നവ ഹിജ്റാബ്ദം ആഘോഷമല്ല ആലോചനയാണ് ആവശ്യപ്പെടുന്നത്
Happy-Islamic-New-Year-1436- നിരങ്കുശം ചലിച്ചു കൊണ്ടിരിക്കുന്ന കാലചക്രത്തില്‍ നിന്നും ഒരാണ്ടറുതിയുടെ ഇല കൂടി കൊഴിഞ്ഞു പോവുന്നതിന്റെ സൂചകമായി വീണ്ടുമൊരു മുഹര്‍റം മാസം സമാഗതമായിരിക്കുന്നു.. പുതുവത്സരരാവുകള്‍ മദ്യമയക്കു മരുന്നുകളിലാറാടി ആഭാസകരമായി ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് ആരവങ്ങളൊന്നുമില്ലാതെയാണ് മുസ്ലിം ലോകത്ത് പുതുവര്‍ഷം ആഗതമായത്. അല്ലെങ്കിലും വിശ്വാസികള്‍ക്കിത് ആഘോഷത്തെക്കാള്‍ ആലോചനക്കുള്ളതാണല്ലോ. കാരണം ഒരു പുതു വര്‍ഷത്തിലേക്കു കൂടി പ്രവേശിക്കാര്‍ ഭാഗ്യം ലഭിച്ചതിന് നാഥനോട് കൃതജ്ഞത കാണിക്കുന്നതോടൊപ്പം കഴിഞ്ഞു പോയ ദിനരാത്രങ്ങളില്‍ സംഭവിച്ച അപരാധങ്ങളില്‍ പശ്ചാത്തപിക്കാനും വരുംദിനങ്ങളെങ്ങനെയാകുമെന്ന ആധിക്കും ആശങ്കക്കും പരിഹാരം കാണാനുമുള്ള വേളകളാവണം വിശ്വാസിക്ക് പുതിയ ദിവസവും മാസവും വര്‍ഷവുമെല്ലാം. ഫലസ്തീനും ഇറാഖും അഫ്ഗാനും സിറയയുമെല്ലാം ഉള്‍പ്പെട്ട മുസ്‍ലിം ലോകത്തിന് ആഹ്ലാദം പകര്‍ന്നുകൊണ്ടല്ല വര്‍ഷം വിടചൊല്ലിയതെന്നതും ഒരു വസ്തുതയാണ്. ചരിത്ര ഗതി മാറ്റിമറിച്ച നിരവധി സംഭവ വികാസങ്ങളുടെ ചരിത്ര സന്ധികളെ ഒര്‍മ്മപ്പെടുത്തിയാണ് മുഹര്‍റമിന്റെ വരവ്. ആദം നബി(അ) സ്വര്‍ഗ്ഗത്തില്‍ നിന്നും നിഷ്കാസിതനായതും അദ്ദേഹത്തിന്റെ തൌബ സ്വീകരിക്കപ്പെട്ടതും നാഥന്റെ മഹാ പ്രളയമുണ്ടായി അവിശ്വാസികള്‍ നശിച്ചതും നൂഹ് നബിയും വിശ്വാസികളും പേടകത്തില്‍ കയറി രക്ഷപ്പെട്ടതും നൂഹ് നബിയുടെ പത്താം തലമുറയില്‍ പെട്ട ഇബ്രാഹീം നബി നംറൂദൊരുക്കിയ തീ കുണ്ഡാരത്തില്‍ എറിയപ്പെട്ടതും ഒരു പോറലുമേല്ക്കാതെ രക്ഷപ്പെട്ടതും വലിയ ദൈവമെന്ന് ആക്രോശിച്ച് നടന്ന ഫിര്‍ഒൌര്‍ ചെങ്കടലില്‍ മുങ്ങി നശിച്ചതും മൂസാനബി രക്ഷപ്പെട്ടതുമെല്ലാം ഇതു പോലെയുള്ള മുഹര്‍റം മാസങ്ങളിലായിരുന്നു. യൂനുസ് നബി മത്സ്യത്തിന്റെ വയറ്റില്‍ നിന്ന് രക്ഷപ്പെട്ടത്, ഈസാനബിയെ ആകാശത്തേക്ക് ഉയര്‍ത്തിയത് തുടങ്ങി ഒരുപാട് സംഭവങ്ങള്‍ നടന്നതും ഈ പവിത്രമായ മാസത്തിലായിരുന്നു. മര്‍ദ്ദിത-പീഢിത ജനവിഭാഗത്തിന് പ്രതീക്ഷയും പ്രത്യാശയും പകരുന്നതും അക്രമികള്‍ക്ക് ശക്തമായ താക്കീതു നല്കുന്നതുമായ ചരിത്രസ്മരണകളുടെ സമന്വയമാണ് മുഹര്‍റം എന്നര്‍ത്ഥം. പഠിക്കാനും പകര്‍ത്താനും പാഠങ്ങളേറെയുള്ള ഈ ചരിത്രസ്മൃതികള്‍ ഇലാഹീമാര്‍ഗ്ഗത്തില്‍ എല്ലാം ത്യജിക്കാനും അവന്റെ തൃപ്തിക്കുവേണ്ടി സര്‍വ്വവും സഹിക്കാനുമുള്ള ശക്തമായ ചോദനയാണ് വിളംബരം ചെയ്യുന്നത്. ലോകത്തിന്റെ നാനാദിക്കുകളിലും ഇസ്‍ലാം പ്രചരിച്ചപ്പോള്‍ ലോക മുസ്‍ലിംകള്‍ക്ക് പൊതുവായൊരു കാലഗണനാ സമ്പ്രദായം വേണമെന്ന ആവശ്യമുയര്‍ന്നു വന്നു. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ ഭരണകാലത്തായിരുന്നു ഇത്. എന്തിനെ അടിസ്ഥാനപ്പെടുത്തിയാവണം വര്‍ഷാരംഭം എന്ന ചര്‍ച്ചയില്‍ നബി(സ)യുടെ ജനനം, പ്രവാചകത്വം, വഫാത്ത് തുടങ്ങിയ പല നിര്‍ദ്ദേശങ്ങളും വന്നെങ്കിലും അവസാനം  ഹിജ്റയാവാമെന്ന അഭിപ്രായ സമന്വയത്തിലെത്തിച്ചേര്‍ന്നു. ജനിച്ച നാട്ടില്‍ തന്റെ പ്രബോധന ജീവിതം വഴിമുട്ടുമെന്ന് മനസ്സിലാക്കിയ നബി(സ) പീഢനങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ ചരിത്ര പ്രസിദ്ധമായ പലായനമാണല്ലോ ഹിജ്റ. കൂലങ്കശമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹിജ്റ വര്‍ഷത്തിന്റെ ആരംഭമായി മുഹര്‍റം മാസത്തെയാണ് തെരഞ്ഞെടുത്തത്.ഇത് മുഹര്‍റത്തിന്റെ ചരിത്ര-വര്‍ത്തമാന പ്രാധാന്യം കണക്കിലെടുത്തു തന്നെയായിരുന്നു. ചുരുക്കത്തില്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം മുഹര്‍റം മതിമറന്ന പുതുവത്സരാഘോഷത്തെയല്ല, മറിച്ച് കൂലങ്കശമായ ആലോചനയെയാണ് ആവശ്യപ്പെടുന്നത്. ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹര്‍റമിന്റെ ഭാഷാര്‍ത്ഥം പരിശുദ്ധമാക്കപ്പെട്ടത്, നിഷിദ്ധമാക്കപ്പെട്ടത് എന്നൊക്കെയാണ്.  യുദ്ധം ഹറാമായതുകൊണ്ടാണ് ഈ മാസത്തിന് നിഷിദ്ധമാക്കപ്പെട്ടത് എന്നര്‍ത്ഥം കൂടിയുള്ള ഈ പേരു സിദ്ധിച്ചതെന്നും അതല്ല ഇബിലീസിന് സ്വര്‍ഗ്ഗം നിഷിദ്ധമാക്കപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ പേരു വന്നതെന്നും അഭിപ്രായമുണ്ട്(ഇആനത്). മുഹര്‍റത്തിന്റെ പരിശുദ്ധിയെ കുറിച്ച് വിശുദ്ധ ഖുര്‍ആനും ഹദീസും പലയിടങ്ങളിലും വിശദീകരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുത്ത് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാവുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം .അതിനാല്‍ ആ നാലു മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം കാണിക്കരുത് (തൌബ36) .ഖുര്‍ആര്‍ പരാമര്‍ശിച്ച വിശുദ്ധമായ (യുദ്ധം ഹറാമായ) നാലു മാസങ്ങള്‍ ദുല്‍ ഖഅദ്, ദുല്‍ ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണെന്ന് നബി(സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ വിശദീകരിച്ചതായി ബുഖാരിയും മുസ്‍ലിമും നിവേദനം ചെയ്യുന്നുണ്ട്. ഈ മാസങ്ങളെ അനാദരിക്കരുതെന്ന്  സൂറത്തുല്‍ മാഇദയിലെ  രണ്ടാം സൂക്തത്തില്‍ അല്ലാഹു താക്കീത് ചെയ്യുന്നുമുണ്ട്. മുഹര്‍റം ഉള്‍പ്പെടെയുള്ള പരിശുദ്ധ മാസങ്ങളില്‍ പാപങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ ഗൌരവതരമാണെന്നും ശിക്ഷയുടെ കാഠിന്യം ഇതര മാസങ്ങളേക്കാള്‍ വര്‍ദ്ധിക്കുമെന്നും ഇതിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുകസീര്‍(റ), ഖതാദ(റ) തുടങ്ങിയ ഖുര്‍ആര്‍ വ്യാഖ്യതാക്കള്‍ പറയുന്നു. ഈ മാസങ്ങളില്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് ശിക്ഷ വര്‍ദ്ധിക്കുന്ന പോലെ പുണ്യങ്ങള്‍ക്ക് പ്രതിഫലവും കൂടുമെന്ന് ഇബ്നുഅബ്ബാസ്(റ)വും അഭിപ്രായപ്പെടുന്നു. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു, നബി(സ) പറഞ്ഞു ‘റമളാര്‍ മാസത്തിലെ വ്രതം കഴിഞ്ഞാല്‍  ഏറ്റവും ശ്രേഷ്ഠമായ വ്രതം മുഹര്‍റത്തിലേതാണ്. നിര്‍ബന്ധ നിസ്കാരം കഴിഞ്ഞാല്‍ എറ്റവും മഹത്തരമായത് രാത്രിയിലെ നിസ്ക്കാരവുമാണ്’  (മുസ്‍ലിം). അതു കൊണ്ട് വിശ്വാസിയെ സംബന്ധിച്ചിടത്തോളം മുഹര്‍റം ഇബാദത്തുകള്‍ വര്‍ദ്ധിപ്പിച്ച് പുണ്യങ്ങള്‍ വാരിക്കൂട്ടാനും അതു വഴി അല്ലാഹുവിന്റെ തൃപ്തി നേടാനുമുള്ള സുവര്‍ണ്ണാവസരമാണ്. മുഹര്‍റമാസത്തിലെ പ്രധാന ആരാധനാകര്‍മ്മങ്ങള്‍ ഒര്‍പത്, പത്ത് ദിവസങ്ങളിലുള്ള സുന്നത്തായ വ്രതങ്ങളാണ്. മുഹര്‍റമാസത്തിലെ ആദ്യത്തെ 10 ദിവസങ്ങളില്‍ വ്രതമെടുക്കല്‍ ശക്തമായ സുന്നത്താണെന്നും പ്രസ്തുത മാസം മുഴുവനും വ്രതമെടുക്കല്‍ സുന്നത്താണെന്നും ഫതാവല്‍ കുബ്റയില്‍ കാണാം. അല്ലാഹുവിന്റെ ഭവനം(ബൈത്തുല്ലാഹ്), അല്ലാഹുവിന്റെ  പ്രവാചകര്‍(റസുലുല്ലാഹ്) എന്നുതുപോലെ അല്ലാഹുവിലോക്ക് ചേര്‍ത്താണ്(ശഹ്റുല്ലാഹ്) മുഹര്‍റത്തെ നബി പരിചയപ്പെടുത്തിയതെന്ന് അതിന്റെ പ്രാധാന്യവും ശ്രേഷ്ഠതയും വിളിച്ചോതുന്നു. അല്ലാഹുവിലേക്ക് ചേര്‍ത്ത് പറഞ്ഞ ഏക മാസമാണ് മുഹര്‍റം എന്നത് വളരെ ശ്രദ്ധേയമാണ്. റമളാനുള്‍പ്പെടെയുള്ള മറ്റൊരു മാസത്തിനും ഈ പ്രത്യേകത ലഭിച്ചിട്ടില്ലെന്നതും പ്രസ്താവ്യമാണ്. വിശുദ്ധമുഹര്‍റം മാസത്തെ ഒരു വര്‍ഷത്തിന്റെ സമാരംഭമെന്ന നിലയില്‍ പ്രാധാന്യത്തോടെ കാണുകയും കഴിഞ്ഞ ഒരു വര്‍ഷം നാം ചെയ്ത നന്മ-തിന്മകളെ കുറിച്ചുള്ള വിചാരപ്പെടലുകള്‍ക്കും ഭാവിയെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ആസൂത്രണങ്ങള്‍ക്കും വേദിയാക്കുകയാണ് വിശ്വാസിയുടെ ബാധ്യത. നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനു മുര്‍പ് നിങ്ങള്‍ സ്വയം വിചാരണ ചെയ്യുകയെന്ന, ഉമര്‍ (റ) വിന്റെ ആഹ്വാനം പ്രായോഗികമാക്കാനുള്ള വാര്‍ഷികാവസരം കൂടിയാണിത്. ഓരോ മുഹര്‍റവും കടന്നുവരുന്നത് ആയുസ്സില്‍ നിന്ന് ഒരാണ്ട് തിരോഭവിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലുമായാണ്.അല്ലാഹു പറയുന്നു, അവര്‍ തന്നെയാണ് രാപകലുകളെ മാറിമാറി വരുന്നതാക്കിയവര്‍. ആലോചിച്ചു മനസ്സിലാക്കാനുദ്ദേശിക്കുകയോ നന്ദികാണിക്കാനുദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്-ദൃഷ്ടാന്തമാവാര്‍ വേണ്ടി .(25-62). ഞാര്‍ ഒരു പുതിയ സൃഷ്ടിയാണ്. നിന്റെ കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാണ്. ഞാനൊരിക്കലും തിരിച്ചുവരില്ലെന്നതിനാല്‍ പരമാവധി പ്രയോജനപ്പെടുത്തുക, എന്ന മുന്നറിയിപ്പോടുകൂടിയാണ് ഓരോ പ്രഭാതവും ആഗതമാവുന്നതെന്ന മഹാനായ ഹസനുല്‍ ബസ്വരി(റ)യുടെ വാചകം പുതുവര്‍ഷത്തില്‍ നാമോര്‍ക്കുക.  ഒപ്പം ആയുസ്സ് കുറഞ്ഞുകൊണ്ടിരുന്നിട്ടും  കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാര്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തല്ലാതെ ഞാര്‍  ദുഖിച്ചിട്ടില്ലെന്ന ഇബ്നുമസ്ഊദ്(റ)വിന്റെ വാക്കുകളും ഈ പുതുവര്‍ഷപ്പുലരിയില്‍ നമ്മുടെ കണ്ണുകള്‍ തുറപ്പിക്കട്ടെ, അതിലൂടെ നമ്മുടെ പ്രവര്‍ത്തനോന്മുഖതയും സക്രിയതയും സജീവമാകട്ടെ.ആമീര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter