എന്തുകൊണ്ടാണ് ഞാനിപ്പോഴും മുസ്‍ലിമായിരിക്കുന്നത്
റമദാന്‍ മാസത്തിലെ അവസാനദിനമാണ് ഇന്ന്. ഈ ഒരു മാസം, പ്രഭാതം മുതല്‍ അസ്തമയം വരെ, ജലപാനം പോലുമില്ലാതെ നോമ്പ് അനുഷ്ഠിച്ചവരാണ് എല്ലാ മുസ്‍ലിംകളും, ഞാനും അങ്ങനെത്തന്നെ. ഇത് ഏറെ പ്രയാസകരമല്ലേ എന്നും, എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും പലരും ചോദിച്ചേക്കാം. എന്തുകൊണ്ടാണ് ഞാന്‍ ഇപ്പോഴും മുസ്‍ലിം ആയി തുടരുന്നത് എന്ന് ചോദിക്കുന്നവര്‍ വരെയുണ്ട്. പൊതുവെ വിമര്‍ശന-അപഗ്രഥന മനസ്സുള്ള എനിക്കും, ഈ ചോദ്യങ്ങള്ക്ക്  മറുപടി കണ്ടെത്തേണ്ടതുണ്ടായിരുന്നു. അതിനായുള്ള ശ്രമങ്ങള്‍ എന്നെ കൂടുതല്‍ മുസ്‍ലിമാക്കുകയാണ് യഥാര്ത്ഥത്തില്‍ ചെയ്തത്. അവ വായനക്കാരുമായി പങ്ക് വെക്കണമെന്ന് കൂടി ആഗ്രഹം തോന്നിയത് കൊണ്ടാണ് ഇത് കുറിക്കുന്നത്.
ആദ്യമേ പറയട്ടെ, ഈജിപ്തില്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനൊരു നിരീശ്വരവാദി ആയിരുന്നേനെ. ഇപ്പോള്‍ ഒരു പാശ്ചാത്യ രാജ്യത്ത് സാമൂഹിക സമ്മര്‍ദ്ദങ്ങളോ ഭയാശങ്കകളോ ഇല്ലാതെ ആഗ്രഹിക്കുന്നതെന്തും കൈക്കലാക്കാവുന്ന വിധം ജീവിച്ചിട്ടും എന്നെപ്പോലൊരാള്‍ക്ക് ഇസ്‍ലാം ഉപേക്ഷിക്കുന്നത് ആലോചിക്കാന്‍ പോലും സാധിക്കുന്നില്ല. അതിനുള്ള കാരണം ഇങ്ങനെ ചുരുക്കി പറയാം.
ആരംഭം
ഒരു നിശ്ചിത മതത്തില്‍ ജനിച്ച് സ്വാഭാവികമായി ആ മതത്തിലടിയുറച്ച് വളരുന്ന ഭൂരിപക്ഷം പേരുടെ കഥയല്ല എന്റേത്. പതിനാറാം വയസ്സില്‍ തന്നെ സംശയബുദ്ധിയോടെ, ഞാന്‍ എന്തിന് ഇസ്‍ലാം പിന്തുടരണം, എന്ത്‌കൊണ്ട് മറ്റൊരു മതം ആയിക്കൂടാ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ച് തുടങ്ങിയതാണ്. ഈചോദ്യം ഇസ്‍ലാമിനെക്കുറിച്ച് ആഴത്തിലറിയാനും മറ്റ് മതങ്ങളെക്കുറിച്ച് പഠിക്കാനും എന്നെ പ്രേരിപ്പിക്കുകയും ഒടുവില്‍ ഇസ്‍ലാം തന്നെയാണ് ഏറ്റവും നല്ല മതം എന്ന് നിഷ്പക്ഷമായി തീരുമാനത്തിലെത്തുകയും ചെയ്തവനാണ് ഞാന്‍.
മറ്റ് മതങ്ങളേക്കാള്‍ ശക്തവും സമഗ്രവുമാണ് ഇസ്‍ലാം. യേശുവിലും മോശയിലും മുമ്പുള്ള എല്ലാ അബ്രഹാമിക് മതങ്ങളിലും വിശ്വസിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ ഇത് ഏറെ വിശാലമാണെന്ന് പറയാം.
ഇസ്‍ലാം ഒറ്റനോട്ടത്തില്‍
ലോകമെമ്പാടുമുള്ള 1.8 ബില്യണ്‍ ആളുകള്‍ പിന്തുടരുകയും അതിവേഗം വളരുകയും ചെയ്യുന്ന ഒരുമതവും വ്യവസ്ഥിതിയും ജീവിത രീതിയുമാണ് ഇസ്‍ലാം. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലും മറ്റുമായി 50 രാജ്യങ്ങള്‍ മുസ്‍ലിം ഭൂരിപക്ഷരാജ്യങ്ങളാണ്. മുപ്പത്തിയെട്ടിലധികം ഭാഷകള്‍ സംസാരിക്കുന്ന നാനാതര വംശങ്ങളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും അടങ്ങിയവരാണ് മുസ്‍ലിംകള്‍. 
ഇസ്‍ലാം എന്ന വാക്കിന്റെ അര്‍ത്ഥം സമര്‍പ്പണം എന്നാണ്. ഈ ലോകത്തെ സൃഷ്ടിച്ചത് ഒരേയൊരു ദൈവമാണെന്നും പ്രവാചകന്‍ മുഹമ്മദ് അവന്റെ ദൂതനാണെന്നും ഇസ്‍ലാം ദൈവത്തില്‍ നിന്നുള്ള അവസാന സന്ദേശമാണെന്നും മുന്‍ സന്ദേശങ്ങളെയും മതങ്ങളെയും ഒന്നാക്കി പകരമാക്കപെട്ട മതമാണെന്നും അവര്‍ വിശ്വസിക്കുന്നു. ഭൂമിയലെ എല്ലാ നന്മതിന്മകള്‍ക്കും അനന്തരഫലം നല്‍കപ്പെടുന്ന മരണാനന്തര ജീവിതത്തിലും മുസ്‍ലിംകളുംവിശ്വസിക്കുന്നു.
ഇസ്‍ലാമിക ഗ്രന്ഥത്തെ ഖുര്‍ആന്‍ എന്ന് വിളിക്കുന്നു, അറബിയില്‍ ഒറ്റപ്പതിപ്പില്‍ മാത്രമെഴുതപ്പെട്ട നിരവധിഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഖുര്‍ആനാണ് ഇസ്‍ലാമിന്റെ കാതലായ വേര്.
ഇസ്‍ലാമിന്റെ അടിസ്ഥാനം ഷഹാദത്ത്, നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നീ പഞ്ചസ്തംഭങ്ങളാണ്
ഇസ്‍ലാം കഠിനമാണ്, പക്ഷേ...
ഈ ആധുനിക കാലത്ത് പ്രത്യേകിച്ച് പാശ്ചാത്യ രാജ്യത്ത് ജീവിക്കുന്നൊരാള്‍ക്ക് മുസ്‍ലിമായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇസ്‍ലാമിന്റെ നിയമനിയന്ത്രണങ്ങളും പ്രാര്‍ത്ഥനകള്‍ പോലുള്ള ദൈനംദിന പ്രതിബദ്ധതകളും ചെയ്യുന്നതിനൊപ്പം മുസ്‍ലിം ആയതിന്റെ പേരില്‍ കടുത്ത വിവേചനവും അനുഭവിക്കേണ്ടിവന്നേക്കാം. എന്നാല്‍ ഇതൊക്കെ ഇസ്‍ലാം വിടാന്‍ മതിയായ കാരണമാണോ? ഒരിക്കലുമല്ല, ജീവിതത്തില്‍ നാം ചെയ്യുന്ന കഠിനമായതെന്തും ഉപകാരപ്രദവും ഏറ്റവും പ്രതിഫലമുള്ളതുമാണ്.  ഭക്ഷണ നിയന്ത്രണത്തിനായി നാം സ്വയം ഏറ്റെടുക്കുന്ന ഡയറ്റ്, ഒരു പുതിയ ഭാഷ പഠിച്ചെടുക്കുക, ആരോഗ്യ പരിപാലത്തിനായി ജിമ്മില്‍ പോകുക എന്നിവയെക്കുറിച്ച് ചിന്തിച്ച് നോക്കൂ! വേദനയില്ലാതെ വിജയമില്ല എന്ന ചൊല്ലിന്റെ വക്താവ് കൂടിയാണ് ഞാന്‍.
ഇസ്‍ലാം പുരോഗമന മതമാണ്
ഇസ്‍ലാമിനെ 1400 ലധികം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രാകൃത ആശയധാരയായി ചിലര്‍ കരുതുന്നു. പക്ഷെ കാലത്തിനു മുന്നെ സഞ്ചരിച്ച ഇസ്‍ലാമിക ഗ്രന്ഥമായ ഖുര്‍ആനെ നിഷ്പക്ഷമായി മനസ്സിലാക്കിയാല്‍, അത് എത്രത്തോളം പുരോഗമിച്ചതും ചിന്തനീയവും അമാനുഷികവുമാണെന്ന് നിങ്ങള്‍ അത്ഭുതപ്പെടുമെന്ന് തീര്‍ച്ച.
സാമൂഹിക, മാനവിക, ശാസ്ത്രീയ, പ്രാപഞ്ചിക മേഖലകളെയെല്ലാം ഖുര്‍ആന്‍ പരാമര്ശിച്ചിട്ടുണ്ട് എന്നത് പരമാര്‍ത്ഥമാണ്. ചിന്തിക്കാനും ചോദ്യം ചെയ്യാനും അത് പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രത്തെ ബഹുമാനിക്കുകയും വിജ്ഞാനാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആധുനിക കാലത്ത് മാത്രം തെളിയിക്കപ്പെട്ട ശാസ്ത്രീയമായ ഒട്ടേറെ സത്യങ്ങളിലേക്ക് അത് സൂചന നല്കുന്നു (വലിയ ഉയരങ്ങളും ബഹിരാകാശ പര്യവേഷണവും, പ്രപഞ്ചത്തിന്റെ വികാസം, ആഴക്കടല്‍ തിരമാലകള്‍, ഭ്രൂണശാസ്ത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍, പര്‍വതവേരുകളും ഭൂമിയുടെ ചലനവും, ആകാശത്തിന്റെ സുരക്ഷാസവിശേഷതകള്‍, സങ്കീര്‍ണ്ണമായ മൃഗസമൂഹങ്ങള്‍ എന്നിവയെ കുറിച്ചുള്ള പരാമര്ശങ്ങളും സൂചനകളും ഉദാഹരണം)
ഇതിന് സമാനമായ ശാസ്ത്രീയ അടയാളങ്ങള്‍ കാണിക്കുന്ന സൂക്തങ്ങള്‍ ധാരാളമാണ്. ഇനിയും കണ്ടെത്താനാകാത്ത മറ്റനവധി അടയാളങ്ങള്‍ ഉണ്ടായിരിക്കാമെന്ന് ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നു. ഈ പുസ്തകം എഴുതിയത് ഒരു മനുഷ്യനാണെന്ന് ‌നിങ്ങള്‍ ധരിക്കുന്നുവെങ്കില്‍ ഇത്തരം പുരോഗമനകാര്യങ്ങളെക്കുറിച്ച് അയാള്‍ ഏഴാംനൂറ്റാണ്ടില്‍ എഴുതുകയെന്നത് എത്രത്തോളം അപ്രായോഗികമാണ്.
ഇസ്‍ലാം എന്നെ ഒരു മികച്ച വ്യക്തിയാക്കുന്നു
നിങ്ങള്‍ക്ക് പിന്തുടരാനും ജീവിക്കാനും കഴിയുന്ന ഒരു ജീവിത മാര്‍ഗ്ഗനിര്‍ദ്ദേശ സംവിധാനം പ്രദാനംചെയ്യുന്ന ഒരു സിസ്റ്റം എന്നാണ് ഞാന്‍ ഇസ്‍ലാമിനെ മനസ്സിലാക്കുന്നത്. തീര്‍ച്ചയായും മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വളരെ പ്രായോഗികവും സങ്കീര്‍ണ്ണവുമായ ഒരുസംവിധാനം തന്നെയാണ് ഇസ്‍ലാം. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തെ വ്യത്യസ്ത രീതികളില്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നോക്കാം.

Also Read: എന്തുകൊണ്ട് ഇസ്‌ലാം മാത്രം?

നല്ലപെരുമാറ്റം
ഇസ്‍ലാമിന്റെ പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: ഞാന്‍ നല്ല സ്വഭാവത്തിനുടമയായി അയക്കപ്പെട്ടിരിക്കുന്നു. 
നാം ഇന്ന് ജീവിക്കുന്നത് സ്വാര്‍ത്ഥതയും വ്യക്തിത്വവും ഭൗതികവാദവും നിറഞ്ഞ ഒരു ലോകത്തിലാണ്. കാലത്തിനനുസരിച്ച് മാറാത്ത, ദുഷ്ട വ്യക്തികളാലോ വ്യവസ്ഥിതികളാലോ നിയന്ത്രിക്കപ്പെടാത്ത ഒരുവ്യവസ്ഥിതി ആയതിനാല്‍, മൂല്യങ്ങളും നല്ല പെരുമാറ്റങ്ങളും സ്വീകരിച്ച് നമുക്ക് എങ്ങനെ ഒരു മികച്ച ലോകം സൃഷ്ടിക്കാമെന്ന് ഇസ്‍ലാം എല്ലായ്പ്പോഴും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
മറ്റേതൊരു മതത്തെയും പോലെ, ഇസ്‍ലാം ആളുകളോട് കൊല്ലരുത്, മോഷ്ടിക്കരുത്, കള്ളംപറയരുത് എന്നെല്ലാം ആവശ്യപ്പെടുന്നു. എന്നാല്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ നല്ലപെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിലാണ് ഇസ്‍ലാമിന്റെ സവിശേഷത വ്യക്തമാകുന്നത്. ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും ഇതിന്റെ ഉദാഹരണങ്ങള്‍ കാണാം.
ക്ഷമ മുറുകെപിടിക്കുക, ശരിയായത് ആജ്ഞാപിക്കുക, എന്നാല്‍ അറിവില്ലാത്തവരില്‍ നിന്ന് പിന്തിരിയുക എന്ന ഖുര്‍ആനികാധ്യാപനവും, ശക്തനായ മനുഷ്യന്‍ ഗുസ്തിയില്‍ മിടുക്ക് കാട്ടുന്നവനല്ല, പകരം ദേഷ്യത്തില്‍ സ്വയം നിയന്ത്രിക്കുന്നവനാണ് എന്ന പ്രവാചക വചനവും ഓരോ ഉദാഹരണം മാത്രം.
ആരോഗ്യം
ഇസ്‍ലാം ആളുകളോട് നേരത്തെ ഉണരാനും കുറച്ച് ഭക്ഷണം കഴിക്കാനും പ്രാര്‍ത്ഥനകള്‍ ചെയ്യാനും ദിവസവും 5 പ്രാവശ്യം അംഗശുദ്ധി വരുത്താനും ആജ്ഞാപിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാനും ദിവസേനയുള്ള കൃതജ്ഞതാ സെഷനുകള്‍ നടത്താനും ഇസ്‍ലാം നിഷ്‌കര്‍ഷിക്കുന്നു.  മദ്യം, പുകവലി തുടങ്ങിയ ഹാനികരമായ കാര്യങ്ങള്‍ ഒഴിവാക്കി ശരീരവും മനസ്സും ശക്തിപ്പെടുത്താനും ഇസ്‍ലാം കല്‍പിക്കുന്നു.
പരിസ്ഥിതി
ഏത് മേഖലയിലും അമിത ഉപഭോഗം പൊതുവെ നിരുത്സാഹപ്പെടുത്തുന്ന മതമാണ് ഇസ്‍ലാം. കടലില്‍നിന്ന് വുളു ചെയ്യുമ്പോള്‍ പോലും മൂന്ന് തവണയിലപ്പുറം കഴുകരുത് എന്നാണ് അത് പറയുന്നത്. ഖുര്‍ആനില്‍ മൃഗങ്ങളുടെ പേരുകള്‍ തലക്കെട്ടായും മറ്റും പറയപ്പെടുന്ന ഒന്നിലധികം അധ്യായങ്ങളുണ്ട്. കൂടാതെ ഭൂമി മനുഷ്യരുടെ പ്രവൃത്തികളാല്‍ നശിക്കപ്പെടുന്നുവെന്ന പ്രസ്താവിക്കുന്ന വ്യക്തമായ വാക്യവുമുണ്ട്.  മൃഗങ്ങളോടും പരിസ്ഥിതിയോടും എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ച് പ്രവാചകന്റെ നിരവധി അധ്യാപനങ്ങള്‍ കാണാം.
ഒരു സ്ത്രീ പൂച്ചയെ കെട്ടിയിട്ടു. അതിന് ഭക്ഷണം നല്കില്ല, ഭക്ഷണം തേടിപ്പിടിക്കാനായി അതിനെ വിട്ടയച്ചതുമില്ല. ഇത് കാരണം നരകത്തില്‍ പ്രവേശിച്ച ഒരു സ്ത്രീയുടെ സംഭവ വിവരണം ഒരു ഉദാഹരണം മാത്രം.
വംശീയതയ്‌ക്കെതിരെ
മനുഷ്യരേ! ഒരു ആണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. പരസ്പരം അറിയാനായി നിങ്ങളെ നാം വിഭാഗങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തു. നിങ്ങളില്‍ ഏറ്റവും ദൈവഭയമുള്ളവനാണ് അല്ലാഹുവിങ്കല്‍ ഏറ്റവും ഉത്തമന്‍. നിശ്ചയമായും, അല്ലാഹു പൂര്‍ണ്ണമായ അറിവുള്ളവനാകുന്നു, എന്ന് വിശുദ്ധ ഖുര്ആന്‍ പറയുന്നുണ്ട്.
മനുഷ്യരേ, നിങ്ങളുടെ നാഥന്‍ ഒന്നാണ്, നിങ്ങളുടെ പിതാവ് ഒന്നാണ്, നിങ്ങളെല്ലാവരും ആദമില്‍ നിന്നുള്ളവരാണ്, ആദം മണ്ണില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവനാണ്. അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ദൈവഭയമുള്ളവനാണ്. ദൈവ ഭയമല്ലാതെ അറബിക്ക് അനറബിനേക്കാള്‍ യാതൊരു യോഗ്യതയുമില്ല, പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ ഭാഗമാണ് ഇത്.
പഠനത്തിനും നന്മ ബാക്കിയാക്കലിനുമുള്ള പ്രചോദനം
ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍, അവന്റെ കര്‍മ്മങ്ങള്‍ അവസാനിക്കുന്നു, മൂന്നെണ്ണമൊഴികെ, നിലക്കാത്ത ദാനധര്‍മ്മം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന അറിവ്, അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭക്തനായ പുത്രന്‍ എന്നിവയാണ് അവ, എന്ന പ്രവാചകോപദേശം, നന്മ ശേഷിപ്പിക്കാനുള്ള എത്ര വലിയ ഊര്ജ്ജമാണ് പ്രസരിപ്പിക്കുന്നത്.
ദാനധര്‍മ്മം, ആവശ്യക്കാരെ സഹായിക്കല്‍
ഭക്ഷണത്തോടുള്ള ഇഷ്ടം വകവയ്ക്കാതെ അവര്‍ ദരിദ്രര്‍ക്കും അനാഥര്‍ക്കും ബന്ദികള്‍ക്കും ഭക്ഷണംനല്‍കുന്നു, എന്ന് തുടങ്ങി അന്നദാനത്തെ പ്രോല്‌സാഹിപ്പിക്കുന്ന നിരവധി ഖുര്ആന്‍ സൂക്തങ്ങളും പ്രവാചകാധ്യാപനങ്ങളും കാണാനാവും. ലോകത്ത് നിന്ന് പട്ടിണി തുടച്ചുനീക്കാന്‍ ഇതേക്കാള്‍ ശക്തമായ പ്രോല്‍സാഹനങ്ങള്‍ മറ്റെവിടെയും കാണാനാവുന്നില്ല.
ഇസ്‍ലാം ഉപേക്ഷിച്ചാല്‍ എന്താണ് നേട്ടം
ഏതൊരു കാര്യവും തുടരണോ ഉപേക്ഷിക്കണോ എന്ന് തീരുമാനിക്കുന്നത് നേട്ടങ്ങളെയും കോട്ടങ്ങളെയും അടിസ്ഥാനമാക്കിയാണല്ലോ. ഇസ്‍ലാമിന്റെ കാര്യത്തിലും നമുക്ക് അത്തരം ഒരു അപഗ്രഥനം ചെയ്യാം. 
എല്ലാദിവസവും 5 തവണപ്രാര്‍ത്ഥിക്കുക, ഒരുമാസം മുഴുവന്‍ ഉപവസിക്കുക, പന്നിയിറച്ചി കഴിക്കാതിരിക്കുക, മദ്യം കുടിക്കാതിരിക്കുക തുടങ്ങി ചില നിയന്ത്രണങ്ങളില്‍ നിന്നും ബാധ്യതകളില്‍ നിന്നും എനിക്ക് മുക്തിനേടാന്‍ സാധിക്കുമെന്നതാണ് നേട്ടമായി പറയാവുന്നത്. എന്നാല്‍, ഇവയെല്ലാം ഉപകാരമാണോ ഉപദ്രവകരമാണോ എന്ന് ആലോചിക്കുകയല്ലേ ആദ്യം വേണ്ടത്.
പ്രാര്‍ത്ഥന
മുസ്‍ലിമിന്റെ പ്രാര്‍ത്ഥന ഒരു ധ്യാനം നല്‍കുന്ന അനുഭവത്തിന്റെയും ഒരു ദിവസം 5 തവണ ചെയ്യുന്ന വ്യായാമത്തിന്റെയും മിശ്രിതമാണ്. അതിനാല്‍ ഇത് ഉപയോഗശൂന്യമാണെന്ന് പറയാന്‍ കഴിയില്ല.
നോമ്പ്
ഇസ്‌ലാമിലെ ഏറ്റവും കര്‍ശനവും കഠിനവുമായ കാര്യങ്ങളിലൊന്നാണെങ്കിലും, അതിന്റെ നിരവധി ഭൗതിക നേട്ടങ്ങളെക്കുറിച്ച് ഒരാള്‍ക്ക് എളുപ്പത്തില്‍ പഠിക്കാന്‍ കഴിയും. ശാരീരിക നേട്ടങ്ങള്‍ക്കപ്പുറം ആത്മനിയന്ത്രണവും സഹാനുഭൂതിയും അത് നമ്മെ പഠിപ്പിക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉപവാസം ഇക്കാലത്ത് വളര്‍ന്നു വരുന്നൊരു പ്രവണതയാണ്.
മദ്യപാനവും പന്നിയിറച്ചിയും
ഇസ്‍ലാം പന്നിയിറച്ചിക്കും മദ്യത്തിനും എതിരായതിന്റെ യുക്തി എനിക്ക് ചെറുപ്പത്തില്‍ ബോധ്യപ്പെട്ടിരുന്നില്ല. എന്നാല്‍, കാലക്രമേണ, രണ്ടും ഗുണത്തേക്കാള്‍ ദോഷമാണെന്ന് എനിക്ക് വ്യക്തമായി. മദ്യം മനുഷ്യന്റെ ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണ്. കരള്‍ രോഗമോ വാഹനാപകടമോ മൂലമോ പലരാജ്യങ്ങളിലും ഇത് മരണത്തിന് ഒരു പ്രധാന കാരണമാണ്. ഞാന്‍ ബ്രിട്ടണില്‍ താമസിച്ച കാലത്ത്, മദ്യപിച്ച ദമ്പതികള്‍ കാറോടിക്കൊണ്ടിരിക്കെ പരസ്പരം തള്ളിയിടുന്ന രംഗം കണ്ടത് ഇന്നും ഞാന്‍ മറന്നിട്ടില്ല. അത്തരം ജീവഹാനി വന്നേക്കാവുന്ന അപകട നിമിഷങ്ങളില്‍നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ വേണമെന്ന് ആരും പറഞ്ഞുപോവും. പന്നിയിറച്ചി നിരോധനത്തെ പഠിക്കുമ്പോള്‍ മറ്റെല്ലാതരം മാംസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കഴിക്കുന്നതിന് നിരവധി ദോഷങ്ങളുണ്ടെന്ന് നമുക്ക് മനസ്സിലാകും.
പിന്നെയുള്ളത്, മുസ്‍ലിം ആണെന്നതിനാല്‍ അനുഭവിക്കേണ്ടിവരുന്ന ചില വിവേചനങ്ങള്‍ ഇല്ലാതായേക്കാം. എന്നാല്‍ വിവേചനം എന്നത് മതത്തെ മാത്രം ആശ്രയിച്ച് നില്ക്കുന്നതല്ലല്ലോ. ഇക്കാലത്തും വംശീയവാദികള്‍ വിവേചനം കാണിക്കാനും മതത്തിനപ്പുറത്ത് മറ്റ് നിരവധി കാരണങ്ങളുണ്ട്. ഒന്നില്ലെങ്കില്‍ മറ്റൊന്ന് ഉണ്ടാവുമെന്നര്‍ത്ഥം. അതേ സമയം, അഭിമാനത്തോടെ തെരഞ്ഞെടുത്ത ഒരു വിശ്വാസസംഹിതയുടെ പേരില്‍ വിവേചനം അനുഭവിക്കേണ്ടിവരുമ്പോള്‍, അതില്‍ പിടിച്ചു നില്ക്കുന്നതിലുമില്ലേ ഒരു സുഖം.
ഇസ്‍ലാം ഉപേക്ഷിച്ചാല്‍ എനിക്കെന്താണ് നഷ്ടം?
നേട്ടം എന്ത് എന്നതിനേക്കാള്‍ എന്നെ സ്വാധീനിച്ചത് ഈ ചോദ്യമാണ്. ഇതേ കുറിച്ച് ചിന്തിച്ചപ്പോള്‍ ഇസ്‍ലാമില്‍ നിന്ന് അനേകം പ്രയോജനങ്ങള്‍ നേടുന്നതായി എനിക്ക് ബോധ്യപ്പെട്ടു. തനിച്ചല്ലെന്ന വികാരം
ഇസ്‍ലാം (മറ്റേതൊരു മതത്തെയും പോലെ) നിങ്ങള്‍ക്ക് പിന്തുണയും സുരക്ഷാബോധവും നല്‍കുന്നു. കാര്യങ്ങള്‍ യാദൃശ്ചികമായല്ല സംഭവിക്കുന്നതെന്ന വിശ്വാസം നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നതോടെ, ആ ആത്യന്തിക ശക്തിയോട് സംസാരിക്കാനും ആവശ്യ ഘട്ടങ്ങളില്‍ സഹായം ചോദിക്കാനും സാധിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ പ്രത്യക്ഷമായ മാറ്റങ്ങള്‍ ഈ സ്വീകാര്യതയുടെയും മാനസിക സ്ഥിരതയുടെയും വലിയ ഉറവിടത്തില്‍ നിന്നാണ് സംഭവിക്കുന്നത്.
വ്യവസ്ഥ
നിങ്ങള്‍ക്ക് പിന്തുടരാനും ജീവിക്കാനും കഴിയുന്ന ഒരു ജീവിത-മാര്‍ഗ്ഗനിര്‍ദ്ദേശ സമ്പ്രദായം ഇസ്‍ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. അത്ചിന്തിക്കാനും ആരോഗ്യവാനായിരിക്കാനും അച്ചടക്കം പാലിക്കാനും നല്ലപെരുമാറ്റം പുലര്‍ത്താനും നിങ്ങളെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, ഇസ്‍ലാം നിങ്ങളോട് ദിവസത്തില്‍ പ്രാര്‍ത്ഥനക്ക് മുമ്പ് അഞ്ച്തവണ പതിവ് ശുദ്ധീകരണം നടത്തണമെന്ന് ആവശ്യപ്പെടുന്നു. നിശ്ചിതമായ ഒരു വ്യവസ്ഥിതിയുടെ ഭാഗമല്ലാത്തിടത്തോളം ഇതൊന്നും ശീലമാക്കാന്‍ സാധ്യമല്ല.
സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍
ഇസ്‍ലാം ഉപേക്ഷിക്കുന്നതോടെ, ഞാന്‍ എന്തിനാണ് സൃഷ്ടിക്കപ്പെട്ടത്, ആരാണ് പ്രപഞ്ചം സൃഷ്ടിച്ചത്, എന്റെ ജീവിതത്തില്‍ ഞാന്‍ എന്തു ചെയ്യണം, എന്താണ് സംഭവിക്കുന്നത് എന്നിങ്ങനെയുള്ള നിരന്തരമായ ചോദ്യങ്ങള്‍ക്കുള്ള എല്ലാ ഉത്തരങ്ങളും നിങ്ങള്‍ക്ക് നഷ്ടപ്പെടും. എന്നാല്‍ മതത്തില്‍ വിശ്വസിക്കുന്നതിലൂടെ, അര്‍ത്ഥവത്തായ ചില ഉത്തരങ്ങളെങ്കിലും നിങ്ങള്‍ക്ക് ലഭിക്കാതിരിക്കില്ല.
ഇസ്‍ലാം വിട്ടുപോകുന്നതിലൂടെ, മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാം ശാശ്വതമായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇന്ന് ലഭ്യമായവയൊന്നും തന്നെ, ഇസ്‍ലാം മുന്നോട്ട് വെക്കുന്നവയെ പോലെ ദൃഢമായവയല്ല. ചിലപ്പോള്‍ അവയ്ക്ക് യാതൊരു അര്‍ത്ഥവുമില്ലെന്ന് കൂടി ബോധ്യപ്പെടും. ഏറ്റവും ചുരുങ്ങിയത്, നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ സംഭവിച്ച ഈ ജീവിതം, ഒട്ടും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത മരണം എന്നീ സമസ്യകള്ക്കുള്ള മറുപടി നമുക്ക് ലഭിക്കും. നിരീശ്വരവാദത്തിലൂടെ ഇതിനൊരിക്കലും മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്ന മറുപടി കണ്ടെത്താനാവില്ല.
എന്തുകൊണ്ടാണ് ഞാനിപ്പോഴും മുസ്‍ലിമായിരിക്കുന്നത്?
ഒരു വിശ്വാസി എന്നനിലയില്‍, പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ ഞാന്‍ ഭയപ്പെടുന്നു, ആരാധിക്കുന്നു, സ്‌നേഹിക്കുന്നു, എന്നെങ്കിലും ഞാന്‍ മരിക്കുമെന്ന് എനിക്കറിയാം, എന്റെ പ്രവൃത്തികളെക്കുറിച്ചും എന്റെ വിശ്വാസത്തെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, വിധിദിനത്തിനും ജീവിതത്തിനും തയ്യാറാകാന്‍ ഞാന്‍ആഗ്രഹിക്കുന്നു.
വിശ്വാസത്തിനുപുറമെ, ഇസ്‍ലാം എന്റെ ജീവിതത്തിനുള്ള ഒരു സംവിധാനമെന്ന നിലയില്‍ ഞാന്‍ വ്യക്തിപരമായി പ്രയോജനം നേടുന്നത് നിങ്ങള്‍ ഇതിനകം ശ്രദ്ധിച്ചിരിക്കാം. ഇസ്‍ലാം എന്നെ സമാധാനത്തിലേക്കും വിജയത്തിലേക്കും നയിക്കുന്നു, മനോസ്ഥിരത അനുഭവിക്കാന്‍ സഹായിക്കുന്നു, ജീവിതം മനസ്സിലാക്കാനും, അതേപടി സ്വീകരിക്കാനും എന്നെ സഹായിക്കുന്നു, നീ തനിച്ചല്ല എന്ന തോന്നല്‍ അത് നല്‍കുന്നു.
ഇസ്‍ലാം എന്നെ ഒരു മികച്ച വ്യക്തിയാകാന്‍ സഹായിക്കുന്നു. 
ഇന്നത്തെ പരുഷവും ഭൗതികവും മത്സര ബന്ധിതവുമായ സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യനായി തുടരാന്‍ എന്നെ അത് സഹായിക്കുന്നു. ഇസ്‍ലാമിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ (ഇന്ന് പലരുടെയും പ്രവൃത്തി പഥത്തില്‍ കാണുന്നത് യഥാര്‍ത്ത ഇസ്‍ലാം അല്ല എന്നത് പ്രത്യേകം ഓര്‍ക്കുക) അംഗീകരിക്കപ്പെട്ടാല്‍ ഈ ലോകം സുന്ദരവും വിശാലവുമായിത്തീരും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
ഇസ്‍ലാം സത്യമല്ലെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയുന്നില്ല. ആ മഹത്തായ വിപുലമായ ഖുര്‍ആന്‍ വാക്യങ്ങളെ നിരാകരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല, ആ മനോഹരമായ സന്ദേശങ്ങളും പക്വവും സങ്കീര്‍ണ്ണവുമായ സംവിധാനവും അവഗണിക്കാന്‍ എനിക്കാവുന്നില്ല. എനിക്ക് ഇപ്പോഴും മനസ്സിലാകാത്തതും ചിലപ്പോഴൊക്കെ യുക്തിക്ക് അംഗീകരിക്കാനാവാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷ, അത് കാരണം, ഞാന്‍ വിശ്വാസം ഉപേക്ഷിച്ചാല്‍, അതേക്കാള്‍ വലിയ പ്രതിസന്ധിയിലേക്ക് യുക്തിപരമായി ഞാന്‍ തള്ളി മാറ്റപ്പെടുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. 
പിന്നെയുള്ളത് സ്രഷ്ടാവിന്റെ കാര്യങ്ങളെല്ലാം സൃഷ്ടിയുടെ യുക്തിക്ക് ഉള്‍ക്കൊള്ളാനാവണമെന്നില്ല എന്ന ചിന്തയാണ്. അങ്ങനെ ചിന്തിക്കാതെ മുന്നോട്ട് പോകുന്നത്, മനുഷ്യനെ കൂടുതല്‍ അഹങ്കാരിയാക്കും, അത് കുറ്റബോധം വര്‍ദ്ധിപ്പിക്കാനേ സഹായിക്കൂ. 
ചുരുക്കത്തില്‍, ഇസ്‍ലാമിനെ ഉപേക്ഷിക്കുന്നത് ജീവിതത്തില്‍ ഒരിക്കലും നികത്താനാവാത്ത വിടവ് അവശേഷിപ്പിക്കും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അതിലൂടെ, ഞാന്‍ ഒരിക്കലും സന്തോഷവാനായിരിക്കില്ല, കാര്യമായ നേട്ടം അത് കൊണ്ട് ഉണ്ടാവുകയുമില്ലെന്ന് മാത്രമല്ല, പകരം ആഴക്കടലില്‍ അകപ്പെട്ട്, കരകാണാനാവാതെ പ്രയാസപ്പെടുന്ന ഒരു വ്യക്തിയുടെ അവസ്ഥയായിരിക്കും വന്ന്‌ചേരുക. ഭൂരിഭാഗ നിരീശ്വരവാദികളും ഈ അവസ്ഥ അഭിമുഖീകരിക്കുന്നുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എന്തുകൊണ്ടാണ് ഞാന്‍ ഇത് എഴുതുന്നത്?
9/11 മുതല്‍ ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഇസ്‍ലാമിന്റെ വികലമായ പതിപ്പിന് ഇരയായിട്ടുണ്ട്. അതെകുറിച്ച് ഏറെ തെറ്റിദ്ധരിച്ച നിരവധി ആളുകളെ ഞാന്‍ കണ്ടുമുട്ടിയിട്ടുമുണ്ട്. ആ സംഭവം മതങ്ങള്‍ക്കിടയിലും വിവിധ മതങ്ങളുടെ അനുയായികള്‍ക്കിടയിലും തീര്‍ത്തത് വലിയ വിടവുകളാണ്. അത് തിരിച്ചു കൊണ്ട് വരണമെന്നതും എല്ലാവരും സ്നേഹത്തോടെ കഴിയുന്ന ഒരു ലോകം പുനസൃഷ്ടിക്കപ്പെടണമെന്നതും എന്റെ സ്വപ്നങ്ങളാണ്. ഈ പങ്ക് വെക്കല്‍ അതിന് കാരണമായെങ്കിലെന്ന് ഞാന്‍ ആശിക്കുന്നു.
അവസാനമായി ഇത് കൂടി പറയട്ടെ
ഇസ്‍ലാമിനെ കുറിച്ച് അത്ര ആഴത്തില്‍ അറിവുള്ളവനോ ഒരു പ്രബോധകനോ അല്ല ഞാന്‍. ജീവിതത്തില്‍ മറ്റ് പലകാര്യങ്ങളും ചെയ്യാനുള്ള ഒരു സാധാരണക്കാരനാണ് ഞാന്‍. അതിനാല്‍ ദയവായി, ഇസ്‍ലാമിനെ കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ എന്നോട് ചോദിക്കുന്നതിന് പകരം അത്പ്രാക്ടീസ് ചെയ്യുന്ന വിദഗ്ധരോട് ചോദിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് മറുപടി ലഭിക്കാതിരിക്കില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter