ഘര്‍ വാപസിക്ക് ആപാണ് പരിഹാരം
ആം ആദ്മിയും കെജ്രിവാളും ഒരിക്കല്‍ കൂടി രാഷ്ട്രീയക്കളം നിറഞ്ഞിരിക്കുകയാണ്. വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്നിടത്തെ സാധാരണക്കാരുടെ പ്രതീകമായാണ് അവര്‍ ആഘോഷിക്കപ്പെടുന്നത്. ‘അബ്കീബാര്‍ ആപ്കീ സര്‍ക്കാറെന്ന്’ ജനം കെജ്രിവാളിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ ആശംസാപ്രശംസകൊണ്ട് മൂടുകയാണ് മുപ്പത്തിയാറിഞ്ച് നെഞ്ചുള്ളവര്‍ പോലും.
ഇന്ത്യാ മഹാരാജ്യത്തേ ഇരുപത്തൊമ്പത് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമ്പൂര്‍ണ സ്റ്റേറ്റെന്ന പദവിപോലുമില്ലാത്ത ഡല്‍ഹി അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇന്നലെ പുറത്തുവന്നത്. ഒരു ലോകസഭാതിരഞ്ഞെടുപ്പിന്റെ ആരവത്തോടെയാണ് ഇന്ത്യയൊട്ടാകെയുള്ള ജനങ്ങളത് സ്വീകരിച്ചതെന്നുമാത്രം. സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ അവരെ അത്രത്തോളം അസ്വസ്ഥമാക്കിയെന്നുവേണം മനസ്സിലാക്കാന്‍.
അഴിമതിയും ഭരണതകര്‍ച്ചയും ഉഴുതുപാകമാക്കിയ മണ്ണില്‍ കഴിഞ്ഞലോകസഭാ തിരഞ്ഞെടുപ്പോടെ തഴച്ചുവളര്‍ന്നവര്‍ ഇന്ത്യയാകെ വേരാഴ്ത്തുമോയെന്ന ശങ്കയിലായിരുന്നു പലരും. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങള്‍ ‘ആ’ശങ്കക്ക് കരുത്തുപകരുകയും ചെയ്തു. ഈ വിജയങ്ങള്‍ സമ്മാനിച്ച ഹുങ്കില്‍ അടിമുടി കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നമോയുടെ തണലില്‍ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
നിശബ്ദതത വിതച്ച ഭീതിയിലൂടെയാണ് പിന്നീട് ഇന്ത്യകടന്നുപോയത്. ശാസ്ത്രരംഗം പോലും ഇവരുടെ കോമാളിത്തരങ്ങള്‍ക്ക് വേദിയായി. വിദ്യാഭ്യാസം, ചരിത്രം, സാംസ്കാരികം തുടങ്ങി എല്ലായിടത്തും നിശബ്ദദത കനത്തുനിന്നു. പലരും ഔദ്യോഗികമായി എഴുത്തു നിറുത്ത് പ്രഖ്യാപിച്ച് കീഴടങ്ങിയപ്പോള്‍ അതു പ്രഖ്യാപിക്കാനുപോലുമാകാതെ പകച്ചുനിന്നവരേറെ. അസഹിഷ്ണുതയുടെ ഘോഷണങ്ങളെകൊണ്ട് മലീമസമായി നമ്മുടെ പരിസരം. ഗാന്ധി ഘാതകര്‍ പുണ്യാളന്മാരായി. മതങ്ങളുടെ ആഘോഷദിനങ്ങളെ വരെ ‘സദ്ഭരണ’മറവില്‍ ഹൈജാക്ക്ചെയ്യാന് ശ്രമിച്ചു. അന്നവും വെള്ളവും നല്‍കേണ്ട ഭരണകൂടം അവയെല്ലാം ഘര്‍ വാപ്പസിനുള്ള അവസരങ്ങളാക്കി.
ഇങ്ങനെ ഭയം നാടു ഭരിച്ചുകൊണ്ടിരിക്കെ അവരെ ചൂലുകൊണ്ടടിക്കാന്‍ ആസ്ഥാന നഗരവാസികള്‍ക്കുതന്നെ അവസരം കിട്ടി. അവരത് ചെയ്തു. ഇതുകണ്ട ജനം ആര്‍ത്തുചിരിച്ചു. ഇതാണ് കഴിഞ്ഞദിവസം നാം കണ്ടത്. മുപ്പത്താറിഞ്ചിന്റെ നെഞ്ചിനുമീതെ സാധാരണക്കാരന്റെ കൈവിരലമരുമ്പോള്‍ അവര്‍ സന്തോഷിക്കുക സ്വാഭാവികം. ആ വിരലിന്റെ ശക്തിതന്നെയാണ് സന്തോഷത്തിന്റെ ദൈര്‍ഘ്യം തീരുമാനിക്കുന്നതും. വലിയ ചില തെറ്റുകളാണ് കെജ്രിവാള്‍ തിരുത്തിയത്. അവ സ്വന്തത്തില്‍ കേറിക്കൂടാതിരുന്നാല്‍ അദ്ദേഹത്തിന് സ്വന്തം പേര് ആയിരം തവണതുന്നി നടക്കേണ്ട ഗതിവരില്ല. ആയിരങ്ങളുണ്ടായിരിക്കും എന്നും പേരുവിളിക്കാന്‍.
ആപ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെന്തെന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്. 70 points action plan ലൂടെ ഡല്‍ഹിയുടെ സമ്പൂര്‍ണ വളര്‍ച്ചയാണ് ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ നാടിനെ സമ്പൂര്‍ണ സംസ്ഥാനമാക്കുക, കുടിവെള്ള പ്രശ്നം പരിഹരിക്കുക, സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങി എഴുപത് കാര്യങ്ങള്‍ നമ്പറിട്ട് വ്യക്തമാക്കിയിട്ടുണ്ടവര്‍. മാസങ്ങള്‍ നീണ്ട സംവാദങ്ങളിലൂടെയും കൂടിയിരിപ്പുകളിലൂടെയും രൂപപ്പെടത്തിയതാണവ. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായിബന്ധപ്പെട്ട, നവസാമൂഹ്യ മാധ്യമങ്ങളടക്കം ഉപയോഗപ്പെടുത്തിയാണ് ഇവ തയ്യാറാക്കിയത്, ഇതിനാല്‍ തന്നെ, ഡല്‍ഹിക്കാര്‍ക്ക് വേണ്ടതെന്തോ അതാണ് ആപ് മുന്നോട്ട് വെച്ചത്.
ഡല്‍ഹി കേന്ദ്രീകൃത വികസന മുദ്രാവാക്യങ്ങള്‍ക്കപ്പുറം ആപിന് നയനിലപാടുകളില്ലെന്ന ആരോപണം പൊതുവെ ഉയര്‍ന്നുവരുന്നു, വിശിഷ്യാ, വിദേശ, ന്യൂനപക്ഷവിഷയങ്ങളില്‍. ഇവ ആക്ഷന്‍ പ്ലാനില്‍ കൂടുതലായി പരാമര്‍ശിക്കുന്നില്ലെന്നത് വായിക്കുന്ന ആര്‍ക്കും വ്യക്തമാകും. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ അവര്‍ക്ക് യാതൊരു നിലപാടുമില്ലെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ചെറുകിട സംരംഭങ്ങളില്‍ എഫ്.ഡി.ഐ അനുവദിക്കുന്നില്ലെന്നത് സാധാരണക്കാരനുവേണ്ടി ആപെടുത്ത നിയമങ്ങളിലൊന്നാണ്.
ന്യൂനപക്ഷവിഷയങ്ങളിലും ആക്ഷന്‍ പ്ലാനിലൂടെ ആപ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 63 ാം നമ്പറില്‍ സിഖ് കലാപത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കുന്നു. 65ാം നമ്പറില്‍ പറയുന്നത് എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും വികസനവും തുല്യതയും ഉറപ്പുവരുത്തുമെന്നാണ്. അതിലിങ്ങനെ പറയുന്നു: ‘അടുത്തിടെ ഡല്‍രിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒരിക്കലും അവിടുത്തെ സാമൂഹിക ഘടനക്ക് യോജിച്ചതല്ല. ആരാധനാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണം, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയവക്കെതിരെ ശക്തമായി നിലകൊള്ളും’. ഡല്‍ഹി വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കൊണ്ടുവരുമെന്നും സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയ്യേറിയ വഖ്ഫ് ഭൂമികള്‍ ഒഴിപ്പിച്ചുവെന്നുറപ്പുവരുത്തുമെന്നും പ്ലാന് വ്യക്തമാക്കുന്നു. 67ാം നമ്പറില്‍ പാര്‍ശ്വവല്‍കൃതരുടെ അവകാശങ്ങള്‍. എസ്.സി, എസ്,ടി, ഒബിസി എന്നീ വിഭാഗങ്ങള്‍ക്കുള്ള സംവരണങ്ങള്‍ തുടങ്ങിയവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പുവരുത്തുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു.
ആക്ഷന്‍ പ്ലാനിലെ എല്ലാ കാര്യങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുകയാണെങ്കില്‍ ന്യൂനപക്ഷ, പാര്‍ശ്വവല്‍കൃതര്‍ക്ക് ആശ്വാസമാകുന്ന സര്‍ക്കാരായിരിക്കും അവിടെ വരികയെന്ന് നമുക്കാശ്വസിക്കാം.
അടിസ്ഥാന സൌകര്യങ്ങളേയും ജീവല്‍ പ്രശ്നങ്ങളേയുമാണ് ആപ് കാര്യമായി അഭിമുഖീകരിച്ചത്. ഇതുതന്നെയാണ് സുസജ്ജമായ ജനാധിപത്യ സമൂഹത്തിന്രെ സൃഷ്ടിപ്പിനാവശ്യമായിട്ടുള്ളതും. കലാപങ്ങളും സംഘര്‍ഷങ്ങളുമെല്ലാം വിദ്യാഭ്യാസവും അടിസ്ഥാന സൌകര്യങ്ങളും നിഷേധിക്കപ്പെടുന്നിടത്താണ് വളരുന്നത്. അതുകൊണ്ട് തന്നെ, ഇവക്ക് പരിഹാരം കാണുകയെന്നത് വളരെ പ്രധാനമാണ്. അടുത്തകാലത്ത് ഏറെ കൊട്ടിഘോഷിക്കുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത ഘര്‍ വാപസിയും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ സഹായങ്ങളും ആധാര്‍, റേഷന്‍ കാര്‍ഡുകളുമെല്ലാം തരപ്പെടുത്തിക്കൊടുക്കാമെന്ന വാഗ്ദാനം വഴി വിശപ്പും അറിവില്ലായ്മയും ചൂഷണം ചെയ്യുകയായിരുന്നിവിടെ. അന്നവും വെള്ളവും നല്‍കേണ്ട സര്‍ക്കാറാകട്ടെ ഇതിന് കൂട്ടുനിന്നു. ഇങ്ങനെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വങ്ങള്‍ ചൂഷകര്‍ക്ക് തീറെഴുതിക്കൊടുക്കാതെ, അത് ഞങ്ങള്‍ ചെയ്തുകൊടുക്കുമെന്നാണ് ആപ് വാഗ്ദാനം ചെയ്യുന്നത്. ഇതാണല്ലോ ജനത സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നതും. ആപ്പ് പ്ലാനിനരുസരിച്ച ആക്ഷനിലൂടെ മുന്നേറുമെന്ന് നമുക്കാശിക്കാം.



Leave A Comment