ഖാഇദെ മില്ലത്ത് എന്ന ഉമ്മത്തിന്റെ കാവലാൾ
മുസ്ലിംലീഗ് സ്ഥാപകനും രാഷ്ട്രതന്ത്രജ്ഞനുമായ മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ രാഷ്ട്രീയ ജീവചരിത്രമാണ് "ഖാഇദെ മില്ലത്ത്: ഗൈഡ് ആന്റ് ഗാർഡിയൻ". അദ്ദേഹത്തിന്റെ തുടക്കം മുതൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയിലെ ഒരു പ്രമുഖ വ്യക്തിയായി ഉയരുന്നത് വരെയുള്ള ഖാഇദെ മില്ലത്തിന്റെ സംഭവബഹുലമായ ജീവിതത്തിലേക്കുള്ള ഒരു ഉൾക്കാഴ്ച ഈ പുസ്തകം നൽകുന്നുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സ്ഥാപക പ്രസിഡന്റെന്ന നിലയിൽ, വിഭജനത്തിനുശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ കലുഷിതമായ സാഹചര്യങ്ങളിലൂടെ സംഘടനയെ വിജയകരമായി നയിച്ച നേതാവാണ് അദ്ദേഹം. മുസ്‌ലിംകളുടേയും മറ്റ് പിന്നോക്ക സമുദായങ്ങളുടേയും ഉന്നമനത്തിനായുള്ള തികഞ്ഞ സമർപ്പണമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്ര. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അദ്ദേഹം ഒരേ സമയം ആത്മീയ വഴികാട്ടിയും രാഷ്ട്രീയ രക്ഷാധികാരിയുമായിരുന്നു.
1983-ൽ "ഖൗമിൻ കാവലർ" എന്ന പേരില്‍, മുൻ രാജ്യസഭാംഗവും മുസ്ലിം ലീഗ് നേതാവുമായ എ.കെ.റെഫേയി എഴുതിയ തമിഴ് കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ഇത്. സിദ്ദീഖ് തരകനും ഡോ. റഷീദ് അഹമ്മദും ചേര്‍ന്നാണ് ഇംഗ്ലീഷ് വിവർത്തനം ലളിതവും വ്യക്തവുമായ ശൈലിയിൽ മനോഹരമായി നിര്‍വ്വഹിച്ചിരിക്കുന്നത്. അർപ്പണബോധവും പ്രതിബദ്ധതയുമുള്ള നേതാക്കൾ ഇല്ലാതാവുന്ന ഇക്കാലത്ത്, ഈ പുസ്തകം അതിലെ സംഭവങ്ങളിലൂടെ വായനക്കാരെ പ്രചോദിപ്പിക്കുമെന്ന് ഉറപ്പാണ്. കൂടുതൽ വായനക്കാരിലേക്ക് വളരെ സ്വാധീനമുള്ള ഒരു ഇതിഹാസത്തിന്റെ ജീവചരിത്രത്തിന്റെ പ്രവേശനക്ഷമത വർദ്ധിപ്പിക്കുക എന്നതാണ് ഈ ഇംഗ്ലീഷ് വിവർത്തനത്തിന്റെ പ്രധാന ലക്ഷ്യം.
1972 മുതൽ 1978 വരെ രാജ്യസഭയിൽ അംഗമായിരുന്ന അഹമ്മദ് കബീർ റെഫായെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ അസാധാരണ മുസ്‍ലിം നേതാക്കളിൽ ഒരാളാണ്. തഞ്ചാവൂർ ജില്ലയിലെ ആടുതുറയിൽ ജനിച്ച റഫായി സാഹിബ് എം.ഡി.ടിയിൽ നിന്ന് ബി.എ. ബിരുദം നേടി. തമിഴ്‌നാട് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും തമിഴ്‌നാട് കൈത്തറി വെൽഫെയർ കമ്മിറ്റി ചീഫ് കോർഡിനേറ്ററുമായിരുന്നു. തമിഴ് സാംസ്കാരിക വാരികയായ ഉറിമൈക്കുരലിന്റെ എഡിറ്ററായിരുന്ന റെഫായി ഒരു നോവലിസ്റ്റും കഥാകൃത്തും കൂടിയായിരുന്നു. തമിഴിൽ അമ്പതോളം ചെറുകഥകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഖൗമിൻ കാവലാർ, എന്നൈ കതിർഥ ഇസ്‍ലാം, അറമ്പുസദത്തൈ എന്നീ കൃതികളും അദ്ദേഹത്തിന്റെ രചനകളാണ്.
രാഷ്ട്രീയം ജനങ്ങളോടുള്ള പവിത്രമായ സേവനമാണെന്ന ഖാഇദെ മില്ലത്തിന്റെ കാഴ്ചപ്പാട് ഇപ്പോഴും പ്രസക്തമാണ്. അദ്ദേഹം വിശുദ്ധ ഖുർആനിലെ ഒരു ആയത്ത് ആവർത്തിച്ച് പാരായണം ചെയ്യാറുണ്ടായിരുന്നു. "തീർച്ചയായും, എന്റെ നിസ്കാരം, എന്റെ എല്ലാ ആരാധനകളും, എന്റെ ജീവിതവും മരണവും എല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ് (വിശുദ്ധ ഖുർആൻ 6:162). ഈ ഖുർആനിക വാക്യത്തിന്റെ പ്രതിരൂപമായിയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വാലാജ ബിഗ് മസ്ജിദ് കോമ്പൗണ്ടിലെ നിത്യ വിശ്രമത്തിൽ കഴിയുന്ന ഇസ്മാഈൽ സാഹിബിന്റെ ഖബ്റിടത്തിലും ഇതേ വാക്യം ആലേഖനം ചെയ്തിട്ടുണ്ട്.
സാംസ്കാരികവും മതപരവുമായ വ്യക്തിത്വവും അസ്തിത്വും നിലനിറുത്തിയും ഇതര മതസ്ഥരുടെ ഹൃദയം കീഴടക്കിയും രാജ്യത്തിന്റെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്യണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. മതേതര ജനാധിപത്യം, സാമുദായിക സൗഹാർദം, സാമൂഹിക നീതി എന്നീ മൂന്ന് സ്തംഭങ്ങളിലാണ് അദ്ദേഹം മുസ്‍ലിം ലീഗിന്റെ രാഷ്ട്രീയം കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ലളിതവും എന്നാൽ സമഗ്രവുമായിരുന്നു. യുക്തിസഹമായി കാര്യങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക പാടവമായിരുന്നു.
ഖാഇദെ മില്ലത്തിന്റെ വിയോഗത്തിൽ ശ്രീമതി ഇന്ദിരാഗാന്ധി ഉപയോഗിച്ച 'ഗ്രേറ്റ് എൽഡർ ബ്രദർ' എന്ന വിശേഷണം ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനത്തിന്റെ ഗൗരവത്തിന് മതിയായ തെളിവായിരുന്നു. രാജാജിയും അണ്ണാദുരൈയും കാമരാജും സുഹൃത്തുക്കളായിരുന്നു. ദ്രാവിഡസ്ഥാൻ എന്ന ആവശ്യം ഉപേക്ഷിച്ചതിന് ശേഷമാണ് അദ്ദേഹം ഡി.എം.കെയുമായി സഖ്യത്തിന് തയ്യാറായത്. 1952-ൽ മദ്രാസിലെ രാജാജി സർക്കാരിന് നിരുപാധിക പിന്തുണ നൽകാൻ അദ്ദേഹം അവിടെ എത്തിയിരുന്നു. ഗുഡിയാത്തം ഉപതിരഞ്ഞെടുപ്പിൽ കാമരാജ് മത്സരിച്ചപ്പോൾ കാമരാജിനുവേണ്ടിയുള്ള പ്രചാരണത്തിന്റെ മുന്‍നിരയില്‍ തന്നെ അദ്ദേഹമുണ്ടായിരുന്നു.
ഹജ്ജിനുള്ള സർക്കാർ പ്രതിനിധി സംഘത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട ഒരു സന്ദർഭത്തിൽ ഹജ്ജ് ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. "ആദ്യത്തെ ഹജ്ജ് സ്വന്തം പണം കൊണ്ടായിരിക്കണം" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അല്ലാഹുവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തി അസാധാരണമായിരുന്നു. നിസ്കാരവും മറ്റു മതപരമായ ആചാരങ്ങളും അർപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ കണിശക്കാരനായിരുന്നു. ഏറനാട്ടിലെ സാധാരണക്കാരുടെ ഹൃദയത്തിൽ ഖാഇദെ മില്ലത്തിന് ഒരു ഇടമുണ്ടായിരുന്നു. അദ്ദേഹം അവരോട് വോട്ട് ചോദിക്കാതെയും അദ്ദേഹത്തിന്റെ ശാരീരിക സാന്നിധ്യം ഇല്ലാതിരുന്നിട്ടും അവർ മലബാറിൽ നിന്ന് എംപിയായി അദ്ദേഹത്തെ തെരഞ്ഞടുത്തു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിംകളുടെയും പിന്നാക്ക സമുദായങ്ങളുടെയും പ്രമുഖ നേതാവായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ശക്തവും പ്രചോദനാത്മകവുമായ ജീവചരിത്രം പുതുതലമുറക്ക് കൈമാറുന്നതില്‍ ഈ പുസ്തകത്തിന് വലിയ പങ്ക് വഹിക്കാനാവും. ആ അനുകരണീയ ജീവിതത്തിന്റെ കഥയും ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വര്‍മണ്ണഛായത്തിൽ അതിന്റെ സ്വാധീനവുമാണ് ഈ കൃതി പറയുന്നത്.
Leave A Comment