നവൈതു.... റമദാന്‍ ചിന്തകള്‍ 1. പുതിയൊരു മാസം... പുതിയൊരു ജീവിതം
വീണ്ടും ഒരു റമദാന്‍ സമാഗതമായിരിക്കുന്നു. ചന്ദ്രവര്‍ഷ കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് ഇതെങ്കിലും, മുസ്‍ലിം ലോകത്തിന്റെ ആത്മീയ ചൈതന്യങ്ങളുടെ തുടക്കമെന്ന് വേണമെങ്കില്‍ ഇതിനെ പറയാം.
ഓരോ ദിവസവും ഓരോ തുടക്കമാണ്. ഓരോ ആഴ്ചയും ഓരോ മാസവുമെല്ലാം അങ്ങനെത്തന്നെ. കഴിഞ്ഞതെല്ലാം മറന്ന്, സംഭവിച്ചുപോയ അപാതകളിലെല്ലാം പശ്ചാത്തപിച്ച് പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാനുള്ള സുന്ദര മുഹൂര്‍ത്തങ്ങളാണ് ഓരോ പ്രഭാതവും സമ്മാനിക്കുന്നത്. കഴിഞ്ഞ പകലില്‍ സംഭവിച്ചതെല്ലാം ഓര്‍മ്മകളില്‍നിന്ന് തുടച്ച് നീക്കി, ഏറെ ഉന്മേഷത്തോടെയാണ് ഓരോരുത്തരും ഉറക്കമുണരുന്നത്. പുതിയൊരു പ്രഭാതത്തിലേക്ക്, ഇലത്താളുകളില്‍ തങ്ങിനില്‍ക്കുന്ന മഞ്ഞുതുള്ളികളുടെ സംശുദ്ധിയിലേക്ക്, വിരിഞ്ഞ് നില്‍ക്കുന്ന ഒരായിരം പൂക്കളുടെ സൗരഭ്യത്തിലേക്ക്, അവകളിലെ മധു തേടിയെത്തുന്ന ചിത്രശലഭങ്ങളുടെ മനോഹാരിതയിലേക്ക്... പുതുതായി കടന്നുവരുന്ന ഓരോ കാലഗണനയും അങ്ങനെത്തന്നെ...
ആ പുതുമകളില്‍ ഏറ്റവും സുന്ദരവും സുഭഗവുമാണ് വിശുദ്ധ റമദാന്റെ കടന്നുവരവ്. കഴിഞ്ഞ രണ്ട് മാസക്കാലമായി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്ന അതിഥിയാണ് അത്... നോമ്പും നിസ്കാരവും ആരാധനകളുമായി ഭാസുരമാക്കാമെന്ന് നാം പ്രത്യാശിച്ച ദിനരാത്രങ്ങള്‍... ദാനധര്‍മ്മങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സമസൃഷ്ടികളെയെല്ലാം ചേര്‍ത്തുനിര്‍ത്തി ഭൂമി തന്നെ സുന്ദരമാക്കാമെന്ന് കരുതിയ സുദിനങ്ങള്‍...
ജീവിതത്തിന് തന്നെ അടുക്കും ചിട്ടയും വരുത്തി, എന്തെല്ലാം ചെയ്യാമെന്നും എന്തെല്ലാം ചെയ്യരുതെന്നും ശീലിക്കുന്ന മാസം. ശരീരത്തിനും ഭൗതിക ക്രയവിക്രയങ്ങള്‍ക്കും മാത്രമല്ല, ചിന്തകള്‍ക്ക് പോലും കടിഞ്ഞാണിടുന്ന മുപ്പത് ദിനങ്ങള്‍. ഇങ്ങോട്ട് കയറി ചീത്ത വിളിക്കുന്നവനോട് പോലും, ഇന്നീ സ്വാഇമുന്‍, ഞാന്‍ നോമ്പ് കാരനാണ് സുഹൃത്തേ എന്ന് ഏറെ മാന്യമായി പ്രതികരിക്കാന്‍ ശീലിക്കുന്ന മാസം...
വിശ്വാസിയുടെ ജീവിതം മുഴുവന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ നിദര്‍ശനങ്ങളാണ് ഇവയെല്ലാം. അഥവാ, ഒരു മാസം പ്രവര്‍ത്തന പഥത്തില്‍ തന്നെ അവയെല്ലാം നമ്മെ ശീലിപ്പിക്കുകയാണ് റമദാന്‍. അതിനെ വേണ്ട വിധം ഉള്‍ക്കൊള്ലാനായാല്‍, റമദാനിനെ കേവല ആചാരത്തില്‍നിന്ന് മനസ്സിലേക്ക് ആവാഹിക്കാനായാല്‍, തോളില്‍കിടക്കുന്ന ഷാള്‍ പിടിച്ച് വലിച്ച് മുറിവേല്‍പ്പിക്കുന്നവനോട് പോലും പുഞ്ചിരിക്കാന്‍ നമുക്കും സാധ്യമാവും. എത്ര വലിയ തെറ്റ് ചെയ്തവനോടും പൊറുക്കാനും മാപ്പ് നല്കാനും നമ്മുടെ മനസ്സ് വളരും. ഉള്ളതെല്ലാം മറ്റുള്ളവരുമായി പങ്ക് വെക്കുന്നതും, സഹോദരനോടൊപ്പം അവന്റെ ആവശ്യനിര്‍വ്വഹണത്തിനായി കൂടിക്കൊടുക്കുന്നതും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറും. സര്‍വ്വോപരി, വേണമെന്ന് കരുതുന്ന പലതും മറ്റുള്ളവര്‍ക്ക് വേണ്ടി വേണ്ടെന്ന് വെക്കുന്നതിന്റെ സ്വാദും മാധുര്യവും നാം തിരിച്ചറിയും... അഥവാ, നമ്മുടെ ജീവിതം മുഴുക്കെ റമാദാനായി മാറും, അതോടെ ഈ ഭൂമി സ്വര്‍ഗ്ഗവും.
Leave A Comment