സൂഫിസം: അകം തെളിയുമ്പോഴാണ് സ്വൂഫി ജനിക്കുന്നത്
ഇസ്‌ലാംധര്‍മത്തിന്റെ ഏറ്റവും തെളിച്ചമുള്ള ഭാവമാണ് സ്വൂഫിസം. സ്വൂഫിസം സംബന്ധിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇസ്‌ലാമിക സ്വൂഫിസം എന്ന പ്രയോഗം ആവശ്യമില്ലാത്തതാണ്. കാരണം, മുഹമ്മദീയ ധര്‍മത്തിലൂടെ മാത്രം വ്യാപരിക്കുന്ന ഒരു സംസ്‌കരണശാസ്ത്രപ്രയോഗമാണ് തസ്വവ്വുഫ്. ഇസ്‌ലാമികമല്ലാത്ത മറ്റൊരു സ്വൂഫിസം ഇല്ല. എന്നാല്‍, മുസ്‌ലിം സ്വൂഫികളുടെ ഭാവങ്ങളോടും സ്വഭാവ വിശേഷങ്ങളോടും സദൃശമായ മറ്റു രീതികളില്‍ പുലര്‍ത്തുകയും താദാത്മ്യം പ്രകടമാവുന്ന ദര്‍ശനങ്ങള്‍ വിരിയുകയും ചെയ്ത ചില ധര്‍മങ്ങളുണ്ട്. സാദൃശ്യത്തിന്റെ പേരില്‍ മറ്റ് പല ദര്‍ശന രീതികളെയും സ്വൂഫിസത്തോട് അടുപ്പിച്ച് നിര്‍ത്തി പറയാറുണ്ട്. ശരിയായ സ്വൂഫിസത്തെ വിശാലമായ വായനാ ലോകത്ത് തെറ്റിദ്ധരിക്കാന്‍ പോലും ഈ രീതി നിമിത്തമായേക്കും. എങ്കിലും മിസ്റ്റിസിസം എന്ന ഇംഗ്ലീഷ് പ്രയോഗം എല്ലാതരം സംസ്‌കരണ ദര്‍ശനങ്ങളെയും ഉള്‍ക്കൊള്ളാന്‍ വിശാലമാണ്.
സ്വൂഫിസത്തില്‍ അനര്‍ഹമായ പലതും ചേര്‍ക്കുകയും അര്‍ഹമായ പലതിനെയും നിരാകരിക്കുകയും ചെയ്ത പ്രവണത വ്യാപകമായി ഈ മേഖലയിയില്‍ പില്‍ക്കാലത്ത് ഉടലെടുത്തിട്ടുണ്ട്. സ്വൂഫിസത്തിന്റെ പേരില്‍ പ്രകടമായ ഉപോല്‍പ്പന്നങ്ങളും വ്യാജ മുദ്രകളുമാണത്. ശരിയായ സ്വൂഫിസത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ കാരണമായതും ഈ വ്യാജന്മാരുടെ വ്യാപനമാണ്.
ഇസ്‌ലാംധര്‍മത്തിന് മൗലികമായി മൂന്ന് തലങ്ങങ്ങളാണുള്ളത്. ബാഹ്യ-ശാരീരിക വിതാനങ്ങളെ നിയന്ത്രിക്കുകയും പരിശുദ്ധിപ്പെടുത്തുകയും ചെയ്യുന്ന പൊതുവായ ഭാവമാണ് ഒന്നാമത്തേത്. ഇസ്‌ലാം എന്ന പൊതുപ്രയോഗം അതിനെയാണ് സൂചിപ്പിക്കുന്നത്. ശരീഅത്ത് എന്ന് ഈ വിതാനത്തെ വിളിക്കാം. ഫിഖ്ഹ് എന്ന കര്‍മശാസ്ത്ര മേഖലയാണ് ശരീഅത്ത് വിതാനത്തിന്റെ വിജ്ഞാന സ്രോതസ്സ്.
ഇസ്‌ലാംധര്‍മത്തിന്റെ രണ്ടാമത്തെ വിതാനം ഈമാന്‍ എന്ന മാനസിക ഭാവതലമാണ്. മനോഗുണങ്ങളെ പവിത്രവത്ക്കരിക്കുകയും മാനസിക ദുര്‍ഗുണങ്ങളെ പരിവ്രജിക്കുകയും ചെയ്ത സംസ്‌കൃതചിത്തരായവരുടെ വിതാനമാണ് ഈമാനിക തലം. സ്വൂഫിസം പൊതുവായി പ്രതിനിധാനം ചെയ്യുന്നത് ഈ മേഖലയെയാണ്. ത്വരീഖത്ത് എന്ന പ്രായോഗിക കര്‍മമേഖലയാണ് ഈമാനിക സാക്ഷാല്‍ക്കാരത്തിന്റെ കര്‍മമണ്ഡലം.
മൂന്നാമത്തെ വിതാനം ആത്മതലപ്രധാനമാണ്. ആധ്യാത്മികമായ ഔന്നിത്യങ്ങളില്‍ വിരാജിച്ച് ആത്മീയ ഉള്‍ക്കാഴ്ച്ച നേടി ആത്മദൃഷ്ടികള്‍ തെളിയുന്ന ഇഹ്‌സാന്‍ മേഖലയാണിത്. രണ്ടാം തലമായ ത്വരീഖത്ത് വിതാനത്തിലൂടെ ആത്മീയ തപസ്യകളും സാധനാരീതികളും ഉപാസിക്കുന്ന സാധകന്‍ സാക്ഷാല്‍ക്കാരത്തിലെത്തിച്ചേരുന്ന അതിമഹത്തരമായ വിതാനമാണിത്. ഇഹ്‌സാനിക മുന്നേറ്റത്തിലൂടെ നിയോഗ ഭാഗ്യം കൊണ്ട് അമരത്വം വരിച്ച സംസ്‌കൃത ചിത്തരായ മഹാമനീഷകളാണ് സ്വൂഫികള്‍. അവരാണ് ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ ‘മുഹ്‌സിനൂന്‍’ എന്ന് സംബോധിക്കപ്പെട്ടവര്‍. ഒന്നാം വിതാനക്കാര്‍ ‘മുസ്‌ലിമൂന്‍’ എന്നും, രണ്ടാം തലക്കാര്‍ ‘മുഅ്മിനൂന്‍’ എന്നും വിളിക്കപ്പെടുന്നു.
മാനവിക സമൂഹത്തിലെ ഒരംഗമായി വിവേകത്തോടെ തുടരുന്ന കാലമത്രയും ശാരീരികാച്ചടക്കമായ ശരീഅത്തിന്റെ അനിവാര്യത ആര്‍ക്കും ഒഴിച്ചുകൂടാത്തതാണ്. അതായത്, ഈമാനിക തലത്തിലും (ത്വരീഖത്ത്) ഇഹ്‌സാനിക തലത്തിലും(ഹഖീഖത്ത്) മുന്നേറുകയും എത്രമേല്‍ ഔന്നിത്യം വരിക്കുകയും ചെയ്തിരുന്നാലും മാനവിക മാനം നിലനില്‍ക്കുന്നേടത്തോളം ശരീഅത്ത് തലത്തെ പവിത്രമായി സംരക്ഷിക്കേണ്ടതാണ്.
മൂന്നാം തലത്തില്‍ പരിചയപ്പെടുത്തിയ ഇഹ്‌സാനിക വിതാനത്തില്‍ എത്തിച്ചേര്‍ന്ന, അല്ലാഹുവിന്റെ വിശേഷ നിയോഗത്താല്‍ തെരഞ്ഞെടുക്കപ്പെട്ട് സ്ഥിരപ്രതിഷ്ട നേടിയ വിശുദ്ധന്മാരാണ് സ്വൂഫികള്‍. അത്തരം ഗുരുശ്രേഷ്ടരെ അനുധാവനം ചെയ്യുകയും അവരുടെ മാര്‍ഗരീതികളെ അവലംബിക്കുകയും ചെയ്യുന്നവര്‍ക്ക് ”അല്‍മുതസ്വവ്വിഫ” (സ്വൂഫികളെ അനുകരിക്കുന്നവര്‍) എന്നു പറയുന്നു. എന്നാല്‍ സ്വൂഫികളെ താത്ത്വികമായി അംഗീകരിക്കുകയും അവരുടെ പരിശുദ്ധ സരണിയെ പ്രയോഗതലത്തില്‍ അനുകരിക്കുന്നില്ലെങ്കിലും ആദരിക്കുകയും ചെയ്യുന്നവരാണ് ഇസ്‌ലാംധര്‍മത്തിന്റെ പൊതുവായ പ്രയോജകര്‍. ശരിയായി ഇസ്‌ലാമിനെ പുലര്‍ത്തുന്ന മുസ്‌ലിംകളെല്ലാവരും ഈ ഗണത്തില്‍ ഉള്‍പ്പെട്ടവരത്രെ.
കേരളീയ ഇസ്‌ലാമികഘടനയില്‍ അരനൂറ്റാണ്ടു മുമ്പുവരെ ഹഖീഖത്തിനെ സാക്ഷാത്ക്കരിച്ച നിയോഗസിദ്ധിയുള്ള ഒട്ടേറെ സ്വൂഫികള്‍ നിയോഗം കൊണ്ടിരുന്നു. മുസ്‌ലിം സമൂഹത്തിലെ ധര്‍മനിഷ്ടയുള്ളവരില്‍ ബഹുഭൂരിഭാഗവും ഇത്തരം സ്വൂഫീഗുരുക്കളെ ചെറിയ അളവിലെങ്കിലും അനുകരിക്കുന്ന മുതസ്വവ്വിഫുകളായിരുന്നു. ബാക്കിയുള്ളവരാകട്ടെ സ്വൂഫി ഗുരുക്കളെയും സരണികളെയും ആദരിക്കുന്ന സ്‌നേഹ ജനങ്ങളും. സുന്നികള്‍ എന്ന പൊതു പ്രയോഗത്തില്‍ അറിയപ്പെട്ടവരെല്ലാം സ്വൂഫി മാര്‍ഗങ്ങള്‍ അനുധാവനം ചെയ്തവരോ ചുരുങ്ങിയത് ആദരിച്ചവരോ മാത്രമായിരുന്നു.
ദുഖകരമെന്ന് പറയാം, ഇസ്‌ലാംധര്‍മത്തിന്റെ ബാഹ്യമുഖങ്ങള്‍ക്കു മാത്രം പരിഗണന കല്‍പ്പിക്കുകയും ആന്തരിക സൗന്ദര്യങ്ങളെയാകമാനം തങ്ങള്‍ക്ക് സുഗ്രാഹ്യമല്ല എന്ന ഏക കാരണത്താല്‍ അവഗണിക്കുകയും ചെയ്ത ഒരു വ്യാഖ്യാനരീതി പില്‍ക്കാലത്ത് ലോക തലത്തില്‍ തന്നെ ഇസ്‌ലാമിക സമൂഹത്തിലുടലെടുക്കുകയുണ്ടായി. പ്രത്യക്ഷമാത്രവും ബാഹ്യപരിമിതവുമായ ഒരിസ്‌ലാമിനെയാണ് അവര്‍ പുലര്‍ത്തിയതും വിഭാവന ചെയ്തതും. ശൈഖ് ഇബ്‌നു അബ്ദില്‍ വഹാബ്, ജമാലുദ്ദീന്‍ അഫ്ഗാനി, സയ്യിദ് ഖുത്വുബ്, ഹസനുല്‍ ബന്ന, മൗദൂദി സാഹിബ് മുതലായ പ്രശസ്തരായ മുസ്‌ലിം ചിന്തകര്‍ നേതൃത്വം നല്‍കി വളര്‍ത്തിയത് ഈ ബാഹ്യമാത്ര പ്രസക്തമായ ഉപരിപ്ലവ ഇസ്‌ലാമിനെയാണ്. ഈ വിഭാഗത്തിലെ പലരും അവതരിപ്പിച്ച ചിന്തകളില്‍ വേദാന്തപരമായ ജ്ഞാനങ്ങളെയോ ദര്‍ശനപരതയോ ആന്തരിക സൗന്ദര്യമോ അനുഭവപരമായ ആസ്വാദനാനുഭൂതികളോ ഒട്ടും പ്രകടമായില്ല. മറിച്ച്, നവോത്ഥാനം എന്ന പേരില്‍ അവരിലൂടെ പ്രകടമായത് ശാരീരിക പ്രകടനങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടിയ പ്രത്യക്ഷ ധാര്‍മിക മുന്നേറ്റങ്ങളായിരുന്നു. ഇക്കാലത്ത് ഇസ്‌ലാമിനെ പഠിക്കാനൊരുങ്ങുന്ന പൊതുവായനക്കാര്‍ക്കും, അന്വേഷകര്‍ക്കും ഗ്രന്ഥത്താളുകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയുന്നത് കാമ്പും കഴമ്പുമില്ലാത്ത ഈ പുറം തൊലി മാത്രമാണ്. ആധുനിക കാലത്ത് സലഫിസം എന്ന ബാഹ്യകൂട്ടുകെട്ടില്‍ ഈ ചിന്താരീതി ലോകമെങ്ങും അരങ്ങു തകര്‍ക്കുകയാണ്. സലഫിസത്തിന്റെ സ്വാധീനം കേരള മുസ്‌ലിം ഘടനയിലും എളിയ രീതിയില്‍ സ്വാധീനം ഉറപ്പിച്ചപ്പോള്‍ ഇസ്‌ലാം ധര്‍മത്തിന്റെ കാമ്പും കാതലുമായ ഇഹ്‌സാനിക സൗന്ദര്യം അതിന്റെ അകത്തളങ്ങളിലേക്ക് സാവകാശം ഒളിച്ചുപോവുകയായിരുന്നു.
വര്‍ത്തമാനകാല ഇസ്‌ലാം വ്യാഖ്യാനത്തില്‍ സലഫിസം, സ്വൂഫിസം എന്ന രണ്ട് വ്യാഖ്യാനങ്ങളാണ് പ്രധാനമായും ഉള്ളത്. സലഫീ ചിന്തയുടെ സ്വാധീനം കൂടും തോറും സ്വൂഫീ സൗന്ദര്യത്തിന്റെ മാറ്റുകുറഞ്ഞ് വരുന്നു. പൊതുവായ സുന്നീചിന്താധാരയിലും അങ്ങിങ്ങായി സലഫീ സ്വാധീനത്തിന്റെ അലയൊലികള്‍ പ്രകടമാണിന്ന്. ശരിയായ സ്വൂഫിസത്തോടുള്ള സമീപനത്തിലെ ഭാവമാറ്റങ്ങള്‍ക്ക് കാരണമായതും ഇത് തന്നെ.
സ്വൂഫിസം ഇസ്‌ലാം മതവ്യാഖ്യാനത്തില്‍ നിന്നും അന്യമായതോ പുതിയതോ ആയ രീതിയല്ല. സമ്പൂര്‍ണ സനാതന ധര്‍മമായ അല്ലാഹുവിന്റെ ദീനിന്റെ ബാഹ്യതലത്തെയും ആന്തരിക തലത്തെയും സമന്വയിപ്പിക്കുന്ന സമ്പൂര്‍ണ പരിശുദ്ധ ഭാവമാണ്. ഒരാളില്‍ സ്വൂഫി പ്രയോഗത്തിന്റെ സ്വാധീനവും അളവും വര്‍ദ്ധിക്കും തോറും അവനിലെ ആന്തരിക ഭാവങ്ങള്‍ സംസ്‌കരിക്കരിക്കപ്പെട്ടതും അതുവഴി ബാഹ്യപ്രകാശനങ്ങള്‍ സഹിഷ്ണുതാപരമായി സന്തോഷപൂരിതവുമായിത്തീരുന്നു.
സ്വൂഫിസം ഇസ്‌ലാം ധര്‍മത്തില്‍ നിന്ന് വേര്‍പ്പെട്ട മറ്റൊരു രീതി ശാസ്ത്രമേ അല്ല. ദര്‍ശിക്കുന്നവന്റെ പരിപ്രേക്ഷ്യങ്ങള്‍ വ്യത്യാസപ്പെടുന്നതിനുസരിച്ച് കാഴ്ചയുടെ ഭാവമാറ്റങ്ങള്‍ അനുഭവപ്പെടുന്നു എന്നുമാത്രം. ഒരുദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. വളരെ ദൂരെ നിന്ന് നമുക്ക് സുപരിചിതനായ ഒരു സുഹൃത്ത് നടന്നടുക്കുന്നു. അങ്ങകലെ വിദൂരതയില്‍ കണ്ടപ്പോള്‍ ദൃശ്യവസ്തുവിനെ തെളിഞ്ഞു കാണാത്തതിന്റെ പേരില്‍, ‘അതെന്തോ ചലിക്കുന്ന ഒരുജീവിയാണെന്ന് മാത്രം അഭിപ്രായങ്ങള്‍ ഉയര്‍ന്നു. സുഹൃത്ത് കുറച്ചു കൂടി നടന്നടുത്തപ്പോള്‍ വസ്തുവിനോടുള്ള അകല്‍ച്ച കുറഞ്ഞു. ഇരുകാലില്‍ നടക്കുന്ന ഒരു മനുഷ്യനാണെന്ന് ബോധ്യം വന്നു. നമ്മുടെ സുഹൃത്ത് നടന്നെത്തി സാമീപ്യം പ്രാപിച്ചപ്പോള്‍ അദ്ദേഹം ഒരു പുരുഷനാണെന്നും ഇന്ന വ്യക്തിയാണെന്നും തിരിച്ചറിഞ്ഞു. ഇവിടെ മൂന്ന് ഭാവങ്ങളിലും ‘സുഹൃത്തിന്റെ’ അവസ്ഥകള്‍ക്ക് മാറ്റമുണ്ടായിരുന്നില്ല. കാണുന്നവരുടെ ദൃശ്യാവസ്ഥയില്‍ മാത്രമാണ് മാറ്റമുണ്ടായത്. പ്രവാചകപ്രഭു മുഹമ്മദ് മുസ്ഥഫാ സ്വല്ലല്ലാഹു അലൈഹി വസല്ലമയിലൂടെ അല്ലാഹു പ്രകാശിപ്പിച്ച ഇസ്‌ലാംധര്‍മം ദൂരെ നിന്ന് കാണുന്നവര്‍ക്ക് കേവല ശാരീരിക നിബദ്ധമായ ചില ആചാരങ്ങളുടെ സമന്വയ വ്യവസ്ഥിതിയാണ്. എന്നാല്‍ മതധര്‍മത്തെ സംസ്‌കൃതി നേടിയ തെളിഞ്ഞ ഹൃദയം കൊണ്ട് വായിച്ചെടുക്കുമ്പോള്‍ അതിന്റെ ജ്ഞാന സുഗന്ധവും ആന്തരിക സൗന്ദര്യവും ദര്‍ശിക്കാന്‍ കഴിയും. കുറച്ചു കൂടി സംസ്‌കൃതി നേടി ആധ്യാത്മിക ദൃഷ്ടികള്‍ തുറന്ന് വായിക്കുമ്പോള്‍ സര്‍വ്വസൗന്ദര്യത്തിന്റെയും വിളനിലമായി ഇസ്‌ലാമിനെ കണ്ടെത്താന്‍ കഴിയുന്നു.
ശുദ്ധമായ പാലു പോലെയാണ് ഇസ്‌ലാം ധര്‍മം. പാലില്‍ നെയ്യും വെണ്ണയും തൈരും മോരുമെല്ലാമുണ്ട്. അവയെ ഓരോന്നായി വേര്‍തിരിച്ചെടുക്കാന്‍ അതിനു വൈദഗ്ധ്യമുള്ളവര്‍ വേണം. ഇസ്‌ലാംധര്‍മത്തില്‍ ശരീഅത്തും, ത്വരീഖത്തും, ഹഖീഖത്തും ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്നു. അവയിലോരോന്നിന്റെയും സുന്ദരമുഖങ്ങളെ അനാവരണം ചെയ്യാന്‍ അര്‍ഹതയുള്ളവര്‍ മുതിരുമ്പോള്‍ അതിലടങ്ങിയ വെണ്ണയും നെയ്യുമെല്ലാം ലോകത്തിന് ലഭിക്കുന്നു.
സ്വൂഫിസം എന്ന പ്രയോഗം ‘സ്വൂഫിയ’ എന്ന കര്‍മധാതുവില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. സംസ്‌കൃതി നല്‍കപ്പെട്ടവന്‍ എന്ന് സാമാന്യമായി അര്‍ത്ഥം പറയാം. ‘ഇസ്വ്ത്വിഫാഅ്’ എന്ന നിയോഗനിബദ്ധമായ തിരഞ്ഞെടുപ്പിലൂടെയാണ് അതിനൊരാള്‍ അര്‍ഹത നേടുന്നത്. ഖുര്‍ആനില്‍ പേരു പരാമര്‍ശിച്ച പരിശുദ്ധ വനിതയായ മര്‍യമിനോട് അല്ലാഹു ‘ഇസ്വ്ത്വഫാകി’ എന്ന് രണ്ട് തവണ ഒരേ സമയത്ത് പറയുന്നുണ്ട്. അല്ലാഹുവിന്റെ വിശേഷമായ തിരഞ്ഞെടുപ്പിന്റെ രീതിയാണത്. തിരുനബി മുഹമ്മദ് ‘അല്‍മുസ്വ്ത്വഫ’യായ-സര്‍വ്വരാലും, സര്‍വ്വത്താലും തിരഞ്ഞെടുക്കപ്പെട്ടവന്‍-പരിശുദ്ധ സ്വൂഫിയാണ്. ആന്തരികവും ബാഹ്യവുമായ സംസ്‌കൃതിയും പരുശുദ്ധിയും പരിപൂര്‍ണമായി പരിലസിച്ച അദ്വിതീയ ഭാവത്തിനുടമയായിരുന്നു മഹാത്മാവായ തിരുനബി. സ്വൂഫികളുടെ സര്‍വഭാവങ്ങളുടെയും (ഹാലുകള്‍) പ്രാമാണിക സ്രോതസ്സ് തിരുനബിയുടെ വിശുദ്ധ ജീവിതവും അവിടുത്തെ ദര്‍ശനങ്ങളുമാണ്. അല്ലാഹുവിന്റെ കിതാബും (ഖുര്‍ആന്‍) തിരുനബിയുടെ ഭാവങ്ങളും(സുന്നത്ത്) ശരിവെക്കാത്ത ചെറിയ നീക്കങ്ങള്‍ പോലും സ്വൂഫിസത്തിന്റെ പേരില്‍ അതിന്റെ അര്‍ഹരായ വക്താക്കള്‍ പ്രചരിപ്പിച്ചിട്ടില്ല. തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം ശിക്ഷണം നല്‍കി സംസ്‌കൃതചിത്തരാക്കി വളര്‍ത്തിയ സ്വഹാബി ശ്രേഷ്ടന്മാരില്‍ സ്വൂഫീ ഭാവങ്ങളുടെ ബഹുമുഖ രീതികള്‍ തെളിഞ്ഞു നില്‍ക്കുന്നത് കാണാം. എല്ലാ സ്വഹാബി ശിഷ്യന്മാരും ഒരേ അളവിലല്ല തിരുനബിയില്‍ നിന്ന് സംസ്‌കൃതി നേടിയത.് മതധര്‍മത്തിന്റെ അകവും പുറവും തിരിച്ചറിഞ്ഞ ഉള്‍ക്കാഴ്ചയുടെ പ്രതീകങ്ങളായ നിരവധി സ്വഹാബിമാര്‍ അവരുടെ അവസ്ഥകളിലൂടെയും വചനങ്ങളിലൂടെയും തങ്ങളുടെ സ്വൂഫിവ്യക്തിത്വത്തെ പ്രകാശിപ്പിച്ചതായി കാണാം. സ്വഹാബിമാരില്‍ നിന്നും ശരിയായ പിന്‍തുടര്‍ച്ച നേടിയ പില്‍ക്കാല ഭക്തന്മാരായ ശ്രേഷ്ടജ്ഞാനികള്‍ അവരില്‍ നിന്നും സമാര്‍ജിച്ച ഉള്ളും പുറവും പ്രകാശിക്കുന്ന ധര്‍മസത്യങ്ങളെയാണ് ഇസ്‌ലാമായി അവതരിപ്പിച്ചത്. പില്‍ക്കാല ജനതയില്‍ ബഹുഭൂരിഭാഗവും മതധര്‍മത്തിന്റെ ഉപരിപ്ലവമായ പ്രകടനത്തില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ആന്തരികവും ബാഹ്യവുമായ സൗന്ദര്യങ്ങളെ സമന്വയിപ്പിച്ച് മുന്നേറിയവരാണ് ആദ്യകാല സ്വൂഫി ഗുരുക്കന്മാര്‍. സ്വൂഫി കര്‍മമേഖലയുടെ പ്രമുഖ അച്ചുതണ്ടുകളായി അറിയപ്പെടുന്ന പ്രമുഖരായ നാല് അഖ്ത്വാബുകളുണ്ട്. സയ്യിദീ അഹ്മദ് രിഫാഇ (റ), സയ്യിദീ അബ്ദുല്‍ ഖാദിര്‍ അല്‍ ജീലാനി (റ),സയ്യിദീ അഹ്മദ് അല്‍ബദവി (റ), സയ്യിദീ ഇബ്രാഹിം അദ്ദസൂഖി (റ) എന്നിവരാണവര്‍. ഇവരിലേക്ക് ചേര്‍ത്ത് വായിക്കപ്പെടുന്ന ഒട്ടനവധി മഹാപുരുഷന്മാരും ഈ ഗണത്തില്‍ വിശ്രുതരായിട്ടുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്ര സരണിയില്‍ പ്രമുഖമായ നാല് മദ്ഹബുകള്‍ ശരീഅത്ത് മേഖലയെ വിജ്ഞാനപരമായി സംരക്ഷിക്കുന്നത് പോലെ ആധ്യാത്മിക സരണികളെ ഈ നാല് ഖുത്വുബുകളിലൂടെയും അവരുടെ അനുവാചകരായ സ്വൂഫി ശ്രേഷ്ടരിലൂടെയും സംരക്ഷിക്കപ്പെട്ടു വരുന്നു. മതധര്‍മത്തിന്റെ സമ്പൂര്‍ണമായ പ്രയോഗ വത്ക്കരണത്തെ ആഗ്രഹിക്കുന്ന ഏതൊരു ഭക്തനും നാം പറഞ്ഞ മൂന്ന് തലങ്ങളിലെയും ഔന്നിത്യം നേടുവാന്‍ ആശിക്കുന്നത് സ്വാഭാവികമാണ്. കള്ളനാണയങ്ങളും വ്യാജ സരണികളും ധാരാളമുള്ളതു തന്നെ ഈ ഉല്‍പ്പന്നത്തിന്റെ ശരിയായ മുദ്രയുടെ മൂല്യത്തെയാണ് സൂചിപ്പിക്കുന്നത്. സ്വൂഫിസം പഠിക്കാനുള്ളതില്‍ ഉപരി അനുഭവിക്കാനുള്ളതാണ്. സ്വൂഫിസം വായിച്ചെടുക്കുന്നതിന് പകരം ആസ്വദിച്ചെടുക്കാന്‍ ശ്രമിക്കുക. തെളിച്ചമുള്ള കത്തുന്ന വിളക്കില്‍ നിന്ന് മാത്രമേ മറ്റൊരു കൈത്തിരിയെ പ്രകാശമുള്ളതാക്കിയെടുക്കാന്‍ കഴിയൂ…
Leave A Comment