പ്രണയ നിയമങ്ങൾ മലയാളത്തിലെത്തുമ്പോള്‍
നോവലിന്റെയകത്ത് കഥാവിഷ്കാരം നടത്തി റൂമിയും ശംസും തമ്മിലുള്ള ഗാഢ ബന്ധത്തെയും പതിമൂന്നാം നൂറ്റാണ്ടിലെ കൊനിയയിലെ മിസ്റ്റിക് സാഹചര്യത്തെയും പ്രതിപാദിക്കുന്ന നോവലാണ് എലിഫ് ഷഫാക്കിന്റെ ഇംഗ്ലീഷ്, തുർക്കി ഭാഷകളിലായെഴുതിയ നാൽപത് പ്രണയ നിയമങ്ങൾ.
ഭർത്താവും കുട്ടികളുമൊത്ത് ജീവിതം നയിക്കുന്ന എല്ല റോബിൻസ്റ്റൈൻ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ വായിക്കാനിടവരുന്നു. സങ്കീർണമായ കുടുംബ ജീവിതത്തിൽ എരിഞ്ഞമർന്ന എല്ലയെ വായനയിലൂടെയുള്ള സഞ്ചാരം അദ്ധ്യാത്മികാനുഭൂതിയിലേക്കും സൂഫികളിലേക്കും മെല്ലെ വഴിനടത്തുന്നു. പ്രസിദ്ധ പേർഷ്യൻ കവി ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആത്മീയ ഗുരു ശംസ് തിബ്‍രീസിയും തമ്മിലുള്ള ദിവ്യാനുരാഗത്തിന്റെ ആഘാതാനുഭൂതികൾ ഇതിവൃത്തമാകുന്നതാണ് നോവൽ. കാലത്തിലൂടെയുള്ള ശംസിന്റെ സഞ്ചാരം റൂമിയിൽ എത്തിച്ചേർന്നപ്പോൾ രൂപപ്പെട്ടത് ദാഹാർത്തമായ രണ്ട് ഹൃദയങ്ങളുടെ സങ്കലനമായിരുന്നു. റൂമിയിലുണർത്തിയ ശംസിന്റെ പ്രണയ നിയമങ്ങൾ അതിർത്തികൾക്കപ്പുറത്തേക്ക് അദ്ദേഹത്തിന്റെ സ്നേഹ വലയത്തെ വലിച്ചു നീട്ടി. അതിലേക്ക് വേശ്യകളും കുടിയന്മാരും യാചകരും അടക്കം നികൃഷ്ടരിൽ നികൃഷ്ടർ എന്ന് കരുതപ്പെടുന്നവര്‍ പോലും വന്ന് ചേർന്നു. കാരണം മതത്തിനകത്തെ ഘടകങ്ങളുടെ ആകെത്തുകയേക്കാൾ മഹനീയവും അഗാധവുമാണ് മതത്തിന്റെ സാകല്യം എന്ന് തിരിച്ചറിഞ്ഞവരായിരുന്നു ഈ പ്രേയസികൾ. ഭൂമിയിലേക്കുള്ള ശംസിന്റെ ആഗമനം പരിവർത്തനത്തിന്റെ കാലമായിരുന്നു. മനുഷ്യർക്കും ദൈവത്തിനുമിടയിൽ നിലനിന്നിരുന്ന എല്ലാ വിഗ്രഹങ്ങളെയും അദ്ദേഹം തച്ചു തകർത്തു. സ്നേഹത്തെ പുറത്തന്വേഷിക്കുന്നവരോട് സ്നേഹത്തിൽ നിന്ന് നമ്മെ അകറ്റിനിർത്തുന്ന നമുക്കുള്ളിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആർത്തിപിടിക്കുന്ന, ഇഹലോക സ്വത്തുകളുടെ അടിമകളായ മനുഷ്യർ അകമേയുള്ള ശൂന്യത ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. പുറമ്പൂച്ചുകളോടുള്ള ഭ്രമവും പുറമേയുള്ള അലങ്കാരവും മരണത്തിന് പിറകെ ഇട്ടേച്ചു പോകാൻ മാത്രമുള്ളതാണെന്ന് നാം അറിയാതെ പോകരുതെന്ന് അവരെ ഓര്‍മ്മപ്പെടുത്തി.
റൂമിയും ശംസും ഒന്നിക്കുന്ന ലോകത്തിൻറെ സൗന്ദര്യം കാണാൻ പുറംകണ്ണുകൊണ്ട് അധികമാര്‍ക്കും സാധിച്ചിരുന്നില്ല, ഇന്നും സാധിക്കുന്നുമില്ല. ആൾക്കൂട്ടത്തിന് നടുവിലെ ഏകാകിയെയും പിന്നീട് ഏകാകിക്കുള്ളിലെ ആൾക്കൂട്ടത്തെയും കണ്ടെത്തുന്ന സൂഫീ പ്രേയസികളുടെ ഈ നോവൽ ഇരുളിറങ്ങിയ മനുഷ്യന്റെ ഹൃദയത്തെ ചിന്തോദ്ധീപകമാക്കുന്നു. അപര വിദ്വേഷം കുലത്തൊഴിലാക്കി മാറ്റിയ ഈ കോലങ്ങൾക്ക് അഹം (ഞാൻ) തന്നെ ഇല്ലാതാക്കിയ സൂഫി ചിന്തകൾ ഉൾക്കൊള്ളുന്നിടത്താണ് നോവല്‍ അർത്ഥപൂർണ്ണമാകുന്നത്.
അദർ ബുക്സ് പ്രസിദ്ധീകരിച്ച 540 പേജ് അടങ്ങിയ ഈ ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്താനം ചെയ്തത് അജയ് പി മങ്ങാട്ട്, ജലാലുദ്ധീൻ എന്നിവര്‍ ചേര്‍ന്നാണ്. സങ്കീർണതകൾ കൂടാതെയുള്ള വിവർത്തന ശൈലി ആവിഷ്കാരത്തെ ഏറെ ഹൃദ്യമാക്കുന്നുണ്ട്. മലയാളി പരിസരങ്ങളിൽ റൂമിയിലൂടെയുള്ള സൂഫി വായനകൾക്ക് ആക്കം കൂട്ടാന്‍ ഈ നോവലിന് സാധിക്കും. ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിച്ച ഈ ഗ്രന്ഥം നിരവധി ഭാഷകളിലേക്ക് ഇതിനകം തന്നെ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Leave A Comment