മുസ്‍ലിം ഭരണം ലോകത്തിന് നല്‍കിയ മാതൃകകള്‍ ഭാഗം 03 – തപ്പാലും സൈന്യവും
തപ്പാലും വാര്‍ത്താവിനിമയവും
ആധുനിക ഭരണസംവിധാനങ്ങളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റം ഇസ്‍ലാമിക ഭരണങ്ങളില്‍ പണ്ട് മുതലേ വ്യവസ്ഥാപിതമായി നിലനിന്നിരുന്നു. ബരീദ് വൽ ഇത്വിസ്വാലാത്ത് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ദൂതന്‍, സാധനങ്ങള്‍ വഹിച്ചുപോവുന്ന വാഹനം (മൃഗം), പ്രത്യേക ദൂരം എന്നൊക്കെ അര്‍ത്ഥം വരുന്ന ബരീദ് എന്ന പദമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
പേർഷ്യൻ രാജാവായ കിസ്റ, റോമിലെ കൈസർ, മിസ്റിന്റെ ഭരണാധിപൻ മുഖൗഖിസ്, ഹബ്ശയിലെ നജ്ജാശി രാജാവ് തുടങ്ങിയവരിലേക്ക് പ്രവാചക സന്ദേശവുമായി ദൂതന്മാര്‍ പോയിരുന്നു. ഖുലഫാഉ റാഷിദുകളുടെ കാലത്ത് രാജ്യവികസനമുണ്ടായപ്പോൾ ദൂതരുടെ ആവശ്യം കൂടിവന്നു. അമവികളുടെ കാലത്തായിരുന്നു പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എന്ന ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കപ്പെടുന്നത്. അതിന് വേണ്ടി റോമിൽ നിന്നും ഫ്രാൻസിൽ നിന്നും അടിമ തൊഴിലാളികളെ വരെ ഉപയോഗപ്പെടുത്തിയിരുന്നു. വാർത്തയുമായി വരുന്ന ദൂതനെ തന്റെ സമീപത്തേക്ക് നേരിട്ട് എത്തിക്കണമെന്നും ആരെയും തടയരുതെന്നും അബ്ദുൽമലിക് ഇബ്നുമർവാന്‍ കാവല്‍ക്കാരോട് നിര്‍ദ്ദേശിച്ചിരുന്നുവത്രെ.
അബ്ബാസികളുടെ കാലത്ത് പോസ്റ്റ് ആൻഡ് ടെലി കമ്മ്യൂണികേഷൻ അല്പംകൂടി വ്യവസ്ഥാപിതമായി. ഖലീഫ മഹ്ദി മക്കയുടെയും യമനിന്റെയും മദീനയുടെയും ഇടയിൽ ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ തന്നെ നിയമിച്ചിരുന്നതായും ഇതിനായി ഗതാഗതത്തിന്റ എല്ലാ സാധ്യതകളും ഉപയോഗിച്ചിരുന്നതായും കാണാം. കരമാർഗം സേവനം ചെയ്യുന്നവര്‍ ഫുയൂജ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വേഗത കൂടിയ മൃഗങ്ങളും കടൽമാർഗ ഗതാഗതവും ഇതിനായി ഉപയോഗിച്ചിരുന്നു. പ്രാവിനെ ഉപയോഗിച്ച് വായു മാർഗം വാര്‍ത്താവിനിമയം നടത്തിയത്, നൂറുദ്ദീൻ സങ്കിയുടെ യുദ്ധതന്ത്രങ്ങളില്‍ കാണാവുന്നതാണ്.
സൈന്യവും യുദ്ധവും
ഇന്ന് ഏതൊരു രാഷ്ട്രത്തിന്റെയും നിലനില്‍പ്പ് തന്നെ സൈന്യത്തെ കൊണ്ടാണ്. ഇസ്‌ലാമിന് മുമ്പ് അറബികൾക്ക് സൈനികമായ ഒരു വ്യവസ്ഥിതി ഇല്ലായിരുന്നു എന്ന് പറയാം. ആയുധമേന്താൻ കഴിവുള്ളവരെല്ലാം പോരാളികളായി മാറുന്നതായിരുന്നു അന്നത്തെ കാഴ്ച. ഇസ്‌ലാം വന്നതിന് ശേഷം യുദ്ധ ലക്ഷ്യവും സാഹചര്യവും മാറി, കേവലം യുദ്ധമെന്നതില്‍നിന്ന്, ഇസ്‌ലാമിന്റെ നാമത്തിൽ പ്രതിഫലം പ്രതീക്ഷിച്ച് നടത്തുന്ന ധര്‍മ്മയുദ്ധങ്ങളായി മാറി. പ്രവാചകര്‍ തന്നെയായിരുന്നു അന്ന് മുസ്‌ലിംകളുടെ സൈനിക നേതാവ്.
Read More:മുസ്‍ലിം ഭരണം ലോകത്തിന് നല്‍കിയ മാതൃകകള്‍ ഭാഗം 02: വസീറും ദവാവീനും നിരീക്ഷണവും
പ്രവാചക കാലശേഷം രാജ്യങ്ങൾ വികസിതമാവുകയും അംഗസംഖ്യ ക്രമാനുഗതമായി വർധിക്കുകയും ചെയ്തതിന്റെ ഫലമായി അതിനായി പ്രത്യേകം ഒരു നേതാവിന്റെ ആവശ്യകത വർധിച്ചു. ഉമർ(റ)വിന്റെ കാലത്ത് സൈനികർക്ക് വിശ്രമത്തിന് വേണ്ടി ഉണ്ടാക്കിയ കെട്ടിടങ്ങളും പട്ടണങ്ങളും പിന്നീട് സാംസ്കാരിക നഗരമായി പരിണമിച്ചു. മിസ്ർ, ബസറ, കൂഫ, ഫുസ്ത്വാത് എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്. സൈന്യത്തിന് കൃത്യമായ സംവിധാനം കൊണ്ട് വന്ന്, മുൻഭാഗം, വലത്, ഇടത്, ഹൃദയ ഭാഗം, പിറകുവശം എന്നിങ്ങനെ 5 ഭാഗങ്ങളാക്കിത്തിരിച്ചത്, യർമൂക്ക്, ഖാദിസിയ്യ യുദ്ധങ്ങളില്‍ കാണാം. അമവീ ഖലീഫയായ അബ്ദുൽ മലിക് ഇബ്നുമർവാന്റെ കാലത്ത് സൈനിക സേവനം നിർബന്ധമായിരുന്നു. അറൂസ് എന്ന പേരിലുള്ള പീരങ്കി ഹജ്ജാജുബ്നു യൂസുഫിന്റെ കാലത്ത് ആയുധമായി ഉപയോഗിച്ചിരുന്നു. 500 പടയാളികൾ വേണമായിരുന്നു അത് നിയന്ത്രിക്കാൻ. അതേ സമയം, ശാരീരിക ബലത്തേക്കാൾ ആന്തരിക ശക്തിയിൽ വിശ്വസിച്ചവരായിരുന്നു മുസ്‌ലിം സൈന്യം.
അറബികള്‍ കച്ചവടാവശ്യത്തിന് വേണ്ടി കടല്‍മാര്‍ഗ്ഗം ഉപയോഗിച്ചിരുന്നെങ്കിലും സൈനികാവശ്യത്തിന് ആദ്യ കാലത്ത് കടൽമാർഗം ഉപയാഗിച്ചിരുന്നില്ല. മുആവിയ(റ) സമുദ്ര യുദ്ധത്തിന്റെ ആവശ്യകതയക്കുറിച്ച് പറയുന്നുണ്ടെങ്കിലും സൈന്യത്തിന്റെ സുരക്ഷ മാനിച്ച് ഉമര്‍(റ) ആ ആവശ്യം നിരസിക്കുകയായിരുന്നു. ശേഷം ഉസ്മാൻ(റ)വിന്റെ കാലത്താണ് കടൽ യുദ്ധത്തിന് അനുമതി നൽകിയത്. അതോടെ നാവിക സൈന്യം ശക്തിപ്രാപിക്കുന്നത് കാണാം. ശൂനത്ത്, ഹറാഖത്ത്, ബിതത്, ഉറാബ് തുടങ്ങി വലിപ്പത്തിലും വേഗതയിലും വ്യത്യസ്തത പുലർത്തുന്ന അനേകം കപ്പലുകൾ നിർമ്മിക്കപ്പെട്ടു. സമുദ്രവുമായി ബന്ധപ്പെട്ട് അനേകം രചനകളും പിന്നീട് കാണാം.
അതിലെല്ലാമുപരി, മുസ്‍ലിം സൈന്യം യുദ്ധരംഗത്ത് സൂക്ഷിച്ച മാന്യതയും ധര്‍മ്മയുദ്ധത്തിന്റെ യഥാര്‍ത്ഥ രീതിയും പ്രത്യേകം പ്രശംസനീയമാണ്. കുട്ടികളെയോ സ്ത്രീകളോയോ വൃദ്ധരെയോ മഠങ്ങളില്‍ ആരാധിച്ചിരിക്കുന്നവരെയോ ഒന്നും കൊലപ്പെടുത്തരുതെന്നും വിളവുകള്‍ നശിപ്പിക്കരുതെന്നുമെല്ലാം യുദ്ധത്തിന് മുന്നോടിയായി പ്രവാചകര്‍ നല്കിയ ഉപദേശങ്ങള്‍, ലോക ചരിത്രത്തില്‍തന്നെ തുല്യത ഇല്ലാത്തതാണ്. പിന്നീടങ്ങോട്ടുള്ള ഇസ്‍ലാമിക യുദ്ധങ്ങളിലധികവും ഇത് കൃത്യമായി പാലിക്കപ്പെടുന്നത് കാണാം. പരമാവധി യുദ്ധം ഇല്ലാതെ, സമാധാനത്തോടെ കീഴടക്കാനാണ് മുസ്‍ലിം സൈന്യം എപ്പോഴും ശ്രമിച്ചത്. സ്വലാഹുദ്ദീന്‍ അയ്യൂബി ബൈതുല്‍മുഖദ്ദസ് മോചിപ്പിക്കുമന്ന വേളയിലും ഇത് കാണാവുന്നതാണ്. അവിടെയുണ്ടായിരുന്ന മുസ്‍ലിംകളോട് ഒട്ടേറെ ക്രൂരതകള്‍ കാട്ടിയ പറങ്കികളോട് പോലും വളരെ മാന്യമായി പെരുമാറുന്നതും നല്കിയ ഉറപ്പുകളും വാക്കുകളും അക്ഷരം പ്രതി പാലിക്കുന്നതും നമുക്ക് കാണാവുന്നതാണ്.
Leave A Comment