അരങ്ങൊഴിയുന്ന ഡല്‍ഹിയിലെ കാലിഗ്രഫി തലമുറ

കാലിഗ്രഫി എഴുത്ത് കമ്പ്യൂട്ടര്‍വല്‍കൃതമായിത്തീര്‍ന്നതോടെ കാലങ്ങളായി ഡല്‍ഹിയുടെ സവിശേഷ ഘടകങ്ങളായി നിലനിന്ന കാലിഗ്രഫി കലാകാരന്മാര്‍ അരങ്ങൊഴിയുന്നതിനെക്കുറിച്ച് ദി ഹിന്ദു ദിനപത്രത്തില്‍ സംഗീത ബറുവ പിഷാരടി എഴുതിയ ഫീച്ചര്‍ ,

ഒരു ജോലിക്കു ശേഷം മറ്റൊന്നിനായുള്ള കാത്തിരിപ്പ് നീണ്ടു പോവുമ്പോള്‍ എല്ലാം ഒറ്റയടിക്ക് അവസാനിക്കാന്‍ പോവുകയാണോ എന്ന ഭയത്തോടെയാണ് അദ്ദേഹമിരിക്കുന്നത്. മെയ്ച്ചൂട് വിങ്ങുന്ന ഒരു പകലില്‍ അല്‍പമൊന്ന് മടിച്ചതിനു ശേഷം ആത്മഭാഷണഛായ കലര്‍ന്ന ഒരു സംഭാഷണത്തിന് ഓള്‍ഡ് ഡെല്‍ഹിയിലെ ഉറുദു ബസാറിലെ കാതിബ് അഥവാ പാരമ്പര്യ കാലിഗ്രഫി എഴുത്തുകാരനായ 62 വയസ്സുള്ള മുഹമ്മദ് യഅ്ഖൂബ് തയ്യാറാവുമ്പോള്‍, തനിക്കേറ്റവും നന്നായി അറിയാവുന്ന ജോലി - അതും മറ്റൊരു ജോലിയില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രായത്തില്‍ - നഷ്ടപ്പെടാന്‍ പോകുന്നതിന്റെ ഭയം അദ്ദേഹത്തിന്റെ വാക്കുകളില്‍ വളരെ പ്രകടമായിരുന്നു. 'കഴിഞ്ഞ രണ്ടു ദിവസമായി പണിയില്ലാതിരിക്കുകയാണ് ഞാന്‍. ആര്‍ക്കറിയാം, ചിലപ്പോള്‍ നിങ്ങളെനിക്കുള്ള സൗഭാഗ്യവുമായാണ് വന്നിരിക്കുന്നതെങ്കിലോ.....'- ഒരര്‍ദ്ധ ഹാസത്തോടെ അദ്ദേഹം പറയുന്നു. അദ്ദേഹമിപ്പോള്‍ സംസാരിക്കാനുള്ള മാനസികാവസ്ഥയിലെത്തിയിരിക്കുന്നുവെന്നതിന്റെ അടയാളമായി സമീപത്തെ ചായക്കടയില്‍ നിന്ന് രണ്ടു കപ്പുകളില്‍ ചൂടുള്ള കാപ്പിയെത്തി. പ്രതികൂല സാഹചര്യങ്ങളില്‍ പതറാതെ ഇത്രയും കാലം തന്റെ ജോലിയില്‍ പിടിച്ചു നിന്ന കഥയാണ് യഅ്ഖൂബിന്റേത്. ഓരോ പ്രഭാതത്തിലും ഒമ്പത് മണിക്ക് ഓഖ്‌ലയിലെ തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന അദ്ദേഹം 403ാം നമ്പര്‍ ബസില്‍ കയറി ജുമാ മസ്ജിദിലെത്തുന്നു. മസ്ജിദില്‍ നിന്നും അല്‍പമൊന്ന് നടന്നാല്‍ ഉറുദു ബസാറിലെ ഉറുദു പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയില്‍ കാലങ്ങളായി തനിക്ക് വേണ്ടി തയ്യാര്‍ ചെയ്യപ്പെട്ട സീറ്റില്‍ അദ്ദേഹം എത്തുന്നു. അദ്ദേഹം 28 വര്‍ഷമായി തൊഴില്‍ നോക്കുന്ന സ്ഥാപനം- അവിടവിടെയായി നീലച്ചായമിളകിയ ചുമരുകള്‍, ചിലന്തി വല നിറഞ്ഞ ഒരു മൂലയില്‍ ഉപയോഗിക്കപ്പെടാതെയും കാലപ്പഴക്കത്താല്‍ നിറം നഷ്ടപ്പെട്ടും കിടക്കുന്ന കടയിലെ ഏക പകര്‍പ്പെടുപ്പു യന്ത്രം. ചില്ലലമാരികളില്‍ സൂക്ഷിച്ച പുസ്തകങ്ങള്‍ കാണുമ്പോള്‍ മഞ്ഞത്താളുകളുള്ള ഈ പുസ്തകങ്ങളോ അതല്ല കണ്ണാടികളില്‍ കറ പടര്‍ന്ന ഈ അലമാരികളോ ഏതാണ് ഏറ്റവും പഴയതെന്ന് നിങ്ങള്‍ അമ്പരക്കാതിരക്കില്ല. 'ഇവിടെ ഞാനൊരു പുസ്തകം വിറ്റിട്ടിപ്പോള്‍ ഒരു മാസമായിക്കാണും'. തന്റെ സംഭാഷണത്തിനിടക്ക് ഈ വിഷയം കൊണ്ടു വന്ന് തൊഴിലില്ലായ്മക്കു സമാനമായ തന്റെ അവസ്ഥക്കൊപ്പം ഉറുദു പുസ്തകങ്ങളുടെ വില്‍പനയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കനത്ത ഇടിവിലേക്കു കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണദ്ദേഹം. മിക്ക പുസ്തക ശാലകളും റെഡിമെയ്ഡ് വസ്ത്രശാലകളും ഭോജനശാലകളുമായി രൂപാന്തരപ്പെടാന്‍ ഇതാണ് ഹേതുകമെന്നും അദ്ദേഹം പറയാതെ പറയുന്നു. കാലിഗ്രഫി എന്ന കല എങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിനു കൂടി ഇതിനോട് ബന്ധമുണ്ട്. സാങ്കേതിക വിദ്യകളുടെ കടന്നു വരവോടെ കാലിഗ്രഫി ലിപികള്‍ കമ്പ്യൂട്ടറില്‍ ലഭ്യമായിത്തുടങ്ങിയതോടെ യഅ്ഖൂബിനെപ്പോലുള്ളവര്‍ക്ക് ജോലിക്കായി കൂടുതല്‍ കഠിനമായി യത്‌നിക്കേണ്ട അവസ്ഥയാണ്. ഉറുദു ബസാറില്‍ യഅ്ഖൂബടക്കം വെറും മൂന്ന് കാതിബുമാര്‍ മാത്രം അവശേഷിക്കുന്നതില്‍ പിന്നെന്തദ്ഭുതം!! യഅ്ഖൂബിന് ഉറുദുവിലും അറബിയിലും പേര്‍ഷ്യനിലും കാലിഗ്രഫികള്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ വിവിധ ഓഫീസുകളുടെയും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും മുദ്രയുണ്ടാക്കാനാവശ്യമായ പേരുകള്‍ ഉറുദുവില്‍ എഴുതിക്കൊടുക്കല്‍ മാത്രമാണ് തനിക്കിപ്പോള്‍ ലഭിക്കുന്ന ജോലിയെന്ന് യഅ്ഖൂബ് പറയുന്നു. ഇതു തന്നെ ഉറുദുവിന് ഡല്‍ഹിയില്‍ ഔദ്യോഗിക ഭാഷാ പദവിയുള്ളത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഓരോ മുദ്രക്കും ലഭിക്കുന്ന നൂറു രൂപയില്‍ 40 രൂപ കടയുടമക്കുള്ളതാണ്. മിക്ക സന്ദര്‍ഭങ്ങളിലും വീട്ടില്‍ നിന്നും തിരിച്ചുമുള്ള തന്റെ യാത്രകള്‍ക്കു തന്നെ ബാക്കിയുള്ളത് തികയാറില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഏതോ പഴയ സിനിമാ ഗാനം മൂളുന്നതിനിടക്ക് ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് കൊണ്ട് അദ്ദേഹം ചോദിക്കുന്നു : 'ഈ പ്രായത്തില്‍ എനിക്കിനി ഒരു ഗായകനായിത്തീരാന്‍ കഴിയുമോ...?' തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ നേര്‍ത്ത മന്ദഹാസത്തിനും ഭാവിയെക്കുറിച്ചുള്ള ഭയം മായ്ക്കാന്‍ കഴിയുന്നില്ല. കാലിഗ്രഫിയില്‍ പരിശീലനം നേടിയ അദ്ദേഹത്തിന്റെ മകള്‍ ഒരു സ്‌കൂള്‍ അദ്ധ്യാപികയായിത്തീര്‍ന്നത് വെറുതെയല്ല. യഅ്ഖൂബിന് തല്‍ക്കാലം അവധി കൊടുത്ത് ബസാറിലൂടെ അല്‍പം നടന്നാല്‍ കുറച്ച് കടകള്‍ക്കപ്പുറം മുഹമ്മദ് ഗാലിബിന്റെ അടുത്തെത്താം. തന്റെ അമ്പതുകളുടെ തുടക്കത്തിലുള്ള അദ്ദേഹം മാത്രമാണ് ഈ മൂവര്‍ സംഘത്തില്‍ ഇപ്പോഴും സ്ഥിരമായി ജോലിയുള്ളയാള്‍. 'ഞാന്‍ സമ്പാദിക്കുന്നത് എനിക്ക് പര്യപ്തമാണോ എന്ന് പറയാന്‍ കഴിയില്ലെങ്കിലും എന്റെ വീട്ടില്‍ അടുപ്പ് പുകയാന്‍ മാത്രമുള്ളത് എനിക്ക് ലഭിക്കുന്നുണ്ട്. അതു തന്നെ ദൈവത്തിന്റ അനുഗ്രഹം.' ഓഖ്‌ല പ്രദേശത്തെ ഒരു മദ്രസയുടെ ബിരുദധാനച്ചടങ്ങിന്റെ ഉറുദുവിലുള്ള പോസ്റ്ററില്‍ നിന്നും തലയുയര്‍ത്തി അദ്ദേഹം പറയുന്നു. ഈ സുന്ദരമായ പോസ്റ്റര്‍ ഇതിനു ശേഷം ഇതിന്റെ ഒരു ഡസന്‍ കോപ്പികള്‍ കൂടിയെടുക്കാന്‍ പ്രിന്റിംഗിനു കൊടുക്കും. 'ഈ ലിപികളിലേക്കു നോക്കൂ... അവയുടെ അതുല്യത... ഇവിടെ ഉപയോഗിച്ചിരിക്കുന്ന വര്‍ണ്ണങ്ങള്‍..... ഒരു കമ്പ്യൂട്ടറിനും ഇവയൊന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഇവയെല്ലാം നിശ്ചിത രൂപത്തിലും വലുപ്പത്തിലുമാണ്.' ജോലിക്ക് ചെറയൊരിടവേള നല്‍കി അദ്ദേഹം തന്റെ കലാസൃഷ്ടിയുടെ മേന്മകള്‍ വര്‍ണ്ണിക്കാനൊരുങ്ങുകയാണ്. യഅ്ഖൂബിനെപ്പോലെത്തന്നെ ഗാലിബും വര്‍ഷങ്ങള്‍ക്കു മുമ്പ് കാലിഗ്രഫി കല അഭ്യസിച്ചത് ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍ നിന്നായിരുന്നു. 'അവരിപ്പോഴും അത് പഠിപ്പിക്കുന്നു. പക്ഷേ എന്തിനെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഞങ്ങളെപ്പോലുള്ള ജനങ്ങളുടെ കലാപരമായ കഴിവുകള്‍ തുടര്‍ന്നു കൊണ്ടു പോകാന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടായാലേ കാര്യങ്ങള്‍ക്ക് മാറ്റം വരികയുള്ളൂ.' മറച്ചു വെക്കാനൊന്നുമില്ലാതെ അദ്ദേഹം പറയുന്നു. ഉറുദു ബസാറിലെ മൂന്നാമത്തെ കാതിബിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ റോഡിനു നേരെ എതിര്‍ വശത്തുള്ള കടയിലാണ് അദ്ദേഹത്തിനു ജോലിയെന്നും എന്നാല്‍ സുഖമില്ലായ്മയും കുടുംബത്തിലെ ഏതോ കല്യാണത്തിരക്കും മൂലം കുറച്ചു ദിവസമായി അദ്ദേഹം വരാറില്ലെന്നും ഗാലിബിന്റെ മറുപടി. ഗാലിബ് പറയാതെ ബാക്കി വെച്ചത് പറഞ്ഞു തന്നത് മൂന്നാമത്തെയാള്‍ ജോലി ചെയ്യുന്ന കടയുടെ ഉടമയാണ്. 'അദ്ദേഹത്തിനിപ്പോള്‍ കൂടുതലായും പണിയും ഉണ്ടാവാറില്ല'. വീട്ടിലേക്കു മടങ്ങാന്‍ ചൗരി ബസാര്‍ മെട്രോ സ്‌റ്റേഷനിലേക്ക് ഒരു ഓട്ടോയില്‍ മടങ്ങുമ്പോള്‍ യഅ്ഖൂബിന്റെ സൗഭാഗ്യമായിത്തീരാന്‍ എനിക്കു കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ മാത്രം....... കാരണം അദ്ദേഹത്തിനു വെറുതെ പാട്ടും മൂളി കുത്തിയിരുന്നാല്‍ പോരല്ലോ....!!!!!

വിവര്‍ത്തനം: മുജീബ് വല്ലപ്പുഴ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter