മണിപ്പൂര്‍ FIR: അഗ്‌നി പടര്‍ന്ന മണ്ണിലെ അശാന്തിയുടെ കഥ

മുപ്പത്തിമൂന്നോളം ഗോത്രങ്ങളടങ്ങിയ മണിപ്പൂരിലെ പ്രധാനപ്പെട്ട രണ്ട് ഗോത്രങ്ങള്‍ക്കിടയിലെ ഭിന്നാഭിപ്രായങ്ങളും മനുഷ്യത്വ വിരുദ്ധവും അക്രമാസക്തവുമായ സംഭവവികാസങ്ങളുമാണ് ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നത്. ഗ്രന്ഥകാരകന്‍ നേരിട്ടുകണ്ട ദയനീയമായ പല കാഴ്ചകളും പ്രതിപാദിക്കുന്നുവെന്നത് കൂടിയാണ് പുസ്തകത്തിന്റെ സവിശേഷത.

സമാധാനപരമായി ജീവിച്ചിരുന്ന കുക്കി, മെയ്തേയ് ഗോത്രങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവന്ന ചില അപ്രതീക്ഷമായ ആരോപണങ്ങളായിരുന്നു കലാപത്തിന് വിത്തിട്ടത്. മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ കുക്കി വിഭാഗത്തില്‍ നുഴഞ്ഞുകയറി, ഇന്ത്യയിലേക്ക് ലഹരിപദാര്‍ത്ഥങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണവും, കുക്കി ജനതക്ക് സ്വയംഭരണാധികാരം വേണമെന്ന മുറവിളികളും, മെയ്തേയ് ജനതയെ പട്ടിക ജാതിവര്‍ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നടപ്പിലാക്കാതെ വന്നപ്പോഴുണ്ടായ പ്രതിഷേധങ്ങളുമാണ് തുറന്ന ആക്രമണങ്ങളിലേക്കും കാലാപങ്ങളിലേക്കും മണിപ്പൂരിനെ എടുത്തെറിഞ്ഞതെന്നാണ് ഗ്രന്ഥകാരനും കണ്ടെത്തുന്നത്. ഇത്തരം ആരോപണങ്ങള്‍ സമൂഹമധ്യേ വേരോടിയതിന്റെ ഫലമായി പൊട്ടിപ്പുറപ്പെട്ട കലാപം നൂറുകണക്കിന് വീടുകളും പള്ളികളും മറ്റുനിര്‍മിതികളും കൊള്ളയടിക്കുന്നതിലേക്കും ഒടുവില്‍ ഗോത്ര ജനവിഭാഗങ്ങളെ വധിക്കുന്നതിലേക്കും ചെന്നെത്തി.

സ്ത്രീത്വത്ത്വത്തെ ബഹുമാനിക്കുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യാ മഹാരാജ്യത്ത്, അതിലുപരി ഇമാക്കീത്തല്‍ പോലോത്ത സ്ത്രീ നിയന്ത്രിത വിപണികളിലൂടെ സ്ത്രീ ശാക്തീകരണം പ്രയോഗകവല്‍ക്കരിക്കപ്പെട്ട മണിപ്പൂരില്‍, കൂട്ടബലാത്സംഗങ്ങളും നഗ്നരാക്കി തെരുവീഥികളിലൂടെ നടത്തിച്ചതുമെല്ലാമുള്‍പ്പടെ സ്ത്രീ വിരുദ്ധമായ പല സംഭവവികാസങ്ങളും അരങ്ങേറിയത് രാജ്യത്തിന്റെ സ്ത്രീ സ്വത്വത്തെ ഇല്ലാതാക്കുന്നുവെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.  

ഹീനവും നികൃഷ്ടവുമായ ഇത്തരം പ്രവൃത്തികള്‍ക്ക് മുന്നില്‍ ദൃക്‌സാക്ഷികളായി നില്‍ക്കാന്‍ മാത്രമേ മണിപ്പൂര്‍ സര്‍ക്കാരിന് കഴിഞ്ഞുള്ളൂവെന്നും കലാപം തടയാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിച്ചില്ലെന്നും ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. കലാപം അടിച്ചമര്‍ത്താന്‍ എത്തിയ സൈന്യത്തിന്റെ തോക്കുകളും മറ്റു ആയുധങ്ങളും കൊള്ളയടിച്ചാണ് ഇരു ഗോത്രങ്ങളും പരസ്പരം രൂക്ഷമായ അക്രമണങ്ങള്‍ അഴിച്ചുവിട്ടത് എന്നതും അതിലേറെ ലജ്ജാകരമാണ്. നേരിനും ന്യായത്തിനും അതീതമായി, സ്വന്തം ഗോത്രാംഗങ്ങളെ എന്തുവില നല്‍കിയും സംരക്ഷിക്കാനായിരുന്നു ഇരു ഗോത്രങ്ങളും ശ്രമിച്ചത്.

കലാപം നിയന്ത്രിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമായി മാറിയ സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന ഏക പോംവഴി രാജി മാത്രമായിരുന്നു. പാശ്ചാത്യലോകം മണിപ്പൂര്‍ കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ മൗനവാല്‍മീകത്തില്‍ ഒളിക്കുകയാണ് ചെയ്തത്. എന്തുകൊണ്ട് കലാപം തടയാന്‍ സാധിച്ചില്ലെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ നിസ്സഹായതയും കഴിവുകേടുമാണെന്ന തീര്‍പ്പിലേക്കാണ് രചയിതാവ് എത്തിച്ചേരുന്നത്.

മനുഷ്യ പൊറുതിക്ക് ഭംഗം വരുത്തുന്ന കുത്സിത കൃത്യങ്ങളുടെ പ്രത്യാഘാതങ്ങളേയും വര്‍ഗീയ കലാപങ്ങളുടെ അപകടങ്ങളേയും അനുവാചകര്‍ക്ക് മുമ്പില്‍ തുറന്നുവെക്കുകയാണ് ഈ പുസ്തകം. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട മണിപ്പൂര്‍ കലാപത്തിന്റെ അര്‍ത്ഥപൂര്‍ണവും ഗഹനവുമായ ചരിത്രം അനാവരണം ചെയ്യുന്ന ഈ ഗ്രന്ഥം, ഇനിയും അത്തരം കലാപങ്ങള്‍ ഇല്ലാതിരിക്കാന്‍ സഹായകമാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. 350 രൂപ മുഖവിലയുള്ള കൃതി, അഴിമുഖം പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 
ലേഖകനെകുറിച്ച്:
റസീൻ ടി.ആർ : വയനാട്, വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter