ഇഹ്‍യാ ഉലൂമിദ്ദീന്‍, വിപ്ലവം തീര്‍ത്ത കൃതി

ആധുനിക ഇറാന്റെ കിഴക്കൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഖുറാസാനോട് അടുത്ത് നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ പട്ടണത്തിൽ ഹിജ്റ 450 (ക്രിസ്താബ്ദം1058) ലാണ് മഹാനായ ഇമാം ഗസ്സാലി (റ) ജനിച്ചത്. മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ അഹ്മദ് തൂസിയ്യ  ശാഫിഈ അബീഹാമിദിൽ ഗസ്സാലി (റ) എന്നാണ് പൂർണ്ണനാമം. ആത്മീയ മേഖലയിൽ വിരാജിക്കുകയും ലക്ഷക്കണക്കിനാളുകൾക്ക് ആത്മീയ ലഹരി പകർന്നുകൊടുക്കുകയും ചെയ്ത മഹാനവർകൾ ഇസ്‍ലാമിക ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രതിഭയാണ്. അതിലുപരി എല്ലാ വിജ്ഞാന ശാഖകളിലും തൻറെ കയ്യൊപ്പ് ചാർത്താൻ മഹാനുഭാവന് സാധ്യമായതും അദ്ദേഹത്തിൻറെ മഹത്വത്തെ കുറിക്കുന്നു.

പഠനവും അധ്യാപനവും 

ഹിജ്റ 403 വരെ തൂസ്  പട്ടണത്തിലാണ് മഹാൻ പഠനം നടത്തിയത്. ജ്ഞാനദാഹിയായ പിതാവിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയായിരുന്നു തുടക്കം. പിന്നീട് പണ്ഡിതനായ അഹ്മദുബിൻ റാഖാനി (റ) ന്റെ ചാരത്തായിരുന്നു പഠനം. പഠനത്തിൽ മുൻപന്തിയിലായിരുന്ന ഗസ്സാലിയും സഹോദരനായ അഹ്മദും പ്രമുഖ പണ്ഡിതനായ ഇമാം ജുവൈരിയില്‍ നിന്നും പിന്നീട് വിദ്യ കരസ്ഥമാക്കുന്നുണ്ട്. പഠനാനന്തരം മദ്രസത്തുൽ നിളാമിയയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച വേളയിലാണ് ഇമാം ഗസ്സാലി (റ) ഗ്രന്ഥരചനക്ക് തുടക്കം കുറിക്കുന്നത്. 500ൽ പരം ഗ്രന്ഥങ്ങൾ ഇമാം ഗസ്സാലി (റ) രചിച്ചിട്ടുണ്ടെന്ന് ചരിത്രം പരതിയാൽ നമുക്ക് വ്യക്തമാകും. കിത്താബുൽവസീത്, വജീസ്, ബസീത്ത് തുടങ്ങിയ ഫിഖ്ഹീ ഗ്രന്ഥങ്ങൾ അദ്ദേഹം തൂസിൽ  നിന്നുകൊണ്ടുതന്നെ രചിച്ചവയാണ്.

പവിഴം തേടിയുള്ള യാത്ര

ജ്ഞാനത്തോട്  അടങ്ങാത്ത ദാഹം തോന്നിയ ഇമാം ഗസ്സാലി (റ) തൂസിൽ തന്റെ സ്ഥാനത്ത് സഹോദരനായ അഹ്മദിനെ നിർത്തുകയും യാത്ര തുടങ്ങുകയും ചെയ്തു. 1097-1104 കാലയളവിലെല്ലാം മഹാൻ യാത്രയിൽ ആയിരുന്നു. ആ യാത്രക്കിടെ ബൈത്തുൽ മുഖദ്ദസിൽ വെച്ചാണ് ഇഹ്‌യാ ഉലൂമിദ്ദീൻ  എന്ന ഗ്രന്ഥരചനക്ക് തുടക്കം കുറിക്കുന്നത്, രചന പൂർത്തിയാക്കുന്നത് ഡമസ്കസിൽ വച്ചും. ആത്മസംസ്കരണത്തിന്റെയും സ്വഭാവ നവീകരണത്തിന്റെയും എല്ലാ പോംവഴികളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 ഇഹ്‍യയയുടെ അകം

നാല് ഭാഗങ്ങളിലായാണ് ഇമാം ഗസ്സാലി ഇഹ്‌യാ  ഉലൂമുദ്ദീൻ രചിച്ചിട്ടുള്ളത്.
1. ഇബാദത്ത്: ഏകദൈവാരാധനയുമായി ബന്ധപ്പെട്ടതാണ് ഈ ഭാഗം.
2. ആദാത്ത്: ഭക്ഷണ മര്യാദകൾ, വിവാഹം, സാമൂഹിക സമ്പ്രദായങ്ങൾ മുതലായവയെ പ്രതിപാദിക്കുന്ന വിശാലമായ ഭാഗമാണ് ഇത്.
3. മുഹ്‍ലികാത്ത്: തിന്മയുടെ കൂടാരത്തിൽ നിന്നും നന്മയുടെ വിധാനത്തിലേക്ക് മനുഷ്യന് നടന്നുകയറാനുള്ള പ്രധാന വഴികളെ പരിചയപ്പെടുത്തുന്നതാണ് ഈ മൂന്നാം ഭാഗം.
4. മുൻജിയാത്ത്: തൗബ, തവക്കുൽ തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഭാഗമാണ് നാലാമത്തേത്.

ഏതൊരു ഗ്രന്ഥത്തിനും ഉണ്ടാവുന്നത് പോലെ തന്നെ ഇഹ്‍യാഉലൂമിദ്ധീനും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ആ വിമർശനങ്ങൾക്ക് മറുപടി എന്നോണം ആണ് ഇമാം ഗസ്സാലി (റ) الإملاء على مشكل الإحياء എന്ന ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഈ ഗ്രന്ഥം വായിക്കുന്ന ഏതൊരാൾക്കും ആ സംശയങ്ങളെല്ലാം ദൂരീകൃതമാവുന്നതോടൊപ്പം, ഇഹ്‍യയുടെ ഉള്ളടക്കം മനസ്സിലാക്കാന്‍ ഇത് സഹായകമാവുകയും ചെയ്യും.

ഇഹ്‍യയുടെ പ്രധാന ശറഹുകൾ

إتحاف السادة المتقين

فهم المعلوم
فوت الأحياء من كتاب أحياء

 ഇമാം ഗസ്സാലിയുടെ തസ്വവുഫിന്റെ ഗ്രന്ഥങ്ങൾ

ايها الولد، منهاج العابدين، منقد من الضلال

വഫാത്ത്

തന്റെ 55-ാം വയസ്സിൽ, ഹിജ്റ 505 ജമാദുൽ അവ്വൽ 14ന്, ഇമാം ഗസ്സാലി (റ) ഈ ലോകത്തോട് വിട പറഞ്ഞു. മഹാനുഭാവന്റെ മരണം പോലും ഐഹിക വിരക്തിയെ സൂചിപ്പിക്കുന്നതായിരുന്നു. മരണത്തിന്റെ തലേദിവസം എഴുതിയ അൽഖസീദത്തുനിയ്യാ വൽജൗഹറത്തുൽഫരീദത്തുൽമുളിയ്യ എന്ന കവിത അതാണ് സൂചിപ്പിക്കുന്നത്. അല്ലാഹു ആ മഹാനുഭാവനോടൊപ്പം നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ, ആമീന്‍.

Leave A Comment

4 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter