ്രതിരോധത്തില്‍ പെട്ടെന്നുള്ള ഫലങ്ങള്‍ പ്രതീക്ഷിക്കരുതെന്നും അതിന് ദീര്‍ഘമായ ക്ഷമയും മൂല്യങ്ങളെ മുറുകെ പിടിച്ചുള്ള ജീവിതവും ആവശ്യമാണ് എന്നും ഗസ്സ കാണിച്ചുതരുന്നു. കപടമായ പാശ്ചാത്യന്‍ സംസ്കാരത്തില്‍നിന്ന് വിഭിന്നമായി മാനുഷിക മൂല്യങ്ങളെ യുദ്ധ മുഖത്ത് പോലും ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‍ലാമിക സംസ്കാരം അതിലൂടെ ലോകം മനസ്സിലാക്കും. ലോകത്താകമാനമുള്ള പുതുതലമുറക്ക് ഗസ്സയില്‍നിന്ന് അത് പഠിക്കാനായിട്ടുണ്ട്. ഇസ്‍ലാമിന്റെ പൂര്‍വ്വകാല ചരിത്രങ്ങളുടെ ആവര്‍ത്തനമാണ് ഗസ്സയില്‍ നാം കണ്ടത്. എന്ത് വില കൊടുക്കേണ്ടിവന്നാലും വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിക്കുന്ന ഒരു ജനത. ഗസ്സ മുസ്‍ഹഫ് എന്ന് പോലും ആ രീതി വിളിക്കപ്പെട്ടതും അത് കൊണ്ട് തന്നെ. മനുഷ്യകുലത്തിന്റെ സമാധാനത്തിന് വേണ്ടി മാത്രമുള്ള യുദ്ധങ്ങള്‍ എന്ന ഇസ്‍ലാമിക കാഴ്ചപ്പാടിനെ നമുക്കവിടെ വായിച്ചെടുക്കാം.
02. രാഷ്ട്രീയവും നയതന്ത്രപരവുമായ അവസരം
ഖുദ്സിന്റെ പ്രാധാന്യവും സ്ഥാനവും ഇതിലൂടെ ലോകത്തിന് തിരിച്ചറിയാനായിട്ടുണ്ട്. ഫലസ്തീന്‍ എന്ന ദേശത്തെ കേവലം ഒരു സ്ഥലമല്ല ഖുദ്സ് എന്നും മറിച്ച് ഖുദ്സ് മഹിതമായ ഭൂമികയെ സംരക്ഷിക്കുന്നതിനായി സദാ നിലകൊള്ളുന്ന ഒരു കവചമാണ് ഫലസ്തീന്‍ എന്നും ഇതിലൂടെ ലോകത്തിന് വ്യക്തമായി. ഖുദ്സ് ഇല്ലാത്ത ഫലസ്തീന്‍, കേവലം ഈജിപ്തിലെ സീനാ പോലെയോ സിറിയയിലെ ജൗലാന്‍ പോലെയോ മാത്രമാണെന്നര്‍ത്ഥം. അത് കൊണ്ട് തന്നെ, ഫലസ്തീന്‍ എന്നത് ഫലസ്തീനികളുടെ മാത്രം പ്രശ്നമല്ല, സമാധാനം കാംക്ഷിക്കുന്ന ഏതൊരാളുടെയും പ്രശ്നമാണ്. മുസ്‍ലിംകളില്‍ പലര്‍ക്കും ഇനിയും ഇത് മനസ്സിലായിട്ടില്ലെങ്കിലും ലോകത്തെ ഇത് മനസ്സിലാക്കാന്‍ തൂഫാനുല്‍അഖ്സയിലൂടെ സാധിച്ചിട്ടുണ്ട്. സ്പെയ്നും നോര്‍വെയും അയര്‍ലന്‍ഡുമെല്ലാം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതും അത് കൊണ്ട് തന്നെ. പല അറബ് രാഷ്ട്രങ്ങളുമായും ഇസ്റാഈല്‍ പദ്ധതിയിട്ടിരുന്ന കരാറുകള്‍ തൂഫാനുല്‍അഖ്സയുടെ കാറ്റില്‍ പറന്ന് പോയതും ഇതിനോട് ചേര്‍ത്ത് വായിക്കാം.
03. ഗസ്സയെ വീണ്ടെടുക്കാനുള്ള അവസരം
യുദ്ധം അവസാനിക്കുന്നതോടെ, ഗസ്സയെ വീണ്ടെടുക്കാനുള്ള അവസരം ലോകത്തിന് മുന്നില്‍ തുറക്കപ്പെടും. വര്‍ഷങ്ങളോളമായി ഉപരോധത്തിലും യുദ്ധത്തിലും തുടരുന്ന ഈ നാടിനെ വീണ്ടെടുക്കാന്‍ ലോകമുസ്‍ലിംകള്‍ ഒന്നടങ്കം മുന്നിട്ടിറങ്ങേണ്ട സമയമായിരിക്കും അത്. ഖുദ്സിനെ നെഞ്ചേറ്റുന്നവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാനുള്ള മറ്റൊരു അവസരമായി വേണം അതിനെ കാണാന്‍. നിലവിലെ ഉപരോധം അവസാനിപ്പിക്കാനോ അതിനെ നിഷ്ഫലമാക്കാനോ മുസ്‍ലിം രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് അത്തരം ഒരു സംഘടിത നീക്കം ഉണ്ടായില്ലെന്നത് ഖേദകരമാണ്. അതേ സമയം, മുസ്‍ലിം രാജ്യങ്ങളെ ശരാശരി പൊതുജനങ്ങളെല്ലാം മനസ്സ് കൊണ്ട് അത് ആഗ്രഹിക്കുന്നവരാണ് എന്നതാണ് വസ്തുത.
നിലവിലെ മുസ്‍ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങളിലധികവും നിലവിലുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന അവസരങ്ങളെയെങ്കിലും ക്രിയാത്മകമായി ഉമ്മതിന്റെ യഥാര്‍ത്ഥ നിറം പ്രകടമാവുന്ന വിധം ഉപയോഗപ്പെടുത്താനായെങ്കിലെന്ന് ആശിച്ചു പോകുന്നു. ഹമാസ് തലവന്‍ പറഞ്ഞ പോലെ, ഇന്നല്ലെങ്കില്‍ നാളെ ഗസ്സ സ്വതന്ത്രമാവുക തന്നെ ചെയ്യും. ലോകത്ത് സമാധാനം സംരക്ഷിച്ചിരുന്ന യഥാര്‍ത്ഥ ഖിലാഫതിന്റെ കേന്ദ്രമായി അത് മാറാതിരിക്കില്ല. ആ നല്ല നാളുകളാണ് മുസ്‍ലിം ലോകത്തിന്റെ സ്വപ്നവും പ്രതീക്ഷയും.
തൂഫാനുല്‍അഖ്സായുടെ വാര്‍ഷികത്തോടനുബന്ധിച്ച്, കൈറോ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. സൈഫ് അബ്ദുല്‍ഫതാഹ് എഴുതിയ അവലോകനത്തിന്റെ ഹ്രസ്വവിവര്‍ത്തനം
Leave A Comment