ഹുസ്സാം അൽ-അത്താർ: ഗസ്സയിലെ കൊച്ചു ന്യൂട്ടണ്‍
പ്രതികൂല സാഹചര്യങ്ങളിലെ പ്രയാസങ്ങളിൽ നിന്നാണ് പ്രത്യാശയും സർഗ്ഗാത്മകതയും ഉടലെടുക്കുന്നതെന്ന് പലരും പറയാറുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്, ഗസ്സയിലെ ഐസക് ന്യൂട്ടണ്‍ എന്ന് സാമൂഹ്യമാധ്യമങ്ങള്‍ വിളിച്ച ഹുസ്സാം അല്‍അത്താര്‍. പ്രതിസന്ധികള്‍ക്കിടയിലും തന്റെ കൂടുംബത്തിന് ആവശ്യമായ ഊര്‍ജ്ജം അതിലളിതമായ ഒരു കണ്ടുപിടുത്തത്തിലൂടെ ഉല്‍പാദിപ്പിക്കുകയാണ് ഈ 15 കാരനായ കൊച്ചു ശാസ്ത്രജ്ഞന്‍.
ഗസ്സയിലെ ഗസാൻ ആണ് ഹുസാമിന്റെ ജന്മദേശം. മറ്റു പലരെയും ഹുസാമും ഇന്ന് അഭയാര്‍ത്ഥി കേമ്പിലാണ് കഴിയുന്നത്. ബൈത്ത് ലാഹിയയിൽ നിന്ന് അൽ-നസ്റിലേക്കും പിന്നീട് ഖാൻയൂനുസിലേക്കും കാൽനടയായി സഞ്ചരിച്ച ഹുസാമും കുടുംബവും ഇന്ന് ഈജിപ്ഷ്യൻ അതിർത്തി പ്രദേശത്തെ ഒരു കൊച്ചു തമ്പിലാണ് താമസിക്കുന്നത്. ചെറുപ്പത്തിലേ ശാസ്ത്രീയ അന്വേഷണങ്ങളില്‍ തല്‍പരനായ ഹുസാം, രണ്ട് ഫാനുകൾ അടങ്ങുന്ന ലളിതമായ ഒരു കണ്ടുപിടുത്തിലൂടെയാണ് തന്റെ കുടുംബം കഴിയുന്ന കൊച്ചു കൂടാരത്തിന് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിച്ചിരിക്കുന്നത്. വൈദ്യുതി ഇല്ലാതെ രാത്രിയിൽ ഇരുട്ടില്‍ കഴിയേണ്ടിവന്നതാണ് ഹുസാമിനെ ഇത്തരം ഒരു കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. രണ്ട് ഫാനുകളും ചെറിയൊരു മോട്ടോറും ഉപയോഗിച്ച് ഹുസാം വികസിപ്പിച്ച കൊച്ചു ജനറേറ്റര്‍ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
“എന്റെ മാതാപിതാക്കളും സഹോദരങ്ങളും തമ്പിനുള്ളിലെ ഇരുട്ടിലിരിക്കുന്നത് എനിക്ക് സഹിക്കാനായില്ല. അതിന് എങ്ങനെ പരിഹാരം കണ്ടെത്തുമെന്ന ചിന്തയാണ് ഇതിലേക്ക് നയിച്ചത്. വെളിച്ചം വന്നതോടെ അവര്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഒരു ശാസ്ത്രജ്ഞനാവണമെന്നാണ് എന്റെ ആഗ്രഹം. അതിലൂടെ എന്റെ നാടിന്റെ പേരും പ്രശസ്തിയും ലോകം മുഴുവന്‍ അറിയണം. ഫലസ്തീൻ ഞങ്ങളുടെ സിരകളില്‍ അലിഞ്ഞുചേര്‍ന്നതാണ്. അത് ഒരിക്കലും മാറ്റിവെക്കാനാവില്ല." കണ്ടുപിടുത്തത്തെ തുടര്‍ന്ന് തന്നെ തേടിയെത്തിയ ഖുദ്സ് പത്രപ്രവര്‍ത്തകോരട് ഹുസാം അൽ-അത്താർ പറഞ്ഞ വാക്കുകളാണ് ഇത്. മാതാവിനും ഹുസാമിനെ കുറിച്ച് ഏറെ പറയാനുണ്ട്. "ചെറുപ്പം മുതലേ ഹുസാം കഴിവുള്ളവനാണ്. കൈയിൽ കിട്ടുന്നതെല്ലാം ഉപയോഗിച്ച് അവൻ എന്തെങ്കിലും ഉണ്ടാക്കും. കുടുംബക്കാർ അവരുടെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കാൻ അവനെയാണ് ആശ്രയിച്ചിരുന്നത്. ഒരിക്കലും പരാജയപ്പെടുത്താനാവാത്ത ഫലസ്തീൻ മക്കളുടെ പ്രതീകമാണ് അവന്‍. ഇരുട്ടിന്റെയും മരണത്തിന്റെയും നടുവിൽ ജീവിതം തേടുന്ന ഒരു തലമുറയാണിത്. ഏത് പ്രതിസന്ധിയെയും അതിജയിക്കാന്‍ അവര്‍ക്കാവും. അതിന്റെ മികച്ച ഉദാഹരണമാണ് ഹുസാം", പ്രയാസങ്ങള്‍ക്കിടയിലും പ്രതീക്ഷിയുടെ കിരണങ്ങളാണ് ആ മാതാവിന്റെ വാക്കുകളില്‍ നിഴലിച്ച് നില്ക്കുന്നത്. തന്റെ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ഒരു മികച്ച ശാസ്ത്രജ്ഞനായി ഹുസാമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയും ആ ഉമ്മ പത്രത്തോട് പങ്ക് വെച്ചു.
2023 ഒക്‌ടോബർ 7-ന് തുടങ്ങിയ ഇസ്റാഈല്‍ നരമേധം 118-ാം ദിവസത്തിലെത്തി നില്‍ക്കുകയാണ്. പ്രദേശം ദുരിതങ്ങളുടെ ആഴക്കയമായി മാറിയെന്ന് ലോകം മുഴുക്കെ വിലപിക്കുന്ന വേളയിലാണ്, അവക്കിടയില്‍നിന്നും ഹുസാമുമാര്‍ വളര്‍ന്ന് വരുന്നത്. മനോധൈര്യം കൊണ്ടും അടങ്ങാത്ത പോരാട്ട വീര്യം കൊണ്ടും ലോകത്തെ അല്‍ഭുതപ്പെടുത്തിയ ആ കൊച്ചുപ്രദേശം, ഇപ്പോഴിതാ, ഇല്ലായ്മകള്‍ക്കിടയിലും ശാസ്ത്രീയ പുരോഗതിയിലേക്ക് ഉറ്റുനോക്കുന്ന കൊച്ചുകുഞ്ഞുങ്ങളിലൂടെ വീണ്ടും വീണ്ടും അല്‍ഭുതപ്പെടുത്തുകയാണ്.
കടപ്പാട്: Middle East Monitor
Leave A Comment