പക്ഷമില്ലാത്തൊരാൾ എപ്പോഴും സാധ്യമാണോ?

തിരഞ്ഞെടുപ്പിന് മുമ്പെന്ന പോലെ ശേഷവും കേരള രാഷ്ട്രീയ അന്തരീക്ഷത്തിൽ നില നിൽക്കാറുള്ള ഏറ്റവും താപം കൂടിയ ഊർജ്ജസ്രോതസ്സാണ് സാമുദായികത. 26.56 ശതമാനം വരുന്ന മുസ്ലിംകളും 18.38 ശതമാനം വരുന്ന ക്രിസ്ത്യാനികളും പുറമേ,27ശതമാനം ഈഴവരും 17 ശതമാനം  നായർ വിഭാഗവും ചേർന്ന പ്രധാന ജാതികളുമാണ് കേരളത്തിലെ ഭരണം ആർക്ക് ആയിരിക്കണമെന്ന് തീരുമാനിക്കുന്നിടത്ത് നാളിതുവരെയായി നിർണായകത്വം വഹിക്കാറ്. ഇപ്പറഞ്ഞ കണക്കിൽ ചെറുതല്ലാത്ത ഒരു തോത്, നിഷ്പക്ഷതയും തങ്ങളുടെ സാമൂഹ്യ ഗുണഗണങ്ങളും മുൻനിർത്തിയാണ് വോട്ട് ചെയ്യാറുള്ളത് എന്നത് കൊണ്ട് തന്നെ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി അവസാന നിമിഷം വരെയും അ പ്രവചനീയമായിരിക്കും കേരളത്തിന്റെ മനസ്സ്. ഭരണ നിർവഹണത്തിലും വകുപ്പ് നിർണ്ണയത്തിലും കക്ഷികൾ ഈ മനസ്സിനെ കൂടി മാനിക്കുന്ന സമീപനം സ്വീകരിക്കുന്നതിനാൽ സാമുദായിക പ്രീണനങ്ങളെയും സന്തുലിതത്വത്തെയും ചൊല്ലിയുള്ള ചൂടേറിയ വാഗ്വാദങ്ങൾ പതിവാണ്. ഈ പതിവ് രീതികളിലാണ് ന്യൂനപക്ഷ വകുപ്പിലെ പുതിയ വിവാദവും ചർച്ചകളും ഇടം കണ്ടെത്തുന്നത്.

2011 മേയ് പതിനെട്ടിന് നിലവിൽ വന്ന പതിമൂന്നാം മന്ത്രിസഭയിലാണ് ആദ്യമായി ന്യൂനപക്ഷ ക്ഷേമം ഒരു വകുപ്പായി ഇടംപിടിക്കുന്നത്. കേന്ദ് സർക്കാരും സംസ്ഥാന സർക്കാരും ന്യൂനപക്ഷങ്ങൾക്കുവേണ്ടി ആവിഷ്ക്കരിക്കുന്ന പദ്ധതികളുടെ നോഡൽ ഏജൻസികളായി 2008 ൽ നിലവിൽ വന്ന  ന്യൂനപക്ഷ സെല്ലി(Minority Coll) ന്റെയും ന്യൂന പക്ഷ ക്ഷേമ വകുപ്പിന്റെയും അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ആണ് ഈ വകുപ്പ്. ഇമ്പിച്ചിബാവ ഭവന നിർമ്മാണ പദ്ധതി, സി.എച്ച്. മുഹമ്മദ്കോയ കോളർഷിപ്പ്, ചാർട്ടേർഡ് അക്കൗണ്ടൻസി/കോസ്റ്റ് അക്കൗണ്ടൻസി/കമ്പനി സെകട്ടറിഷിപ്പ് എന്നിവയ്ക്കു പഠിക്കുന്നവര്‍ക്കുള്ള സകോളർഷിപ്പ്, അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ് ഹോസ്റ്റൽ ഫീസ് റീ ഇംബേഴ്സ്മെന്റ് പദ്ധതി, ന്യൂനപക്ഷ കേന്ദീക്യത സ്ഥലങ്ങളിലെ കുടിവെള്ള വിതരണ പദ്ധതി, ന്യൂനപക്ഷ കേന്ദീക്യത വില്ലേജുകളിലെ സ്കൂളുകളിൽ വെർച്ചിൽ സ്മാർട്ട് ക്ലാസ് റൂം,ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള സൗജന്യ
പരിശീലന കേന്ദ്രങ്ങൾ, മദ്രസ്സാ അധ്യാപക ക്ഷേമനിധി- ആനുകൂല്യങ്ങൾ തുടങ്ങി പിന്നോക്കക്കാരും സംവരണത്തിന് അര്‍ഹരുമായ ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഉതകുന്ന അനേകം പദ്ധതികളാണ് ഈ വകുപ്പിന് കീഴിലുള്ളത്. രൂപീകൃതമായന്നുതൊട്ട് ഇന്നുവരെ വകുപ്പധികാരികളായ മന്ത്രിമാർ മുസ്ലിമീങ്ങളാണെന്നും അവർ മുസ്ലീം സമുദായങ്ങൾ മാത്രം പ്രതിനിധാനം ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അതുവഴി ക്രിസ്തീയ സമുദായങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്നും ഒരു ക്രിസ്തീയ സഭ മുഖ്യമന്ത്രിക്ക് കത്തെഴുതിയതാണ് പുതിയ പുകിൽ. 80 ശതമാനം ആനുകൂല്യവും മുസ്ലിംകൾക്കാണെന്നും 20 ശതമാനം മാത്രമേ ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭ്യമാവുകയുള്ളൂ എന്നുമാണ് പ്രസ്തുത കത്തിലെ ഉള്ളടക്കം. വകുപ്പിന്റെ ആധികാരികതയും അസ്ഥിത്വ രീതിയെയും കുറിച്ചുള്ള നഗ്നമായ അജ്ഞത സ്പുരിക്കുന്ന ഈ കത്തല്ല, മറിച്ച് ഇതേതുടർന്ന് മുഖ്യമന്ത്രി കൈകൊണ്ട നടപടിയാണ് ഏറെ ഞെട്ടലുളവാക്കിയത്. പാലോളി കമ്മിറ്റിയുടെ ശുപാർശയിൽ നൂറുശതമാനവും മുസ്ലിം ന്യൂനപക്ഷത്തിന്റെ ക്ഷേമ ക്ഷേമത്തിനായി രൂപം കൊണ്ട ഈ വകുപ്പിൽ പരിഗണന എന്നോളം ലഭിച്ച 20 ശതമാനത്തിന്റെ അപര്യാപ്തതയാണ് സഭ അനാവശ്യമായി ഉയർത്തിക്കൊണ്ടുവന്നത് എന്ന പ്രാഥമികമായ ഡാറ്റ അനാലിസിസ് പോലും നടത്താതെയാണ് ഈ ഞെട്ടലുളവാക്കുന്ന നടപടി ഉണ്ടായത്. വി. അബ്ദുറഹിമാൻ എന്ന മുസ്ലിം മന്ത്രിക്ക് വകുപ്പ് നഷ്ടമായതിനപ്പുറം ഒരു സമുദായം രാഷ്ട്രീയമായി അപമാനിക്കപ്പെടുന്നു എന്ന ഗുരുതരമായ പ്രശ്നമാണ് ഇതിന്റെ പരിണിതി. ഒരു സമുദായത്തിന്റെ ആവശ്യം പരിഗണനക്കെടുത്തപ്പോൾ മറ്റൊരു സമുദായം ഇരയാക്കപ്പെട്ടു എന്ന വായനയും ഇക്കാര്യത്തിൽ ശരിയാവും.

Also Read:മുന്നാക്ക സംവരണ നീക്കത്തിൻ്റെ പിന്നാമ്പുറം

 ഇത്രയും മാത്രമല്ല കാര്യം. കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം പൂർണ്ണമായും പിന്നോക്കക്കാരും സംവരണത്തിന് അര്‍ഹരുമാണ്. എന്നാല്‍, ക്രൈസ്തവ സമുദായത്തിലെ 80 ശതമാനത്തിലധികവും മുന്നോക്ക വിഭാഗക്കാരായാണ് ഗണിക്കപ്പെടുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അതുകൊണ്ടുതന്നെ, ക്രൈസ്തവ സമുദായത്തിലെ കേവലം 20 ശതമാനത്തിനേ അര്‍ഹതപ്പെട്ടതായിട്ടുള്ളൂ. മുഴുവന്‍ മുസ്‌ലിംകളും അതിന് അര്‍ഹരാണ് താനും. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കേന്ദ്ര ഗവൺമെന്റ് നടപ്പാക്കിയ 10 ശതമാനം സംവരണത്തിലും ക്രിസ്തീയ സമുദായങ്ങൾക്ക് ഇടമുണ്ട്. കൂടാതെ, ക്രൈസ്തവരിലും പിന്നോക്കം നില്‍ക്കുന്നവരുണ്ടെന്നും അവര്‍ക്കും മുസ്ലിംകളിലേതിന് സമാനമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നുമുള്ള ചില ക്രൈസ്തവ സംഘടനകളുടെ ആവശ്യപ്രകാരം ജസ്റ്റിസ് കോശി ചെയര്‍മാനായി ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സര്‍ക്കാര്‍ 2021 ല്‍ നിയമിച്ചിട്ടുമുണ്ട്. വസ്തുത ഇതായിരിക്കെ, സഭയുടെ ആവശ്യം ബോധപൂർവ്വമായ ഒരു കമ്യൂണൽ ക്യാമ്പയിൻ ആണെന്നും തുടർന്നുണ്ടായ അധികാര നടപടി കേവലം ഒരു വകുപ്പുമാറ്റം അല്ലെന്നും കരുതാൻ തീർച്ചയായും ന്യായമുണ്ട്.

പലരും ഊഹിച്ച പോലെ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ഏക വകുപ്പായിരുന്നു ഇതെങ്കിലും നടപടിയിലെ ഈ അപാകത നിലനിൽക്കുമായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. അപ്പോഴും,  വകുപ്പിലെ സാങ്കൽപ്പികമായ ആ അപര്യാപ്തത ഇല്ലാതാക്കാൻ മതം നോക്കി വകുപ്പ് തല മന്ത്രിയെ നിയമിക്കുന്നത് എങ്ങനെ ന്യായയുക്തമാകാനാണ്?
മുസ്ലിം പേരുള്ള ഒരാൾ വകുപ്പിന്റെ തലപ്പത്ത് വന്നാൽ ക്രിസ്ത്യാനികൾക്ക് താല്പര്യം ഇല്ലാതിരിക്കുന്നത് പോലെ തിരിച്ചും ഉണ്ടാവുക സ്വാഭാവികമാണ്. അപ്പോഴൊക്കെയും പക്ഷമില്ലാത്ത ഒരാളെ കണ്ടെത്തുക അത്രയെളുപ്പമാവില്ലല്ലോ?
 ഒടുക്കം ഈ വകുപ്പും ഒരു ഭൂരിപക്ഷക്കാരന്റെ നിയന്ത്രണത്തിൽ വരാനേ ഇത് വഴിവക്കൂ. മാത്രവുമല്ല, 
സമുദായങ്ങളുടെ 'അതൃപ്തി'കൾക്ക് ഏതൊക്കെ വിഷയങ്ങളിലാണ് പരിഗണന നൽകുകയെന്നതും തുടർന്ന് ഏറെ ആശങ്കയേറ്റുന്ന ഒരു വിഷയമായി നിലനിൽക്കും.
 രാഷ്ട്രീയമായി ഒരു സമുദായം നേരിടുന്ന അപമാനം അറിഞ്ഞോ അറിയാതെയോ ആവർത്തിക്കപ്പെടുന്നത് യഥോചിതമായ പ്രതിഷേധങ്ങളുടെ അഭാവമാണ് കാണിക്കുന്നത്. ദിവസങ്ങൾ മാത്രം ആയുസ്സുള്ള മാധ്യമ ക്യാമ്പയിനുകളോ  നേതൃ-പ്രസ്താവനകളോ അല്ല, വർഗ്ഗീയത എന്ന ആരോപണത്തെ ഭയക്കാത്ത ജനാധിപത്യ സമരമാണ് ഇതിന് ഏക പരിഹാരം.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter