ഇസ്‌ലാം: വിശ്വസാഹോദര്യത്തിന്റെ മതം

 width=

പുരോഗതിയുടെ വഴിത്താരയിലൂടെ ബഹുദൂരം മുന്നേറിയ ആധുനിക മനുഷ്യന്‍ അനന്തവും അവിചാരിതവുമായ നേട്ടങ്ങളാണ് ചുരുങ്ങിയ കാലംകൊണ്ട് കൊയ്‌തെടുത്തത്. പാറക്കല്ലുകള്‍ക്കിടിയല്‍ നിന്ന് കഷ്ടപ്പെട്ട് തീയുണ്ടാക്കിയവരുടെ പിന്‍മുറക്കാരിന്ന് ആറ്റംബോംബുകള്‍കൊണ്ട് തമാശകളിക്കുകയാണ്. അന്തരീക്ഷത്തിലൂടെ പക്ഷികളെപ്പോലെ പറക്കാന്‍ ശ്രമിച്ച് മലമുകളില്‍നിന്ന് വീണ് നട്ടെല്ലൊടിഞ്ഞവരുടെ അനന്തിരഗാമികളാണല്ലോ പ്രകാശവേഗതയുള്ള പേടകങ്ങള്‍ കണ്ടെത്തി ഗ്രഹങ്ങള്‍ക്കിടയിലൂടെ പറക്കുന്നത്. തീര്‍ത്ഥാടനത്തിനിറങ്ങിയവര്‍ക്ക് അന്ത്യയാത്രയയപ്പ് നല്‍കി കണ്ണീരോടെ കഴിച്ചുകൂടിയവര്‍ക്കിപ്പോള്‍ ശൂന്യാകാശത്തെ ഹോട്ടലില്‍വെച്ച് സദ്യവിളമ്പിയാലേ മതിയാകൂ. എലിക്കുട്ടിയുടെ മുകളിലൂടെ യാത്രപോകുന്നതും സ്വപ്നംകണ്ട് പുരാണങ്ങള്‍ രചിച്ചകാലത്ത് സ്വപ്നജീവികളുടെ കാലമെന്ന് തിരിച്ചറിഞ്ഞവര്‍ ‘എലിക്കുട്ടിയുടെ’ തലയില്‍ കൈവെക്കുമ്പോഴേക്ക് ലോകം കണ്‍മുമ്പില്‍ തെളിയുന്ന നാളുകള്‍ വന്നിരിക്കുന്നു!
നാം വിചാരിക്കുന്നതിലും അപ്പുറത്താണ് മനുഷ്യന്‍ നേടിയ പുരോഗതി. ഇന്നലെ വിദ്യാസമ്പന്നനായി വിരാജിച്ചവര്‍ ഇന്ന് ഒന്നും തിരിച്ചറിയാത്തവനായി ഗണിക്കപ്പെടുന്ന അവസ്ഥയിലാണ്  നാം ജീവിക്കുന്നത്. പക്ഷേ, ഗ്രഹങ്ങള്‍ക്കിടയില്‍ പാലം പണിയാനും ലോകത്തെ വിരല്‍തുമ്പിലൊതുക്കാനും കഴിയും എന്ന് അഹങ്കരിക്കുന്ന മനുഷ്യന്, സ്വന്തത്തെയും സമൂഹത്തെയും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടുകയാണ്. ഓട്ടവന്ന മണ്‍പാത്രം പോലെ മാനുഷിക മൂല്യങ്ങള്‍ അവനില്‍നിന്ന് ചോര്‍ന്നുപോകുകയാണ്. പക്ഷികളെ പോലെ ആകാശത്തിലൂടെ പറക്കാനും ആഴിക്കടിയിലൂടെ മത്സ്യത്തെപോലെ നീന്താനം പഠിച്ചവര്‍, ഭൂമിക്കു മീതെ മനുഷ്യനെപ്പോലെ ജീവിക്കാന്‍ അറിയാത്തവനായിരിക്കുന്നു! ഉമ്മയെയും കാമുകിയെയും വേര്‍തിരിച്ചു കാണാന്‍ കഴിയാത്ത അന്ധമന്‍മാരുടെയും കടയില്‍നിന്നും വാങ്ങിയ കത്തി അടുക്കളയിലെ പച്ചക്കറിയിലാണോ സ്വന്തം സഹോദരന്റെ നെഞ്ചിലാണോ ഉപയോഗിക്കേണ്ടത് എന്നറിയാത്ത മണ്ടന്മാരുടെയും ലോകത്താണ് നാം ജീവിക്കുന്നത്. സഹജീവികള്‍ ദുരുന്തങ്ങളില്‍പെട്ട് ജീവിതത്തോട് പോരാടുമ്പോള്‍, ആ രംഗം എങ്ങനെ ക്യാമറയില്‍ ഒപ്പിയെടുത്ത് കാശുണ്ടാക്കാം എന്ന് ചിന്തിക്കുന്നവരുടെ പേരാണത്രേ ഉത്തരാധുനിക മനുഷ്യന്‍! സ്വന്തം ചെയ്തികളെ മൃഗീയമെന്ന് വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍പോലും പ്രതിഷേധിക്കുന്ന, ഒരുപറ്റം സംസാരിക്കുന്ന ജീവികളായി അധഃപതിച്ചിരിക്കുന്നു മനുഷ്യന്‍.
കാലുഷ്യത്തില്‍ കാളിമനിറഞ്ഞയിടത്ത് ജാഹിലിയ്യത്തിന്റെ കരിമ്പടം പുതച്ചുറങ്ങുന്ന ഈ ആള്‍ക്കൂട്ടത്തിനിടയിലാണ് ഉണര്‍ത്തുപാട്ടിന്റെ ശബ്ദതരംഗവും വിശ്വസാഹോദര്യത്തിന്റെ ദീപശിഖയും ഉയര്‍ത്തിപ്പിടിച്ച് ആധുനികനെ മനുഷ്യനാക്കാന്‍ ഇറങ്ങിത്തിരിച്ച ഇസ്‌ലാമിന്റെ പ്രസക്തി. സഹജീവിയെ സഹോദരനായി കാണാനുള്ള കഴിവ് അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് മനുഷ്യന്. മുതലാളിത്തം പടച്ചുവിട്ട കമ്പോള സംസ്‌കാരത്തിന്റെ സന്തതികള്‍ എല്ലാം സ്വാര്‍ത്ഥവത്കരിക്കാനാണ് ശ്രമിക്കുന്നത്. പരസ്യത്തില്‍ കൊഴുപ്പിച്ചുനിര്‍ത്തിയ ഈ വര്‍ണ ശബളിമയുടെ ലോകത്ത് തനിക്കെത്ര ലാഭിക്കാം, എത്ര ആസ്വദിക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. പ്രകൃതി സമ്മാനിച്ച ദുരന്തത്തില്‍പെട്ട് സ്വന്തം സഹോദരന്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ രക്ഷപ്പെടുത്തേണ്ടതിനു പകരം അവന്റെ കയ്യിലെ പണവും ആഭരണവും എങ്ങനെ കൊള്ളചെയ്യാം എന്ന് ചിന്തിക്കുന്ന നരഭോജികളെയാണ് മുതലാളിത്ത സംസ്‌കാരം സംഭാവനചെയ്യുന്നത്.
അപകടത്തില്‍പെട്ട് രക്തത്തില്‍ കുളിച്ച സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍വെച്ച് വികാരശമനത്തിന് ഉപയോഗപ്പെടുത്തുന്ന കാമവെറിയന്മാരുടെ ലോകത്താണ് നാം ജീവിക്കുന്നത്. ഇവരെയെല്ലാം സഹജീവിയോട്  സ്‌നേഹവും സഹതാപവുമുള്ള സഹോദരനാക്കി മാറ്റുക എന്നതാണ് ഇസ്‌ലാമിന്റെ ദൗത്യം.
മാനുഷിക മൂല്യവും സഹോദരസ്‌നേഹവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നിന്റെ ലോകത്ത്, വിശ്വസാഹോദര്യത്തിന്റെ വിത്തുവിതക്കാനും ശാന്തിയും സമാധാനവും കൊയ്‌തെടുക്കാനും അര്‍ഹതയും അവകാശവുമുള്ളത് ഇസ്‌ലാമിനാണ്. ഇസ്‌ലാമിനു മാത്രം. കാക്കത്തൊള്ളായിരം മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഈ മണ്ണിലുണ്ടെങ്കിലും അവക്കൊന്നും വിശ്വസാഹോദര്യത്തിന്റെ വിശുദ്ധ പതാകയും പ്രമേയവും ഉയര്‍ത്തിപ്പിടിക്കാന്‍ അര്‍ഹത ഇല്ലതന്നെ. കാരണം, അവയെല്ലാം പ്രാദേശിക സംബന്ധിയും കാല സംബന്ധിയും സങ്കുചിത സമീപനത്തിനു വിധേയവുമാണ്.
സാഹോദര്യം ലോകമതങ്ങളില്‍
ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉണ്ടെന്നു പറയപ്പെടുന്ന ക്രിസ്തുമതത്തിന് വിശ്വസാഹോദര്യത്തിന്റെ മന്ത്രമോതാന്‍ അവകാശമുണ്ടോ? ഇല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ജന്മനാടായ ഏഷ്യയില്‍ നിന്നും കുറ്റിയും പറിച്ച് യൂറോപ്പിലേക്കോടിപ്പോയ ക്രിസ്ത്യാനിസം എന്നും അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് സമൂഹത്തെ ചൂഷണം ചെയ്തിട്ടേയുള്ളൂ. ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കും എന്ന് പറഞ്ഞവര്‍ ദൈവവും സീസറുമെല്ലാമായി പാവങ്ങളുടെ ജീവിതം ചൂഷണം ചെയ്യുകയായിരുന്നു. സ്‌നേഹത്തന്റെ പേരില്‍ പ്രചരിക്കപ്പെട്ട കുരിശ് കാലുഷ്യത്തിന്റെ കോടാലിയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. റോമാചക്രവര്‍ത്തി ഹെന്‍ട്രി ആറാമനും ജോര്‍ജ് ഏഴാമന്‍ പോപ്പും തമ്മില്‍ നടന്ന യുദ്ധവും ഫ്രാന്‍സിലെ ബോണിഫാക് പോപ്പും ഫിലിപ്പ് രാജാവും തമ്മില്‍നടന്ന യുദ്ധവും സാമൂഹ്യ സുസ്ഥിതി തകര്‍ക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ശാന്തമായി ജീവിച്ച രാജ്യങ്ങളിലെല്ലാം വിനാശത്തിന്റെ വലയുമായി കൊളോണിയല്‍ ശക്തി ഇറങ്ങിയപ്പോള്‍ അവരെ സേവിക്കാനാണല്ലോ ‘ദൈവത്തിന്റെ വിശുദ്ധ ഇടയന്മാര്‍’ തയാറായത്. സാമ്രാജ്യത്വ ശക്തികളുടെ ചാട്ടവാറടിയേറ്റ് പുളയുന്നവര്‍ക്കുമുന്നില്‍ ‘നിന്റെ വലതു ചെകിടത്തടിച്ചാല്‍ ഇടത്തെ ചെവിടും കാണിച്ചു കൊടുപ്പുവിന്‍’ എന്നു പറയാനല്ലാതെ, മര്‍ദ്ദിത-പീഡിത വിഭാഗത്തിനോടൊപ്പം നിന്ന് പോരാടാന്‍ ഒരിക്കലും സഭ തയ്യാറായിട്ടില്ല. ഇങ്ങനെ സമൂഹത്തില്‍ നിലനിന്നിരുന്ന വിള്ളലുകള്‍ കൂടുതല്‍ അകറ്റാന്‍ ശ്രമിച്ച ക്രൈസ്തവതക്ക് എങ്ങനെ വിശ്വസാഹോദര്യത്തെ കുറിച്ച് സംസാരിക്കാന്‍ സാധിക്കും?
വര്‍ണ വിവേചനം ലോകത്താകമാനം കാലുഷ്യത്തിന്റെ കരിപ്പുക പരത്തിയപ്പോള്‍, അതിനെതിരെ ‘ക. മ’ ഉരിയാടാന്‍ ക്രൈസ്തവതക്ക് സാധിക്കാതെ പോയത്, വെളുത്ത ചര്‍മത്തോട് മാത്രം സഭ ചായ്‌വ് പ്രകടിപ്പിച്ചതുകൊണ്ടായിരുന്നു. യൂറോപിലും ആഫ്രിക്കയിലും വെള്ളക്കാര്‍ക്ക് ഒന്നും കറുത്തവര്‍ഗ്ഗക്കാര്‍ക്ക് മറ്റൊന്നും എന്നരീതിയില്‍ ചര്‍ച്ചുകള്‍ സ്ഥാപിച്ചപ്പോള്‍ സ്‌നേഹത്തിന്റെ ഈ വിശുദ്ധ ആരാധനാലയത്തില്‍ വര്‍ണവിവേചനം പാടില്ലെന്ന് പറയാന്‍ ഒരു പാതിരിയുടെയും നാവ് പൊന്തിയില്ല. ആഫ്രിക്കയിലെ മനുഷ്യമക്കളെ പിടിച്ചുകൊണ്ടുവന്ന് യൂറോപ്യന്‍ തെരുവുകളില്‍ കന്നുകാലികളെപ്പോലെ വിറ്റൊഴിച്ച നേരത്ത് ‘അരുത്! അത് നിന്റെ സഹോദരനാണ്’ എന്ന് പറയാന്‍ സ്‌നേഹത്തിന്റെ മെഴുകുതിരിയുമായി അലയുന്ന ഒരു സിസ്റ്ററെയും നാം കണ്ടില്ല. പേനയുടെയും നാവിന്റെയും തുമ്പത്ത് മാത്രം സ്‌നേഹമാകുന്ന ദൈവത്തെ പ്രതിഷ്ഠിക്കുന്ന ക്രിസ്ത്യാനിറ്റിക്ക് രണ്ടായിരം വര്‍ഷത്തെ ചരിത്രത്തിലെവിടെയാണ് സാഹോദര്യത്തിന്റെ പതാകവഹിച്ച ചരിത്രമുള്ളത്? ഈ വസ്തുത തിരിച്ചറിഞ്ഞ് കൊണ്ടാണല്ലോ അമേരിക്കയുടെ കറുത്തമക്കള്‍ വിശ്വസാഹോദര്യത്തിന്റെ പച്ചത്തുരുത്തായ ഇസ്‌ലാമിലേക്ക് കൂട്ടംകൂട്ടമായി ഒഴുകുന്നത്.
ജൂതമതം വിശ്വസാഹോദര്യത്തിന്റെ സന്ദേശമാണ് മുഴുക്കുന്നതെന്ന് അവര്‍പോലും അവകാശപ്പെടുമെന്നുതോന്നുന്നില്ല. ഫലസ്തീനിലെ വിശുദ്ധമണ്ണില്‍ കമ്പിവേലികെട്ടി താമസിക്കുന്ന തങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ പരിശുദ്ധരായ പുത്രന്മാര്‍. ഇസ്രായേല്‍ തറവാട്ടിലെ പിന്‍മുറക്കാര്‍ എന്തു തോന്ന്യാസം ചെയ്താലും ദൈവത്തിന് സന്തോഷമേയുള്ളുവെന്നും ഭൂമിയുടെ ആധിപത്യത്തിന് ദൈവം തങ്ങളെയാണ് തെരഞ്ഞെടുത്തതെന്നും ‘തല്‍മൂദി’ലൂടെ പ്രചരിപ്പിക്കുന്ന ജൂതായിസത്തിന് സാഹോദര്യമെന്ന വാക്കുപോലും ഉരുവിടാന്‍ അര്‍ഹതയില്ല. ഈ മതത്തിന്റെ വാളുപയോഗപ്പെടുത്തിയാണല്ലോ ഖുദ്‌സിന്റെ മണ്ണിലവര്‍ രക്തപ്പുഴ ഒഴു
ക്കുന്നത്.
പിന്നെ ഹിന്ദുമതം. മതത്തിന്റെ പേരില്‍ മനുഷ്യമനസ്സുകളെ ഇത്രമാത്രം അകറ്റിയ മറ്റൊരു ദര്‍ശനവും ലോകത്തുണ്ടാകില്ല. മനുഷ്യര്‍ക്കിടയില്‍ ജാതിയുടെയും തൊട്ടുകൂടായ്മയുടെയും കരിങ്കല്‍ഭിത്തി പണിയാന്‍ വേണ്ടിമാത്രം പ്രമാണങ്ങള്‍ രചിച്ച മതമാണ് ഹിന്ദുത്വം. ദൈവത്തിന്റെ മുഖത്തുനിന്ന് സൃഷ്ടിക്കപ്പെട്ടവനാണ് ബ്രാഹ്മണന്‍ എന്നും പാദത്തില്‍നിന്ന് പടക്കപ്പെട്ട ശൂദ്രന്റെ ബാധ്യത ബ്രാഹ്മണന് അടിമവേല ചെയ്യലാണെന്നും പറഞ്ഞു സഹസ്രാബ്ദങ്ങളായി സമൂഹത്തെ ചൂഷണം ചെയ്യുകയാണ് ഹിന്ദുത്വം. ‘ലോക സമസ്ത സുഖിനോ ഭവന്തു’ എന്ന ശ്രവണ സുന്ദരമായ മന്ത്രം മുഴക്കിയ മഹര്‍ഷിയും ബ്രാഹ്മണ്യത്തിന്റെ പരിശുദ്ധിയെ വാഴ്ത്താന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്നത് ചൂഷണത്തിന്റെ ആത്മീയ മുഖമാണ് വെളിപ്പെടുത്തുന്നത്. ബി.സി. 321-ല്‍ അധികാരത്തില്‍വന്ന ചന്ദ്രഗുപ്തന്റെ മന്ത്രിയായിരുന്ന ചാണക്യന്‍ ആണ് തൊഴില്‍ വിഭജനമെന്നപേരില്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥിതി നടപ്പാക്കുന്നത്. മതത്തിന്റെ മേലാപ്പണിഞ്ഞ ഈ കൗടല്യ തന്ത്രമാണ് കഴിഞ്ഞ 2300 വര്‍ഷമായി ഭാരതത്തെ നയിക്കുന്നത്. സഹജീവിയെ സഹോദരനായി കാണുന്നതിനുപകരം, അവന്റെ അറിയാനുള്ള അവകാശം, പൊതുവഴിയിലൂടെയുള്ള നടത്തം, ആരാധനാസ്വാതന്ത്ര്യം, വേദപാരായണം തുടങ്ങിയവ നിഷേധിക്കുകയായിരുന്നു ഹിന്ദുത്വമേലാളന്മാര്‍.
വിശ്വസാഹോദര്യം പോയിട്ട് സ്വന്തം രക്തം സിരകളിലൊഴുകുന്ന സഹോദരനോടുപോലും കരുണകാണിക്കാന്‍ ഹൈന്ദവത തയ്യാറാകുന്നില്ല. മഹാഭാരതയുദ്ധത്തില്‍ സ്വന്തം സഹോദന്മാരോട് യുദ്ധക്കളത്തില്‍വെച്ച് ഏറ്റുമുട്ടേണ്ടിവന്ന അര്‍ജ്ജുനന്‍, സാഹോദര്യബന്ധത്തിന്റെ സഹതാപം കാരണം യുദ്ധത്തില്‍നിന്ന് പിന്തിരിയുമ്പോള്‍ രക്തച്ചൊരിച്ചിലിന് അര്‍ജുനനെ നിര്‍ബന്ധിക്കുന്ന കൃഷ്ണനെയാണ് മഹാഭാരതം നമുക്ക് പരിചയപ്പെടുത്തുന്നത്. അരക്കില്ലത്തില്‍നിന്നും രക്ഷപ്പെട്ട പാണ്ഡവര്‍ അവര്‍ രക്ഷപ്പെട്ടില്ലെന്ന് കൗരവരെ ബോധ്യപ്പെടുത്താന്‍ ഉറങ്ങിക്കിടക്കുന്ന നിരപരാധികളായ അഞ്ച് ചണ്ഡാളന്മാരെയും അവരുടെ വൃദ്ധയായ മാതാവിനെയും നിഷ്‌കരുണം ചുട്ടുകൊന്നതിനെ വര്‍ണിക്കുകയാണല്ലോ മഹാഭാരം. ചുരുക്കത്തില്‍, വിശ്വസാഹോദര്യത്തിന്റെ സന്ദേശമല്ല ഹൈന്ദവത മുഴക്കുന്നത്. അതിന്റെ ജീവാത്മാവും പരമാത്മാവും അസമത്വവും അസഹിഷ്ണുതയുമാണ്. ഈ ജാതീയതയും വര്‍ഗ്ഗീയതവും ഇല്ലെങ്കില്‍ ഹിന്ദുമതത്തിന് നിലനില്‍പ്പുപോലും ഇല്ലെന്നാണ് അവര്‍ തന്നെ പറയുന്നത്. എം.എന്‍. ശ്രീനിവാസന്റെ വാക്കുകളില്‍ അതിങ്ങനെ വായിക്കാം. If and when caste disappears from india, Hindusam willaslo disppease (A note on sanskritisation and Westernisation.)
വിശ്വസാഹോദര്യത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഭാരതീയ മണ്ണില്‍ ഹിന്ദുമതം പരാജയപ്പെട്ടത് കൊണ്ട് തന്നെ ആ ദൗത്യം ഏറ്റെടുക്കാന്‍ തികച്ചും അര്‍ഹതയും അവകാശവുമുള്ളത് ഇസ്‌ലാമിന് മാത്രമാണെന്ന് ഹൈന്ദവനേതൃത്വം തന്നെ സമ്മതിച്ചിട്ടുണ്ട്. ഹൈന്ദവ സമൂഹത്തെ സമുദ്ധരിക്കാന്‍ 19-ാം നൂറ്റാണ്ടില്‍ ഇറങ്ങിത്തിരിച്ച സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ തന്നെ കടമെടുക്കാം. ”സര്‍വ മനുഷ്യവര്‍ഗ്ഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗിക ദൗത്യം ഒരു കാലത്തും ഹിന്ദുക്കള്‍ക്കിടിയല്‍ വികസിക്കപ്പെട്ടിട്ടില്ല. നേരെ മറിച്ച് ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തിട്ടുണ്ടെങ്കില്‍ അത് ഇസ്‌ലാമാണ്. ഇസ്‌ലാം മാത്രം. അതുകൊണ്ട് പ്രായോഗിക ഇസ്‌ലാമിന്റെ സഹായമില്ലാതെ വേദാന്ത സിദ്ധാന്തങ്ങള്‍, അവയെത്ര സൂക്ഷ്മവും ഭൂതങ്ങളുമായിക്കൊള്ളട്ടെ, ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ വിലയില്ലാത്ത ഒന്നാണെന്നും എനിക്ക് ഉറച്ച സമ്മതം വന്നിട്ടുണ്ട്.” (വിവേകാനന്ദ സാഹിത്യ സര്‍ വാളം 5, പേജ് 66)

കമ്മ്യൂണിസ്റ്റ് സ്വര്‍ഗം
സമത്വസുന്ദരമായ ഒരു സ്വര്‍ഗം ഭൂമിയില്‍തന്നെ ഞങ്ങള്‍ പണിയുമെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് 1917-ലെ സോഷ്യലിസ്റ്റ് വിപ്ലവത്തോടെ രംഗത്തുവന്ന കമ്മ്യൂണിസത്തിന്റെ കഥയെന്ത്? എവിടെയാണവര്‍ സമത്വവും സാഹോദര്യവും സ്ഥാപിച്ചത്? ലക്ഷക്കണക്കിന് മനുഷ്യമക്കളുടെ ശവശരീരങ്ങള്‍കൊണ്ട് ഇരമ്പുമറകെട്ടിയ സോവിയറ്റ് യൂണിയനില്‍ വ്‌ളാഡ്മിര്‍ ലെനിനും ജോസഫ് സ്റ്റാലിനുമെല്ലാം സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മാതൃക വിളയിക്കുകയായിരുന്നുവെന്ന് കമ്മ്യൂണിസ്റ്റുകള്‍ക്ക് പോലും വാദമില്ല. ഇന്നേവരെയുള്ള മനുഷ്യരാശിയുടെ ചരിത്രം സംഘട്ടത്തനത്തിന്റെയും വര്‍ഗ സമരങ്ങളുടേതുമാണെന്ന് 1848-ല്‍ മാനിഫെസ്റ്റോ എഴുതിയവര്‍ സാഹോദര്യത്തിന് പകരം സമൂഹത്തില്‍ സംഘര്‍ഷവും സംഘട്ടനവും മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. ശത്രുവിന്റെ സ്ഥാനത്ത് ഒരു മുതലാളിയെ പ്രതിഷ്ഠിച്ച് അയാളെ തകര്‍ക്കാന്‍ എന്തുതോന്ന്യാസവും ചെയ്യാമെന്നും സിദ്ധാന്തിച്ചവര്‍ക്ക് എങ്ങനെ സാഹോദര്യത്തെ കുറിച്ച് സംസാരിക്കാന്‍ സാധിക്കും?
ഇന്ത്യയുടെ പുരോഗതിയെ തന്നെ തകര്‍ത്ത ബ്രാഹ്മണ ബൂര്‍ഷ്വാസികള്‍ക്കെതിരെ ശബ്ദിക്കേണ്ടവര്‍ ജാതീയതയെ ന്യായീകരിക്കുകയായിരുന്നല്ലോ ഇവിടെ. സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ പറയട്ടെ: ”ജാതി വ്യവസ്ഥ അന്ന് ഉളവായിരുന്നില്ലെങ്കില്‍ ഇന്നത്തെ മലയാളിയുടെ അഭിമാനപാത്രമായ കേരള സംസ്‌കാരം ഉയരുമായിരുന്നില്ല.” (കേരളം മലയാളിയുടെ മാതൃഭൂമി പേജ്. 53) ജാതീയതയും ബ്രാഹ്മണാധിപത്യവും ഇന്ത്യയുടെ പുരോഗതിക്ക് അനിവാര്യമായിരുന്നു എന്ന് സമര്‍ത്ഥിക്കാനും പുകഴ്ത്താനുമാണ് ‘മാര്‍ക്ക്‌സിസം ഒരു പാഠപുസ്തക” ത്തിലും ഇ.എം.എസ്. ശ്രമിക്കുന്നത്. ഇവര്‍ക്കെങ്ങനെ സമത്വത്തെക്കുറിച്ച് സംസാരിക്കാനാവും? അതുകൊണ്ടാണല്ലോ സ്വാതന്ത്ര്യത്തിന്റെ കാറ്റ് അല്‍പം കടന്നപ്പോഴേക്കും കമ്മ്യൂണിസം, ഗ്ലാസ്‌നോസ്റ്റിലും പെരിസ്‌ട്രോയിക്കയിലും തട്ടിത്തകര്‍ന്നുവീണത്.
ചൂഷണാധിഷ്ഠിതമായ മുതലാളിത്വത്തിന് ഒരിക്കലും സ്‌നേഹവും സാഹോദര്യവും സമ്മാനിക്കാനാവില്ലെന്ന് ഇന്നിന്റെ പരിതഃസ്ഥിതി നമ്മോട് വിളിച്ചുപറയുന്നു. സ്വാര്‍ത്ഥതയും പിടിച്ചുപറിയുമാണല്ലോ കമ്പോള സംസ്‌കാരത്തിന്റെ മുഖമുദ്ര. അതിനെന്ത് സ്‌നേഹവും സാഹോദര്യവും?
പ്രതീക്ഷയുടെ പ്രകാശം
മനുഷ്യനും മതങ്ങളും പരാജയപ്പെടുന്നയിടത്ത് പ്രതീക്ഷയുടെ പ്രകാശപ്പൊട്ടായി പ്രത്യക്ഷപ്പെടുന്നതാണ് ദൈവിക പ്രത്യയശാസ്ത്രം. കലഹങ്ങളും കലാപങ്ങളും കാലൂഷ്യം പരത്തിയ സ്ഥലത്ത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും ശുദ്ധ വസന്തം സൃഷ്ടിച്ചുകൊണ്ടാണ് ഇസ്‌ലാം കടന്നുവന്നത്. എ.ഡി. 610-ല്‍ മുഹമ്മദ് നബി(സ) ഹിറാഗുഹയില്‍ നിന്ന് ഇറങ്ങിയത് ഗോത്രമഹിമയുടെയും വംശീയതയുടെയും പേരില്‍ തമ്മില്‍ തല്ലുന്ന ഒരു സമൂഹത്തിലേക്കായിരുന്നു. ഒരുത്തന്റെ ഒട്ടകം മറ്റൊരാളുടെ വയലില്‍ നിന്നും ഗോതമ്പുചെടി തിന്നതിന് നാല്‍പതുവര്‍ഷം യുദ്ധം ചെയ്ത ഔസ്, ഖസ്‌റജ് ഗോത്രങ്ങളുടെ ഇടയിലേക്കാണ് സത്യമതത്തിന്റെ സന്ദേശവുമായി പ്രവാചകന്‍(സ) പോയത്. ആ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ ശ്രവണ സുന്ദരമായ വചനം പ്രവാചകന്‍ പ്രഖ്യാപിച്ചത്.:
”ഹേ, മനുഷ്യരേ, നിശ്ചയം നിങ്ങളെ നാം ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് അന്യോന്യം തിരിച്ചറിയാന്‍ വേണ്ടിയാകുന്നു. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവനാകുന്നു.” (ഖുര്‍ആന്‍ 49:12)
ചില്ലിന്‍കൂട്ടിലിട്ട് സൂക്ഷിക്കാനും ചുമരിലെഴുതി വെക്കാനും പറ്റിയ വചനങ്ങള്‍ പ്രഖ്യാപിച്ച് മാളത്തിലൊളിക്കുകയായിരുന്നില്ല ഇസ്‌ലാം. മനുഷ്യന്റെ പ്രായോഗിക ജീവിതത്തില്‍ ക്രിയാത്മകമായി ഇടപെടുകയായിരുന്നു. അകന്നുനിന്നവരെ പാരസ്പര്യത്തിന്റെ പട്ടുനൂലില്‍ ബന്ധിക്കുകയായിരുന്നു പ്രവാചകന്‍. തൗഹീദിന്റെ വെണ്‍മയില്‍ ചാലിച്ച സ്‌നേഹത്തിന്റെ ദീപശിഖയുമായി ആ ‘ഇരുണ്ടയുഗ’ത്തിലേക്ക് പ്രവാചകന്‍ കാലുകുത്തിയപ്പോള്‍, നുബുവ്വത്തിന്റെ വെളിച്ചത്തില്‍ അവര്‍ പരസ്പരം തിരിച്ചറിഞ്ഞു. ഔസും, ഖസ്‌റജും ഒരുമ്മപെറ്റമക്കളെപ്പോലെയായി. മക്കയില്‍നിന്ന് പലായനം ചെയ്ത മുഹാജിറുകളും മദീനാവാസികളായ അന്‍സ്വാറുകളും ഒരുകുടുംബത്തിലെ അംഗങ്ങളായി. ആഫ്രിക്കയിലെ നീഗ്രോ വര്‍ഗ്ഗക്കാരനായ ബിലാലിനെയും പേര്‍ഷ്യയിലെ ചുവന്നുതുടുത്ത സല്‍മാനെയും ഒരു പാത്രത്തില്‍നിന്ന് ഭക്ഷിപ്പിക്കാനും പണക്കാരനായ ഉസ്മാനെയും പാവപ്പെട്ട സൈദിനെയും ഒരൊട്ടകത്തിന്റെ യാത്രക്കാരാക്കാനും കഴിഞ്ഞത് പ്രവാചകന്റെ ഇടപെടല്‍ മൂലമാണ്. ഈ ചാരിതാര്‍ത്ഥ്യത്തിന്റെ സുഗന്ധം പരത്തിക്കൊണ്ട് പ്രവാചകന്‍ പ്രഖ്യാപിച്ചു: ”അറബിക്ക് അനറബിയേക്കാള്‍ മഹത്വമില്ല; വെളുത്തവന് കറുത്തവനെക്കാളും. നിങ്ങളെല്ലാം ആദമില്‍നിന്ന്. ആദമാകട്ടെ മണ്ണില്‍നിന്നും.” സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പ്രഭാഷണം നടത്തിയ ഏത് ജനനേതാവിനാണ് ഇത്തരമൊരു വിപ്ലവത്തിന് നായകത്വം നല്‍കാനായത്?
വിശ്വസാഹോദര്യത്തിന് വിഘാതമാകുന്ന സര്‍വതിനെയും ഇസ്‌ലാം സമൂഹത്തിന്റെ സഞ്ചാരവീഥിയില്‍ നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്. ഭീകരതയും വര്‍ഗീയതയും സൃഷ്ടിച്ച് സമൂഹത്തിന്റെ സൗഹാര്‍ദ്ദം തകര്‍ക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട് ഇസ്‌ലാം. പ്രവാചകന്‍ പറയുന്നു: ”വര്‍ഗ്ഗീയതയിലേക്ക് ക്ഷണിക്കുന്നവനും അതിനുവേണ്ടി പോരാടുന്നവനും അതില്‍ മരിച്ചുവീഴുന്നവനും നമ്മില്‍പെട്ടവനല്ല.” (അബൂദാവൂദ്) നിരപരാധികളെ വധിക്കുന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു: ”മറ്റൊരാളെ കൊന്നതിനോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ കൊന്നാല്‍, അത് മുഴുവന്‍ മനുഷ്യരെയും കൊലപ്പെടുത്തിയതിന് തുല്യമാണ്. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.” (ഖുര്‍
ആന്‍ 5:32)
ഇതൊന്നും കേവലം ചില പ്രഖ്യാപനങ്ങളായിരുന്നില്ല. പതിനാല് നൂറ്റാണ്ടുകാലത്തെ തിളക്കമാര്‍ന്ന ചരിത്രം അതിനു സാക്ഷിയാണ്. യൂറോപ്പില്‍ വിജ്ഞാനത്തിന്റെ പ്രഭപരത്തിയ മുസ്‌ലിംകള്‍ അവിടെ സൗഹാര്‍ദ്ദവും സഹിഷ്ണുതയും നട്ടുവളര്‍ത്തിയപ്പോള്‍ അതിനെ നുള്ളിക്കളയാന്‍ ശ്രമിച്ച യൂറോപ്യന്‍ ക്രിസ്ത്യാനികളെയാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലുള്ള ചിന്തകന്‍മാര്‍ (വിശ്വചരിത്രാവലോകനം 197-198) പരിചയപ്പെടുത്തുന്നത്. മുസ്‌ലിംകളുടെ പേരുപറഞ്ഞ് രംഗത്തിറങ്ങിയ ഒറ്റപ്പെട്ട ചില ഭരണാധികരാരികള്‍ ആ സാഹോദര്യത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പില്‍ക്കാലത്ത് വന്ന മുസ്‌ലിം മിഷണറികള്‍ അവ സുഖപ്പെടുത്തിയ ചരിത്രമേയുള്ളൂ. മഹ്മൂദ് ഗസ്‌നിയെപ്പോലുള്ള ആളുകള്‍ ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിന് മുറിവേല്‍പ്പിച്ചപ്പോള്‍, അതിനെ സുഖപ്പെടുത്തി പൂര്‍വാധികം സ്‌നേഹവും സാഹോദര്യവും സ്ഥാപിച്ച സൂഫികളുടെ ചരിത്രമാണ് ഇന്ത്യക്ക് പറയാനുള്ളത്.
ഇസ്‌ലാം ഉയര്‍ത്തിപ്പിടിച്ച വിശ്വസാഹോദര്യത്തിന്റെ ദീപശിഖയില്‍നിന്ന് വെളിച്ചവും മാതൃകയും സ്വീകരിക്കാന്‍ ലോകം തയ്യാറാകേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ഈ ശക്തി സ്രോതസ്സ് ആസ്വദിച്ച മലയാളത്തിന്റെ സഞ്ചാരസാഹിത്യകാരനെ ഒന്നുകൂടി നമുക്ക് വായിക്കാം: ”ഇസ്‌ലാമിന്റെ ശക്തിയുടെ രഹസ്യം, ആ മതത്തിലന്തര്‍ഭവിച്ച സാഹോദര്യ തത്ത്വമാണ്. ഒരുമിച്ചിരുന്ന്, ഒരേ പാത്രത്തില്‍ നിന്ന് തീന്‍കഴിക്കുന്ന സമ്പ്രദായം! അത് ആരോഗ്യകാര്യത്തില്‍ അനാശാസ്യമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. എങ്കിലും മനുഷ്യനില്‍ പരസ്പര വിശ്വാസവും മമതയും വളര്‍ത്താന്‍ സഹായിക്കുന്നു. ഒരു നല്ല തീന്‍ അനുഭവിച്ച അവസരം നമ്മള്‍ അത്രവേഗം മറക്കുകയില്ല; അപ്പോഴുണ്ടായിരുന്ന കൂട്ടുകാരെയും. (നൈല്‍ ഡയറി 74. -എസ്.കെ. പൊറ്റക്കാട്)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter