ഇഖ്റഅ് 14- കാറ്റിലും അടിച്ചുവീശുന്നത് വായിക്കാനുള്ള താളുകള്‍ തന്നെ
സൃഷ്ടിച്ച നാഥന്റെ നാമത്തില്‍..
തന്റെ അനുഗ്രഹമാകുന്ന മഴക്കു മുമ്പില്‍ സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റിനെ അയച്ചവനാണ് അല്ലാഹു. – (സൂറതുല്‍ അഅ്റാഫ് 56)
പ്രകൃതിയുടെ അല്‍ഭുതകരമായ അനേക പ്രതിഭാസങ്ങളിലൊന്നാണ് കാറ്റ്. സദാസമയവും ചലിച്ചുകൊണ്ടേയിരിക്കുന്ന മാരുതന്റെ സഞ്ചാരത്തിന് പിന്നിലും ലക്ഷ്യങ്ങളേറെയാണ്. മേഘത്തിന്റെ സഞ്ചാരവും അതിലൂടെ മഴയുടെ വിന്യാസവും സസ്യങ്ങളുടെയും ചെടികളുടെയും പരാഗണവും ഭൌമോപരിതലത്തിന്റെ ശുദ്ധീകരണവുമെല്ലാം കാറ്റിനെ സംവിധാനിച്ചതിന് പിന്നിലെ രഹസ്യങ്ങളില്‍ ചിലതാണ്.
ജലനിബിഢമായ മേഘക്കൂട്ടങ്ങളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കം ചെയ്യുന്നത് മേഘങ്ങളാണ്. ഇതിലൂടെ മഴയുടെ കൃത്യമായ വിന്യാസമാണ് ഉറപ്പ് വരുത്തപ്പെടുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി, മഴയുടെ സന്തോഷവാര്‍ത്തയുമായി കടന്നുവരുന്ന കാറ്റിനെ കുറിച്ചുള്ള പരാമര്‍ശം കാണാം.
സസ്യങ്ങളിലും ചെടികളിലും പൂക്കളും കായ്ക്കളുമുണ്ടാവാന്‍ സഹായകമാവുന്ന ബീജകൈമാറ്റം നടക്കുന്ന പ്രക്രിയയാണ് പരാഗണം. ജീവികളെപ്പോലെ, നടന്നുചെന്ന് പരസ്പരം ഇണചേരാന്‍ സാധിക്കാത്ത മരങ്ങളിലും ചെടികളിലും ഈ ബീജ കൈമാറ്റം സാധ്യമാക്കുന്നത് കാറ്റുകളാണ്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുന്ന കാറ്റ്, കൂടെ കൊണ്ട് പോവുന്നത് ആണ്‍ ചെടിയിലെ ഈ ബീജങ്ങള്‍ കൂടിയാണ്. ഇക്കാര്യവും ഖുര്‍ആന്‍ ഇടക്കിടെ എടുത്ത് പറയുന്നുണ്ട്.
Read More: റമളാൻ ഡ്രൈവ്- നവൈതു- 14
ഭൌമസമതലത്തിന്റെ ശുദ്ധീകരണവും ആകൃതിയുടെ സന്തുലിതാവസ്ഥാ സംരക്ഷണവും നിര്‍വ്വഹിക്കുന്നതിലും കാറ്റിന് വലിയ പങ്കുണ്ട്. എയോലിയന്‍ പ്രക്രിയ എന്നാണ് ഇത് ശാസ്ത്രലോകത്ത് അറിയപ്പെടുന്നത് തന്നെ. ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും ഉപരിതലത്തിലെ പദാര്‍ത്ഥങ്ങളെയും പൊടിപടലങ്ങളെയും വിവിധ സ്ഥലങ്ങളിലേക്ക് നീക്കം ചെയ്യുകയും അതിലൂടെ അവയുടെ ആകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് എയോലിയന്‍ പ്രോസസ്.
അതേ സമയം, സംഹാരതാണ്ഡവമാടി കടന്നുവരുന്നവയും കാറ്റുകളുടെ കൂട്ടത്തിലുണ്ട്. മുന്‍കഴിഞ്ഞ പല സമുദായങ്ങളെയും നശിപ്പിച്ചത് ഇത്തരം കൊടുങ്കാറ്റുകളിലൂടെയായിരുന്നു.
ചുരുക്കത്തില്‍ ഭൂമിയിലെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ കാത്ത് സൂക്ഷിക്കാനായ പ്രപഞ്ചനാഥന്‍ സംവിധാനിച്ച വിവിധോപാധികളില്‍ പ്രധാനമാണ് കാറ്റും എന്നര്‍ത്ഥം. ആലോചിക്കുന്നവര്‍ക്ക് അതിലും അനേകം പാഠങ്ങളും ദൃഷ്ടാന്തങ്ങളുമുണ്ട്. അടിച്ചുവീശുന്ന കാറ്റ് കേവലം വായു സഞ്ചാരം മാത്രമല്ല, മറിച്ച് വായിക്കാനും ഉള്‍ക്കൊള്ളാനുമുള്ള അനേകം താളുകള്‍ കൂടിയാണ്. എല്ലാം പടച്ച തമ്പുരാന്റെ സൃഷ്ടിപ്പിന്റെ വിസ്മയരൂപങ്ങള്‍ തന്നെ. നീയെത്ര പരിശുദ്ധനാണ് നാഥാ...
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment