അറബിക് കാലിഗ്രഫിയെ സ്നേഹിച്ച ഇന്ത്യന്‍ കലാകാരന്‍
അറബിക് കാലിഗ്രാഫി രംഗത്ത് പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു കേരളീയ നാമമാണ് കരീംഗ്രാഫിയുടേത്.
ഖത്തർ ലോകകപ്പിന്റെ ഭാഗമായി ഫിഫ തെരെഞ്ഞെടുത്ത ഗ്രഫിറ്റി ആർട്ടിസ്റ്റുകളിൽ ഒരാളായിരുന്നു കരീം.
ലോകകപ്പിന്റെ ഭാഗമായി സംവിധാനിച്ച പ്രധാന ആര്‍ട് വര്‍കുകളില്‍ പലതിലും മലപ്പുറം കക്കോവ് സ്വദേശിയായ ഈ കലാകാരന്റെ കയ്യൊപ്പുണ്ട്.
ആ വര്‍കുകളുടെ പശ്ചാത്തലത്തില്‍ അല്‍ജസീറ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ വിവര്‍ത്തനം_ .
സ്വന്തം വീട്ടിലെ ചുമരില്‍ തൂക്കിയിട്ടിരുന്ന പെയ്ന്റിങ് നോക്കി ആറുവയസുകാരനായ അബ്ദുല്‍ കരീം ഇരുന്നു. നിസ്‌കാരത്തില്‍ ഇരിക്കുന്ന ഒരാളുടെ ചിത്രമായിരുന്നുവത്. തലഭാഗം ശഹാദത്തിന്റെ വാചകങ്ങാളാൽ മനോഹരമാക്കിയിരിക്കുന്നു. അവിടുന്നാണ്, ചിത്രകലയോടുള്ള താത്പര്യം ആ കൊച്ചുബാലനില്‍ മുളപൊട്ടി തുടങ്ങിയത്. തുടര്‍ന്നങ്ങോട്ട് നിര്‍ത്താതെ വരക്കാന്‍ തുടങ്ങി. പ്രകൃതിയും ജീവികളുമെല്ലാം ആ ചിത്രങ്ങളില്‍ മാറിമാറി തെളിഞ്ഞു.
കരീംഗ്രഫി എന്ന പേരിലറിയപ്പെട്ട, അബ്ദുല്‍ കരീം അബ്ദുല്‍ റഹ്‌മാന്റെ തുടക്കം ഇങ്ങനെയായിരുന്നു. ഒരു ദിവസം താനൊരു അറിയപ്പെട്ട കലാകാരനും കാലിഗ്രാഫറുമാവുമെന്ന് സ്വപ്‌നേപി വിചാരിച്ചിരുന്നില്ല ആ ബാലന്‍. ലോക മാമാങ്കത്തിലെ കലാകാരന്മാരില്‍ ഒരാളാവാനായതും അതിന്റെ ഭാഗമായി പതിനൊന്ന് ചുവര്‍ചിത്രങ്ങള്‍ ഒരുക്കാനായാതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് കരീമിന് തോന്നുന്നത്.
വ്യത്യസ്തമായ 11 ചുവര്‍ചിത്രങ്ങള്‍
ഒരു കലാകാരനെന്ന നിലയില്‍ ലോകകപ്പ് മാമാങ്കത്തിന്റെ ഭാഗമാവാന്‍ സാധിച്ചത് വലിയ സന്തോഷം പകരുന്നു, അബ്ദുല്‍ കരീം അല്‍ജസീറയോട് പറഞ്ഞു. ചരിത്ര താളുകളില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു മാമാങ്കത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിലും ആര്‍ട്ടുവര്‍ക്കുകള്‍ ശാശ്വതമാക്കാനായതിലും അഭിമാനം തോന്നുന്നു, കരീം കൂട്ടിചേർത്തു.
മാസങ്ങള്‍ക്ക് മുമ്പ് കലാകാരന്മാരെയും കാലിഗ്രഫി ആര്‍ട്ടിസ്റ്റുകളെയും ആവശ്യപ്പെട്ട് പത്രങ്ങളിലും ഫിഫയുടെ വെബ്‌സൈറ്റുകളിലും പരസ്യം കണ്ടയുടനെ കരീം അപേക്ഷ സമര്‍പ്പിച്ചു. മാമാങ്കത്തിന് കൊടിയേറുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പ് കിട്ടിയത്. ലോകകപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളില്‍ ആര്‍ട്ട് വര്‍ക്ക് തയ്യാറാക്കുകയാണ് പണി.
കരീംഗ്രഫി എന്ന ലേബലില്‍ ഒരുപാട് ചുവര്‍ചിത്രങ്ങളൊരുക്കി. കോര്‍ണിഷില്‍ ആയിരുന്നു ആദ്യത്തേത്. അവിടെ തന്നെ ആറോളം ചുവര്‍ചിത്രങ്ങള്‍ വരച്ചു. മെസീലയിലും ചെയ്തു ഒരു വര്‍ക്ക്. ഇറാന്‍- വെയ്ല്‍സ് മാച്ചിനോടനുബന്ധിച്ച് മരുഭൂമിയിലും ഒരു വര്‍ക്ക് ചെയ്തു. കളിയുമായി ബന്ധപ്പെട്ട് ഒരു വര്‍ക്ക് ചെയ്യണമെന്ന് സംഘാടകര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നുവത്.
ലുസൈല്‍ സ്‌റ്റേഡിയത്തിന് മുമ്പിലും കരീംഗ്രഫി ഒരു ആര്‍ട്ട് ചെയ്തിട്ടുണ്ട്. അര്‍ജന്റീന-നെതര്‍ലാന്‍ഡ്‌സ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു അത്. 'ഇസ്സുല്‍ അറബ്' എന്ന പേരില്‍ ഒരു കൂട്ടം കലാകാരന്മാര്‍ തയ്യാറാക്കിയ ഫിഫയുടെ ഔദ്യോഗിക ഗാനത്തിന് കാലിഗ്രഫി ടൈറ്റില്‍ ഒരുക്കിയതാണ് ഈ പരമ്പരയില്‍ അവസാനത്തേത്.
ഒരു ചുവര്‍ചിത്രം തയ്യാറാക്കുന്നതിനുള്ള സമയം
ഒരു വര്‍ക്കിന് കൂടുതല്‍ സമയമൊന്നും വേണ്ടതില്ലെന്നാണ് കരീമിന്റെ പക്ഷം. പലതും മണിക്കൂറുകള്‍ക്കകം ചെയ്തുതീരുമത്രെ. ഒരു ദിവസം കൊണ്ട് തീര്‍ത്തവയും മൂന്ന് ദിവസമെടുത്ത് ചെയ്തതതും കൂട്ടത്തിലുണ്ട്. ഏത് കാലാവസ്ഥയിലും തിളങ്ങിനില്‍ക്കുന്ന നിറങ്ങളാണ് ആര്‍ട്ട് വര്‍ക്കുകള്‍ക്കായി കരീം ഉപയോഗിക്കുന്നത്. നാല് മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ വീതിയുള്ളതുമാണ് കരീംഗ്രഫിയുടെ മിക്ക വര്‍ക്കുകളും.
ഓരോ ചുവര്‍ചിത്രങ്ങളും ലോകകപ്പിലെ പ്രധാനസംഭവങ്ങളെ അടയാളപ്പെടുത്തുന്നതാണ്. കലയെ കായികവുമായി കൂട്ടിയിണക്കുന്നതാണവ. ആരാധകര്‍ അതിനെ കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നു. അഥവാ, കാല്‍പന്തുകളി പോലെ തന്നെ കലയും വാക്കുകളില്ലാത്തൊരു ഭാഷയാണ്, കാഴ്ച്ചപ്പാടുകള്‍ക്കും ഭാഷകള്‍ക്കുമതീതമായി അവ ആസ്വദിക്കാനാവുന്നു.
ലോകകപ്പ് സമയത്ത് ഖത്തറില്‍ നടന്ന സംഭവവികാസങ്ങളെ കലയിലൂടെ പ്രകടമാക്കുന്നുവെന്നതാണ് ഈ ചുവര്‍ചിത്രങ്ങളുടെ പ്രത്യേകത. തലമുറകള്‍ക്ക് പ്രചോദനമായി അവ എന്നും നിലനില്‍ക്കും. കലക്കും കലാകാരനും സമൂഹത്തിലുള്ള പങ്കിനെ കുറിച്ചും ഈ ചിത്രങ്ങള്‍ വാചാലമാവുന്നു.
ഖലമുമായി (വരക്കാനുപയോഗിക്കുന്ന പേന) ലോകം സഞ്ചരിക്കണമെന്നാണ് നാല്‍പത്തിനാല് കാരനായ കരീമിന്റെ താത്പര്യം. അറബി കാലിഗ്രഫിയെ പരിചയപ്പെടുത്താനും ആ കല ഉപയോഗിച്ച് മാനവകുലത്തിന് തന്റെ സന്ദേശങ്ങള്‍ കൈമാറാനുമാണ് ആഗ്രഹം.
ജീവിതയാത്ര
പത്ത് മക്കളില്‍ ഒരാളായാണ് കരീംഗ്രഫിയുടെ ജനനം. കലാഭ്യാസനത്തിനുള്ള ചെലവ് വഹിക്കാന്‍ പിതാവിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വരയും കാലിഗ്രഫിയും പഠിക്കാനാവശ്യമുള്ള പണം അമ്മാവന്‍ നല്‍കിയത്. ആ പണം പക്ഷെ, തുടര്‍പഠനത്തിനോ പെയ്ന്റും മറ്റു ഉപകരണങ്ങളും വാങ്ങാനോ തികഞ്ഞില്ല.
പന്ത്രണ്ടുകാരനായ കരീമിനോട് ഒരു ജോലികണ്ടെത്തി കുടുംബ ചെലവുകളില്‍ സഹായിക്കണമെന്ന് പിതാവ് പറഞ്ഞു. അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി. പിതാവിന്റെ സുഹൃത്തിന്റെ കടയില്‍ വരയും സൈന്‍ബോഡും തയ്യാറാക്കുന്ന ഒരു ജോലി കിട്ടി. ആറ് വര്‍ഷത്തോളം അവിടെ തുടർന്നു. കാലിഗ്രഫിയോടൊപ്പം തന്നെ സാഹിത്യവും ജോലികളില്‍ പാലിക്കേണ്ട മര്യാദകളും അവിടുന്ന് ഒരുപാട് പഠിച്ചു.
ചെറുപ്രായത്തില്‍ തന്നെ അറബി ഭാഷയുമായി ബന്ധമുണ്ട് കരീമിന്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ജനിച്ച കരീംഗ്രഫി ഖുര്‍ആന്‍ പഠനത്തിനായി ചേര്‍ന്നു. അറബി വാക്കുകള്‍ എഴുതിപഠിച്ചു. അങ്ങനെ അറബി ഭാഷ ജീവിതത്തിന്റെ ഭാഗമായി. മദീനയില്‍ ജോലി ചെയ്ത സമയത്താണ് അറബി ഭാഷയുമായി കൂടുതല്‍ ബന്ധപ്പെടുന്നത്.
മദീനയില്‍ കാലിഗ്രാഫറായി ജോലി ചെയ്യുന്നതോടെയാണ് ഈ മേഖലയില്‍ അദ്ദേഹം പ്രശസ്തനാവുന്നത്. അറബി കാലിഗ്രഫിയെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതും ഇവിടുന്നാണ്. അതിന് ശേഷം യു.എ.ഇയില്‍ ഗ്രഫിക് ഡിസൈനറായി ജോലി നോക്കി. അറബി കാലിഗ്രഫി മറ്റു ആര്‍ട്ട് വര്‍ക്കുമായി ചേര്‍ത്തി ഒരുപാട് പരീക്ഷണങ്ങള്‍ നടത്തി. ഗ്രാഫിക് ഏരിയയില്‍ ഇത് പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കി.
ഏഴ് വര്‍ഷത്തോളം യു.എ.ഇയില്‍ ജോലി ചെയ്തു. അതിനിടക്കാണ് ഇതേ കമ്പനിയുടെ ഖത്തര്‍ ശാഖയിലേക്ക് അറബി സംസാരിക്കുന്ന ഒരു ആര്‍ട്ടിസ്റ്റിനെ ആവശ്യമുണ്ടെന്ന് അറിയുന്നത്. കമ്പനിയുടെ താത്പര്യാര്‍ഥം 2011 ല്‍ ദോഹയിലെ ബ്രാഞ്ചില്‍ ബ്രാന്റ് ഡിസൈനറായി ചേര്‍ന്നു.
മാസങ്ങള്‍ക്ക് മുമ്പ് കാലിഗ്രാഫി വര്‍ക്കുകളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനായി കമ്പനിയില്‍ നിന്നും ജോലി രാജിവെച്ചു. സ്വതന്ത്രമായി വര്‍ക്ക് ചെയ്യാനും മറ്റു പല പ്രൊജക്ടുകളും പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്.
ഈ മേഖലയിലെ പ്രമുഖരുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ താനെന്ന് കരീംഗ്രഫി പറയുന്നു. ഏറ്റവും വലിയ ഖുര്‍ആന്‍ എഴുത്തില്‍ പങ്കാളിയായ യമനി കാലിഗ്രഫി ആര്‍ട്ടിസ്റ്റ് സാകി അല്‍ ഹശ്മിയെ സന്ദര്‍ശിച്ചത് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു കരീം. ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ നടത്തിയ അദ്ദേഹം തുര്‍ക്കിയിലെ 'ഹാഗിയ സോഫിയ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ആര്‍ടി'ന്റെ തലവന്‍കൂടിയാണ്.
Leave A Comment