ഇത് ഇസ്‍ലാമിക ജ്ഞാനശാസ്ത്രത്തിനൊരാമുഖം തന്നെ, തീര്‍ച്ച
ഇസ്‍ലാമിക ജ്ഞാനശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമേയങ്ങളെ കുറിച്ച് വ്യവസ്ഥാപിതമായ രീതിയില്‍ അവലോകനം നടത്തുന്ന ബൃഹത്തായ ഗ്രന്ഥമാണ് Essentials of Islamic Epistemology: A philosophical Inquiry into the Foundation of Knowledge. ഇന്തോനേഷ്യന്‍ സ്വദേശിയും യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. മുല്യാദി കര്‍ദനഗാരയാണ് കൃതിയുടെ രചയിതാവ്. ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തിനൊരാമുഖം എന്ന തലക്കെട്ടില്‍ ഹസീം മുഹമ്മദ് തയ്യാറാക്കിയ മലയാള വിവര്‍ത്തനം, ബുക്പ്ലസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സരളമായ ഭാഷാ ശൈലിയും ആവിഷ്‌കാര ഭംഗിയും സൂക്ഷിക്കുന്നതോടൊപ്പം വസ്തുതകളെ ഗൗരവതാരമായി സമീപിക്കാനും മനസ്സിലാക്കാനും വായനക്കാരനെ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഈ കൃതി. ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തെ അടുത്തറിയാന്‍ സഹായിക്കുന്നതോടപ്പം ജ്ഞാനശാസ്ത്രവുമായി ബന്ധപ്പെട്ട പാശ്ചാത്യ ലോക-വീക്ഷണങ്ങളെ മനസ്സിലാക്കാനും കൃതിയിലൂടെ സാധിക്കുന്നു. മാത്രവുല്ല, ഇവ രണ്ടും തമ്മിലുള്ള ആരോഗ്യകരമായ ആശയ കൈമാറ്റങ്ങളെ കുറിച്ചും വളരെ വ്യക്തമായി തന്നെ കര്‍ദനഗാര പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ശാസ്ത്രത്തിന്റെയും അറിവിന്റെയും നിര്‍വചനം വസ്തുനിഷ്ഠമായി അവതരിപ്പിച്ച് കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. അറിവും ശാസ്ത്രവും തുല്യമായ അര്‍ത്ഥ വ്യാപ്തി പങ്കുവെക്കുന്നുണ്ടോ എന്ന ചോദ്യത്തില്‍ നിന്നാണ് ആദ്യ അധ്യായം വികസിക്കുന്നത്. അതോടൊപ്പം മതത്തിന്റെയും ശാസ്ത്രത്തിന്റെയും ഉള്ളടക്കങ്ങളും ആദ്യ ഭാഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
തുടര്‍ന്ന് ശാസ്ത്രം, തത്ത്വചിന്ത, മതം എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം കര്‍ദനഗാര അറിവുല്‍പാദനത്തിന്റെ സ്രോതസ്സുകളെ പരിശോധിക്കുന്നത് കാണാം. പഞ്ചേന്ദ്രിയങ്ങളുടെ കര്‍മ പരിസരത്തെ അപഗ്രഥിച്ച്, അതിന്റെ പരിമിതികളെ ഉദാഹരണ സഹിതം വിശദീകരിച്ച് കൊണ്ടാണ് കര്‍ദനഗാര അടുത്ത ഭാഗങ്ങളായ 'യുക്തി 'യിലേക്കും 'ഹൃദയത്തി'ലേക്കും കടക്കുന്നത്. ഇതിനിടയില്‍ ആന്തരിക ജ്ഞാനേന്ദ്രിയങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.
നാലാം അധ്യായത്തില്‍ വസ്തുക്കളുടെ സത്താപരമായ സ്ഥാനത്തെയാണ് അപഗ്രഥിക്കാന്‍ ശ്രമിക്കുന്നത്. പ്രസ്തുത അധ്യായത്തില്‍ സത്വത്തെ കുറിച്ചുള്ള മുസ്‌ലിം തത്വചിന്തകരുടെ സിദ്ധാന്തങ്ങളിലേക്കും രചയിതാവ് കടക്കുന്നത് കാണാം.
തുടര്‍ന്ന്, ദൈവം, മാലാഖ, ആകാശലോകങ്ങള്‍, ഐഹിക വസ്തുക്കള്‍ എന്നിവ ചര്‍ച്ചക്ക് വിധേയമാക്കിയ ശേഷം അറിവിന്റെ സത്താപരതയെയാണ് അടുത്തൊരു അധ്യായമായി തന്നെ കര്‍ദനഗാര പര്യാലോചിക്കുന്നുണ്ട്. അവിടെയാണ് അഭൗതിക ശാസ്ത്രവും (metaphysics) അനുബന്ധങ്ങളും ഒപ്പം ഭൗതിക ശാസ്ത്ര സംവിധാനവും ചര്‍ച്ചക്ക് വരുന്നത്.
തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വസ്തുക്കളുടെ യാഥാര്‍ത്ഥ്യത്തെ സമീപിക്കാന്‍ വേണ്ട ശാസ്ത്രീയ രീതികളെ മനസ്സിലാക്കി തരുന്നു. വസ്തുനിഷ്ഠത (objectivity), ആത്മനിഷ്ഠത (subjectivity), സത്യത്തെയും അതിന് സമീപിക്കാനാവശ്യമായ അനുഭവസിദ്ധവും (empirical), യുക്തിപരവുമായ മാര്‍ഗങ്ങള്‍, മിസ്റ്റിക് അനുഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍, പ്രവാചകത്വത്തോടുള്ള തത്വചിന്താപരമായ സമീപനം, ഫാറാബി, ഇബ്‌നു സീന തുടങ്ങിയവരുടെ കാഴ്ചപ്പാടുകള്‍ എന്നിവയാണ് പ്രതിപാദിക്കുന്നത്.
പ്രപഞ്ചാതീത പ്രയാണങ്ങള്‍ വിഷയീഭവിക്കുന്ന ഭാഗത്ത് ഇബ്‌നു സീനയുടെ രിസാലതുത്വയ്‌റിനെയും സുഹ്‌റവര്‍ദി ഇമാമിന്റെ അല്‍ ഗുര്‍ഫതുല്‍ ഗര്‍ബിയ്യ എന്ന കൃതിയെയും ഗ്രന്ഥകാരന്‍ അവലോകന വിധേയമാക്കുന്നുണ്ട്. വാദങ്ങള്‍ സമര്‍ത്ഥിക്കുന്നതിനായി കൃത്യവും വ്യക്തവുമായ ഉദാഹരണങ്ങളും രചയിതാവ് കൊണ്ടുവരുന്നുണ്ട്.
കൃതിയില്‍ ഏറ്റവും സുപ്രധാനമായി തോന്നിയത് അവസാനത്തെ മൂന്ന് അധ്യായങ്ങളാണ്. അറിവിന്റെ സ്വാഭാവികവല്‍കരണവും (naturalization of knowledge) അതിന്റെ കീഴില്‍ വരുന്ന അറിവിന്റെ യവനവല്‍കരണം (Hellenization of knowledge), അതിന്റെ തന്നെ ക്രൈസ്തവവല്‍കരണം (christianization of knowledge), ഇസ്‌ലാമിക വല്‍കരണം (islamisation of knowledge), മതേതര വല്‍കരണം (modernization of knowledge) തുടങ്ങിയവയാണ് അവിടെ ചര്‍ച്ചക്ക് വരുന്നത്.
അവസാന രണ്ട് രീതികളെ സമീപിക്കാന്‍ രണ്ട് അധ്യായങ്ങള്‍ കൂടി പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. അറിവിന്റെ ഇസ്‌ലാമികവല്‍കരണം എന്ന ഭാഗത്ത് ഗ്രന്ഥകര്‍ത്താവ് അറിവിനെ ഇസ്‌ലാമികവല്‍കരിക്കേണ്ടതിന്റെ അനിവാര്യതയും ഇസ്‌ലാമികവല്‍കരണത്തിനുള്ള പുതിയ മാതൃകകളെയുമാണ്ചൂണ്ടിക്കാണിക്കുന്നത്.
വിശദമായ അന്വേഷണങ്ങളും നിരന്തരമായ പ്രയത്‌നവുമാണ് ഈ ഗ്രന്ഥത്തിന്റെ പൂര്‍ത്തീകരണത്തിന് നിദാനമായത് എന്ന് ഗ്രന്ഥത്തിന്റെ കെട്ടും മട്ടും വീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാകും. ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തെ തുടക്കക്കാര്‍ക്ക് മനസ്സിലാകും വിധം അപഗ്രഥിക്കുന്ന ബൃഹത്തായ ഉദ്യമമായി ഇതിനെ നമുക്ക് കണക്കാക്കാം.
രചയിതാവിനെ കുറിച്ച്
ഇന്തോനേഷ്യന്‍ സ്വദേശിയാണ് ഡോ. മുല്യാദി കര്‍ദനെഗാര. ജക്കാര്‍ത്ത സ്റ്റേറ്റ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കുകയും അമേരിക്കയിലെ ചിക്കാഗോ യൂണവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടുകയും ചെയ്തു. 2015ല്‍ സ്ഥാപിതമായ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഫിലോസഫിക്കല്‍ സ്റ്റഡീസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (CIPSI) ഡയറക്ടറും കൊലാലംബൂര്‍ ISTAC ല്‍ സീനിയര്‍ വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു അദ്ദേഹം. Tearing aside the veil of ignorance: an introduction to Islamic epistemology, knowledge integration: a holistic reconstruction, Religious Reasoning: Understanding the Nature of God, Nature, and Manp തുടങ്ങിയവ അദ്ദേഹത്തിന്റെ മറ്റു കൃതികളാണ്.
Leave A Comment