ഇഖ്റഅ് 03. അനീതികളോട് അരുതെന്ന് പറയാം

പ്രവാചക ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം കാണാം, ഇറാശ് എന്ന പ്രദേശത്ത്നിന്ന് ഒരാള്‍ ഒരു ഒട്ടകവുമായി മക്കയിലെത്തി. ഒട്ടകത്തെ കണ്ട് ഇഷ്ടപ്പെട്ട അബൂജഹ്‍ല്‍ അയാളില്‍നിന്ന് അത് വാങ്ങിയെങ്കിലും പറഞ്ഞ തുക കൊടുക്കാതെ അയാളെ ബുദ്ധിമുട്ടിച്ചു. നാട്ടുകാരനല്ലാത്ത തന്നെ സഹായിക്കാന്‍ ഇവിടെ ആരെങ്കിലും തയ്യാറാവുമോ എന്ന ആശങ്കയോടെ, അയാള്‍ മക്കയിലെത്തി പള്ളിയിലെത്തി അവിടെ കൂടിയിരുന്ന ഒരു സംഘത്തോട് ഇങ്ങനെ വിളിച്ച് പറഞ്ഞു, അബുല്‍ഹകം (അബൂജഹലിന്റെ യഥാര്‍ത്ഥ പേര്) എന്റെ ഒട്ടകത്തെ വാങ്ങിയിട്ട് തുക തരുന്നില്ല. എന്റെ അവകാശം വാങ്ങിത്തരാന്‍ ആരെങ്കിലും എന്നെ സഹായിക്കാമോ.

കുറച്ച് അപ്പുറത്ത് ഇരിക്കുകയായിരുന്ന പ്രവാചകരെ ചൂണ്ടി അവര്‍ പറഞ്ഞു, അയാളോട് പോയി പറയൂ. അദ്ദേഹം അത് വാങ്ങിത്തരും. 

അബൂജഹലിനോട് പ്രവാചകരോടുള്ള വെറുപ്പും വിദ്വേഷവും മനസ്സിലാക്കി, പ്രവാചകരെ പരിഹസിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.  ഈ പറഞ്ഞത് സത്യമാണെന്ന് കരുതിയ അദ്ദേഹം നേരെ പ്രവാചകന്റെ അടുത്തെത്തി കാര്യം ബോധിപ്പിച്ചു. ഉടനെ പ്രവാചകര്‍ പറഞ്ഞു, വരൂ, നമുക്ക് അബുല്‍ഹകമിന്റെ വീട്ടിലേക്ക് പോകാം.

അബൂജഹലിന്റെ വീട്ടിലെത്തിയ പ്രവാചകര്‍ വാതിലില്‍ മുട്ടി. ആരാണെന്ന ചോദ്യത്തിന് മുഹമ്മദാണ് എന്ന് സധൈര്യം മറുപടി നല്കി. വാതില്‍ തുറന്ന് പുറത്തെത്തിയ അബൂജഹലിനോട് ഉറച്ച സ്വരത്തില്‍ കാര്യം പറഞ്ഞ് ഇയാള്‍ക്ക് അവകാശപ്പെട്ട തുക നല്കണമെന്ന് ആജ്ഞാപിച്ചു. പേടിച്ചുപോയ അബൂജഹല്‍ അകത്ത് പോയി തുക എടുത്ത് വന്ന് നേരെ അദ്ദേഹത്തിന് നല്കുകയും ചെയ്തു. അദ്ദേഹം പ്രവാചകരോട് നന്ദി പറഞ്ഞ് സ്വദേശത്തേക്ക് തിരിച്ച് പോയി.

ഇതായിരിക്കണം വിശ്വാസിയുടെ നിലപാടുകള്‍. അന്യായങ്ങളും അക്രമങ്ങളും കാണുന്ന സമയത്ത് അവയോട് സാധിക്കുന്ന രീതികളിലെല്ലാം പ്രതികരിക്കാന്‍ വിശ്വാസിക്ക് ആവണം. അവിടെ തന്റെ നാട്ടുകാരനാണോ വിദേശിയാണോ, ബന്ധുവാണോ, കൂട്ടുകാരനാണോ, ഉള്ളവനാണോ ഇല്ലാത്തവനാണോ എന്ന പരിഗണനകളൊന്നും തന്നെ കടന്നുവരരുത്. ശത്രുവാണെങ്കില്‍ പോലും അയാളോട് നീതിപൂര്‍വ്വമേ സമീപിക്കാവൂ എന്ന വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമായി പറയുന്നുണ്ട്.

നീതിയും ന്യായവും പുലരുമ്പോഴാണ് ഭൂമിയിലെ ജീവിതം സുഗമമാവുന്നത്. അത് ഇല്ലാതുവുന്നതോടെ ജീവിതം ക്ലേശനിര്‍ഭരമായിത്തീരും. ഇസ്‍ലാമിക ഭരണം കൈയ്യാളിയ പല ഭരണാധികാരികളും ആദ്യഭാഷണത്തില്‍ തന്നെ ഇങ്ങനെ പറയുന്നതായി കാണാം, നീതിയും ന്യായവും ഉറപ്പാക്കുക എന്നതായിരിക്കും എന്റെ അടിസ്ഥാന ലക്ഷ്യം. നീതികേടിന് ഇരയാവുന്നവന്‍ എത്ര ദുര്‍ബലനാണെങ്കിലും എന്റെ മുന്നില്‍ അവനായിരിക്കും ഏറ്റവും ശക്തന്‍. അന്യായം പ്രവര്‍ത്തിക്കുന്നവന്‍ എത്ര ശക്തനെങ്കിലും എന്റെ മുന്നില്‍ ഏറ്റവും ദുര്‍ബലന്‍ അവനായിരിക്കും.

Read More: ഇഖ്റഅ് 02.നീതിക്കും ന്യായത്തിനുമൊപ്പം നില്ക്കാനാവട്ടെ

ഇതായിരിക്കണം ഭരണകര്‍ത്താക്കളുടെയും അധികാരം കൈയ്യാളുന്നവരുടെയും നയരേഖ. വ്യക്തിജീവിതത്തിലും ഇത് തന്നെയായിരിക്കണം നമ്മെയെല്ലാം നയിക്കേണ്ടത്. അന്യായമായി നേടുന്നതെന്തും തിരിച്ചെടുക്കാനും അര്‍ഹര്‍ക്ക് നല്കാനും ശക്തിയുള്ള പടച്ചതമ്പുരാനുണ്ടെന്ന ബോധമാണ് ആദ്യമായി നമുക്കുണ്ടാവേണ്ടത്. അവിഹിതമായി സമ്പാദിക്കുന്ന ഓരോ തുട്ട് നാണയവും തുണ്ട് ഭൂമിയുമെല്ലാം നാളെ പരലോകത്ത് ഏറ്റവും വലിയ ഭാരവും ബാധ്യതയും ആയിത്തീരുമെന്ന ചിന്തയാണ് നമ്മെ വഴി നടത്തേണ്ടത്. 

അത്തരം അന്യായങ്ങള്‍ കാണുന്ന സമയത്ത് അത് തടയാന്‍, ഏറ്റവും ചുരുങ്ങിയത്, അക്രമിയുടെ കൂടെ നില്ക്കാതെ അതിനോട് വെറുപ്പ് പ്രകടിപ്പിക്കാനെങ്കിലും നമുക്ക് സാധിക്കണം. എങ്കില്‍ ഭൂമിയിലെ ജീവിതം എത്ര സുന്ദരമായിത്തീരും. 

നമ്മുടെ നോമ്പുകള്‍ അത്തരം സദ്ചിന്തകള്‍ക്കുള്ള, അതിലൂടെ സമൂഹത്തിന്റെ നല്ല നാളുകള്‍ക്കുള്ള, നിമിത്തങ്ങളാവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter