നവൈതു 01 . അല്ലാഹു തആലാക്ക് വേണ്ടിയുള്ള കരുത്തുകളാണ് നോമ്പ്

നവൈതു സൗമ ഗദിന്‍ അന്‍ അദാഇ ....
റമദാന്‍ മാസത്തിലെ നാളത്തെ നോമ്പ് നോല്ക്കാന്‍ ഞാനിതാ കരുതുന്നു...

ഇക്കഴിഞ്ഞ രാത്രികളില്‍ മുസ്‍ലിം ലോകത്തെ ഏറെക്കുറെ എല്ലാവരുമെന്ന് തന്നെ പറയാം, ഉരുവിട്ട ഒരു വാക്യമായിരിക്കും മേല്‍ പറഞ്ഞ പദസഞ്ചയം. ഇനിയങ്ങോട്ട് ഒരു മാസം ഓരോ രാത്രിയിലും ഓരോ വിശ്വാസിയും ഈ സങ്കേതപദങ്ങള്‍ ഉരുവിട്ടുകൊണ്ടേയിരിക്കും. 

ഹിജ്റ കലണ്ടറിലെ എട്ടാം മാസം ശഅ്ബാന്‍ പൂര്‍ണ്ണമായി, ഒമ്പതാം മാസമായ റമദാനിന്റെ ചന്ദ്രക്കല പിറന്നതോടെ, മുസ്‍ലിം ലോകം വീണ്ടും ഒരു വ്രതമാസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മനസ്സിനെയും ശരീരത്തെയും കൈപിടിയിലൊതുക്കുന്ന ആത്മനിയന്ത്രണത്തിന്റെ മാസമാണ് മുസ്‍ലിംകള്‍ക്ക് റമദാന്‍.

ഓരോ നോമ്പും ഓരോ നവൈതു ആണെന്ന് പറയാം. ഞാന്‍ കരുതി എന്നാണ് ഈ വാകിനര്‍ത്ഥം. പ്രഭാത വെളിച്ചം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതാണ് ബാഹ്യമായ നോമ്പ് എന്ന് പറയാം. എന്നാല്‍ അതേ സമയം, തന്നെ സൃഷ്ടിച്ച നാഥന്റെ കല്പന മാത്രമാണ് അതിന് തന്നെ പ്രേരിപ്പിക്കുന്നത് എന്ന ചിന്തയും ബോധ്യവും ചേരുമ്പോഴാണ് നോമ്പിന്റെ കാമ്പും കഴമ്പും തുടങ്ങുന്നത്. അതാണ് നവൈതുവിലൂടെ ഓരോ രാത്രിയും വിശ്വാസി സ്വന്തത്തെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്. നോമ്പിനായുള്ള കരുത്ത് തുടങ്ങുന്നത്, ഞാന്‍ കരുതി എന്നര്‍ത്ഥമുള്ള നവൈതുവിലാണെങ്കില്‍, അത് അവസാനിക്കുന്നത്, അല്ലാഹുവിന് വേണ്ടി എന്നര്‍ത്ഥമാക്കുന്ന ലില്ലാഹി തആലയിലാണ്. വിശ്വാസിയുടെ ജീവിതം മുഴുക്കെയും എന്ന് മാത്രമല്ല മരണവും അനന്തര കര്‍മ്മങ്ങളുമെല്ലാം സൃഷ്ടിച്ച നാഥന് വേണ്ടിയുള്ളതാണ്. ദിവസവും അഞ്ച് നേരവും നിര്‍ബന്ധമായും നിര്‍വ്വഹിക്കുന്ന നിസ്കാരവും തുടക്കം കുറിക്കുന്നത്, ഏറ്റവും വലിയവന്‍ അല്ലാഹുവാണെന്ന പ്രാഖ്യപനത്തോടയും ശേഷം എന്റെ നിസ്കാരവും കര്‍മ്മങ്ങളും ജീവിതവും മരണവുമെല്ലാം, ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിനാണെന്ന സ്വന്തത്തോടുള്ള പ്രഖ്യാപനത്തോടെയും പ്രതിജ്ഞയോടെയുമാണ്. ആ പ്രതിജ്ഞയും പ്രഖ്യാപനവുമാവട്ടെ, അവനും അല്ലാഹുവുമല്ലാതെ മറ്റാരും അറിയുന്നുമില്ല.

നവൈതു.... റമദാന്‍ ചിന്തകള്‍ 1. പുതിയൊരു മാസം... പുതിയൊരു ജീവിതം

നോമ്പിന്റെ നവൈതുവിലും അത് തന്നെയാണ് വിശ്വാസി ചെയ്യുന്നത്. പടച്ച തമ്പുരാനല്ലാതെ മറ്റാര്‍ക്കും കാണാനോ മനസ്സിലാക്കാനോ സാധിക്കാത്ത ആരാധനാകര്‍മ്മമാണ് നോമ്പ് എന്ന് പറയാം. ആ കര്‍മ്മത്തിന്റെ തുടക്കമാണ്, അല്ലാഹുവിന് വേണ്ടി ഞാനിതാ നോമ്പെടുക്കാന്‍ കരുതി എന്ന് മനസ്സിലുറപ്പിച്ച് നിര്‍വ്വഹിക്കുന്നത്. 

അഥവാ, നോമ്പിന്റെ കരുത്തെന്നോണം ഓരോ രാത്രിയും നാം മൊഴിയുന്ന നവൈതു, അത് കേവലം ഒരു ആചാര വാക്യമല്ല. മറിച്ച്, സ്വന്തത്തോടുള്ള ഏറ്റവും വലിയ പ്രഖ്യാപനവും നിശബ്ദമായ നിയന്ത്രണത്തിന്റെ വരകള്‍ തീര്‍ക്കലുമാണ് എന്നര്‍ത്ഥം. 

ഈ വര്‍ഷത്തെ നമ്മുടെ നവൈതുകള്‍ ആ പൂര്‍ണ്ണാര്‍ത്ഥത്തിലായിരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter