അവള്‍ക്കും അവകാശങ്ങള്‍ ഉണ്ട് ;ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വിയുമായി നടത്തിയ അഭിമുഖം 

കഴിഞ്ഞ  കാല്‍ നൂറ്റാണ്ട മുന്‍പ് വരെ ജീവിച്ച കേരളീയ മുസ്ലിം വനിതകള്‍ക്ക് തങ്ങള്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ ലഭിച്ചിട്ടില്ല എന്ന പൊതു അഭിപ്രായമുണ്ട്. മഹര്‍ പോലും വാക്കില്‍ ഒതുങ്ങി. അറിവ് കേവലം ഓത്ത് പള്ളിയിലെ നാലഞ്ച് വര്‍ഷങ്ങള്‍. മാതൃ ഭാഷ പോലും എഴുതാനോ വായിക്കാനോ പഠിപ്പിക്കപ്പെട്ടില്ല. ഭര്‍ത്താവിന്റെ വീട്ടിലെ നിശബ്ദയായ വേലക്കാരി .

എന്താണ് താങ്കളുടെ അഭിപ്രായം? കാരണം എന്ത്?

  ഏറെക്കുറെ ശരിയാണത്. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. കാല്‍ നൂറ്റാണ്ട് മുന്‍പ് മുസ്ലിം സ്ത്രീകള്‍ മാത്രമല്ല, ശരാശരി മുസ്ലിം കുടുംബത്തിലെ പുരുഷന്മാരും, ഹിന്ദുക്കളിലെ കീഴ് ജാതിക്കാരും അവകാശങ്ങള്‍ ഏറെ നിഷേധിക്കപ്പെട്ടവരായിരുന്നു. 
അന്ന് വരെ നിലനിന്നിരുന്ന മേലാള -കീഴാള വ്യവസ്ഥിതി ഇതിനൊരു കാരണമായിരുന്നു. അറിവില്ലായ്മയാണ് മറ്റൊരു കാരണം. 
വ്യാപകമായ രൂപത്തിലുള്ള വിദ്യാ പ്രസരണം അന്നുണ്ടായിരുന്നില്ല. 
അങ്ങുമിങ്ങുമൊക്കെ നല്ല പണ്ഡിതരും ദര്‍സുകളും ഉണ്ടായിരുന്നെങ്കിലും ഫലപ്രദവും വ്യാപകവുമായ മത ജാഗരണ സൗകര്യങ്ങള്‍ വിരളമായിരുന്നു. 
മഹ്ര്‍ പറച്ചിലിലൊതുങ്ങാന്‍.. അതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമായ അറിവിന്റെ അഭാവവും, സാമ്പത്തിക പരാധീനതയും നിമിത്തമായിട്ടുണ്ട്. എങ്കിലും പരമാവധി കൊടുത്തു വീട്ടിയോ പൊരുത്തം വാങ്ങിയോ അവര്‍ ബാധ്യതാ മുക്തരാവാറുണ്ട്. 
ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയും, സ്ത്രീ സുരക്ഷക്ക് കല്പിച്ചു പോന്ന വര്‍ധിച്ച പ്രാധാന്യവും, പലപ്പോഴും ഉയര്‍ന്ന പഠന സാഹചര്യങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടാന്‍ കാരണമായി. 
എങ്കിലും വിരലിലെണ്ണാവുന്ന സ്ത്രീ ദര്‍സുകള്‍ അക്കാലത്തുമുണ്ടായിരുന്നു. എന്റെ മാതാമഹന്‍ തേനു മുസ്‌ലിയാരുടെ പരിപൂര്‍ണ സമ്മതത്തോടെ തന്റെ അനുജന്‍ സൈതാലി മുസ്ലിയാര്‍ കൂരിയാട്ടെ പരുത്തിച്ചിറ നസ്‌കാര പള്ളിയോടനുബന്ധിച്ച് നടത്തിയിരുന്ന വനിതാ ഓത്തു പള്ളി ഏറെ ശ്രദ്ധേയമായിരുന്നു. ഇന്നും ആ മസ്ജിദിന് 'ഓത്തുപള്ളിക്കലെ പള്ളി ' എന്നാണ് പേര്. 
പുതിയാപ്പിള അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ ഭാര്യ  ഫത്ഹുല്‍ മുഈനടക്കം ദര്‍സ് നടത്തിയിരുന്ന പണ്ഡിതയായിരുന്നു. 
ഭര്‍ത്താവിന്റെ വീട്ടിലെ നിശബ്ദ വേലക്കാരി എന്നു ചിലര്‍ വിശേഷിപ്പിച്ച  അവള്‍ പിന്നീട് എല്ലാം കൈപിടിയിലൊതുക്കുന്ന ഗൃഹ നായിക.. അഥവാ 'അമ്മായിമ്മ 'ആയി അക്കാലത്ത് തന്നെ രൂപം പ്രാപിച്ചിരുന്നു. 

നിലവില്‍ മുസ്ലിം സ്ത്രീ സകല അവകാശങ്ങളും അനുഭവിക്കുന്നുണ്ടോ ?

 ഏറെക്കുറെ അനുഭവിക്കുന്നുണ്ട്. 
വര്‍ധിച്ചു വന്ന വിദ്യാഭ്യാസ അവസരങ്ങള്‍ സ്ത്രീ അസ്തിത്വത്തിന് ഏറെ പ്രസക്തിയുണ്ടാക്കി. അണു കുടുംബ വ്യവസ്ഥ സ്ത്രീക്ക് നല്ല പരിഗണനയും സ്‌നേഹവും കിട്ടാന്‍ നിമിത്തമായി. 

അന്താരാഷ്ട്ര രംഗത്ത് മുസ്‌ലിം വനിതാ സാന്നിധ്യം എങ്ങനെയാണ് താങ്കള്‍ക്ക് അനുഭവപ്പെട്ടത്? 

അന്താരാഷ്ട്ര രംഗത്ത് സ്ത്രീയുടെ സജീവ സാന്നിധ്യം ഏറെ അനുഭവപെട്ടത് ഈജിപ്തിലാണ്. അവിടെ ഭരണത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉന്നത സ്ഥാനങ്ങളില്‍ വരെ സ്ത്രീകളുണ്ട്. 
മലേഷ്യയിലും അവസ്ഥ ഇതു തന്നെ. മലേഷ്യന്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലും മറ്റും നിരവധി വിദ്യാര്‍ത്ഥിനികളും അധ്യാപികമാരുമുണ്ട്. തൊട്ടടുത്ത കാലം വരെ മേല്‍പറഞ്ഞ യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലര്‍ ഒരു വനിതയായിരുന്നു. ഇന്ന് സൗദി ശൂറയിലും വനിതാ സാന്നിധ്യമുണ്ട്. 

 കേരളീയ സുന്നിധാരയില്‍ ആദ്യ വനിത കോളേജ് തുടങ്ങിയപ്പോഴുണ്ടായ അനുഭവങ്ങള്‍?

 ഫാത്തിമ സഹ്‌റാ വനിതാ കോളേജിന്റെ യഥാര്‍ഥ ശില്പികള്‍ അല്‍  ഐന്‍ സുന്നി യൂത്ത് സെന്റര്‍ ആണ്. അതിന്റ ജനറല്‍ സെക്രട്ടറിയായിരുന്ന പി. എ. സെയ്തു മുഹമ്മദ് ഹാജി സാഹിബാണ് അതിന്റ മാസ്റ്റര്‍ ബ്രെയിന്‍. നല്ലൊരു മുഖ്‌ലിസായിരുന്നു അദ്ദേഹം. 
സുന്നീ പൊതുധാരയില്‍ കാല്‍ നൂറ്റാണ്ടിന് മുമ്പ് വ്യവസ്ഥാപിത പാഠ്യപദ്ധതിയും ഹോസ്റ്റല്‍ സൗകര്യവുമുള്ള വനിതാ കോളേജ് ഇല്ലായിരുന്നു. 
ഭയാശങ്കയോടെയും, സംശയദൃഷ്ടിയോടെയുമാണ് സമൂഹം അതിനെ നോക്കി കണ്ടത്. അത്തിപ്പറ്റ ഉസ്താദ്, ചെറുശ്ശേരി ഉസ്താദ് എന്നിവരുടെ പിന്തുണ ഇവയെ മറികടക്കാന്‍ ഏറെ സഹായിച്ചു. ഇന്ന് സമസ്ത തന്നെ നേരിട്ട് വനിതാ കോളേജുകള്‍ തുടങ്ങുന്നത് കാണുമ്പോള്‍ ആഹ്ലാദവും അഭിമാനവും സന്തോഷവും തോന്നുന്നു. സ്ത്രീ സുരക്ഷ ഉറപ്പുണ്ടെങ്കില്‍ വ്യവസ്ഥാപിതമായ സ്ഥാപനങ്ങള്‍ നടത്തുന്നതിന് വിലക്കൊന്നും ഇസ്ലാമികമായി ഇല്ല. വനിതകളുടെ സവിശേഷ താല്‍പര്യം പരിഗണിച്ച് നബിതിരുമേനി (സ്വ) തന്നെ അവര്‍ക്ക് പ്രത്യേകമായി അധ്യാപനം നടത്തിയിട്ടുണ്ടല്ലോ. പ്രമുഖ സ്വഹാബി വനിത ശിഫാഅത്ത് ബിന്‍ത് അബ്ദില്ല പ്രവാചക പത്‌നി ഹഫ്‌സ്വ ബീവിക്ക് എഴുത്ത് പഠിപ്പിച്ചതും പ്രസിദ്ധമാണ്. 

 സ്ത്രീ വിദ്യാഭ്യാസ ത്തിന് നിലവില്‍ നല്‍കപ്പെടുന്ന പ്രാധാന്യം, 1950-കളില്‍ തന്നെ നല്‍കിയിരുന്നെങ്കില്‍ സമുദായം ഏറെ മെച്ചപ്പെടുമായിരുന്നു എന്നഭിപ്രായമുണ്ടോ..? 

 1925 ലോ 1900 ലോ നില്‍കിയിരുന്നെങ്കില്‍ അതിലുമേറെ മെച്ചപ്പെടുമായിരുന്നു. പക്ഷെ, എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ... 
ഇന്ന് കേരളക്കരയില്‍ ഏറെ പ്രചാരം നേടിയ മത ഭൗതിക സമന്വയം എന്ന വിപ്ലവകരമായ പഠന രീതി ക്കു പോലും നാലുപതിറ്റാണ്ടിന്റെ പഴക്കമേ ഒള്ളൂ. 1980 കളില്‍ ദാറുല്‍ഹുദായാണ് അതു നടപ്പാക്കിയത്.  ഇന്നുള്ള വാര്‍ത്താ വിനിമയ സൗകര്യം, ഗതാഗത സൗകര്യം, സുരക്ഷിതമായ ക്യാമ്പസ് എന്നീ സുപ്രധാന ഘടകങ്ങള്‍ അഞ്ച് പതിറ്റാണ്ട് മുമ്പ് ലഭ്യമായിരുന്നില്ലല്ലോ. പൂര്‍വിക മഹത്തുക്കളുടെ മികച്ച ഭൈവഭക്തിയും സൂക്ഷ്മതയും നമുക്ക് ചെറുതായി കണ്ട് കൂട താനും.

തയ്യാറാക്കിയത്: ഹസന്‍ ഹുദവി കോട്ടുമല 

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter