നികോളാസ് മോസ്കോവിന്റെ ഇസ്‍ലാം അനുഭവങ്ങള്‍- ഭാഗം 02  ഇസ്‍ലാം ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കുന്ന വിധം

ഇസ്‍ലാമിന്റെ സൗന്ദര്യവും, ചേർത്ത് നിർത്തലും പ്രകടമാക്കുന്ന  നിക്കോളാസ് മോസ്‌കോവിന്റെ  അനുഭവങ്ങൾ.

ഖുർആൻ മുസ്‍ലിമിന്റെ വഴികാട്ടിയാണ്. അല്ലാഹുവിനെ മനസ്സിലാക്കാനുള്ള വിളിയാളം കിട്ടിയതോടെ ഖുർആൻ വായിക്കാനുള്ള അതിയായ ആഗ്രഹം എന്നിൽ ജനിച്ചു. ഞാൻ പതിയെ ഖുർആൻ വായിച്ചു തുടങ്ങി. ദിവസവും 20 ആയത്ത് എന്ന തോതിൽ അർത്ഥവും ആശയവും ഉൾക്കൊണ്ടായിരുന്നു വായന. ഇസ്‍ലാമിനെക്കുറിച്ച് സംശയമുള്ളവർ വളരെ സാവധാനത്തിൽ ഖുർആൻ വായിച്ചു മനസ്സിലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇസ്‍ലാമിന്റെ വലിപ്പവും ആഴവും മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പരിശുദ്ധ ഖുർആൻ. 

ഖുർആൻ ദൈവിക വചനമാണ്. ആ സന്ദേശം പ്രവാചകഹൃദയാന്തരങ്ങളിലേക്ക് നൽകപ്പെട്ടു. ഖുർആൻ പാരായണം ആ ഗ്രന്ഥത്തിന്റെ സൗന്ദര്യാത്മകതയെ ഉയർത്തിക്കാണിക്കുന്നു. മനുഷ്യന്റെ സ്വഭാവ ദൂഷ്യങ്ങളെയും ഹൃദയാന്തരങ്ങളിൽ കുടികൊള്ളുന്ന മലീമസതകളെയും ഖുർആൻ വളരെ കൃത്യമായി നിർവചിക്കുന്നു എന്നതാണ് ഇതര ഗ്രന്ഥങ്ങളിൽ നിന്ന്  ഖുർആൻ എനിക്ക് വ്യത്യസ്തമായി തോന്നിയത്. ഏത് പ്രശ്നത്തിന്റെ പരിഹാരവും ഖുർആനിൽ ഉണ്ട്  എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. 

ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങൾ

ശഹാദത്തുകലിമയും നിസ്കാരവും സകാതും നോമ്പും ഹജ്ജും ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പെട്ടതാണ്. ഒരു മനുഷ്യനെ ഏറ്റവും നല്ലൊരു സാമൂഹ്യജീവിയാക്കി മാറ്റാന്‍ ഇവയേക്കാള്‍ നല്ലൊരു മാര്‍ഗ്ഗം വേറെ ഇല്ലെന്ന് പറയാം. ശഹാദത്തിൽ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ലെന്നും  ഞാൻ മുസ്‍ലിമാണെന്നും പ്രഖ്യാപിക്കുന്നു. പിന്നീട് ഓരോ ദിവസങ്ങളിലെ നമസ്കാരത്തിലും ഈ ശഹാദയുടെ ഭാഷയും ആശയവും ആവർത്തിക്കുന്നു. ദിവസത്തിലെ പ്രധാനപ്പെട്ട അഞ്ചു സമയങ്ങളിൽ അവനെ ഓർക്കാനുള്ള ശ്രമം വിശ്വാസിയെ വിനയത്തിന്റെ മൂർദ്ധന്യതയിൽ എത്തിക്കുന്നു. നിസ്കാരം ഭക്തി വളർത്തിയെടുക്കുവാൻ വിശ്വാസിയെ പ്രേരിപ്പിക്കുന്നു. അല്ലാഹുവിനെ കുറിച്ചുള്ള ചിന്തകളിൽ മുഴുകൽ സാധ്യമാകുന്നു.

ജീവിത സമ്പാദ്യം അല്ലാഹുവിന്റെ സമ്മാനമാണ്. നമ്മുടെ സമ്പത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവന്  നൽകൽ ഇസ്‍ലാമിൽ കടമയാണ്. സാമൂഹിക ഉന്നമനം ലക്ഷ്യം വെച്ചുള്ള ധാര എന്ന നിലയിൽ ഇസ്‍ലാം നവീകരിക്കപ്പെടുന്ന ചിന്തയിലൂടെ ആരോഗ്യമുള്ള സമൂഹത്തെയും സമുദായത്തെയും വാർത്തെടുക്കൽ സാധ്യമാകും. ഇസ്‍ലാമിന്റെ ഓരോ ചിന്തയും പ്രതീക്ഷ നൽകുന്നതും പ്രത്യാശയിലേക്ക്  ചേർത്തു നിർത്തുന്നതുമാണ്. ഇതിലൂടെയാണ് ഒരു ഉത്തമ സമുദായത്തെ വാർത്തെടുക്കുവാൻ കഴിയുന്നത്.

Read More: നികോളാസ് മോസ്കോവ് ഭാഗം 01 – ഈ സംതൃപ്തി എല്ലാവരും ഒരിക്കലെങ്കിലും ആസ്വദിച്ചിരുന്നെങ്കില്‍

ലോകത്തിന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കുവാനും അതിനെ മറികടക്കുവാനും വിശ്വാസിയെ അത് നിരന്തരം പ്രേരിപ്പിക്കുന്നു. നമ്മുടെ വ്യക്തിത്വ വികസനം കൂട്ടത്തോടെ സാധ്യമാകുന്ന ഒന്നാണിത്. ഇത്തരം കാര്യങ്ങളാണ്  ഊർജ്ജസ്വലമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് ഐശ്വര്യത്തിലേക്ക് എത്തിയ അറേബ്യയുടെ ചരിത്രം തന്നെ ധാരാളമാണ്. ഖുർആൻ അവതരിപ്പിക്കപ്പെടുന്നതിനു മുമ്പ് അറേബ്യയെ കൊള്ളയടിക്കപ്പെട്ട് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ ഒരു കാലത്തു നിന്നാണ് പ്രവാചകന്റെ ആഗമനത്തിനുശേഷം ഇസ്‍ലാമിന്റെ സുവർണ കാലഘട്ടത്തിലേക്ക് നടന്നടുത്തത്. ആ നവോത്ഥാനം പ്രവാചകന്റെ വിയോഗശേഷവും ആയിരം വർഷത്തോളം നിലനിന്നു. ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത ആ നാടിന്റെ സ്രോതസ്സുകളേക്കാളേറെ അവയുടെ വിനിയോഗത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന ഏറ്റവും വലിയ പാഠമാണ് ഇത് നല്കുന്നത്. 

അതിന്റെ അനുരണനങ്ങളിൽ നിന്ന് വടക്കേ ആഫ്രിക്ക മുതൽ മധ്യേഷ്യ, തെക്കുകിഴക്കൻ ഏഷ്യവരെയുള്ള ഇടങ്ങളിൽ ഇസ്‍ലാമിക സാമ്പത്തിക വികസനം, പങ്കാളിത്തം, വിവിധ ആശയങ്ങളുടെ കൈമാറ്റങ്ങൾ, വിവിധ വംശീയവും മതപരവുമായ ഗ്രൂപ്പുകളുടെ പരസ്പര സഹവാസം എന്നിവയെ പ്രോത്സാഹിപ്പിച്ചു. മിഡിൽ ഈസ്റ്റേൺ നഗരങ്ങൾ മിക്ക വംശങ്ങളിൽപ്പെട്ട ആളുകളെയും കൊണ്ട് നിറഞ്ഞിരുന്നു. എല്ലാ ഇസ്‍ലാമിക രാജ്യങ്ങളിലും എന്നും ബഹുമാനിക്കപ്പെടുന്ന പ്രമുഖ ജൂത സമൂഹങ്ങളുണ്ടായിരുന്നു. മാത്രമല്ല ശാസ്ത്രം വളരുകയും ബീജഗണിതം, ജ്യോതിശാസ്ത്രം, ജ്യാമിതി, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, രസതന്ത്രം എന്നിവയെല്ലാം വികസിക്കുകയും ചെയ്തു. അതോടെ കുറച്ചുകൂടെ ഉൾച്ചേർന്ന ഇസ്‍ലാം സാധ്യമായി എന്നർത്ഥം.

ഭിന്നതകളെ മറികടക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും ആശയങ്ങൾ കൈമാറാനും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും പരിപാലിക്കാനും ഇസ്‌ലാം അതിന്റെ അനുയായികളോട് ആവശ്യപ്പെടുകയും അതിന് പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ചരിത്രത്തിലുടനീളമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ രക്ഷയുടെ ഉറവിടമായി ഇസ്‍ലാമിനെ കണ്ടത്. മാത്രമല്ല വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും വരെ ഇസ്‍ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം വളരെ വലുതാകുന്നത്. കേവലം നമുക്കുവേണ്ടിയോ നമ്മുടെ രാജ്യത്തിനുവേണ്ടിയോ ഭൗതിക ജീവിതം നയിക്കാൻ  മറ്റ് പ്രത്യയശാസ്ത്രങ്ങൾ  പ്രോത്സാഹിപ്പിക്കുമ്പോൾ, തഖ്‌വ വളർത്തിയെടുക്കുന്നതിനുള്ള വ്യക്തിഗത പ്രചോദനത്തിലൂടെ ദൈവാനുസൃതം പ്രവർത്തിക്കാനും അതിലൂടെ നമ്മുടെ സമൂഹത്തെ  കെട്ടിപ്പടുക്കാനും ഇസ്‌ലാം  പ്രേരിപ്പിക്കുന്നു. മരണാനന്തരമുള്ള ജീവിതത്തിലെ വിശ്വാസവും അവിടെ ലഭിക്കുന്ന അനന്തമായ പ്രതിഫലങ്ങളും മുസ്‍ലിംകളെ ഇതിന് ഏറെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇസ്‍ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളെ പൂർണമായി ഇല്ലാതാക്കാൻ എനിക്ക് കഴിയുമെന്ന വ്യാമോഹമില്ല. പക്ഷേ ഇസ്‍ലാം എന്ന ചിന്തയുടെ ശക്തിയെക്കുറിച്ചും  എന്റെ വിനീതമായ ആലോചനകളുടെ വഴിയിയെ കുറിച്ചും പങ്കുവെക്കാൻ  എനിക്ക് കഴിയും. ഇസ്‌ലാം എന്റെ ജീവിതത്തെയും എന്റെ ബന്ധങ്ങളെയും നന്നായി സ്വാധീനിച്ചിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. വിശുദ്ധ ഖുർആനിന്റെ  സൗന്ദര്യവും അതിന്റെ മഹിമയും നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരു അമുസ്‍ലിമിനെയും അത് പ്രചോദിപ്പിക്കും എന്നത് തീർച്ചയാണ്. ഞാന്‍ തിരിച്ചറിഞ്ഞ, അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്ത ആ സത്യം, എന്റെ മുഴുവന്‍ മനുഷ്യസഹോദരങ്ങള്‍ക്കും അനുഭവിക്കാനായെങ്കിലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഈ തുറന്ന് പറച്ചില്‍ അതിന് വേണ്ടി മാത്രമാണ്, നാഥന്‍ സ്വീകരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter