ഇഖ്റഅ് 04- ആകാശം: പരവതാനി തീര്‍ത്ത മഹാഗ്രന്ഥം...
സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...
തങ്ങളുടെ മുകളിലുള്ള ആകാശത്തേക്കവര്‍ നോക്കീട്ടില്ലേ? എങ്ങനെയാണ് നാമതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളത്? അതിനെവിടെയും യാതൊരു വിടവുകളുമില്ലതന്നെ (സൂറതു ഖാഫ് – 06)
വായിച്ചാലും വായിച്ചാലും തീരാത്ത ഒറ്റപ്പുറ പുസ്തകമാണ് ആകാശം എന്ന് പറയാം. കോടാനുകോടി മൈലുകള്‍ക്കപ്പുറത്ത് നിന്ന് മിന്നിത്തെളിയുന്ന താരകങ്ങളും തൊട്ടടുത്താണെന്ന് തോന്നുന്ന വിധം പാല്‍നിലാവ് പൊഴിക്കുന്ന ചന്ദ്രനും പൂര്‍ണ്ണമായൊന്ന് നോക്കാന്‍ പോലും സാധിക്കാത്ത വിധം ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യനുമെല്ലാം ആകാശത്തിലെ അലങ്കാരങ്ങളാണ്. എന്നാല്‍, കേവല അലങ്കാരങ്ങളെന്നതിലുപരി, എല്ലാം കൃത്യമായ ലക്ഷ്യങ്ങളോടെ വിധാനിക്കപ്പെട്ട് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന നാഥന്റെ സൃഷ്ടികളാണ് അവയെല്ലാം.
രാത്രികാലങ്ങളില്‍ വിശാലമായ ആകാശം നോക്കി ഇരിന്നുനോക്കൂ. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും തൂനിലാവ് പെയ്യുന്ന ചന്ദ്രനെയുമെല്ലാം മാറിലൊതുക്കി അനന്തമായി നീണ്ടുകിടക്കുന്ന ആകാശം, നമ്മുടെ മനസ്സിനെയും വിശാലമാക്കിത്തീര്‍ക്കുന്നത് കാണാം.
സൃഷ്ടിപ്പിന്റെ അല്‍ഭുതങ്ങളടങ്ങിയ ഗ്രന്ഥവൈവിധ്യങ്ങളില്‍ അതിപ്രധാനമാണ് ആകാശം. വിശുദ്ധ ഖുര്‍ആനില്‍ മുന്നൂറ്റിപ്പത്ത് പ്രാവശ്യം, ആകാശം എന്നതിനെ സൂചിപ്പിക്കുന്ന സമാഅ് എന്ന പദം ഏകവചനമായോ ബഹുവചനമായോ കടന്നുവരുന്നുണ്ട്. ഉയര്‍ന്നത് എന്നതാണ് ആ പദത്തിന്റെ ഭാഷാര്‍ത്ഥം എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ആകാശത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ചും സൂര്യചന്ദ്രനക്ഷത്രാദികളെ കൊണ്ട് അതിനെ അലങ്കരിച്ചതിനെ കുറിച്ചുമെല്ലാം പലിയടങ്ങളിലായി പരാമര്‍ശിക്കുന്നുണ്ട്. അധിക ഇടങ്ങളിലും അവയെ കുറിച്ച് ആലോചിക്കാനും ചിന്തിക്കാനുമുള്ള പ്രേരണകൂടി കാണാം.
ആകാശലോകത്തേക്കുള്ള പ്രവേശന കവാടങ്ങളെകുറിച്ചും ചില സൂചനകള്‍ കാണാം. ആകാശഭൂമികളുടെ മേഖലകളില്‍നിന്ന് പുറത്ത് കടക്കാന്‍ മനുഷ്യ-ജിന്ന് വര്‍ഗ്ഗങ്ങളെ പടച്ച തമ്പുരാന്‍ വെല്ലുവിളിക്കുന്നുണ്ട്. അസാധാരണമായ ശക്തിയില്ലാതെ അത് സാധ്യമല്ലെന്ന് പറഞ്ഞ് വെക്കുന്നുമുണ്ട്. വാനലോകത്തേക്ക് ആരോഹണം നടത്തുന്ന വേളയിലനുഭവപ്പെടുന്ന, ശ്വസനപ്രയാസമടക്കമുള്ള ശാരീരിക പീഢകളെകുറിച്ചുമെല്ലാം, വാനശാസ്ത്രത്തെകുറിച്ച് ഒന്നുമറിയാത്ത ആറാം നൂറ്റാണ്ടില്‍ അവതീര്‍ണ്ണമായ ഖുര്‍ആന്‍ പറഞ്ഞ് വെക്കുന്നുണ്ട്.
തൂണുകളില്ലാതെ സ്ഥിതി ചെയ്യുന്ന, തുടക്കവും ഒടുക്കവുമില്ലാതെ നില കൊള്ളുന്ന, എവിടെയെത്തിയാലും നമ്മെ ആവരണം ചെയ്ത് കൂടെയുള്ള ആകാശത്തെ വായിക്കുമ്പോള്‍, നമ്മുടെ ചിന്തകള്‍ക്ക് ചിറക് മുളക്കുന്നത് കാണാം. രാത്രിയുടെ അവസാന യാമങ്ങളില്‍ ജനങ്ങളെല്ലാം സുഖസുഷുപ്തിയിലായിരിക്കുമ്പോള്‍, ഉണര്‍ന്നെണീറ്റ് ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിച്ച്, നാഥനിലേക്ക് അഭയം തേടുന്നവരെ പ്രത്യേകം പ്രശംസിക്കുന്നതും അത് കൊണ്ട് തന്നെ.
അഥവാ, ആകാശം എന്ന പുസ്തകത്തെ നാഥന്റെ നാമത്തില്‍ വായന നടത്തിയാലും നാം അവസാനം പറഞ്ഞുപോവുക ഇത് തന്നെയായിരിക്കും, ഞങ്ങളുടെ നാഥാ, നീ ഇത് സൃഷ്ടിച്ച് അര്‍ത്ഥ ശൂന്യമായല്ല, നീയെത്ര പരിശുദ്ധന്‍.
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment