പേരുകള്‍- ഇസ്‍ലാമികും "ഇസ്‍ലാമികേറ്റഡും 

പേരിടുന്നതിലും ഇസ്‌ലാമികത നിലനിർത്തേണ്ടവനാണ് യഥാർത്ഥ വിശ്വാസി.  ജനിച്ച കുട്ടിക്ക് പേരിടേണ്ട ദൗത്യം കുട്ടിയുടെ രക്ഷിതാവിനാണുള്ളത്(ولي). അതിനാൽ പേരിടുന്നതുമായുള്ള ഇസ്‍ലാമിക വിധികൾ ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ടതുണ്ട്.       ജനിച്ച ദിവസമോ പ്രസവിക്കപ്പെട്ടതിനു ശേഷം ഏഴാമത്തെ ദിവസമോ ആണ് പേരിടുന്നതിന്  ഏറ്റവും നല്ല (സുന്നത്തായ) ദിവസങ്ങൾ . ഏഴിന് മുമ്പ് കുട്ടി മരിച്ചാലും കുട്ടിക്ക് പേരിടാതിരിക്കരുത്. വയറ്റിൽ വെച്ച്  (റൂഹ് ഊതാനുള്ള സമയമായതിനു ശേഷം മരിച്ചതാണെങ്കില്‍ പോലും). എന്നാൽ  വയറ്റിൽ വെച്ച് തന്നെ മരിച്ച കുട്ടി ആണോ പെണ്ണോ എന്ന് തിരിച്ചറിയാത്ത അവസ്ഥയിൽ  ആണിനും പെണ്ണിനും വെക്കാൻ പറ്റുന്ന طلحة، هند പോലോത്ത പൊതു പേരാണ് വെക്കേണ്ടത്.

എന്ത് പേരാണ് തന്റെ കുട്ടിക്കിടേണ്ടത് എന്നതിലുമുണ്ട് ഒരിത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ. ഇന്നത്തെ മുസ്‍ലിം നാമങ്ങളെല്ലാം പൂർണമായും ഇസ്‍ലാമിക് നാമമാണോ എന്നൊന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഒരർത്ഥത്തിൽ ഇസ്‍ലാമികേറ്റഡ് നാമങ്ങളാണ് അവരുടേത് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും നല്ലത്. മുസ്‍ലിംകൾ ചെയ്യുന്നതെല്ലാം ഇസ്‍ലാമികമല്ല (islamic) എന്നത് പോലെ തന്നെ ഇന്ന് മുസ്‍ലിംകളിടുന്ന പേരുകളെല്ലാം ഇസ്‍ലാമിക് നാമങ്ങളുമല്ല. പ്രമാണ സ്രോതസ്സുകൾ ശരിവെക്കുന്നതത്രെ ഇസ്‍ലാമികം (islamic).  മുസ്‍ലിംകൾക്കിടയിൽ പ്രചരിച്ചതിനാണ് (ഇസ്‍ലാമിക് ആയാലും ഇല്ലെങ്കിലും) ഇസ്‍ലാമികേറ്റഡ് (islamicated) എന്ന് പറയുന്നത്. ചിലപ്പോൾ ഇസ്‍ലാമിനെത്തന്നെ കാർന്നുതിന്നുന്നവയാകാറുമുണ്ട് ഇസ്‍ലാമികേറ്റഡ്.

മുസ്‍ലിംകൾക്കിടയിലെ ഇസ്‍ലാമിക സംസ്കാരം (islamic culture) ഇല്ലാതാക്കുന്നതിൽ മുസ്‍ലിം വിരോധികള്‍ നടത്തുന്ന ശ്രമങ്ങൾ ചെറുതൊന്നുമല്ല. ഇസ്‍ലാമിക് പേരുകളിലും ഇത്തരം ശ്രമങ്ങളുണ്ടോ എന്ന് പോലും സംശയിക്കാം. അത് കൊണ്ട് തന്നെ, ഗൂഗിളിനെ മാത്രം അവലംബിച്ച് കുട്ടിക്ക് പേരിടുന്നതിന് പകരം, അറിവുള്ളവരുമായി പങ്ക് വെച്ച് അര്‍ത്ഥതലങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിട്ടേ പേര് വെക്കാവൂ. 

Also Read:നമ്മുടെ കുഞ്ഞ്: ജനനം മുതല് ‍ശൈശവം വരെ അവനായി ചെയ്യേണ്ട കാര്യങ്ങള്‍

പലര്‍ക്കും സ (za), ശ എന്നീ അക്ഷരങ്ങളുള്ള ഷോര്‍ട്ട് പേരുകളോടാണ് പ്രിയം എന്നതിനാല്‍, ചില  സൈറ്റുകൾ ഇത്തരം പദങ്ങള്‍ കണ്ടെത്തി, അവയുടെ യഥാർത്ഥ അർത്ഥം മറച്ചുവെച്ച് നൽകുകയാണ് ചെയ്യാറ് എന്ന് പോലും തോന്നിപ്പോകുന്നു. "zana" എന്ന ഗേൾ നെയിമിന് അറബിക് പദമാണെന്ന് പരിചയപ്പെടുത്തി  സൈറ്റുകൾ കൊടുത്തിരിക്കുന്ന അർത്ഥം Flow of Water എന്നും മറ്റു ചില സൈറ്റുകൾ God Is Gracious എന്നുമാത്രെ.   അറബി നിഘണ്ടുവിൽ പരതിയാൽ എവിടെയും കാണാത്ത അർത്ഥങ്ങൾ! യഥാർത്ഥത്തിൽ, zana എന്ന പേരിന് ഒന്നുകിൽ വ്യഭിചരിച്ചു എന്ന അർത്ഥമോ  അല്ലെങ്കിൽ ضنى എന്ന പദത്തെ ഉർദൂകരിച്ച് Zana യായി രോഗം എന്ന അർത്ഥമോ ആണ് വരിക. എങ്ങനെയായാലും ഇത് പേര് വെക്കാന്‍ പറ്റിയ പദം അല്ലെന്ന് ചുരുക്കം.

ഇതൊരു ഉദാഹരണം മാത്രം. ഇതുപോലെത്തന്നെ  ഒരുപാട് പേരുകളുടെ പദോൽപ്പത്തി  അറബിയിൽ നിന്നാണെന്നും ഉർദുവിൽ നിന്നാണെന്നും പറഞ്ഞ് കോമൺ മീനിങ്ങുകളും (gift of god, flower, heaven, etc. ) നൽകാറുണ്ട്.

മോശപ്പേരുകളിടൽ കറാഹതാണെന്നാണ് കർമശാസ്ത്ര വിധി. ചില പേരുകളിടൽ (അല്ലാഹുവിനു മാത്രം അവകാശപ്പെടുന്ന നാമങ്ങളായ മാലികുൽ മുലൂക്, ശാഹിൻശാഹ് പോലോത്തവ) ഹറാമായും വരുന്നുണ്ട്. നബി തങ്ങൾ(സ്വ) പറയുന്നു:  നിങ്ങളുടെ പിതാവിൻറെ പേരിനോടൊപ്പം ചേർത്തിട്ടിയിരിക്കും നിങ്ങളുടെ പേര് ഉയിർത്തെഴുന്നേൽപിന്റെ നാളിൽ വിളിക്കപ്പെടുക. അതിനാൽ നിങ്ങൾ നല്ല പേരുകൾ വെക്കുവിൻ. (സുനനു അബീ ദാവൂദ്- 4948)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter