അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 116-121) ഉഹുദ്, ദേഷ്യം കൊണ്ട് വിരൽ കടിക്കുന്നവർ
ഇഹലോകത്ത് പൊതുവെ, വലിയ പ്രതാപവും ഇസ്സത്തുമൊക്കെയായി കണക്കാക്കുന്ന 2 കാര്യങ്ങളാണല്ലോ സ്വത്തും മക്കളും. ഇത് രണ്ടുമുണ്ടെങ്കില്‍ എന്തും നേടാമെന്നും എന്തുമാകാമെന്നുമാണ് പൊതുവെയുള്ള വെപ്പ്.
സത്യനിഷേധികളും ധിക്കാരികളും എന്നും വീമ്പിളക്കിപ്പറയുകയും അഹങ്കരിക്കുകയും ചെയ്യുന്ന രണ്ട് കാര്യങ്ങളാണിത്. ഖാറൂനും ഫിര്‍ഔനും മറ്റു പലരും കാണിച്ച അഹങ്കാരത്തെക്കുറിച്ചും ആര്‍ഭാടത്തെക്കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശങ്ങളുണ്ട്. എന്നാല്‍, ഇതു രണ്ടും അവിശ്വാസികള്‍ക്ക് പരലോകത്ത് ഉപകാരപ്പെടില്ല.
തിരുനബി صلى الله عليه وسلمയുടെ ബദ്ധവൈരികളായിരുന്ന മുശ്‌രിക്കുകളും ഇതേ നിലപാടുകാരായിരുന്നു. അവരില്‍ പലരും മക്കളുടെ കാര്യത്തില്‍ ഊറ്റം കൊള്ളുകയും, അവരെ ദീനിനെതിരെ തിരിച്ചുവിടാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. وَقَالُوا نَحْنُ أَكْثَرُ أَمْوَالًا وَأَوْلَادًا وَمَا نَحْنُ بِمُعَذَّبِينَ ('ഞങ്ങള്‍ ധാരാളം സമ്പത്തും ധാരാളം സന്താനങ്ങളുമുള്ളവരാണ്; ഞങ്ങള്‍ ശിക്ഷിക്കപ്പെടുകയേ ഇല്ല') - ഇങ്ങനയവര്‍ വീമ്പിളക്കിയിരുന്നതായി സൂറത്തു സബഅ് 35 ലുണ്ട്.
ഇതൊന്നും പരലോകത്ത് വിലപ്പോവില്ല. ആ സത്യനിഷേധികള്‍ എത്ര വലിയ ധനാഢ്യരും ആള്‍ബലമുള്ളവരുമാണെങ്കിലും ശരി, വേദനാജനകവും ശാശ്വതവുമായ നരകം തന്നെയായിരിക്കും അവരുടെ സങ്കേതം. സമ്പത്തും സന്താനങ്ങളും ഉപകാരപ്പെടാത്ത ദിനം എന്നാണല്ലോ അന്ത്യനാളിനെ അല്ലാഹു വിശേഷിപ്പിച്ചത് (സൂറത്തുശ്ശുഅറാഅ് 88).
إِنَّ الَّذِينَ كَفَرُوا لَنْ تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُمْ مِنَ اللَّهِ شَيْئًا ۖ وَأُولَٰئِكَ أَصْحَابُ النَّارِ ۚ هُمْ فِيهَا خَالِدُونَ(116)
തങ്ങളുടെ സമ്പത്തുക്കളോ സന്താനങ്ങളോ സത്യനിഷേധികള്‍ക്ക് അല്ലാഹുവിങ്കല്‍ യാതൊരുപകാരവും ചെയ്യില്ല. നരകാവകാശികളാണവര്‍. അതിലവര്‍ ശാശ്വതവാസികളായിരിക്കും.
ദാരിദ്ര്യത്തിന്‍റെ പേരില്‍ തിരുനബി صلى الله عليه وسلم യെയും സ്വഹാബികളെയും പരിഹസിക്കുക മുശ്‍രിക്കുകളുടെ സ്ഥിരം പതിവായിരുന്നു. അല്ലാഹുവിനേറ്റവും പ്രിയപ്പെട്ടവര്‍ ഒരിക്കലും ദരിദ്രരാവുകയില്ലല്ലോ. മുഹമ്മദ് ദൈവദൂതനാണെങ്കില്‍ ഇത്രയും കടുത്ത ദാരിദ്ര്യം അവനുണ്ടാകുമോ? – ഇങ്ങനെയാണവര്‍ വിലയിരുത്തുന്നതും ചോദിക്കുന്നതും.
അടുത്ത ആയത്ത് 117
ഇവിടെ ഒരു സംശയം വരാം: അവിശ്വാസികള്‍ ദാനധര്‍മങ്ങളൊക്കെ ചെയ്യാറുണ്ടല്ലോ. അതിനൊന്നും ഒരു പ്രതിഫലവും ലഭിക്കുകയില്ലേ? ഈ സംശയത്തിനുള്ള മറുപടിയാണ് ഒരുദാഹരണത്തിലൂടെ 117 ല്‍ വ്യക്തമാക്കുന്നത്.
സത്യനിഷേധികള്‍ ചെലവ് ചെയ്യുന്നത് രണ്ടു തരത്തിലാകാം. ഒന്ന്, പുണ്യം പ്രതീക്ഷിച്ചുകൊണ്ടുതന്നെ. അനാഥസംരക്ഷണം, അന്നദാനം തുടങ്ങിയവ ഉദാഹരണം. രണ്ടാമത്തേത്, പുണ്യകരമൊന്നുമല്ല, സ്വന്തം വീക്ഷണത്തില്‍ നല്ലതാണെന്ന് കരുതി, യഥാര്‍ത്ഥത്തില്‍ കുറ്റകരമായ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്നത്. രണ്ടിലേതാണെങ്കിലും പരലോകത്ത് ചെല്ലുമ്പോള്‍ ഒന്നും കാണില്ല. സത്യവിശ്വാസം എന്ന അടിത്തറയില്ല എന്നതാണ് കാരണം.
ഒരു ഉദാഹരണവും പറയുന്നുണ്ട്. സത്യനിഷേധികളായ കുറച്ചാളുകളുടെ കൃഷി, അതിശൈത്യമുള്ള കാറ്റുമൂലം നശിച്ചതാണ് ഉദാഹരിക്കുന്നത്. വല്ലാത്ത പ്രതീക്ഷയായിരുന്നു അവര്‍ക്ക് ആ കൃഷിയില്‍. പക്ഷേ, നശിച്ചുപോയി. അതുപോലെ, തങ്ങള്‍ ചെലവു ചെയ്തിരുന്നതില്‍ അവര്‍ക്ക് വലിയ പ്രതീക്ഷയൊക്കെയുണ്ടാകും, പക്ഷേ, അത് അസ്ഥാനത്തായിരിക്കും.
مَثَلُ مَا يُنْفِقُونَ فِي هَٰذِهِ الْحَيَاةِ الدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوا أَنْفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ اللَّهُ وَلَٰكِنْ أَنْفُسَهُمْ يَظْلِمُونَ (117)
അവര്‍ ഈ ഭൗതിക ലോകത്ത് ചെലവഴിക്കുന്ന ധനത്തിന്‍റെ ഉപമ കഠിനശൈത്യമുള്ള ഒരു കാറ്റുപോലെയാണ്; ഒരു കൂട്ടം ആത്മദ്രോഹികളുടെ കൃഷിയിടത്തിലത് ആഞ്ഞടിച്ചു നശിപ്പിച്ചു. അല്ലാഹു അവരോട് അക്രമം കാണിച്ചിട്ടില്ല; പ്രത്യുത അവര്‍ സ്വന്തത്തോടു തന്നെ ദ്രോഹം ചെയ്യുകയായിരുന്നു.
صِرّ - ‘അതിശൈത്യം’ എന്നാണ് മിക്കവാറും മുഫസ്സിറുകളും ഭാഷാ പണ്ഡിതരും ഈ വാക്കിന് അര്‍ത്ഥം നല്‍കിയത്. ‘തീ’ എന്നും ‘വിഷക്കാറ്റ്’ എന്നും അര്‍ത്ഥം പഞ്ഞവരുമുണ്ട്. കൊടുങ്കാറ്റ് വരുമ്പോള്‍- അത് തീക്കാറ്റോ വിഷക്കാറ്റോ തണുപ്പുള്ള കാറ്റോ ഏതുമാകട്ടെ- നാശനഷ്ടങ്ങളെല്ലാം ഒരുപോലെയായിരിക്കുമല്ലോ.
സൂറത്തുന്നൂറിലെ 39 ആം വാക്യവും ഇവിടെ ശ്രദ്ധേയമാണ്:
وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاءً حَتَّىٰ إِذَا جَاءَهُ لَمْ يَجِدْهُ شَيْئًا وَوَجَدَ اللَّهَ عِندَهُ فَوَفَّاهُ حِسَابَهُ ۗ وَاللَّهُ سَرِيعُ الْحِسَابِ (39) سورة النور
(സത്യനിഷേധികളുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാണ്; ദാഹാര്‍ത്തന്‍ അത് വെള്ളമാണെന്ന് കരുതി സമീപത്ത് ചെന്നുനോക്കുമ്പോള്‍ അപ്രകാരമൊന്നുള്ളതായി അവന് കാണാനേ കഴിയില്ല; തന്‍റയെടുത്ത് അല്ലാഹുവിനെ അവന്‍ കാണും. തല്‍സമയം കണക്കുതീര്‍ത്ത് അല്ലാഹു അവന് നല്‍കുന്നതാണ്)
أَصَابَتْ حَرْثَ قَوْمٍ ظَلَمُوا أَنْفُسَهُمْ فَأَهْلَكَتْهُ
ഇവിടെ, കൃഷിയിടത്തിന്‍റെ ഉടമകളെപ്പറ്റി قَوْمٍ ظَلَمُواأَنْفُسَهُمْ (സ്വന്തത്തോട് അക്രമം ചെയ്തവര്‍) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. അതായത്, അവിശ്വാസവും പാപങ്ങളും വഴി തങ്ങളോട് തന്നെ അനീതി ചെയ്തവര്‍ എന്നുദ്ദേശ്യം. ഈ വിശേഷണം പറയാതെത്തന്നെ ഈ ഉപമ മനസ്സിലാകുമായിരുന്നു. എന്നിട്ടും പറഞ്ഞിതിനു പിന്നിലൊരു കാരണമുണ്ട്:
ഇങ്ങനെ സ്വന്തത്തോട് അതിക്രമം ചെയ്യാത്ത, പാപങ്ങളനുവര്‍ത്തിക്കാത്ത സത്യവിശ്വാസികളുടെ തന്നെ കൃഷിക്കോ കച്ചവടത്തിനോ ഒക്കെ ഇവിടെ ചിലപ്പോള്‍ നഷ്ടം സംഭവിച്ചേക്കാം, പക്ഷേ, പരലോകത്തെത്തുമ്പോള്‍ അതവര്‍ക്ക് വലിയ നേട്ടവും ലാഭവുമായാണ് അനുഭവപ്പെടുക.
കാരണം, അതിലവര്‍ ക്ഷമിക്കുകയും അല്ലാഹുവിന്‍റെ പ്രതിഫലം കാംക്ഷിച്ചിട്ടുമുണ്ടാകും. അതാണല്ലോ സത്യവിശ്വാസിയുടെ ലക്ഷണം. അങ്ങനെ പരലോകത്തെത്തുമ്പോള്‍ ആ നാശനഷ്ടങ്ങള്‍ക്ക് പകരം മികച്ച പ്രതിഫലമായിരിക്കും അവരെ കാത്തിരിക്കുന്നത്.
അതാണല്ലോ തിരുനബി صلى الله عليه وسلم പറയുന്നത്: 'സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ! സന്തോഷാവസരമാണെങ്കില്‍ അല്ലാഹുവിനവന്‍ നന്ദി പറയും. മറിച്ചാണെങ്കില്‍, ക്ഷമിക്കുകയും ചെയ്യും. രണ്ടും അവന് പുണ്യകരമാവുകയും ചെയ്യും.'
അവിശ്വാസികളുടെ കാര്യം അങ്ങനെയല്ല. കൃഷിനാശം സംഭവിച്ചാല്‍ അതവര്‍ക്ക് രണ്ടുലോകത്തും മഹാനഷ്ടമാണ്. വിശ്വാസത്തിന്‍റെ പിന്‍ബലമോ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫല കാംക്ഷയോ ഒന്നുമവര്‍ക്കില്ലല്ലോ.
അടുത്ത ആയത്ത് 118
വളരെ പ്രധാനപ്പട്ടൊരു കാര്യമാണിനി പറയുന്നത്. അവിശ്വാസികളും മുനാഫിഖുകളുമടക്കമുള്ള ഏത് ശത്രുക്കള്‍ക്കും രഹസ്യങ്ങള്‍ കൈമാറരുത്. ഇത്തരക്കാര്‍ പുറമെ നല്ലപിള്ള ചമയുമെങ്കിലും ഉള്ളില്‍ നിങ്ങളുടെ നാശമാണ് അവരുടെ താല്പര്യം. അതിന് കിട്ടുന്ന അവസരങ്ങളൊന്നും, അത് ചെറുതാവട്ടെ, വലുതാവട്ടെ, അവര്‍ പാഴാക്കില്ല.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരുമായും സ്‌നേഹത്തിലും രജ്ഞിപ്പിലും വര്‍ത്തിക്കണം, എല്ലാവരോടും നീതി പാലിക്കണം – ഇതൊക്കെ ത്തന്നെയാണ് ഇസ്ലാമിക നിയമം. പക്ഷേ, അങ്ങോട്ട് കാണിക്കുന്ന മമതയും സ്‌നേഹവുമെല്ലാം ഇങ്ങോട്ടും കാണിക്കുന്നവരോടേ ഇങ്ങനെ വര്‍ത്തിക്കേണ്ടതുള്ളൂ.
അതുതന്നെയല്ലേ ശരി! അല്ലാതെ, ശത്രുതാമനോഭാവം വെച്ചുപുലര്‍ത്തുന്നവരോട് മമതയോടെ പെരുമാറിയാല്‍, അടുപ്പം കാണിച്ചാല്‍, അങ്ങനെ രഹസ്യങ്ങളടക്കം കൈമാറുന്ന സ്ഥിതിവിശേഷമുണ്ടായാല്‍, എത്ര വലിയ ഭവിഷ്യത്തായിരിക്കും നേരിടേണ്ടിവരിക?!
ഈ ആയത്ത് അവതരിക്കാനുണ്ടായ കാരണം:
മദീനയിലുണ്ടായിരുന്ന യഹൂദികളും അറബികളും തമ്മില്‍ ജാഹിലിയ്യാകാലത്ത് നിലവിലുണ്ടായിരുന്ന പഴയ സഖ്യങ്ങളും അയല്‍പക്ക ബന്ധങ്ങളും, മുസ്‍ലിംകളായ ശേഷവും ചില മുസ്‌ലിംകള്‍ പുലര്‍ത്തിപ്പോന്നു. മുസ്‌ലിംകളുടെ ചില ആഭ്യന്തര രഹസ്യങ്ങള്‍, യഹൂദികള്‍ അറിയാന്‍ ഇതുകാരണമായി. അത് സ്വാഭാവികവുമാണല്ലോ.
യഹൂദികളാവട്ടെ, ഈ ബന്ധം ചൂഷണം ചെയ്ത് രഹസ്യങ്ങള്‍ പരാമവധി ചോര്‍ത്താനും അതുവഴി മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാനും ഉപയോഗപ്പെടുത്തുകയും ചെയ്തു.
അതുപോലെത്തന്നെ, പുറമെ ഇസ്‌ലാമിന്‍റെ വേഷമണിഞ്ഞ ചില കപടവിശ്വാസികളുമായും ചില മുസ്‌ലിംകള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം മുനാഫികളും പരമാവധി ചൂഷണം ചെയ്തു.
മുസ്‌ലിംകള്‍ തുറന്ന മനസ്സുള്ളവരും നിഷ്കളങ്കരുമാണ്. എതിരാകളികളങ്ങനെയല്ല; വിഷമയമാണ് അവരുടെ മനസ്സുകള്‍. അതുകൊണ്ടുതന്നെ ഇത്തരം കൂട്ടുകെട്ടുകളുടെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമല്ലോ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا بِطَانَةً مِنْ دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا مَا عَنِتُّمْ قَدْ بَدَتِ الْبَغْضَاءُ مِنْ أَفْوَاهِهِمْ وَمَا تُخْفِي صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ الْآيَاتِ ۖ إِنْ كُنْتُمْ تَعْقِلُونَ (118)
ഹേ സത്യവിശ്വാസികളേ, അന്യരെയാരെയും നിങ്ങളുടെ രഹസ്യങ്ങളറിയുന്ന സ്വന്തക്കാരാക്കരുത്. നിങ്ങള്‍ക്കാപത്തുണ്ടാക്കുന്നതില്‍ ഒരു കുറവും അവര്‍ വരുത്തുകയില്ല. അവര്‍ക്കിഷ്ടം നിങ്ങളുടെ കഷ്ടപ്പാടാണ്; അവരുടെ വായയിലൂടെ കഠിനവിദ്വേഷം പ്രകടമായിട്ടുണ്ട്, മനസ്സിലുള്ളത് അതിനെക്കാള്‍ രൂക്ഷമാണ്. നാമിതാ നിങ്ങള്‍ക്കു തെളിവുകള്‍ പ്രതിപാദിച്ചിരിക്കുന്നു; നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നവരാണെങ്കില്‍
لَا تَتَّخِذُوا بِطَانَةً مِنْ دُونِكُمْ
പുറമെ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് ظِھَارَة എന്നും, ഉള്ളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് بِطَانَةً എന്നും പറയാറുണ്ട്. എപ്പോഴും കൂടെ അകമ്പടിയായി ഉണ്ടാകുന്നവര്‍ക്ക് ആലങ്കാരികമായി بِطَانَةً എന്ന് ഉപയോഗിക്കാറുണ്ട്. ഈ അര്‍ത്ഥമാണ് ഇവിടെ. ഇത്തരം അകമ്പടി സേവകര്‍, അഭ്യന്തര കാര്യങ്ങളും മറ്റു രഹസ്യങ്ങളും പരസ്പരം കൈമാറുന്ന തരത്തില്‍ അടുപ്പമുള്ളവരായിരിക്കുമല്ലോ.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം: കാര്യങ്ങള്‍ വസ്തുതാപരമായി കാണുകയും വിലയിരുത്തുകയും ചെയ്യുകയെന്നതാണ് ശരിയും നീതിപൂര്‍വകവുമായ രീതി. അന്യരെ സ്വന്തക്കാരാക്കരുതെന്ന ഈ ഖുര്‍ആനിക കല്‍പന അങ്ങനെ വേണം വിലയിരുത്താന്‍.
നാല്‍പതു വയസ്സുവരെ തന്നെ ആദരിച്ചിരുന്ന, വിശ്വസ്തനെന്ന് വിളിച്ചിരുന്ന മക്കക്കാര്‍ തിരുനബി صلى الله عليه وسلم ക്ക് പ്രവാചകത്വം ലഭിച്ചതു മുതല്‍ ദ്രോഹിക്കാന്‍ തുടങ്ങി. ഒടുവില്‍ കൊല്ലുകയോ നാടുകടത്തുകയോ ചെയ്യാന്‍ അവര്‍ തീരുമാനിച്ചപ്പോള്‍ 450 കിലോമീറ്ററകലെയുള്ള മദീനയിലേക്കു പോയി.
പക്ഷേ അവിടെയും നില്‍ക്കപ്പൊറുതി നല്‍കിയില്ല ശത്രുക്കള്‍. വേദക്കാര്‍, മുശ്‌രിക്കുകള്‍, മുനാഫിഖുകള്‍, നാടോടീഗോത്രങ്ങള്‍... ഇങ്ങനെ മുസ്‌ലിംകള്‍ക്കെതിരായി അവര്‍ അരങ്ങു വാണു. ഈ അതീവ ഗുരുതരമായ പശ്ചാത്തലങ്ങള്‍ പച്ചയോടെ കണ്ടുവേണം ഈ കല്‍പനകളും ഉത്തരവുകളും വായിക്കുന്നത്. അന്നും മാനുഷികവും അയല്‍പക്കപരവും മറ്റുമായ ബന്ധങ്ങള്‍ തിരുനബി صلى الله عليه وسلم പരിരക്ഷിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യവും മറക്കരുത്.
അടുത്ത ആയത്ത് 119
സാമുദായിക ഭദ്രതയുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നുണര്‍ത്തുകയാണിനി. അവിശ്വാസികളായ ശത്രുക്കള്‍ അകത്ത് കത്തിയും പുറത്ത് പത്തിയുമായി നടക്കുന്നവരാണ്. മനുഷ്യത്വത്തിന്‍റെയും സമസൃഷ്ടിഭാവനയുടെയും പേരില്‍ നിങ്ങളവരെ സ്‌നേഹിക്കുമ്പോള്‍, ആ സ്നേഹം തിരിച്ചുമുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. മുസ്‍ലിംകളായി എന്ന ഒറ്റക്കാരണത്താല്‍ നിങ്ങളോട് കടുത്ത വെറുപ്പാണവരുടെ ഉള്ളിലുള്ളത്.
നിങ്ങളാണെങ്കിലോ, തൗറാത്ത്, സബൂര്‍, ഇന്‍ജീല്‍ എന്നീ വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാര്‍ക്കവതീര്‍ണമായ ഏടുകളിലും വിശുദ്ധ ഖുര്‍ആനിലും വിശ്വസിക്കുന്നുണ്ട്. പക്ഷേ, വേദക്കാരോ, ചിലതു കൊള്ളുകയും മറ്റു ചിലതു തള്ളുകയുമാണ് ചെയ്യുന്നത്.
നിങ്ങളുമായി കണ്ടുമുട്ടുമ്പോള്‍, ഞങ്ങളും നിങ്ങളെപ്പോലെ മുസ്‍ലിംകളാണെന്നവര്‍ തട്ടിവിടും. ഉള്ളില്‍ ദേഷ്യവും അമര്‍ഷവും നുരഞ്ഞുപൊങ്ങുകയായിരിക്കും. നിങ്ങളുടെ രോഷവുമായിത്തുലഞ്ഞുകൊള്ളുക എന്നവരോട് പറഞ്ഞേക്കൂ എന്നാണ് തിരുബി صلى الله عليه وسلم യോട് അല്ലാഹു കല്‍പിക്കുന്നത്.
هَا أَنْتُمْ أُولَاءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ وَتُؤْمِنُونَ بِالْكِتَابِ كُلِّهِ وَإِذَا لَقُوكُمْ قَالُوا آمَنَّا وَإِذَا خَلَوْا عَضُّوا عَلَيْكُمُ الْأَنَامِلَ مِنَ الْغَيْظِ ۚ قُلْ مُوتُوا بِغَيْظِكُمْ ۗ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ (119)
നോക്കൂ (സത്യവിശ്വാസികളേ): നിങ്ങള്‍ അവരെ സ്‌നേഹിക്കുന്നു; അവരാകട്ടെ നിങ്ങളെ സ്‌നേഹിക്കുന്നില്ല. നിങ്ങള്‍ മുഴു വേദങ്ങളിലും വിശ്വസിക്കുന്നുമുണ്ട്. (അവരാകട്ടെ നിങ്ങളുടേതില്‍ വിശ്വസിക്കുന്നില്ല.) അവര്‍ നിങ്ങളെ കണ്ടുമുട്ടുമ്പോള്‍, ഞങ്ങളും വിശ്വസിച്ചിരിക്കുന്നു എന്നവര്‍ തട്ടിവിടും; ഒറ്റക്കാകുമ്പോഴോ, നിങ്ങളോടുള്ള കഠിനരോഷം മൂലം വിരല്‍ കടിക്കുകയും ചെയ്യും. നബിയേ, പറയുക: നിങ്ങളുടെ രോഷവുമായിത്തുലഞ്ഞുകൊള്ളുക! മനസ്സുകളിലുള്ളത് അല്ലാഹു നന്നായറിയുന്നവനത്രേ.
'ദേഷ്യംകാരണം വിരല്‍ കടിക്കുക' - ദേഷ്യത്തിന്‍റെ തീവ്രത മനസ്സിലാക്കിത്തരുന്ന ഒരാലങ്കാരിക പ്രയോഗമാണിത്.
ഖേദിച്ചു, കോപിച്ചു എന്നീ അര്‍ത്ഥങ്ങളില്‍ عَضَّ الأنَامِل (വിരല്‍ തലപ്പുകള്‍ കടിച്ചു – വിരല്‍ കടിച്ചു) എന്ന് അറബിയില്‍ പറയാറുണ്ട്. (മലയാളത്തിലും അങ്ങനെ പ്രയോഗിക്കാറുണ്ടല്ലോ.) ഇവിടെ കോപം കൊണ്ടാണവര്‍ വിരല്‍ കടിക്കുന്നത്.
مُوتُوا بِغَيْظِكُمْ (കോപം കൊണ്ട് മരിച്ചുകൊള്ളുക, പോയിത്തുലഞ്ഞുകൊള്ളുക) - ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ഉദ്ദേശ്യം.
ഈ കോപവും അസ്വാസ്ഥ്യവും കൊണ്ടൊന്നും ഒരു കാര്യവുമില്ല. കാരണം, അല്ലാഹു തന്‍റെ മതം സംരക്ഷിക്കുകയും നിലനിറുത്തുകയുംതന്നെ ചെയ്യും. അതില്‍ കലി കയറുകയാണെങ്കില്‍, മരിക്കുവോളം അത് തുടരുക മാത്രമേ നിര്‍വാഹമുള്ളൂ. അല്ലാതെ, ഇസ്‌ലാം നശിച്ചുകണ്ടിട്ട് നിങ്ങള്‍ മരിക്കുക എന്നത് നടക്കാന്‍ പോകുന്നില്ല.
അടുത്ത ആയത്ത് 120
വേദക്കാരടക്കമുള്ള ശത്രുക്കള്‍ക്ക്, ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള അസഹനീയതയുടെ ഉദാഹരണങ്ങള്‍ പറയുകയാണ്. മുസ്‌ലിംകള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായാല്‍ അവര്‍ വല്ലാതെ ഖേദിക്കും. യുദ്ധജയം, രോഗശാന്തി തുടങ്ങി ഏത് നേട്ടത്തിലും അവര്‍ അസ്വസ്ഥരാകും. അസൂയ കൊണ്ടവര്‍ പല്ലിറുമ്മും. അതേസമയം, എന്തെങ്കിലും പ്രയാസങ്ങളാണ് നേരിട്ടതെങ്കിലോ, സന്തോഷം കൊണ്ടവര്‍ തുള്ളിച്ചാടുകയും ചെയ്യും.
അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചില്ലറ ശല്യങ്ങളും പീഡനങ്ങളുമൊന്നും നിങ്ങള്‍ കാര്യമാക്കേണ്ട, എല്ലാം ക്ഷമിച്ചേക്കുക. അങ്ങനെ നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിച്ച് ജീവിക്കുകയും ചെയ്യുന്നുവെങ്കില്‍, അവരുടെ കുതന്ത്രങ്ങളൊന്നും നിങ്ങള്‍ക്കൊരു ദോഷവും വരുത്തില്ല. അല്ലാഹു അവരുടെ പ്രവൃത്തികളെക്കുറിച്ചെല്ലാം സമഗ്രമായി അറിയുന്നുണ്ട്.
إِنْ تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِنْ تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا ۖ وَإِنْ تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا ۗ إِنَّ اللَّهَ بِمَا يَعْمَلُونَ مُحِيطٌ (120)
നിങ്ങള്‍ക്കെന്തെങ്കിലും നന്മ കിട്ടുമ്പോള്‍ അതവര്‍ക്കു വിഷമമുണ്ടാക്കും, തിന്മയുണ്ടാകുമ്പോള്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. ക്ഷമകൈക്കൊള്ളുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ കുതന്ത്രങ്ങള്‍ ഒരു ദോഷവും ഉണ്ടാക്കില്ല. അവരുടെ ചെയ്തികളെക്കുറിച്ച സമഗ്രജ്ഞാനിയത്രേ അല്ലാഹു.
അടുത്ത ആയത്ത് 121
കഴിഞ്ഞ ഏതാനും ആയത്തുകളില്‍ ദീനിന്‍റെ ശത്രുക്കളുടെ നിലപാടുകളെക്കുറിച്ചും അവരുമായുള്ള കൂട്ടുകെട്ടിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ചും പറഞ്ഞു. അവരുടെ കുതന്ത്രങ്ങള്‍ മൂലമുണ്ടാകുന്ന ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ക്ഷമയും സൂക്ഷ്മതയും പാലിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.
ഈ ക്ഷമയും തഖ്‍വയുമില്ലെങ്കില്‍ അവരുടെ കുതന്ത്രങ്ങളില്‍ പെട്ടുപോയേക്കാം. അതിനൊരു ഉദാഹരണമാണിനി പറയുന്നത് – ഉഹുദ് യുദ്ധം.
ആയത്തുകള്‍ ശരിക്ക് മനസ്സിലാക്കാന്‍, ഉഹ്ദ് യുദ്ധത്തെ സംബന്ധിച്ച് ചുരുക്കിയൊന്ന് പറയാം.
ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദ്ര്‍ യുദ്ധത്തില്‍, വന്‍സന്നാഹങ്ങളുണ്ടായിട്ടും ഖുറൈശികള്‍ പരജായപ്പെടുകയാണല്ലോ ചെയ്തത്. അവരുടെ പ്രധാന നേതാക്കള്‍ പലരും കൊല്ലപ്പെടുകയും പലരും ബന്ധനസ്ഥരാകുകയും ചെയ്തു. ഇതിന് പകരം വീട്ടാന്‍, മൂവ്വായിരത്തോളം വരുന്ന വലിയൊരു സൈന്യവുമായി അബൂസുഫ്‌യാന്‍റെ നേതൃത്വത്തിലവര്‍ തയ്യാറായി. ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാല്‍ മാസത്തിലായിരുന്നു ഈ പടപ്പുറപ്പാട്.
3000 ഒട്ടകങ്ങള്‍, 200 കുതിരകള്‍, 700 കവചധാരികള്‍ സൈന്യത്തിലുണ്ട്. പാട്ടു പാടിയും മറ്റും പ്രോത്സാഹനം നല്‍കാന്‍ 15 സ്ത്രീകളുമുണ്ട്. ഉഹുദ് മലയുടെ അടുത്തുള്ള ഐനൈന്‍ പര്‍വതത്തിന്‍റെ താഴ്‌വരയിലാണവര്‍ താവളമടിച്ചത്.
വിവരമറിഞ്ഞപ്പോള്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വഹാബികളുമായി ചര്‍ച്ച നടത്തി. മദീനയുടെ ഉള്ളില്‍വെച്ച് അവരെ നേരിടുകയാണോ വേണ്ടത്, അതല്ല പുറത്തുപോയി നേരിടണമോ?
മദീനയിലേക്ക് കടന്നാല്‍ യുദ്ധം ചെയ്യുന്നതാണ് നല്ലതെന്നും പുറത്ത് ചെന്ന് യുദ്ധം ചെയ്യേണ്ടതില്ലെന്നുമായിരുന്നു തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും പരിചയസമ്പന്നരായ സ്വഹാബികളുടെയും അഭിപ്രായം. കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യും ഈ അഭിപ്രായത്തോട് യോജിച്ചു.
അതേസമയം, തിരുനബി صَلَّى اللَّهُ عَلَيْهِ وَسَلَّمَയുടെ പിതൃവ്യന്‍ ഹംസ (رضي الله عنه) അടക്കമുള്ള പല ചെറുപ്പക്കാരുടെയും, വിശിഷ്യാ, ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ സങ്കടപ്പെടപ്പെട്ടിരിക്കുന്നവരുടെ അഭിപ്രായം മറിച്ചായിരുന്നു. ഈ അഭിപ്രായമാണ് അവസാനം സ്വീകരിക്കപ്പെട്ടത്.
അങ്ങനെ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വേണ്ട ഉപദേശനിര്‍ദ്ദേശങ്ങളെല്ലാം നല്‍കി. അങ്കിയും അണിഞ്ഞ് ശനിയാഴ്ച നേരത്തെത്തന്നെ അവിടന്ന് വീട്ടില്‍നിന്നിറങ്ങി. ആയിരം സ്വഹാബികളും കൂടെയുണ്ട്.
ശൗഥ് എന്ന സ്ഥലത്തെത്തിയപ്പോള്‍, അബ്ദുല്ലാഹിബ്‌നു ഉബയ്യും മുന്നൂറോളം അനുയായികളും പിന്മാറി. നമ്മുടെ അഭിപ്രായം കേള്‍ക്കാതെ, ചെറുപ്പക്കാരുടേതാണ് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വീകരിച്ചതെന്ന് പറഞ്ഞാണവര്‍ മടങ്ങിയത്.
ബാക്കിയുള്ള 700 പേരുമായി തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാത്ര തുടര്‍ന്നു. ഇത്രയും ആളുകളുടെ പിന്മാറ്റം പലരുടെയും മനസ്സില്‍ ചാഞ്ചാട്ടം ഉണ്ടാക്കിയിരുന്നു. ഇതുകണ്ട് പേടിച്ച ബനൂഹാരിസ, ബനൂസലിമ എന്നീ രണ്ട് സത്യവിശ്വാസീ ഗോത്രങ്ങളും മടങ്ങാനാലോചിച്ചു. പക്ഷേ അല്ലാഹു അവര്‍ക്ക് സ്ഥൈര്യം നല്‍കി.
ഏതായാലും അവര്‍ ഉഹ്ദിലെത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ശത്രുക്കള്‍ പിന്‍ഭാഗത്തുനിന്ന് മലയിലൂടെ വന്ന് ഓര്‍ക്കാപ്പുറത്ത് അക്രമിക്കാന്‍ സാധ്യതയുള്ളൊരു മര്‍മസ്ഥാനത്ത് അബ്ദുല്ലാഹിബ്‌നു ജുബൈര്‍ (رضي الله عنه)ന്‍റെ നേതൃത്വത്തില്‍ അമ്പത് അമ്പൈത്തുകാരെ തിരുനബി صلى الله عليه وسلم നിറുത്തി. അതുവഴി ശത്രുക്കള്‍ വരാന്‍ അനുവദിക്കരുതെന്നും, എന്തുതന്നെ സംഭവിച്ചാലും സമ്മതം കിട്ടാതെ സ്ഥലം വിടരുതെന്നും അവരോട് പ്രത്യേകം തിരുനബി صلى الله عليه وسلم കല്‍പിക്കുകയും ചെയ്തു.
യുദ്ധം ആരംഭിച്ചു. മുസ്‍ലിംകളുടെ ശക്തമായ മുന്നേറ്റത്തില്‍ ശത്രുക്കള്‍ പരജായപ്പെട്ട് യുദ്ധക്കളം വിട്ടോടാന്‍ തുടങ്ങി. അവര്‍ ഉപേക്ഷിച്ചുപോകുന്ന സാധനങ്ങള്‍ ശേഖരിക്കാന്‍ മുസ്‍ലിം സൈന്യത്തിലെ ചിലര്‍ തുടങ്ങുകയും ചെയ്തു.
ശത്രുക്കള്‍ പിന്‍തിരിഞ്ഞോടുന്നതും, മുസ്‌ലിംകള്‍ ‘ഗനീമത്ത്’ ശേഖരിക്കുന്നതും മലയിലുള്ള അമ്പൈത്തുകാര്‍ കണ്ടു. യുദ്ധം അവസാനിച്ചെന്നും ഗനീമത്ത് ശേഖരിക്കാമെന്നും കരുതി അവരില്‍ അധികപേരും തിരുനബി صلى الله عليه وسلمയുടെ കല്‍പന മറന്ന് സ്ഥലംവിട്ടു. നേതാവായിരുന്ന ഇബ്‌നു ജുബൈറും (رضي الله عنه) അല്‍പം ചിലരും മാത്രമാണ് അവിടെത്തന്നെ നിലയുറപ്പിച്ചത്.
ശത്രുപക്ഷത്തിന്‍റെ സൈന്യാധിപനായിരുന്ന ഖാലിദു്‌നുല്‍വലീദ് ഈ തക്കം ഉപയോഗപ്പെടുത്തി. ഒരു കുതിര സൈന്യവ്യൂഹവുമായി മലയുടെ പിന്നിലൂടെ വന്ന് ആക്രമണം നടത്തി. അതോടുകൂടി, പിന്തിരിഞ്ഞോടിയിരുന്ന ശത്രുക്കള്‍ വീണ്ടും തിരിച്ചുവന്ന് മുന്‍ഭാഗത്തുകൂടിയും മുസ്‌ലിംകളെ ശക്തമായി ആക്രമിച്ചു. മധ്യത്തില്‍ പെട്ടുപോയ മുസ്‌ലിംകള്‍ ആകെ പരിഭ്രമിച്ചുപോയി. ചിന്നിച്ചിതറി. പലരും പിന്തിരിഞ്ഞോടി. വളരെ കുറച്ചുപേര്‍ യുദ്ധക്കളത്തില്‍ ഉറച്ചുനിന്ന് പോരാടിയുള്ളൂ.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വധിക്കപ്പെട്ടു എന്നൊരു കിംവദന്തി പരക്കുകകൂടി ചെയ്തതോടെ മുസ്‌ലിംകളുടെ അങ്കലാപ്പ് വര്‍ദ്ധിച്ചു. സത്യത്തില്‍, അവിടന്ന് സുരക്ഷിതനായിരുന്നു.
തിരുനബി صلى الله عليه وسلمക്ക് സംരക്ഷണമൊരുക്കി, കോട്ട കണക്കെ പത്ത് പന്ത്രണ്ട് ധീരസ്വഹാബികള്‍ അവിടത്തെ വലയം ചെയ്ത് ചെറുത്തുനിന്നു. ജീവന്‍ നോക്കാതെ, തിരുനബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുവേണ്ടി സ്വന്തം ശരീരങ്ങളെയവര്‍ പരിചകളാക്കി. ചിലര്‍ക്ക് അറുപതും എഴുപതും മുറിവുകളും ഏറ്റിട്ടുണ്ടായിരുന്നു.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് പരിക്കുകളേറ്റു. അവിടത്തെ പല്ലിന് മുറിവുപറ്റി. കുറെ സമയത്തിനു ശേഷമാണ്, തിരുനബിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്വഹാബികള്‍ക്ക് മനസ്സിലായത്. അവര്‍ക്ക് വലിയ ആശ്വാസമായി.
തിരുമേനി صلى الله عليه وسلم മലയില്‍ കയറി ‘ഇങ്ങോട്ട് വരൂ! ഇങ്ങോട്ട് വരൂ!’ എന്ന് വിളിച്ചുകൊണ്ടിരുന്നു. പുതിയൊരു ആവേശത്തോടും ധൈര്യത്തോടും കൂടി സ്വഹാബികള്‍ ചുറ്റും ഓടിക്കൂടി ശത്രുക്കളെ തുരത്താന്‍ തുടങ്ങി. പക്ഷേ, ആദ്യജയം കിട്ടിയ സന്തോഷത്തില്‍ വേഗം സ്ഥലം വിടുകയാണവര്‍ ചെയ്തത്.
ഇത് മുസ്‌ലിംകള്‍ക്ക് അല്ലാഹു ചെയ്തുകൊടുത്ത വലിയൊരു അനുഗ്രഹമാണ്.
ഇനി ആയത്തുകള്‍ പഠിക്കാം.
وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ الْمُؤْمِنِينَ مَقَاعِدَ لِلْقِتَالِ ۗ وَاللَّهُ سَمِيعٌ عَلِيمٌ (121)
നബിയേ, അങ്ങ് രാവിലെ വീട്ടില്‍ നിന്നിറങ്ങി ഉഹുദ് യുദ്ധത്തിനുവേണ്ടി മര്‍മസ്ഥാനങ്ങളില്‍ സത്യവിശ്വാസികളെ വിന്യസിച്ച ഘട്ടം സ്മരിക്കുക. (അപ്പോള്‍ നിങ്ങള്‍ പറഞ്ഞതും വിചാരിച്ചതും)) നന്നായി കേള്‍ക്കുകയും അറിയുകയും ചെയ്തവനാണ് അല്ലാഹു.
---------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment