യതീംഖാനകൾ: ചേർത്തുപിടിക്കലിന്റെ സമുന്നത മാതൃക

ഇസ്‍ലാമിന്റെ ദൃഷ്ടിയിൽ യതീമിന് ലഭിക്കുന്ന പ്രാധാന്യം ഏറെയാണ്. ഉറ്റവരുടെ തണലില്ലാതെ വളർന്ന അനാഥകളെ സ്നേഹമൂട്ടി പരിചരിക്കാനും ചേർത്ത് പിടിക്കാനും ഇസ്‍ലാം നിഷ്കർഷിക്കുന്നുണ്ട്. പിതാവിന്റെ സാമീപ്യം ലഭിച്ചിട്ടില്ലാത്ത ബാല്യങ്ങളുടെ കരങ്ങൾ ചേർത്ത് പിടിക്കുന്നതിലൂടെ മരണാനന്തര ജീവിതത്തിൽ പ്രത്യേകതയേറിയ സ്ഥാനവും വൻ പ്രതിഫലവുമാണ് ഇസ്ലാം വാഗ്ദാനം ചെയ്തിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലും പ്രവാചകവചനങ്ങളിലും ഇതേ കുറിച്ചുള്ള അനേകം പരാമര്‍ശങ്ങള്‍ കാണാം. തന്റെ ഹൃദയ കാഠിന്യത്തെ കുറിച്ച് ഒരാൾ നബിയോട് പരാതി ബോധിപ്പിച്ചപ്പോൾ അശരണർക്ക് വാത്സല്യം നൽകുക, അഗതികൾക്ക് ആഹാരം നൽകുക എന്നായിരുന്നു പരിശുദ്ധ പ്രവാചകന്റെ മറുപടി. മറ്റൊരിക്കൽ ചൂണ്ടുവിരലും നടുവിരലും വിടർത്തി പിടിച്ച്  കൊണ്ട് പ്രവാചകൻ പറഞ്ഞു, ഞാനും അനാഥ സംരക്ഷകനും സ്വർഗത്തിൽ ഇത് പോലെയായിരിക്കും എന്ന്.

ഈയൊരു  ധാർമ്മിക ബോധം മുറുകെ പിടിച്ച് അനാഥ സംരക്ഷണത്തിനുള്ള ശ്രേഷ്ഠത തിരിച്ചറിഞ്ഞ സാത്വികരായ അനേകം മഹാമനീഷികൾ കെട്ടിപ്പടുത്ത സംരക്ഷണ കേന്ദ്രങ്ങൾ ഇന്ത്യക്കകത്തും പുറത്തും ഏറെയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ആ ഘട്ടത്തിലും അനാഥതലങ്ങളിൽ അവർ പ്രകടിപിച്ച ഉത്കണ്ഠയുടെ പ്രതിരൂപങ്ങളായ അഗതി മന്ദിരങ്ങൾ ആ സാത്വികരുടെ നിശ്ചയ ദാർഢ്യത്തെയാണ് വ്യക്തമാക്കുന്നത്.

അനാഥ ശാലകൾ: ചരിത്രവും സ്വാധീനവും

യതീംഖാന പ്രസ്ഥാനം സുസാധ്യമാക്കിയ നവോത്ഥാന വിഭാവനത്തെ കുറിച്ച് വിശകലനം ചെയ്യുന്നതിന് മുമ്പ് അതിന്റെ നാൾ വഴി പരിശോധിക്കുന്നത് ഫലപ്രദമായിരിക്കും. അതിപുരാതന കാലത്ത് മക്കളില്ലാത്തവർ അനാഥകളെ ദത്തെടുക്കുന്ന ശീലം പതിവായിരുന്നു. ആ ഒരു ശൈലിയാണ് അനാഥകൾക്ക് സംരക്ഷണാലയം ഒരുക്കി കൊടുക്കുന്നതിലേക്ക് പിന്നീട് നയിച്ചത്. സാമൂഹ്യ തലത്തിൽ ദാനധർമ്മോപാധിയായി ഇവ അംഗീകരിക്കപ്പെടുകയും ചെയ്തു.

തെക്കൻ മിസിസിപ്പി നദിക്കരയിൽ നാച്ചെസിൽ ജീവിച്ചിരുന്ന ഇന്ത്യക്കാരും വെളുത്ത വർഗക്കാരും തമ്മിലുണ്ടായ ലഹളക്ക് പിറകെയാണ് 1729 ൽ ആദ്യ അനാഥശാല യു.എസിൽ സ്ഥാപിക്കപ്പെട്ടത്. 1830 -1850 ന്റെ ഇടയിലായി ഇത്തരം അനാഥശാലകൾ വളർച്ച പ്രാപിച്ചു. കോളറ, മാറാവ്യാധികൾ, യുദ്ധപരാക്രമങ്ങൾ, അഭയാർത്ഥികളുടെ നിരന്തര പ്രവാഹം മുതലായവ അനാഥശാലകളുടെ എണ്ണം കൂട്ടാൻ നിമിത്തമായി . ജൂതനിയമം വിധവകൾക്കും അനാഥകൾക്കും പിന്തുണ പ്രഖ്യാപിച്ചത് മുതൽ എ.ഡി 400 കളിലായി റോമക്കാർ അഗതി മന്ദിരം സ്ഥാപിച്ചിരുന്നു. 18 വയസ്സിന് താഴെയുള്ള എല്ലാ അനാഥകൾക്കും അധീനിയൻ വിഭാഗം സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നതായും ചരിത്രത്തില്‍ കാണാം.


യതീംഖാനകൾ: അനാഥാലയങ്ങളുടെ കേരള മോഡൽ

1921-ൽ വൈദേശിക അധിനിവേശ ശക്തികൾക്കെതിരെ മലബാറിലെ മാപ്പിളമാർ സ്വാതന്ത്ര്യ ലബ്ധിക്ക് വേണ്ടി പോരാടിയതിനെ തുടർന്ന് മലബാറിൽ അങ്ങോളമിങ്ങോളമായി ഒരുപാട് അനാഥകൾ ഉണ്ടായി. ലഹളയിൽ രക്തസാക്ഷിത്വം വരിച്ചവരോ നാട് കടത്തപ്പെട്ടവരോ ആയ ഒരുപാട് പേരുടെ കുഞ്ഞുങ്ങൾ സമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നങ്ങളായിരുന്നു. അത് ഉയർത്തിയ ആകുലതകള്‍ ചെറുതല്ലെന്ന് മനസ്സിലാക്കിയ, കേരളത്തിനകത്തും പുറത്തുമുള്ള ഒരുപാട് മഹാത്മാക്കളുടെ അധ്വാനത്തിൽ പിറവിയെടുക്കപ്പെട്ടതാണ് യതീംഖാന എന്ന പ്രസ്ഥാനം. സാമ്പത്തിക ചുറ്റുപാട് വളരെ മോശമായിരുന്നൊരു യുഗത്തിൽ ഇത്തരം ദീർഘദൃഷ്ടികളായ സാത്വികർ പ്രകടിപ്പിച്ച നിശ്ചയ ദാർഢ്യമാണ് യതീംഖാന എന്ന വൻപ്രസ്ഥാനത്തെ ആത്മ നിറവേറ്റലിന്റെ കൊടുമുടികളിലെത്തിച്ചത്. സ്വദേശികളും വിദേശികളുമായ അനവധി സമ്പന്നർ ഉദാരമായ സംഭാവന നൽകി വരികയും ചെയ്തു.

സ്വാതന്ത്രൃസമരത്തിന്റെ ബാക്കിപത്രമായി, മലബാർ മേഖലയിലെ പ്രാദേശിക കലാപങ്ങളിലൂടെ ഉത്തേജനം കൊണ്ട് രൂപം പ്രാപിച്ച മലബാർ കലാപത്തിലൂടെ പിതൃത്വം നഷ്ടപ്പെട്ട അശരണരായ ഇത്തരം കുടുംബങ്ങളെ സംരക്ഷിക്കാൻ അടിയന്തിര സഹായം ആവശ്യപ്പെട്ടു കൊണ്ട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അന്നത്തെ മലബാർ കളക്ടർ ആയിരുന്ന തോമസിന് നിവേദനം നൽകി. എന്നാൽ ദീർഘകാലം ആ കത്തിനുള്ള മറുപടി ലഭിച്ചില്ല. ഇതിൽ പ്രധിഷേധമറിയിച്ചും നല്ലവരായ സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചും അബ്ദുറഹ്മാൻ സാഹിബ് ഹിന്ദു, ക്രോണിക്കിൾ എന്നീ പത്രപ്രസാധകർക്ക് പ്രസിദ്ധീകരിക്കാനായി ഈ കത്ത് അയച്ചു നൽകി. ഹിന്ദു മദിരാശിയും ക്രോണിക്കിൾ ബോംബെയും അടിസ്ഥാനമാക്കി അച്ചടിക്കുന്ന പത്രങ്ങളായിരുന്നു. കത്ത് വായിച്ച് നിരവധി ആളുകള്‍ അതിന് മറുപടി അയച്ചു.

അന്യസംസ്ഥാനങ്ങളിൽ നിന്ന് പ്രസിദ്ധീകൃതമാകുന്നതിനാൽ തന്നെ പഞ്ചാബിലെ അമൃത്സർ സ്വദേശിയും പ്രമുഖ ധനാഢ്യനുമായിരുന്ന മൗലാന ഖുസൂരി ഇത് വായിക്കാനിടയായി. അദ്ദേഹം തന്റെ പുത്രന്മാരെ മലബാറിലേക്കയച്ചു. ബിരുദധാരിയായ മുഹിയുദ്ധീൻ അഹ്മദ്, ബിരുദാനന്തര ബിരുദധാരിയായ അബ്ദുൽ ഖാദർ ഖൂസൂരി എന്നവരായിരുന്നു അവർ. കോഴിക്കോടെത്തിയ ആ രണ്ടു പേർ സംഘർഷ സ്ഥലങ്ങൾ സന്ദർശിച്ചു. അശരണരെ ചേർത്ത് പിടിച്ചു. യാഥാർത്ഥ്യവുമായി മാനസികമായി പൊരുത്തപ്പെടാൻ ഏറെ പ്രയാസമനുഭവിച്ച അവർ ഉടനെ തന്നെ ജംഇയ്യത്തെ ദഅ്വത് വതബ്‍ലീഗെ ഇസ്‍ലാം (ജെ.ഡി.റ്റി) എന്ന പേരിൽ അഗതികൾക്ക് വേണ്ടി ഒരു പ്രസ്ഥാനം രൂപീകരിച്ചു. കലാപാനന്തര മുസ്‍ലിം സമൂഹത്തിന്റെ പതിതാവസ്ഥ അവർ പിതാവിനെ അറിയിക്കുകയും ചെയ്തു. കോഴിക്കോട്ടും പരിസരങ്ങളിലുമായി 6 ദുരിതാശ്വാസ കേന്ദ്രങ്ങൾ, 25000 പേർക്ക് ആറു മാസക്കാലം സൗജന്യ ഭക്ഷണം, 1700-ലധികം പേർക്ക് വസ്ത്രവും നൽകിക്കൊണ്ട് അവർ പ്രവർത്തനമാരംഭിച്ചു. 70-ൽ പരം അനാഥകളുടെ സർവ ചെലവും ഏറ്റെടുക്കുകയും ചെയ്തു.


മലബാർ ലഹളക്ക് പിന്നാലെ, 1922-ൽ സ്ഥാപനത്തിന്റെ പ്രഥമ കെട്ടിടവും മറ്റും സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വൈസ്രോയി വേവൽ പ്രഭു അതിന് അനുവാദം നൽകി. പട്ടുതെരുവിലുള്ള പുതിയ മാടത്തുമ്മൽ വീട്ടിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. തുടർന്ന്, വിപുലീകരണം അത്യാവശ്യമായ ഘട്ടത്തിൽ 1922 ജൂലൈ 3-ന് പഴയ ഹജൂർ കച്ചേരിക്കടുത്തുണ്ടായിരുന്ന അഞ്ചുമനെ-ഇസ്‍ലാം സഭാഹാളിലേക്ക് പ്രവർത്തനം മാറ്റി. 1924 മുതൽ വെള്ളിമാട് കുന്നിലെ ജംഇയ്യത്ത് ഹില്ലിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പിന്നീട് കാലങ്ങൾക്ക് ശേഷം പ്രാരംഭ കാലഘട്ടത്തെ പ്രധാന കെട്ടിട നിർമാണത്തിന് 1930 ഏപ്രിൽ 25-ന്, അറക്കൽ രാജ്ഞി ആയിഷ ബീവി അലി രാജ നാന്ദി കുറിച്ചു. 1931-ൽ അവർ മരണപ്പെട്ടു. ശേഷം, മാതാവിന്റെ സ്മരണാർത്ഥം മൂന്നാമത്തെ മകനായ അറക്കൽ ഹുസൈന്‍ അലി രാജ 1932 നവംബർ 30-ന് കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.

മലബാർ കലാപത്തിനോടൊപ്പം ശതാബ്ദി പിന്നിടുന്ന ഈ പ്രഥമ യതീംഖാന ഇന്ന് യതീംഖാനക്ക് പുറമെ വ്യത്യസ്ത ഹോസ്റ്റലുകൾ, സെൻട്രൽ ടെക്നിക് സ്കൂൾ, പോളി ടെക്നിക്, നഴ്സറി, പ്രൈമറി നഴ്സറി, യുപി സ്കൂൾ, ഹൈസ്കൂൾ, നഴ്സിംഗ് കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ കോഴ്സ്, മസ്ജിദ് തുടങ്ങി 33 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വലിയ സംരംഭമാണ്. സ്ഥാപകരിലൊരാളായ മൗലാനാ മുഹ്‍യിദ്ധീൻ അഹ്മദ് ഖുസ്വൂരി തന്നെയാണ് സ്ഥാപനത്തിന്റെ പ്രഥമ പ്രസിഡന്റ്. യു.എ.ഇയിലെ പ്രമുഖനും ധനാഢ്യനുമായ അൽ ഖുറൈശിയുടെ സാമ്പത്തിക സഹായത്തോടെ വിപുലപ്പെടുത്തിയ മൂന്നു നില കെട്ടിടം അടക്കം ഇന്ന് സ്വന്തമായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കീഴിലുള്ള ജെ.ഡി.ടി സാധ്യമാക്കിയ നവോഥാനപ്രസരണം നിസ്തുലമാണ്.

മൗലാന മുഹ്‍യിദ്ധീൻ അഹ്മദ് ഖൂസൂരിക്ക് ശേഷം ജെ.ഡി.ടി ക്ക് നേതൃത്വം നൽകിയവരിൽ മൗലവി നസീർ ഹുസൈൻ, ഖാൻ അബ്ദുറഹ്മാൻ സേട്ട്, മഖ്ബൂൽ സാഹിബ്, കെപി ഹസൻ ഹാജി തുടങ്ങിയവർ പ്രധാനികളാണ്. 1924-ലെ പ്രളയദുരന്തവും 1943-ലെ കോളറ മഹാമാരിയും ഇത്തരം അനാഥ ശാലകളിലെ അംഗബലം വര്‍ദ്ധിക്കുന്നതിന് നിമിത്തമായി. പിൽക്കാലത്ത് സ്ഥാപിതമായ യതീംഖാനകള്‍ക്കെല്ലാം പ്രചോദനമായത് ജെ.ഡി.റ്റി ആണെന്ന് പറയാം.

മറ്റു അനാഥാലയങ്ങൾ

1943-ൽ വ്യാപകമായി പടർന്ന കോളറയെന്ന മാറാവ്യാധി ധാരാളം അനാഥകളെ സൃഷ്ടിച്ചു. ജെ.ഡി.റ്റിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ സാമൂഹിക പശ്ചാത്തലത്തെ സധൈര്യം നേരിട്ട് ജെ.ഡി.റ്റിയുടെ ഒരു ശാഖ എന്ന നിലയില്‍, 1943 ഡിസംബറിലാണ് തിരൂരങ്ങാടി ഓർഫനേജ് സ്ഥാപിക്കപ്പെടുന്നത്. 114 അനാഥകൾക്കാണ് ആദ്യവർഷം പ്രവേശനം നൽകിയത്. സാമ്പത്തികമായും സാമൂഹികമായും പ്രാതികൂല്യം നിറഞ്ഞ സാഹചര്യത്തിലും പ്രസ്തുത സ്ഥാപനത്തിന്റെ നിർമാണത്തിനും അനുബന്ധ കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചത് കെ.എം സീതി സാഹിബ്, ഉമർ മൗലവി, എം.കെ.ഹാജി, കെ.എം മൗലവി എന്നിവരായിരുന്നു. കോളറയുടെ മരണക്കെണിയിൽ അകപ്പെട്ട ആയിരങ്ങളുടെ അനാഥരായ കുഞ്ഞുങ്ങള്‍ക്ക് പാർപ്പിടവും അഭയവും നൽകുക എന്ന വലിയ ഉത്തരവാദിത്വം നിറഞ്ഞ കാര്യമായിരുന്നു ഈ നിസ്വാര്‍ത്ഥ നായകര്‍ നിർവഹിച്ചത്.

1956-ൽ 22 അനാഥകളുമായാണ് മുക്കം മുസ്‍ലിം ഓർഫനേജ് പ്രവർത്തനത്തിന് നാന്ദി കുറിക്കുന്നത്. ഇന്ന് അത് 27 സ്ഥാപനങ്ങളുമായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. 1982-ലും 2008-ലുമായി കേന്ദ്ര ഗവൺമെന്റിന്റെ മികച്ച ശിശുക്ഷേമ സ്ഥാപനത്തിനുള്ള ദേശീയ പുരസ്കാരത്തിന് ഈ അനാഥാലയം അർഹമായി. ഇന്ന് സ്ത്രീ വിദ്യാഭ്യാസത്തിനും എം.എം.ഒ പ്രാധാന്യം നൽകുന്നുണ്ട്. വഴി തെറ്റി പോകുന്ന അനാഥ ജീവിതങ്ങളെ നൈതികതയുടെയും ധാർമികതയുടെയും താത്ത്വിക ഭാവം തിരിച്ചറിഞ്ഞ ദീനി പണ്ഡിതരാക്കുക എന്ന ഉത്തമ ലക്ഷ്യത്തോടെ ഈ അനാഥാലയം സാധ്യമാക്കിയതത് മോയിൻ ഹാജി എന്ന പരോപകാരിയായിരുന്നു. 2010 സിവിൽ സർവീസ് പരീക്ഷയിൽ 226-ാമത്തെ റാങ്ക് നേടി ഉയർന്ന വിജയം നേടിയ മുഹമ്മദലി ശിഹാബ് എന്ന വ്യക്തിയിലൂടെ ചരിത്രം സൃഷ്ടിക്കാൻ കൂടി ഈ മാതൃകാ സ്ഥാപനത്തിന് സാധിച്ചു.

ഒറ്റപ്പെടലിന്റെ ബന്ധനങ്ങളിൽ നിന്ന് വിജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് ജീവിതങ്ങളെ കൊണ്ടുവരിക എന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ സാന്ദർഭികവും കാലോചിതവുമായ ഇടപെടലിൽ നിന്നാണ് 1967-ൽ വയനാട് മുസ്‍ലിം ഓർഫനേജ് സ്ഥാപിതമാകുന്നത്. പ്രാഥമിക ഘട്ടത്തിൽ രൂപത്തിലും വണ്ണത്തിലും വയനാട്ടിലെ ഏറ്റവും ചെറിയ അനാഥാലയമായിരുന്ന പ്രസ്തുത സ്ഥാപനം നാലര പതിറ്റാണ്ടില്‍ നേടിയ വളര്‍ച്ച നിസ്തുലമാണ്. 1972-ൽ മുക്കം മുസ്‍ലിം യതീംഖാനയുടെ ശാഖയായി പ്രവർത്തിക്കാൻ തുടങ്ങി. എം.എ മുഹമ്മദ് ജമാൽ, സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ തുടങ്ങിയവരാണ് മണ്മറഞ്ഞ നേതൃവാഹകർ.

1978-ൽ സാമൂഹിക ദീനദയാലുത്വത്തിന്റെ അടിസ്ഥാനത്തിലാണ് സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1860 (17/78) പ്രകാരം കേരള ഗവണ്മെന്റിന്റെ അനാഥാലയ നിയന്ത്രണ ബോർഡിന് കീഴിലായി കൊടുവള്ളി മുസ്‍ലിം ഓർഫനേജ് സ്ഥാപിക്കപ്പെടുന്നത്. കഴിഞ്ഞ 45 വർഷങ്ങളായി നിരവധി പ്രഗൽഭരെ വളർത്തിയെടുക്കാൻ ഈ മഹത്തായ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.

1961-ൽ എടവണ്ണയിൽ സ്ഥാപിതമായ അനാഥാലയത്തിന്, സ്ഥലവും 5000 ഉറുപ്പികയും നൽകി കൊണ്ട് തച്ചറമ്പൻ കമ്മദായിയാണ് തുടക്കമിട്ടത്. ജെ.ഡി.റ്റി യുടെ ശാഖയായി ഈ സ്ഥാപനം വൈജ്ഞാനിക പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

1969 -ൽ ഉദാരമതിയായ നാലകത്ത് ബീരാൻ ഹാജി അനാഥ ബാല്യങ്ങൾക്ക് വേണ്ടി നൽകിയ മുപ്പത് ഏക്കർ സ്ഥലത്താണ് നിലമ്പൂർ മുസ്‍ലിം ഓർഫനേജ് സാക്ഷാൽകൃതമാകുന്നത്. പ്രസ്തുത അനാഥ മന്ദിരത്തിന് തറക്കല്ലിട്ടത് സി.എച്ച് മുഹമ്മദ് കോയ സാഹിബായിരുന്നു. നാലകത്ത് ബീരാൻ സാഹിബും ഡോ.എം ഉസ്മാൻ സാഹിബുമായിരുന്നു ഈ സ്ഥാപനത്തിന്റെ നേതൃത്വം വഹിച്ചിരുന്നത്.


സംഘടിതരൂപത്തിലേക്ക്

1983 ലാണ് യതീഖാനകൾക്ക് ഒരു ഏകീകൃത രൂപം ലഭിക്കുന്നത്. കേരളത്തിലെ അനാഥാലയങ്ങൾക്ക് ഒരു സംഘടിത നിയമസംഹിതയും നയാവലിയും വേണമെന്ന ചിന്ത ഉദിച്ചു വരുന്നത് കോഴിക്കോട് അടിസ്ഥാനമാക്കിയിട്ടായിരുന്നു. മുക്കം ബീരാൻ കുട്ടി ഹാജിയാണ് ഇതിന് നേതൃപരമായ കാർമികത്വം നിർവഹിച്ചത്. കേരള മുസ്‍ലിം ഓർഫനേജ് കോർഡിനേഷൻ കമ്മിറ്റി (കെ.എസ്.എം.ഒ.സി.സി) എന്ന് നാമകരണം ചെയ്യപ്പെട്ട ഇതില്‍ അന്നത്തെ 50-ൽ പരം യതീംഖാനകൾ ഭാഗമായി.

കോഴിക്കോട് ജില്ലയിൽ സാമൂഹ്യപ്രവർത്തനങ്ങളിൽ ഖ്യാതി നേടിയ ടി.കെ പരീക്കുട്ടി ഹാജി, വി.മോയിൻ ഹാജി, അഡ്വ.എം.മുഹമ്മദ്, ഹംസ ബാഫഖി എന്നിവർ ഈ സംഘടനക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖരാണ്. സ്ഥാപിക്കപ്പെട്ടത് മുതൽ കേരളത്തിൽ അങ്ങിങ്ങായുള്ള യതീംഖാനകൾക്ക് കൃത്യമായ മാർഗരേഖകൾ പ്രസ്തുത സംഘടന നൽകി വരുന്നു. അന്തേവാസികളുടെ പഠനം, കലാകായിക പരിശീലനം, അധ്യാപർക്കും ഭാരവാഹികൾക്കും മറ്റു ജീവനക്കാർക്കും കൃത്യമായ മാർഗ നിർദ്ദേശങ്ങൾ, ഓർഫനേജ് എംപ്ലോയ്മെന്റ് ബ്യൂറോ, എല്ലാ സ്ഥാപനങ്ങളിലും നിശ്ചിത സമയത്ത് നടത്തപ്പെടുന്ന നിലവാരപരിശോധന തുടങ്ങി അനവധി ക്ഷേമപ്രവർത്തനങ്ങൾ ഈ സംഘടന നിർവഹിച്ചു പോരുന്നുണ്ട്.

യതീംഖാനകൾ : നവീന യുഗത്തിൽ

പ്രാഥമിക ഘട്ടത്തിലെ സാമൂഹ്യ സാമ്പത്തിക പ്രതിബന്ധങ്ങൾ അതിജീവിച്ച് ഉയർന്നു വന്ന യതീംഖാനകളിൽ നിന്ന് പ്രചോദനമുൾകൊണ്ട് നിരവധി യതീംഖാനകൾ കേരളക്കരയില്‍ പ്രത്യക്ഷപ്പെട്ടു. വർഷാനുസൃതമായി യതീംഖാനകളുടെ അംഗസംഖ്യയിൽ വന്ന മാറ്റങ്ങളും വ്യത്യാസങ്ങളുമാണ് താഴെയുള്ള രേഖാരൂപം സൂചിപ്പിക്കുന്നത്.

Graph

മുകളിൽ കൊടുത്ത ഗ്രാഫിൽ നിന്നും ആധുനികതയിൽ നിന്ന് അത്യാധുനികതയിലേക്കുള്ള എടുത്തു ചാട്ടത്തിൽ പ്രകടമായ വ്യത്യാസം എടുത്തു പറയേണ്ട ഒന്നാണ്. എന്നാൽ പ്രസ്തുത രേഖ 2014-ലെ സർവേക്കനുസരിച്ചായതിനാൽ 224 സ്ഥാപനങ്ങൾ എന്ന സംഖ്യ തള്ളിക്കളയാനാകാത്ത ഒന്ന് തന്നെയാണ്. മുമ്പ് പറയപ്പെട്ട സർവ്വേ പ്രകാരം 2260 അഗതിമന്ദിരങ്ങളിൽ 384 എണ്ണം  മുസ്‍ലിം സ്ഥാപനങ്ങളാണ്. പക്ഷേ, യതീംഖാനകളിലെ വിദ്യാർത്ഥി സാന്നിധ്യം ഇന്ന് ഏറെ പരിതാപകരമാണ്. ആയിരവും അഞ്ഞൂറും അനാഥകൾ പഠിച്ചിരുന്ന സ്ഥാപനങ്ങളിൽ നേർ പകുതിയോ അതിന്റെ താഴെയോ ആണ് ഇന്നത്തെ അംഗസംഖ്യ. സ്വാഭാവികമായും മുസ്‍ലിം സാമൂഹ്യ ലോകത്ത് സാമ്പത്തികമായും വൈജ്ഞാനികമായും വന്ന വളര്‍ച്ച തന്നെയാണ് പ്രധാന കാരണം. എന്നാൽ ഇതിനിടയിൽ മറഞ്ഞുകിടക്കുന്ന ചില സത്യങ്ങൾ കൂടി ശ്രദ്ധിക്കപ്പെടേണ്ടതാണ്.

സമൂഹത്തിന്റെ കാലാനുസൃത ആവശ്യകതക്കനുസരിച്ച് ശക്തമായ ഇടപെടലുകൾ മൂലം ഉയിർകൊള്ളുന്ന സ്വാഭാവിക പ്രതിഭാസമാണ് ഇത്തരത്തിലുള്ള ഉന്നമന പരിണാമങ്ങൾക്കും പരിഷ്കാരങ്ങൾക്കും പിന്നിലുള്ളത്. യതീംഖാനകളുടെ എണ്ണത്തിലെ വൻ വർധനവ്, സർക്കാർ ഭക്ഷ്യസുരക്ഷ, സാമൂഹിക നീതി വകുപ്പ്, സൗജന്യ വിദ്യാഭ്യാസ നയം തുടങ്ങിയ സർക്കാർ ഘടകങ്ങൾ ജനസേവനമെന്ന പ്രത്യയത്തിനു പുറമേ വലിയൊരു ആശ്വാസകരമായ സമയം സമൂഹത്തിന് സമ്മാനിച്ചു. ഗൾഫ് പണമാണ് മറ്റൊരു കാരണം. ഗൾഫ് മേഖലകളിൽ വൻ സാധ്യത വർധിച്ചപ്പോൾ അത് മലയാളി സമൂഹത്തിന്റെ ആദിമ ഘട്ടത്തിലെ ദരിദ്രാവസ്ഥയിൽ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പായിരുന്നു. യതീംഖാനകളുടെ പ്രാരംഭ ഘട്ടത്തിൽ, അന്നത്തെ സ്ഥാപകരുടെ ചിന്താമണ്ഡലത്തിൽ എങ്ങനെയെങ്കിലും അനാഥകളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയതിനാൽ തന്നെ, സാമ്പത്തിക പ്രയാസങ്ങള്‍ കാരണം കെട്ടിട നിർമാണവും മറ്റു സൗകര്യങ്ങളും വേണ്ടത്ര മെച്ചപ്പെട്ടതായിരുന്നില്ല. എന്നാൽ സമകാലിക യുഗത്തിൽ കാലികമായ ശാസ്ത്രീയ മാറ്റങ്ങൾ കൊണ്ട് വരാൻ ഓരോ യതീംഖാനകളുടെയും മാനേജ്മന്റ് തയ്യാറായിട്ടുണ്ടോ എന്നത് ഒരു ചോദ്യമാണ്. 
യതീംഖാനകളോട് ചേർന്ന് സയൻസ്, ആർട്സ്, ട്രെയിനിങ്, നഴ്സിംഗ് കോളേജുകൾ, സ്കൂളുകൾ, ഹോസ്പിറ്റലുകൾ മറ്റനേകം വിദ്യാഭ്യാസ സമുച്ചയങ്ങളും ഉയർന്ന് വന്നതോടെ യതീംഖാനകളോടുള്ള പരിഗണന താരതമ്യേനെ കുറവായതാണ് മറ്റൊരു കാരണം. മണ്മറഞ്ഞു പോയ സ്ഥാപകർ വെച്ചുപുലർത്തിയ പ്രാധാന്യരൂപവും പരിഗണനാശാസ്ത്രവും അടിസ്ഥാനപ്പെടുത്തി നിലവിലെ യതീംഖാനയുടെ ദുരവസ്ഥ പരിശോധിച്ച് ആത്മവിചിന്തനം നടത്താൻ ഓരോ മാനേജ്മെന്റും തയ്യാറാവേണ്ടതുണ്ട്. മുമ്പ് പറയപ്പെട്ട കേരള സ്റ്റേറ്റ് മുസ്‍ലിം ഓർഫനേജ് കോർഡിനേഷൻ കമ്മിറ്റി, മറ്റു മതവിഭാഗങ്ങളുടെ പങ്കാളിത്തമുള്ള അസോസിയേഷൻ ഓഫ് ഓർഫനേജ് തുടങ്ങിയ സംവിധാനങ്ങളിൽ കൂടുതൽ പ്രഗൽഭരുടെയും പ്രമുഖരുടെയും സേവനവും ഉണ്ടാവേണ്ടിയിരിക്കുന്നു.

2019 -ലെ കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ കണക്കനുസരിച്ച്, റെജിസ്റ്റര്‍ ചെയ്യപ്പെട്ട കുട്ടികളുടെ എണ്ണം 60,618 ആയിരുന്നു. എന്നാല്‍ നിലവില്‍ അത് 35986 (41%) ആയി കുറഞ്ഞിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ കൂടി ചേർത്താണ് ഇത് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. 2004 -ൽ നിന്ന് 2014 -ൽ എത്തിയപ്പോൾ സ്ഥാപനങ്ങളുടെ എണ്ണം 60% (551883) വളർന്നപ്പോൾ പഠിതാക്കളുടെ എണ്ണം 6% മാത്രമാണെന്നതും ചേർത്തി വായിക്കേണ്ടതാണ്.

നിബന്ധനകൾക്ക് വിധേയമായി സംസ്ഥാന സർക്കാരിന് കീഴിലുള്ള സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അനാഥാലയങ്ങളുടെ അപേക്ഷാടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി ഇപ്പോഴും അംഗീകാരം നൽകി വരുന്നുണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തന സ്വീകാര്യത വ്യക്തമാക്കി പരിശോധിച്ച് ഓഡിറ്റിംഗ് ചെയ്തതിന് ശേഷം സാമൂഹ്യക്ഷേമ ബോർഡ് ഇത്തരം സ്ഥാപനങ്ങൾക്ക് ഗ്രാന്റ് നൽകി വരുന്നു. ഇപ്പോൾ ഒരു വർഷം ഒരു വിദ്യാർത്ഥിക്ക് 200 രൂപയാണ് സർക്കാർ നൽകുന്നത്. എന്നാൽ ഇതൊരു ജയിൽ പുള്ളിക്ക് ലഭിക്കുന്നതിനേക്കാൾ എത്രയോ കുറവാണെന്നതാണ് വസ്തുത.

യതീംഖാനകൾ: വിമർശനങ്ങളും വെല്ലുവിളികളും

പ്രാരംഭ ഘട്ടം മുതലേ യതീംഖാന എന്ന ആശയത്തിനെതിരെ സാരമായ വിമർശനങ്ങളും വെല്ലുവിളികളും ഉയർന്ന് വന്നിട്ടുണ്ട്. മതദാർശനികത ഉയർത്തിക്കാട്ടിയായിരുന്നു അന്നത്തെ വിമർശനമെങ്കിൽ പ്രായോഗികവൽകരണത്തിന്റെ വെല്ലുവിളികളാണ് കാലികമായി ചർച്ച ചെയ്യപ്പെടുന്നത്.
1. അന്തേവാസികളുടെ ദുരിതങ്ങൾ: മുമ്പ് പ്രസ്താവിക്കപ്പെട്ടത് പോലെ, ചില അനാഥാലയങ്ങൾ ഇപ്പോഴും അടിസ്ഥാന സൗകര്യം പോലുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. 
2. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ: അനാഥാലയങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചിലത് വേണ്ടത്ര നിലവാരം പുലർത്തുന്നില്ല എന്നതാണ് സത്യം. എന്നാൽ നിലവാരമുള്ള സ്ഥാപനങ്ങളാവട്ടെ കൈരളി സമൂഹത്തിന് അഭിമാനിക്കാനുതകുന്ന സാർവത്രിക സേവനങ്ങളും ചെയ്ത് വരുന്നുമുണ്ട്.
3. സ്ത്രീ വിദ്യാഭ്യാസം: കേരളത്തിൽ യതീംഖാനകളെ സംബന്ധിച്ചിടത്തോളം സ്ത്രീ വിദ്യാഭ്യാസത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്ന ചരിത്രമാണുള്ളത്. ഒരു കാലത്ത് മലബാറിലെ സ്ത്രീകൾ പിന്നോക്കമായി നിന്നിരുന്ന സമയത്ത് അജ്ഞതയില്‍നിന്നും അവരെ കൈ പിടിച്ച് ഉന്നമനങ്ങളിലേക്കെത്തിച്ചതിന് അനാഥശാലകൾക്കുള്ള പങ്ക് സ്തുത്യർഹമാണ്.
4. ഗവൺമെന്റ് തലത്തിലുള്ള ആനുകൂല്യങ്ങളുടെ വിളർച്ച
പൊതുവെ ഇത്തരം പ്രശ്നങ്ങൾക്കുള്ള കാരണങ്ങളല്ലെങ്കിലും ഇതിനെതിരെ വിരൽ ചൂണ്ടുന്നവർ ആപേക്ഷികമായി കുറവാണ്. രാഷ്ട്രീയം എവിടെയും പച്ച പിടിക്കുന്ന ഇക്കാലത്ത് സ്വാധീനവും മറ്റു ജനാധിപത്യ രൂപങ്ങളിലൂടെയും മാത്രമേ ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്യാൻ സാധിക്കുകയുള്ളു.
5. സാമ്പത്തിക പ്രതിസന്ധി: സൗജന്യമായി വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന ഏത് സ്ഥാപനത്തിനും സ്വാഭാവികമായി നേരിടേണ്ടി വരുന്ന പ്രശ്നമാണ് സാമ്പത്തിക പ്രതിസന്ധി. ഒരു കുട്ടിക്ക് മാസത്തിൽ ആയിരം മുതൽ നാലായിരം വരെ ചെലവഴിക്കേണ്ടി വരുമ്പോൾ സ്ഥാപനത്തിന്റെ കടബാധ്യത ഏറുകയാണ് ചെയ്യുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള അനേകം സന്മനസുകളുടെ ഉദാരമായ സംഭാവനകൾ കൊണ്ട് മാത്രമാണ് ഈ കാലമത്രയും യതീംഖാനകൾ മുന്നോട്ട് പോയത്. ഏതെങ്കിലും ഒരു മാസത്തിൽ ചെലവ് കൂടുകയും സഹായങ്ങള്‍ കുറയുകയും ചെയ്യുന്നതോടെ ഇത്തരം സ്ഥാപനങ്ങൾ പ്രയാസപ്പെടുകയാണ്. എന്നാൽ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ അനേകം മാർഗങ്ങളുണ്ട്. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന കിണാശ്ശേരി യതീംഖാന, കൊടുവള്ളി മുസ്‍ലിം ഓർഫനേജ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് സ്വന്തമായ വരുമാന മാർഗങ്ങളുണ്ട്. ഷോപ്പിംഗ് കോംപ്ലക്സ്, അച്ചടി ശാലകൾ, ട്യൂഷൻ സെന്ററുകൾ, മറ്റു കച്ചവടങ്ങൾ തുടങ്ങീ വരുമാന മാർഗങ്ങളിലായി വർത്തിച്ചു കൊണ്ടവർ മറ്റു അനാഥമന്ദിരങ്ങൾക്ക് മാതൃകയാണ്.

 
ഉപസംഹാരം

കഴിഞ്ഞ നൂറ്റാണ്ടില്‍ നിരവധി സംഘർഷങ്ങളിലും മറ്റു സാംക്രമിക രോഗങ്ങളിലും പിതാക്കളെ നഷ്ടപ്പെട്ട ഒരുപാട് ബാല്യങ്ങളെ തെരുവിന്റെ മക്കളെന്ന അപഖ്യാതയിൽ നിന്നും, മുസ്‍ലിം സമുദായത്തിന്റെ നിലച്ചു പോയിരുന്ന സാമ്പത്തിക ഭദ്രതയിൽ നിന്നും രക്ഷ നൽകി അന്നവും പാർപ്പിടവും ജ്ഞാനവും ഒരു പോലെ നൽകി കൊണ്ട് ചേർത്തു പിടിക്കാൻ ഉയിർ കൊണ്ട യതീംഖാന എന്ന പ്രസ്ഥാനം സാക്ഷാത്കരിച്ച നവോത്ഥനഗാഥകളാണ് ഇത് വരെ നാം പറഞ്ഞത്. ഒറ്റപ്പെടുത്തലുകളുടെയും അജ്ഞതകളുടെയും ബന്ധനങ്ങൾക്കിടയിൽ ഒതുങ്ങി കൂടിയിരുന്ന ബാല്യങ്ങളെയാണ് ഇവ കൈപിടിച്ചുയര്‍ത്തിയത്. 

എന്നാല്‍ മാറുന്ന സാഹചര്യത്തിന് അനുസരിച്ച് കേരളക്കരയിലെ യതീംഖാനകളില്‍ പലതും ഇനിയും മാറേണ്ടതുണ്ട്. ഈ രംഗത്ത് മുസ്‍ലിം സമുദായം സാമൂഹ്യമായും രാഷ്ട്രീയമായും ഗൗരവമായ ചിന്തകൾക്കും ചലനങ്ങൾക്കും നാന്ദി കുറിക്കേണ്ടതുണ്ട്. കാലത്തിന്റെ വിളികേട്ട് തുടക്കം കുറിച്ച ഈ അമാനത്തുകൾ യഥാവിധി സൂക്ഷിച്ച് വരും തലമുറക്ക് അഭിമാനത്തോടെ കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അങ്ങനെ ഈ മഹാസ്ഥാപനങ്ങൾ, വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും കൂടെ നിന്നവർക്ക് അനന്തരജീവിതത്തിലേക്കുള്ല നിത്യസമ്പാദ്യവും അവസാനിക്കാത്ത ദാനവുമായി മാറട്ടെ!

അവലംബം

• അഭയം: എം.ഐ.സി സിൽവർ ജൂബിലി സുവനീർ 2010
• അൽ മുനീർ 22:  കേരള മുസ്ലിം നവോത്ഥാനം: വഴിയും വസ്തുതയും
• muhammed shanib: career development methods in orphanages: a study on three instituitions in kerala
• Zubair Hudawi Chekannur. (2015). Indyayile Islamika Vidhyabhasam, Jamia Pattikkad Souvenir
• Shihab, M. A. (January 2018). Viralattam: Oru Yuva Iasukarante Jeevitham. Dc Books
• Mubashir, M. (N.D.). Yatheem Khanas And Human Development: A Study in The Context of Kerala. New Delhi: Department of Islamic Studies, Jamia Millia Islamia
• സ്വാദിഖ് ഫൈസി താനൂർ: സമസ്ത ചരിത്രത്തിൻറെ നാൾവഴികൾ, ഇസ്ലാമിക് സാഹിത്യ അക്കാദമി
http://nerpatham.com/vol-no-04/anaathhare-sanaathharaakkiya-yathimkhaana-prasthhaanam.html

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter