മവാലി: അനറബികളുടെയും അടിമകളുടെയും കയ്യൊപ്പ്
കൃത്യമായൊരു ഗവണ്‍മെന്റ് വ്യവസ്ഥയോ രാഷ്ട്രസംവിധാനമോ നിലവിലില്ലാത്ത കാലമായിരുന്നു ഏഴാം നൂറ്റാണ്ട് പൊതുവെ. കുടുംബവും ഗോത്രവുമായിരുന്നു അവരുടെ സര്‍വാശ്രയസംവിധാനം. കോടതിയും നിയമവ്യവസ്ഥയുമെല്ലാം ഗോത്രാടിസ്ഥാനത്തിലായിരുന്നു അന്ന് നിലനിന്നിരുന്നത്. അവിടെയാണ് ഗോത്രാധീശത്വത്തെ ചോദ്യം ചെയ്ത് കൊണ്ട് ഇസ്‍ലാം കടന്നുവരുന്നത്. സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പാഠങ്ങള്‍ പ്രവാചകര്‍ അവര്‍ക്ക് പകര്‍ന്നുനല്‍കി. അങ്ങനെ വിമോചനമന്ത്രങ്ങള്‍ ഇസ്‍ലാമിന്റെ വളര്‍ച്ചയുടെ ഭാഗമായി മാറി.
വിദേശികളായ അറബികള്‍ക്കും മോചിപ്പിക്കപ്പെട്ട അടിമകള്‍ക്കും വിവിധ ഗോത്രങ്ങളില്‍ ചേരാനുള്ള അവസരം വരെ ഇതിന്റെ ഭാഗമായി പലയിടത്തുമുണ്ടായി. അത്തരത്തില്‍ വിവിധ ഗോത്രങ്ങളില്‍ ചേര്‍ന്നവരെയാണ് മൌലമാര്‍, മവാലികള്‍ എന്ന് വിളിച്ചിരുന്നത്. ഇസ്‍ലാമിന്റെ ആദ്യനൂറ്റാണ്ടുകളില്‍ മവാലികള്‍ കൊണ്ട് വിവക്ഷിക്കപ്പെട്ടിരുന്നതും, ഇത്തരത്തില്‍ ചേര്‍ന്ന അടിമകളും ഇതര നാട്ടുകാരുമായിരുന്നു. മുന്നോട്ട് പോകും തോറും, വ്യത്യസ്തസമയങ്ങളില്‍ മവാലിക്ക് വിശാലമായ അര്‍ഥങ്ങള്‍ കൈവന്നുകൊണ്ടിരുന്നു. അനറബികളായ പുതുമുസ്‍ലിംകളും പലപ്പോഴും ആ ഗണത്തില്‍ ഉള്‍കൊള്ളാന്‍ തുടങ്ങിയത് അങ്ങനെയാണ്.
ഇസ്‍ലാം അറേബ്യക്ക് പുറത്തേക്ക് വ്യാപിച്ചതോടെ, അടിമസമ്പ്രദായം ഗണ്യമായി നിലനിന്നിരുന്ന അവിടങ്ങളിലെ അടിമകളെല്ലാം യുദ്ധത്തടവുകാരായും മറ്റും ഇസ്‍ലാമിലേക്ക് കടന്നുവരുകയും ശേഷം അടിമവിമോചനത്തിലൂടെ ഇസ്‍ലാമില്‍ പൂര്‍ണ്ണമായൊരസ്തിത്വം നേടിയെടുക്കുകയും ചെയ്തു. ഈ അടിമകളും അനറബികളും സുപ്രധാനമായ പല സംഭാവനകളും ഇസ്‍ലാമിക ലോകത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ചിലപ്പോൾ അറബികളേക്കാൾ പല മേഖലകളിലും തിളങ്ങി നിന്നത് അവരായിരുന്നു എന്ന് വരെ പറയാം. എന്നാല്‍ അവരര്‍പ്പിച്ച സംഭാവനകളെ വേണ്ടവിധം വായിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഹിജ്‌റ നാനൂറുകള്‍ക്ക് മുമ്പ് മരണപ്പെട്ട ആയിരക്കണക്കിന് പണ്ഡിതരുടെ പട്ടികപരിശോധിക്കുമ്പോള്‍ ഇസ്‍ലാമികാധ്യാപനങ്ങളുടെ വിവിധ മേഖലകളില്‍ (ഹദീസ്, ഫിഖ്ഹ്, തഫ്‌സീര്‍, നഹ്‍വ്, ഖിറാഅത്ത്) 51 ശതമാനം അറബികളും 49 ശതമാനം അനറബികളുമായിരുന്നു എന്നതാണ് വസ്തുത. ഇസ്‍ലാമിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ 90 ശതമാനത്തോളം അറബികളുണ്ടായിരുന്ന സ്ഥാനത്ത് വെറും 10 ശതമാനം മാത്രമായിരുന്നു അനറബികളുണ്ടായിരുന്നത്. പക്ഷേ, നാലാം നൂറ്റാണ്ടായതോടെ പ്രസ്തുത കണക്കില് സാരമായ മാറ്റം വരുകയും അനറബികള്‍ അറബികളേക്കാള്‍ 65- 35 ശതമാനമെന്ന കണക്കിലേക്ക് എത്തിപ്പെടുകയും ചെയ്തു. ത്വബഖാത്തുല്‍ ഫുഖഹാഇല്‍ അബൂ ഇസ്ഹാഖ് അല്‍ശീറാസി (വ.476) ഇസ്‍ലാമിന്റെ ആദ്യ രണ്ട് നൂറ്റാണ്ടുകളിലെ കണക്കുകള്‍ നിരത്തി അറബി-അനറബി അനുപാതത്തെ വിവരിക്കുന്നത്, മദീനയില്‍ 8:2, മക്കയില്‍ 2:8, സിറിയയില്‍ 7:3, ഈജിപ്തില്‍ 4:4, കൂഫയില്‍ 7:3 എന്ന നിലയിലാണ്.
നാല് ഖലീഫമാരുടെ കാലത്തും മവാലികള്‍ ഇസ്‍ലാമിക വിദ്യഭ്യാസത്തിലും ഗവണ്‍മെന്റ് സംവിധാനങ്ങളിലും മുഖ്യമായ പങ്ക് വഹിച്ചിരുന്നു. ഉമര്‍ (റ) വിന്റെ കാലത്ത്, ഹജ്ജിനിടയില്‍ മക്കയുടെ ചുമതലാധികാരം ഏല്‍പിക്കപ്പെട്ടയാളെ ഉമര്‍(റ) കാണാനിടയായി. താങ്കളുടെ ഉത്തരവാദിത്വം ആരെയേല്‍പ്പിച്ചിട്ടാണ് വന്നതെന്ന ചോദ്യത്തിന്, ഞാന്‍ ഇബ്‌നു അബ്‌സായെയാണ് ഏല്‍പ്പിച്ചിട്ടുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടിമകളില്‍ പെട്ടയാളാണ് ഇബ്നു അബ്സ എന്നറിഞ്ഞപ്പോള്‍, ഉമര്‍(റ) പ്രതിവചിച്ചു, നിങ്ങള്‍ ഒരടിമയെയാണ് ഉത്തരവാദിത്വം ഏല്‍പ്പച്ചത് അല്ലേ. അയാള്‍ പറഞ്ഞു, അയാള്‍ക്ക് ഖുര്‍ആന്‍ ഓതാനും മതപരമായ ബാധ്യതകളെകുറിച്ചും നന്നായി അറിവുണ്ട്. ഉമര്‍(റ) പറഞ്ഞു, അല്ലാഹു ഈ ദീനിനെ കൊണ്ട് ഒരു കൂട്ടത്തെ ഉയര്‍ത്തുകയും മറ്റൊരു കൂട്ടത്തെ താഴ്ത്തുകയും ചെയ്യുമെന്ന് നബി തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.
അമവീഭരണകാലത്താണ് മവാലിസമ്പ്രദായം വ്യവസ്ഥാപിതമായി നിലവില്‍ വരുന്നത്. പുതുമുസ്‍ലിംകളായ അനറബികള്‍ മവാലി എന്ന തലക്കെട്ടില്‍ അറിയപ്പെട്ട് പോന്നെങ്കിലും അറബികളെക്കാള്‍ താഴ്ന്ന സ്ഥാനമായിരുന്ന അവര്‍ക്ക് സമുദായത്തില്‍ ലഭിച്ചിരുന്നത്. മുസ്‍ലിംകളായിട്ട് പോലും പലപ്പോഴും അവര്‍ ജിസ്‍യ വരെ കൊടുക്കാന്‍ നിര്‍ബന്ധിതരായിരുന്നത്രെ. അമവീ ഗവണ്‍മെന്റിന്റെ അറബ് മുസ്‍ലിംകളോടുള്ള അമിത പരിഗണന, സംവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വരെ കാരണമായി. പല പണ്ഡിതരും അതിനെതിരെ രംഗത്തെത്തി. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച മുസ്‍ലിംകള്‍ക്കിടയിലെ തുല്യതാമാനോഭാവത്തെ തച്ചുടക്കുന്നതാണ് ഇത്തരം നിലപാടുകളെന്ന് അവര്‍ വാദിച്ചു.
ഈ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പര്യവസാനം കുറിച്ചത് ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) ആണ്. ആദ്യകാല അമവികള്‍ ഗോത്രസമ്പ്രദായത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, പിന്നീടുള്ള കാലങ്ങളില്‍ അവര്‍ മവാലിയെ അടിസ്ഥാനമായി സ്വീകരിക്കുന്നതാണ് നാം കാണുന്നത്. ക്രിസ്ത്വബ്ദം 720 കളോടെ ഇക്കൂട്ടര്‍ അറബിഭാഷ സംസാരിക്കാന്‍ തുടങ്ങുകയും അറബികളുമായി പരസ്പരം വിവാഹബന്ധം സ്ഥാപിക്കുകയും ചെയ്തു. കച്ചവടത്തിലും പാണ്ഡിത്യത്തിലുമവര്‍ വ്യുല്‍പത്തിനേടി.
ഇബ്‌നു ശിഹാബ് അല്‍ സുഹ്‍രി ഒരു യാത്രകഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഖലീഫ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ ഇബ്‌നു ശിഹാബിനോടേ് പോയ നാടുകളിലെ നേതാക്കളെകുറിച്ച് ചോദിച്ചു. അതിനെല്ലാം ഇബ്‌നു ശിഹാബ്(റ) മറുപടി പറഞ്ഞത്, മവാലികളുടെ പേരുകളായിരുന്നു. അവസാനം കൂഫയിലെ ഭരണാധികാരിയാരാണെന്ന് ചോദിച്ചപ്പോള്‍ മാത്രമാണ് ഒരു അറബിയുടെ പേര് പറഞ്ഞത്.
അബ്ബാസികാലഘട്ടമായതോടെ അറബികള്‍ക്കും മവാലികള്‍ക്കുമിടയില്‍ നിലനിന്നിരുന്ന എല്ലാ വര്‍ഗീകരണങ്ങളെയും വ്യത്യാസങ്ങളെയും അവര്‍ എടുത്ത് കളഞ്ഞു. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയവര്‍ സാമൂഹിക, സാമ്പത്തിക, വിദ്യഭ്യാസ സ്വാതന്ത്ര്യങ്ങള്‍ നേടിയെടുത്തു. അവര്‍ അറബീ ഭാഷാ പാണ്ഡിത്യം നേടുകയും രാഷ്ട്രീയവും മതപരവുമായ സ്ഥാനങ്ങളില്‍ എത്തിപ്പെടുകയും ചെയ്തു. അബ്ബാസി കാലഘട്ടം പുരോഗമിക്കുന്നതോടെ അറബി-അനറബികള്‍ക്കിടയിലെ ഗോത്ര വര്‍ഗ്ഗ വ്യത്യസങ്ങള്‍ക്ക് പൂര്‍ണമായും അറുതിവരുന്നത് ഇങ്ങനെയാണ്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനറബികളുടെ സാന്നിധ്യം പുഷ്‌കലമായത് ഇക്കാലത്താണ്. അബ്ബാസികളുടെ മിക്ക എഴുത്തുകാരും പേര്‍ഷ്യയില്‍ നിന്നുള്ളതായിരുന്നെന്നത് അതിനുദാഹരണമാണ്. ഇബ്‌നു ഖല്‍ദൂന്‍ പറയുന്നത്, "ഇസ്‍ലാമിക പാരമ്പര്യത്തില്‍ അറിവ് കരഗതമാക്കിയിരുന്നത് അനറബികളായിരുന്നുവെന്നാണ്." സുന്നി ഹദീസ് ഗ്രന്ഥശേഖരങ്ങളിലേക്ക് നോക്കുമ്പോള്‍ ആറ് പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളുടെ സമാഹര്‍ത്താക്കളും അനറബികളായിരുന്നെന്ന് കാണാം. കൂടാതെ അതില്‍ കൂടുതല്‍ ഹദീസ് ഉദ്ദരിച്ചിരുന്നവരും മവാലികളായിരുന്നു.
ചരിത്രത്തിലെ മവാലി പണ്ഡിതന്മാരിൽ ചിലർ
അബ്ബാസ്(റ)വിന്റെ അടിമയായിരുന്ന ഇക്‍രിമ ഹദീസ്, കര്‍മശാസ്ത്രം, തഫ്‌സീര്‍ എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച പണ്ഡിതനായിരുന്നു.
അമ്പതില്‍ പരം പ്രവാചകാനുയായികളെ നേരിട്ട് കണ്ട ത്വാഊസ് ബിന് കൈസാന്‍ ഇബ്‌നു അബ്ബാസ്(റ)വിന്റെ ശിഷ്യരിലൊരാളും ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് എന്നവരുടെ അധ്യാപകനുമായിരുന്നു.
പേര്‍ഷ്യക്കാരനായ സുലൈമാന്‍ ബിന്‍ യാസര്‍ പ്രവാചക പത്‌നി മൈമൂന(റ) മോചിപ്പിച്ച അടിമയായിരുന്നു, അതോടൊപ്പം മദീനയിലെ ഏഴ് കര്‍മശാസ്ത്ര പണ്ഡിതരിലൊരാളുമായിരുന്നു അദ്ദേഹം.
സീരീന്‍ വംശജനായ, മാലിക്(റ)വിന്റെ മോചിത അടിമയായിരുന്ന ഇബ്‌നു സീരീന്‍ തഫ്‌സീര്‍, ഹദീസ്, സ്വപ്‌ന വ്യാഖ്യാനം, ഫിഖ്ഹ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച പണ്ഡിതനായിരുന്നു.
പേർഷ്യക്കാരനും പ്രമുഖ വ്യാകരണ പണ്ഡിതനുമായ ഇമാം സീബവൈഹിയും വിശ്വാസികളുടെ ഹദീഥിലെ നേതാവ് എന്ന് പേരുള്ള ഖുറസാൻകാരനായ അബ്ദുല്ല ബിൻ മുബാറകും മറ്റു ഉദാഹരണങ്ങളാണ്.
കടപ്പാട് : yaqeeninstitute
Leave A Comment