തുര്‍കി-സിറിയ ഭൂകമ്പം, മനുഷ്യത്വ പരവും രഹിതവുമായ ചില ചിത്രങ്ങള്‍
ലോകം മുഴുക്കെ ഇന്ന് തുര്‍ക്കിയിലേക്കും സിറിയയിലേക്കുമാണ് കണ്ണ് നട്ടിരിക്കുന്നതെന്ന് പറയാം. ഓരോ നിമിഷവും പുറത്ത് വന്ന് കൊണ്ടിരിക്കുന്ന ചിത്രങ്ങളും എല്ലാം നഷ്ടപ്പെട്ടവരുടെ രംഗങ്ങളും കരളലയിപ്പിക്കുന്നതാണ്. ഒരു പിടി ചിത്രങ്ങളാണ് ഈ ദുരന്തം മുന്നോട്ട് വെക്കുന്നത്.
അല്ലാഹുവിന്റെ അലംഘനീയമായ വിധിയെ സധൈര്യം ക്ഷമാപൂര്‍വ്വം സ്വീകരിക്കുന്ന ഉറച്ച മനസ്സുള്ള ഒരു പറ്റം മനുഷ്യരുടേതാണ് ആദ്യമായി നമ്മെ കോരിത്തരിപ്പിക്കുന്ന ചിത്രങ്ങള്‍. എല്ലാം തകര്‍ന്നിട്ടും ജീവന്‍ ബാക്കിയായതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നവര്‍, മക്കളുടെയും ബന്ധുക്കളുടെയും ജീവനറ്റ ശരീരങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തേക്ക് കൊണ്ട് വരുമ്പോഴും തക്ബീര്‍ മുഴക്കി സ്വീകരിക്കുന്നവര്‍, അതിശൈത്യത്തില്‍ ഏകാശ്രയമയായുണ്ടായിരുന്ന അഭയാര്‍ത്ഥിതമ്പ് പോലും തകര്‍ന്നിട്ടും, അല്‍ഹംദുലില്ലാഹ് പറയുന്ന മാതാപിതാക്കള്‍... മനുഷ്യജീവിതത്തില്‍ ദൈവവിശ്വാസമുണ്ടെങ്കിലേ ചിലപ്പോഴെങ്കിലും പിടിച്ചു നില്‍ക്കാനാവൂ എന്ന് തെളിയിക്കുന്നതാണ് ഇവയെല്ലാം.
അതോടൊപ്പം, കേട്ട് മാത്രം പരിചയമുള്ള, എത്രയോ വിദൂരത്ത് സ്ഥിതി ചെയ്യുന്ന നാടുകളായിട്ട് പോലും, ദുരിതത്തെ നേരിടാനും അതിജയിക്കാനുമായി ലോകം മുഴുക്കെ അങ്ങോട്ട് സഹായഹസ്തങ്ങളുമായി ഓടിയെത്തുന്നതും വല്ലാത്തൊരു കാഴ്ച തന്നെ. എല്ലാ അഭിപ്രായാന്തരങ്ങളും മറന്ന് ലോകരാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും ഭക്ഷണവും വസ്ത്രവും മരുന്നുമായി അവിടെ എത്തിക്കഴിഞ്ഞു. പല രാഷ്ട്രങ്ങളും രക്ഷാപ്രവര്‍ത്തകരെയും അയച്ച് കൊടുത്തു എന്ന് മാത്രമല്ല, അവരെല്ലാം ചേര്‍ന്ന് സ്വജീവന്‍പോലും മറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത് കാണുമ്പോള്‍, അടിസ്ഥാനപരമായി മനുഷ്യന്‍ ഒന്നാണെന്നും ആപത്ത് സമയത്ത് അവന് എല്ലാം മറക്കാനാവുമെന്നും ഒരിക്കല്‍ കൂടി തെളിയുകയാണ്.
മനുഷ്യസഹോദരങ്ങള്‍ പ്രയാസത്തിലകപ്പെട്ടപ്പോള്‍, നേരിട്ട് അവിടെയെത്താന്‍ സാധിക്കാത്തവരിലധികവും കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യാനും മുന്നോട്ട് വന്നിരിക്കുന്നു. പലയിടത്തും പ്രത്യേക ഫണ്ട് ശേഖരണം തന്നെ നടക്കുകയാണ്. ഒരു മാസത്തെ ശമ്പളം പോലും അതിലേക്കായി മാറ്റി വെച്ചാണ് പല കമ്പനികളിലെയും ജോലിക്കാര്‍ ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
വാര്‍ത്താമാധ്യമങ്ങളും ദുരിതത്തോടൊപ്പം തന്നെ നിലകൊള്ളുന്നു. ലോകമാധ്യമങ്ങളിലധികവും വാര്‍ത്തകളല്ലാത്ത അധികപരിപാടികളും തല്ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നു, വിശിഷ്യാ വിനോദ പരിപാടികള്‍. തുടര്‍ന്ന് വന്നിരുന്ന ഒരു വിനോദപരിപാടിയുടെ ഒരു എപിസോഡ് അറിയാതെ പ്രക്ഷേപണം ചെയ്തതിന് ഒരു ആഗോള ചാനല്‍ മാപ്പ് ചോദിച്ചത് വരെ ലോകം കണ്ടു.
എന്നാല്‍ അതേസമയം, ഈ അവസരത്തില്‍ പോലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നീരൊലിക്കുന്നവരും ഇല്ലാതില്ല. ഇസ്‍ലാമിനോടും മുസ്‍ലിംകളോടും അടങ്ങാത്ത വെറുപ്പും വിദ്വേഷവും വെച്ച് പുലര്‍ത്തുന്ന ഫ്രഞ്ച് പ്രസിദ്ധീകരണമായ ചാര്‍ലി ഹെബ്ദോ തുര്‍ക്കി-സിറിയന്‍ ഭുകമ്പത്തെയും അതേ കണ്ണോട് കൂടി കണ്ടത്, വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ടാങ്കുകളോ ആയുധങ്ങളോ ഒന്നും പ്രയോഗിക്കാതെ തന്നെ നിങ്ങള്‍ തരിപ്പണമായില്ലേ എന്നതായിരുന്നു അവരുടെ ചോദ്യം.
നമ്മുടെ മാതൃരാജ്യമായ ഇന്ത്യ സാധിക്കുന്ന സഹായങ്ങളും പിന്തുണയുമായി കൂടെ നിന്നപ്പോഴും, ചില വ്യക്തികളുടെ വിദ്വേഷം പൊട്ടിയൊലിച്ചത് പല മാധ്യമങ്ങളിലെയും വാര്‍ത്തകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ നോക്കിയാല്‍ മനസ്സിലാക്കാം. സിറിയ ഭരിക്കുന്ന ബശാറുല്‍ അസദ് ഭരണകൂടം, ഈ ദുരിതത്തിനിടയിലും ബോംബ് വര്‍ഷം തുടരുന്നതായുള്ള വാര്‍ത്തകളും ഈ ഗണത്തിലേ കൂട്ടാനൊക്കൂ.
ചുരുക്കത്തില്‍ മനുഷ്യത്വം എന്നത് ഒരു ഗുണമാണ്. അതില്ലാത്തവരോട് സഹതപിക്കാനേ തരമുള്ളൂ. എത്രവലിയ ദുരന്തമുഖങ്ങളും അതില്ലാത്തവര്‍ക്ക് കേവലം തമാശകളും അതിലേറെ പരാജയങ്ങളുമായേ കാണാനാവൂ. അപ്പോഴും, ആ ഗുണവും മഹത്വവും സൂക്ഷിക്കുന്നവരാണല്ലോ ലോകജനസംഖ്യയില്‍ ബഹുഭൂരിഭാഗവും എന്നതാണ് ഈ ജീവിതത്തിന് ഊര്‍ജ്ജവും മൂല്യവും നല്കുന്നത്. അത് കൂടി ഇല്ലെങ്കില്‍, ഭൂമിയുടെ പുറത്തേക്കാള്‍ നല്ലത് അകത്തെ വാസം തന്നെ.
Leave A Comment