ഇബ്നുഹജര്‍ അല്‍ഹൈതമിയുടെ  ഫത്ഹുല്‍ ഇലാഹ് പൂര്‍ത്തീകരിച്ച മലയാളി പണ്ഡിതന്‍

മതവിജ്ഞാനം നുകരാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അത് പകര്‍ന്നുനല്കുന്ന അധ്യാപകര്‍ക്കും ഏറ്റവും ഉപകാരപ്പെടുന്ന വൈജ്ഞാനിക സേവനം ചെയ്യണമെന്നത് ജീവിത ലക്ഷ്യമാക്കിയ ഒരു പണ്ഡിതനുണ്ട് കേരളത്തില്‍. ദര്‍സുകളിലും കോളേജുകളിലും ഓതുന്ന ഭൂരിഭാഗ ഗ്രന്ഥങ്ങളും ഇന്ന് അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞവയാണ്. കോട്ടക്കല്‍ പുതുപ്പറമ്പ് സ്വദേശിയായ, നൂറിലേറെ അറബി ഗ്രന്ഥങ്ങള്‍ രചിച്ച, മുഹമ്മദ് സാലിം ബുര്‍ഹാനിയെന്ന ഈ പണ്ഡിതനെ പരിചയപ്പെടാം. അദ്ദേഹവുമായി നടത്തിയ പ്രത്യേക അഭിമുഖം.

? ആദ്യകാല വിദ്യാഭ്യാസം എവിടെയായിരുന്നു?
പിതാവിന്റെ ജോലി സ്ഥലമായ കാസര്‍ഗോഡ് ആയിരുന്നു ഞാന്‍ ജനിച്ചത്. ശേഷം മദ്റസാപഠനം ആയപ്പോഴേക്കും സ്വദേശമായ പുതുപ്പറമ്പിലേക്ക് തന്നെ തിരിച്ച് വന്നു. അവിടത്തെ ബയാനുല്‍ ഇസ്‍ലാം മദ്റസയിലായിരുന്നു പ്രാഥമിക പഠനം. വാളക്കുളം അബ്ദുല്‍ബാരി മുസ്‍ലിയാര്‍ സ്ഥാപിച്ച ഇത്, സമസ്തയുടെ 1-ാം നമ്പര്‍ മദ്റസയാണ്. പിന്നീട് ദര്‍സ് പഠനത്തിനായി കാസര്‍ഗോട്ടേക്ക് തന്നെ പോയി.

? ദര്‍സ് പഠനത്തെ കുറിച്ച് വിവരിക്കാമോ?
എല്ലാ ശാഖകളിലും അഗാധ പാണ്ഡിത്യമുള്ള ഒരു പണ്ഡിതനുണ്ടായിരുന്നു അന്ന്. പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ ആദ്യബാച്ചില്‍ ഫൈസി ബിരുദമെടുത്ത ആള്‍ കൂടിയായിരുന്നു അദ്ദേഹം. ശേഷം അദ്ദേഹത്തെ ശംസുല്‍ ഉലമാ ജാമിഅയിലേക്ക് അധ്യാപകനായി ക്ഷണിക്കുക വരെ ചെയ്തിരുന്നു. യൂസുഫ് ഹാജി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം അന്ന് ദര്‍സ് നടത്തിയിരുന്നത് കാസര്‍ഗോഡ് കുമ്പളക്കടുത്ത് മൊഗുള്‍ മഹല്ലിലായിരുന്നു. അദ്ദേഹത്തിന്റെ ദര്‍സിലാണ് പിതാവ് എന്നെ ചേര്‍ത്തിയത്.ഏതാനും വര്‍ഷങ്ങള്‍ അവിടെ നിന്നു. ശേഷം, ശംസുല്‍ഉലമായുടെ ശക്തമായ ആവശ്യം മാനിച്ച് അദ്ദേഹം ജാമിഅയിലേക്ക് പോയപ്പോള്‍, ഞാന്‍ നാടിന് അടുത്തുള്ള വെന്നിയൂരിലെ ദര്‍സിലേക്ക് മാറി. കോട്ടക്കല്‍ കുഞ്ഞിക്കോയ തങ്ങളായിരുന്നു അവിടത്തെ മുദരിസ്. ശേഷം, യൂസുഫ് ഹാജി ജാമിഅയില്‍നിന്ന് തിരിച്ച് വന്ന് കാസര്‍ഗോട്ടെ ആദൂരില്‍ ദര്‍സ് തുടങ്ങി. അതോടെ, തങ്ങളുസ്താദിന്റെ അനുവാദത്തോടെ അങ്ങോട്ട് തന്നെ പോയി. ശനിയാഴ്ച രാവിലെ മുതല്‍ വ്യാഴാഴ്ച വൈകിട്ട് വരെ ദര്‍സ് മാത്രമായിരുന്നു ഉസ്താദിന് ജോലി. മറ്റൊന്നിനും അദ്ദേഹം പോകുമായിരുന്നില്ല. അത് കൊണ്ട് തന്നെ, എല്ലാ വിജ്ഞാന ശാഖകളും വളരെ കൃത്യമായി ഓതാന്‍ സാധിച്ചു.   

? ഉപരിപഠനം എവിടെയായിരുന്നു?
അന്നത്തെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമായിരുന്നതിനാല്‍, കോളേജിലേക്ക് പോവാന്‍ സാധിക്കുന്ന സാഹചര്യമായിരുന്നില്ല. എവിടെയെങ്കിലും ഒരു ജോലി ലഭിച്ചാല്‍, കുടുംബത്തെ പോറ്റാന്‍ പ്രയാസപ്പെടുന്ന ഉപ്പാക്ക് അത് വലിയൊരു സഹായമാവുമെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു. അതിലുപരി, അന്നൊക്കെ കോളേജില്‍ പോയി ഉപരിപഠനം നടത്തുകയെന്നതിനേക്കാള്‍ പ്രധാനം, ഉസ്താദുമാര്‍ ദര്‍സ് നടത്താന്‍ സമ്മതം തരിക എന്നതായിരുന്നു. കോളേജുകളില്‍ ഓതുന്ന കിതാബുകളധികവും ഞാന്‍ ദര്‍സില്‍നിന്ന് ഓതിയിരുന്നു. അത് കൊണ്ട് തന്നെ, ദര്‍സ് നടത്താന്‍ ഉസ്താദുമാര്‍ സമ്മതവും തന്നു.

 ? അപ്പോള്‍ പേരിന്റെ കൂടെയുള്ള ബുര്‍ഹാനി എന്നത് ബിരുദമല്ലേ?
ബുര്‍ഹാനി എന്ന പേരില്‍ തെക്കന്‍ കേരളത്തിലെ ഒരു സ്ഥാപനത്തില്‍നിന്ന് ഇന്ന് ബിരുദം നല്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ എന്റെ പേരിന്റെ കൂടെയുള്ളത് ബിരുദമല്ല. ഞാന്‍ രചിച്ച ആദ്യ ഗ്രന്ഥത്തിന്റെ പേരില്‍നിന്നാണ് അത് വരുന്നത്. ഇസ്‍ലാമിക നിയമങ്ങളെ ശാസ്ത്രീയ-ആരോഗ്യ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സവിസ്തരം ചര്‍ച്ച ചെയ്യുന്ന ഒരു കിതാബായിരുന്നു അത്. അറുനൂറിലധികം പേജ് വരുന്ന ആ ഗ്രന്ഥത്തിന് അല്‍ബുര്‍ഹാന്‍ എന്നാണ് ഞാന്‍ പേര് വെച്ചത്. കുവൈത് ഔഖാഫ് മന്ത്രിയായിരുന്ന ഹാശിം രിഫാഈ ആയിരുന്നു അതിന് അവതാരിക എഴുതിയത്. അറബികള്‍ക്കിടയില്‍ അടക്കം വളരെയേറെ സ്വീകരിക്കപ്പെട്ട ഗ്രന്ഥമായിരുന്നു അത്.

പല കോളേജുകളിലെയും ഉസ്താദുമാര്‍ വിദ്യാര്‍ത്ഥികളോട്, സനദ് വാങ്ങുന്നതിന് മുമ്പായി ഈ ഗ്രന്ഥം ഒരു തവണയെങ്കിലും വായിക്കണമെന്ന് ഉപദേശിച്ചിരുന്നതായി, പലരും എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. അതോടെ, അറബികളില്‍ പലരും എന്നെ ബുര്‍ഹാനി എന്ന് വിളിക്കാന്‍ തുടങ്ങി. ശേഷം, ഞാനും പേരിനോടൊപ്പം അത് ചേര്‍ക്കുകയായിരുന്നു.

? ഖുര്‍ആനിലെ ശാസ്ത്രീയ വിഷയങ്ങളാണോ ആ ഗ്രന്ഥത്തിലെ ചര്‍ച്ചാവിഷയം?
ഖുര്‍ആനിലെ ശാസ്ത്രീയ വിഷയങ്ങളല്ല. മറിച്ച്, ശരീഅതിലെ വിവിധ വിധിവിലക്കുകളെ ശാസ്ത്രീയമായി സ്ഥാപിക്കുകയാണ് അതില്‍ ചെയ്യുന്നത്. ഉദാഹരണമായി, അറാക് കൊണ്ട് പല്ല് തേക്കലാണല്ലോ സുന്നത്. പല്ലുകളുടെ ആരോഗ്യം സൂക്ഷിക്കുന്നതില്‍ അതിന്റെ ഗുണങ്ങളും നേട്ടങ്ങളുമെല്ലാം, ശാസ്ത്രീയ തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയാണ് അതില്‍ ചെയ്യുന്നത്. ഇസ്‍ലാമിക ശരീഅത് നിര്‍ബന്ധമോ സുന്നതോ ആക്കിയ കാര്യങ്ങളിലെല്ലാം ഇത് പോലെ ഗുണങ്ങളും നേട്ടങ്ങളും കണ്ടെത്താനാവും. ഹറാമോ കറാഹതോ ആക്കിയതിലെല്ലാം ദോഷങ്ങളുമുണ്ട്. അവയെല്ലാം ഓരോന്നോരോന്നായി ചര്‍ച്ച ചെയ്ത് വളരെ നിഷ്പക്ഷമായി, ആധുനിക ശാസ്ത്രീയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ സ്ഥാപിക്കാനായിരുന്നു ആ ഗ്രന്ഥത്തിലെ ശ്രമം. 

? അധ്യാപന കാലത്തെ കുറിച്ച്?
ഞാന്‍ ആദ്യമായി ദര്‍സ് നടത്തുന്നത് തിരൂര്‍ കോരങ്ങത്ത് പള്ളിയിലാണ്. നിറമരുതൂര്‍ മരക്കാര്‍ മുസ്‍ലിയാര്‍ ആയിരുന്നു അത് തരപ്പെടുത്തിയത്. ദര്‍സ് ഉദ്ഘാടനം ചെയ്തു തന്നത്, ചാപ്പനങ്ങാടി ബാപ്പു മുസ്‍ലിയാരും. പതിനഞ്ച് വര്‍ഷത്തോളം അവിടെ തന്നെ തുടര്‍ന്നു. ശേഷം രണ്ട് മൂന്ന് വര്‍ഷം പ്രവാസിയായി. തിരിച്ച് വന്ന ശേഷം വേങ്ങരക്കടുത്ത ചേറൂരിലാണ് ദര്‍സ് ഏറ്റത്. മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഗള്‍ഫിലേക്ക് തന്നെ പോയി, അവിടെ പള്ളിയും ഇമാമതുമായി ജോലി ചെയ്തു. ഗള്‍ഫ് നിര്‍ത്തിയ ശേഷം, പിന്നെ കുറച്ച് കാലം കൂനഞ്ചേരി അബൂശാകിറ കോയ മുസ്‍ലിയാരുടെ അറബിക് കോളേജില്‍ പ്രിന്‍സിപ്പളായി സേവനം ചെയ്തു. പിന്നീട്, ഗ്രന്ഥനരചനയില്‍ തന്നെ മുഴു സമയം ചെലവഴിക്കാനായി തീരുമാനമെടുത്തു.

? ഗ്രന്ഥ രചനാ രംഗത്തേക്ക് വരുന്നത് എങ്ങനെയാണ്?
മതവിജ്ഞാന രംഗത്ത്, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറ്റവും ഉപകാരപ്രദമാവുന്ന എന്തെങ്കിലും സേവനം ചെയ്യണമെന്നത് പണ്ട് മുതലേ എന്റെ ഒരു ആഗ്രഹമായിരുന്നു. ദര്‍സില്‍ പഠിക്കുന്ന സമയത്തും പഠിപ്പിക്കുന്ന സമയത്തും, ഞങ്ങളെല്ലാം ഉപയോഗിച്ചിരുന്നത്, തിരിച്ചും മറിച്ചും നോക്കേണ്ടിവരുന്ന വിധം വിശദീകരണങ്ങളോട് കൂടിയ, പഴയ രീതിയിലുള്ള കിതാബുകളായിരുന്നു. ഇവയെല്ലാം, ആവശ്യമായ കൂടുതല്‍ വിശദീകരണങ്ങള്‍ ചേര്‍ത്ത്, പുതിയ തലമുറയിലെ കുട്ടികളെ ആകര്‍ഷിക്കുന്ന വിധം ആധുനിക രീതിയിലാക്കണമെന്ന് അന്നേ തോന്നിയിരുന്നു. ഈ രംഗത്ത് ചെയ്യുന്ന, എന്നെന്നും പ്രതിഫലം ലഭിക്കുന്ന വലിയൊരു സേവനമായിരിക്കും (മതവിജ്ഞാന രംഗത്തെ സ്വദഖ ജാരിയ) അതെന്ന് തോന്നിയതിനാലാണ് ആ രംഗത്തേക്ക് തിരിഞ്ഞത്. പത്ത് കിതാബ്, അല്‍ഫിയ്യ, ഫത്ഹുല്‍മുഈന്‍ പോലോത്ത ഏതൊരു മതവിദ്യാര്‍ത്ഥിയും ഓതിത്തുടങ്ങുന്ന കിതാബുകളായിരുന്നു ആദ്യം ഇങ്ങനെ ശരിയാക്കി ഇറക്കിയത്. അവയൊക്കെ, ഏറെ സ്വീകരിക്കപ്പെടുകയും ചെയ്തു. ഇന്ന് പലരും ആ രീതിയില്‍ ഇറക്കുന്നുണ്ടെന്നത്, നാം തുടങ്ങിയതിന്റെ തുടര്‍ച്ചയാണല്ലോ എന്ന നിലയില്‍ സന്തോഷം നല്കുന്നു. 

ഇന്ന് ദര്‍സില്‍ ഓതുന്നവരിലധികവും സ്കൂള്‍ പഠനത്തോടൊപ്പമാണ് അത് നടത്തുന്നത്. കുറഞ്ഞ സമയം മാത്രമാണ് അവര്‍ക്ക് ഓതാന്‍ ലഭിക്കുന്നത്. അത് കൊണ്ട് തന്നെ, ലളിതമായ രീതിയിലുള്ള കിതാബുകള്‍ അവര്‍ക്ക് ആവശ്യമാണ്. അല്ലാത്ത പക്ഷം, ഉള്ള സമയം അതിന് തന്നെ ചെലവഴിക്കേണ്ടിവരും. മാത്രവുമല്ല, മതപഠന രംഗത്ത് നിന്ന് പലരും മാറിപ്പോവാന്‍ വരെ അത് കാരണമായേക്കാം. 

? പ്രധാന രചനകള്‍ ഏതെല്ലാമാണ്?
വിവിധ വിഷയങ്ങളിലായി നൂറോളം കൃതികള്‍ രചിക്കാനായിട്ടുണ്ട്. അവയില്‍ പകുതിയിലേറെയും ദര്‍സുകളിലും കോളേജുകളിലും സാധാരണ ഗതിയില്‍ ഓതുന്ന കിതാബുകളുടെ വിശദീകരണമാണ്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ, ആവശ്യമായ വ്യാഖ്യാനങ്ങളോടെ പുതിയ രീതിയില്‍ ഇറക്കിയവയാണ് അവ. നാല്‍പതോളം ഗ്രന്ഥങ്ങള്‍ വിവിധ വിഷയങ്ങളിലുള്ള മൗലികമായ രചനകള്‍ തന്നെയാണ്. നേരത്തെ പറഞ്ഞ അല്‍ബുര്‍ഹാന്‍, തസ്വവ്വുഫ് മേഖല വിശദമായി ചര്‍ച്ച ചെയ്യുന്ന ദലീലുസ്സാലിക്, പ്രസംഗകര്‍ക്കെല്ലാം ഉപകരിക്കുന്ന വിധം ആധുനിക വിഷയങ്ങളടക്കം ഉള്‍പ്പെടുത്തിയ അല്‍മവാഇളുല്‍അസ്‍രിയ്യ, മദീനയുടെ വിശദമായി പ്രതിപാദിക്കുകയും അവിടത്തെ വിവിധ കേന്ദ്രങ്ങളുടെ നിലവിലെ പേരുകളും അവസ്ഥയും സ്ഥലവുമെല്ലാം ആധികാരികമായി അവതരിപ്പിക്കുന്ന അശ്‍വാഖ് വഹനീന്‍ ഇലാ മദീനതിറസൂല്‍, ഖളിര്‍(അ)ന്റെ ചരിത്രം വിശദമായി പറയുന്ന അല്‍ഖൗലുല്‍അസ്ഹര്‍, മുന്‍ഗാമികളുടെ സച്ചരിത കഥകള്‍ പറയുന്ന റൗളുറയാഹീന്‍, തര്‍ക്ക വിഷയങ്ങളിലെ സുന്നത് ജമാഅത് നിലപാട് ആധികാരികമായി സ്ഥാപിക്കുന്ന മൗലിദാഘോഷം, തറാവീഹ് റക്അതുകളുടെ എണ്ണം തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ട ചിലതാണ്. 

? രചനാരംഗത്തെ കുറിച്ച് എന്ത് പറയുന്നു, കേരളീയ പണ്ഡിതര്‍ ഈ രംഗത്ത് വളരെ വിരളമാണല്ലോ, അത് എന്ത് കൊണ്ടായിരിക്കാം?

വിജ്ഞാന രംഗത്ത് ചെയ്യാനാവുന്ന ഏറ്റവും നല്ല സേവനമാണ് ഗ്രന്ഥ രചന. ഇമാം നവവി(റ)വും ഇബ്നുഹജര്‍(റ)വും സ്വുയൂത്വി(റ)വുമെല്ലാം ഇന്നും ജീവിക്കുകയാണ്. അവരുടെ കാലത്ത് അവരേക്കാള്‍ എത്രയോ അറിവുള്ള പണ്ഡിതര്‍ ജീവിച്ചുപോയിട്ടുണ്ടാവാം. പക്ഷേ, അവരെയൊന്നും ആരും ഇന്ന് അറിയുന്നേയില്ല. എന്നാല്‍ ഗ്രന്ഥരചന നടത്തിയവരുടെ ആയുസ്സ് ഇനിയും കണക്കാക്കപ്പെട്ടിട്ടില്ലെന്നാണ് പറയാറ്. ഏതൊരു വിദ്യാര്‍ത്ഥിയും തുടക്ക കാലത്ത് തന്നെ പഠിക്കുന്ന കിതാബ് ആണ് ഫത്ഹുല്‍ഖയ്യൂം. മൂന്ന് പേജ് മാത്രമുള്ള കാവ്യമാണ് അത്. മൗറിത്താനിയക്കാരനായ മുഖ്താര്‍ സാലിം (റ)ആണ് അതിന്റെ കര്‍ത്താവ്. അദ്ദേഹത്തിന് മറ്റു രചനകളൊന്നുമില്ലെന്നാണ് പറയപ്പെടുന്നത്. അഥവാ, ആ മൂന്ന് പേജിലൂടെ മാത്രം അദ്ദേഹം ഇന്നും ജീവിക്കുകയാണ് എന്നര്‍ത്ഥം. അതിലുപരി, ഒരിക്കലും മുറിയാത്ത സ്വദഖയുടെ പ്രതിഫലമാണ് അദ്ദേഹത്തിന് അതിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതാണ് ഗ്രന്ഥരചനയുടെ ഏറ്റവും വലിയ നേട്ടം.

അതേ സമയം, കേരളീയ പണ്ഡിതര്‍ ഈ രംഗത്ത് ഏറെ പിന്നിലാണ് എന്നത് ശരിയാണ്. ഒന്നാമതായി, നമ്മുടെ പഴയ പഠനരീതി രചനക്ക് അത്ര തന്നെ പ്രാധാന്യം നല്കുന്നതായിരുന്നില്ല. അതോടൊപ്പം, ഗ്രന്ഥം രചിച്ച് അത് പ്രിന്റ് ചെയ്ത് പ്രചരിപ്പിക്കുക എന്നത് ഏറെ ചെലവുള്ള കാര്യമാണ്. ചെലവഴിച്ച കാശ് പെട്ടെന്ന് തിരിച്ച് ലഭിക്കുകയുമില്ല. അത് കൊണ്ട് കൂടിയായിരിക്കാം, പലരും ഈ രംഗത്തേക്ക് കടന്നു വരാത്തത്. 
  
? നിലവില്‍ ഏതെങ്കിലും ഗ്രന്ഥത്തിന്റെ രചന നടക്കുന്നുണ്ടോ?
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്നുഹജര്‍ അല്‍ഹൈതമിയുടെ ഫത്ഹുല്‍ഇലാഹ് എന്ന ഗ്രന്ഥത്തിന്റെ പണിയിലാണ് ഇപ്പോഴുള്ളത്. നമ്മുടെ ദര്‍സുകളിലും കോളേജുകളിലുമെല്ലാം ഓതുന്ന മിശ്കാതുല്‍മസ്വാബീഹ് എന്ന ഹദീസ് കിതാബിന്റെ വിശദീകരണമാണ് അത്. പത്തിലേറെ ഭാഗങ്ങളിലായി പൂര്‍ത്തിയാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ഏഴ് ഭാഗങ്ങളേ അദ്ദേഹത്തിന് ചെയ്യാനായുള്ളൂ. അപ്പോഴേക്കും അദ്ദേഹം വിട പറഞ്ഞു. നാല് നൂറ്റാണ്ടിലേറെയായി പ്രിന്റ് ചെയ്യപ്പെടാതെ, കൈയ്യെഴുത്ത് പ്രതിയായി മാത്രം ശേഷിക്കുകയായിരുന്നു അത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തില്‍നിന്ന് അത് പ്രിന്റ് ചെയ്യപ്പെട്ടെങ്കിലും, അതില്‍ അനേകം തെറ്റുകളുണ്ടായിരുന്നു. അതിലുപരി, ബാക്കി മൂന്ന് ഭാഗങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കിയത്, സുന്നത് ജമാഅതിനോട് യോജിക്കാത്ത, അവരുടേതായ വാദഗതികള്‍ ഉള്‍പ്പെടുത്തിയായിരുന്നു. 

ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നുഹജര്‍ തങ്ങളുടെ ഈ ഗ്രന്ഥം പുറത്തിറങ്ങിയാല്‍, അത് മിശ്കാതിലെ ഹദീസുകള്‍ക്കെല്ലാം നമ്മുടെ മദ്ഹബിന്റെ വീക്ഷണത്തിലുള്ള നല്ലൊരു വിശദീകരണമാവുമെന്നതില്‍ ഒരു സംശയവുമില്ല. ഫിഖ്ഹി വിഷയങ്ങള്‍ വരുന്നിടത്ത് നാല് മദ്ഹബുകളിലെയും നിലപാടുകള്‍ ചര്‍ച്ച ചെയ്ത്, ശാഫിഈ മദ്ഹബ് സ്ഥിരപ്പെടുത്തുന്ന രീതിയിലാണ് ഞാന്‍ അത് ചെയ്തിരിക്കുന്നത്. അത്തരത്തില്‍ മിശ്കാതിന് വേറെ വിശദീകരണങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. അത് കൊണ്ടാണ്, സുന്നത് ജമാഅതിന്റെ ആശയങ്ങള്‍ മുന്‍നിര്‍ത്തി ഇതിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി തയ്യാറാക്കി, പുതിയ രീതിയില്‍ പുറത്തിറക്കണമെന്ന് തീരുമാനിച്ചത്. അല്‍ഹംദുലില്ലാഹ്, പന്ത്രണ്ട് ഭാഗങ്ങളിലായി അതിന്റെ രചന പൂര്‍ത്തിയായി.

ഗള്‍ഫില്‍നിന്ന് ഇറങ്ങുന്ന കിതാബുകളുടെ അതേ രീതിയിലാണ് അത് ഇറക്കുന്നത്. പ്രിന്റിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഭീമമായ സംഖ്യയാണ് (ഏകദേശം അമ്പത് ലക്ഷത്തോളം) അതിന് ചെലവ് വന്നത്. പലരില്‍നിന്നും കടം വാങ്ങിയാണ് ഞാന്‍ ആ കാശ് സ്വരൂപിച്ചത്. വിറ്റഴിഞ്ഞാല്‍ എല്ലാവര്‍ക്കും തിരിച്ച് നല്കാനാവുകയും ചെയ്യും. അപ്പോഴേക്ക്, കിഡ്നി സംബന്ധമായതടക്കം പല അസുഖങ്ങളും വന്ന് പെടുകയും ഒരു കിഡ്നി ഒഴിവാക്കേണ്ടിവരികയും ചെയ്തു. അതോടെ, അല്‍പം പ്രയാസമനുഭവിക്കുകയും വേണ്ടവിധം ആ കിതാബ് പ്രചരിപ്പിക്കാന്‍ സാധിക്കാതെ പോവുകയും ചെയ്തു. കഴിഞ്ഞ എന്റെ ആറ് വര്‍ഷത്തെ അധ്വാനമാണ് ഇതെന്ന് തന്നെ പറയാം. 

അതോടൊപ്പം, അല്‍ഫിയ്യയുടെ സമഗ്രമായ ഒരു വിശീദകരണം, തുഹ്ഫക്ക് വിശദമായ ഒരു ശര്‍ഹ് തുടങ്ങി മറ്റു ചില ഗ്രന്ഥങ്ങളും പണിപ്പുരയിലുണ്ട്. അവയെല്ലാം നിലവിലെ അവസ്ഥയില്‍ പൂര്‍ത്തീകരിക്കാനാവുമോ എന്ന ആശങ്ക ഇല്ലാതില്ല. അല്ലാഹു വിധിച്ചത് പോലെ വരും എന്ന് സമാധാനിക്കാം.

? ഇപ്പോള്‍ മനസ്സിലുള്ള പ്രധാന ആഗ്രഹം എന്താണ്?
ഇപ്പോഴുള്ള ഏക ആഗ്രഹം, മരിക്കുന്നതിന് മുമ്പായി കടങ്ങളെല്ലാം വീട്ടാനാവണമെന്ന് മാത്രമാണ്. കിഡ്നി മാറ്റി വെച്ചതിനെ തുടര്‍ന്നുള്ള അവശതകള്‍, സോഡിയം കുറയുക, പേശികള്‍ക്ക് ബലക്കുറവ് തുടങ്ങി പല അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന ഈ വേളയില്‍ ഇനി അധികകാലം ജീവിതം ബാക്കിയുണ്ടാവുമെന്ന് ഒരു പ്രതീക്ഷയുമില്ല. കടക്കാരനായി മരിക്കേണ്ടിവരുമോ എന്നത് മാത്രമാണ് ഇപ്പോഴത്തെ ഭയം. നേരത്തെ പറഞ്ഞത് പോലെ, ഫത്ഹുല്‍ഇലാഹ് എന്ന കിതാബിന്റെ പ്രിന്റിംഗിന് വേണ്ടി, പലരില്‍നിന്നായി വലിയൊരു സംഖ്യ കടം വാങ്ങേണ്ടിവന്നു. അതില്‍ തന്നെ, ഭൂരിഭാഗവും, എന്നെ പരിചയമുള്ള സാധുക്കളായ ഉസ്താദുമാരാണ്. വീട് പണി, മക്കളുടെ കല്യാണം, ഹജ്ജ് തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ക്കായി ഉള്ലതില്‍നിന്ന് വല്ലതും മിച്ചം വെച്ച് ഉണ്ടാക്കിയതാണ് അവരൊക്കെ.  സാധാരണ പോലെ, ഈ കിതാബും വിറ്റ് തീരുമെന്നും അതോടെ അവയെല്ലാം ആവശ്യം വരുന്ന മുറക്ക് തന്നെ തിരിച്ച് നല്കാനാവുമെന്നുമാണ് കരുതിയത്. പക്ഷേ, പ്രതീക്ഷിക്കാതെ അസുഖങ്ങള്‍ പിടിപെട്ടതോടെ, അവ വിറ്റഴിക്കാനായില്ല. അടിച്ചവയിലധികവും കെട്ടിക്കിടക്കുകയാണ്. അതില്‍ അഞ്ഞൂറ് കോപ്പിയെങ്കിലും വിറ്റുപോയാല്‍ എല്ലാ കടങ്ങളും ബാധ്യതകളും തീര്‍ക്കാനാവും. ഇതിനുള്ള ശ്രമത്തിലാണ് ഇപ്പോഴുള്ളത്. മരിക്കുന്നതിന് മുമ്പായി ഇത് സാധ്യമാവേണമേ എന്നത് മാത്രമാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന. നിങ്ങളും പ്രാര്‍ത്ഥിക്കണമെന്ന് മാത്രമാണ് പറയാനുള്ളത്.

ഈ പണ്ഡിതനെ കടത്തില്‍നിന്ന് കര കയറ്റാന്‍, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വാങ്ങി നമുക്കും സഹകരിക്കാം. താഴെ നമ്പറില്‍ ബന്ധപ്പെട്ട് കിതാബുകള്‍ ഓഡര്‍ ചെയ്യാവുന്നതാണ്.

97698 32727 - Abdul Azeez Perumugham, Coordinator

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter