എം.എം. അക്ബര്‍ വിഷയം: ഫാസിസം പടിവാതിലില്‍ നില്‍ക്കുമ്പോള്‍ സമുദായം ഒന്നിച്ചുനില്‍ക്കണം
എം.എം. അക്ബര്‍ ആരാണെങ്കിലും അദ്ദേഹം ഇന്ന് വേട്ടയാടപ്പെടുന്നത് അതുകൊണ്ടൊന്നുമല്ല. ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിലേറിയതുമുതല്‍ ആരംഭിച്ച ന്യൂനപക്ഷ വേട്ടയുടെ അവസാനത്തെ ഇരയാണദ്ദേഹം. മത താരതമ്യ വിഷയത്തില്‍ അഗാധ പാണ്ഡിത്യവും സ്‌നേഹ സംവാദങ്ങളില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കാന്‍ അസാധാരണ ശേഷിയുമുള്ള അദ്ദേഹം താന്‍ ചെയ്യുന്ന ഈ കൃത്യംകൊണ്ടുതന്നെ കാലങ്ങളായി ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്. മത സാഹോദര്യം എന്നും തകര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്ന ഫാസിസ്റ്റുകള്‍ക്ക് അദ്ദേഹത്തിന്റെ ഊന്നലുകള്‍ തലവേദനയും സൃഷ്ടിച്ചിരുന്നു. ഫാസിസം അദ്ദേഹത്തെ വേട്ടയാടാന്‍ അടിസ്ഥാന കാരണവും ഇതുതന്നെയാണ്. മത താരതമ്യ പ@നങ്ങളെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരെയും അവര്‍ ഭയപ്പെടുന്നു.
സാകിര്‍ നായികിനു ശേഷം കേരളത്തില്‍ എം.എം. അക്ബറാണ് ഫാസിസത്തിന്റെ ലക്ഷ്യം. രാജ്യത്തും പുറത്തും നൂറുക്കണക്കിന് വേദികളില്‍ മതങ്ങള്‍ തമ്മിലുള്ള സ്‌നേഹ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന അദ്ദേഹം രാജ്യത്ത് ബഹുസ്വരതയുടെ ആഴവും അര്‍ത്ഥവും പ്രചരിപ്പിച്ച പ്രഭാഷകനാണ്. ഇപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും നോട്ടമിട്ടിരിക്കുകയാണ് സംഘ്പരിവാര്‍ ഫാസിസം. അതിനായി ചില ആരോപണങ്ങളും അവര്‍ നിര്‍മിച്ചുവിട്ടിരിക്കുന്നു. അവിടെനിന്നും കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിഷയങ്ങള്‍ തങ്ങളുടെ അറ്റാക്കിനെ ന്യായീകരിക്കാന്‍ വേട്ടക്കാരന്‍ കണ്ടെത്തിയ ചില ഭാവനാസൃഷ്ടികള്‍ മാത്രമാണെന്നതാണ് വസ്തുത. ലക്ഷ്യം മതത്തിന്റെ ശാസ്ത്രീയതയും അശാസ്ത്രീയതയും യുക്തിയുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ ചര്‍ച്ചചെയ്യുന്ന അക്ബറിനെ പോലെയുള്ളവരെ വായടപ്പിക്കുകയെന്നതാണ്.
സ്വതന്ത്ര ഇന്ത്യയില്‍ മതം പറയാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. എന്നിരിക്കെ, മത താരതമ്യ പഠനങ്ങളുമായി മുന്നോട്ടുപോകുന്നവരെ ഉന്നംവെച്ച് വേട്ടയാടുന്നത് മതേതരത്വവിരുദ്ധവും അവകാശ ധ്വംസനവുമാണ്. തനിക്ക് സത്യമായി തോന്നുന്നതിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. അത് മറ്റൊരാളോട് പറയേണ്ടവിധത്തില്‍ പറനയാനുള്ള അവകാശവും അവനുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ഭരണഘടനയുള്ള കാലത്തോളം ഇവിടെ ഒരു ഭരണകൂടത്തിനും സാധ്യമല്ല.
ഫാസിസം പടിവാതിലില്‍ നില്‍ക്കുമ്പോള്‍ ആദര്‍ശ വരമ്പുകളില്‍ പിടിച്ചുനിന്ന് പരസ്പരം ആക്ഷേപിക്കുന്നത് സമുദായത്തിന് നന്നല്ല. പൊതുശത്രുവിനു മുമ്പില്‍ ഐക്യപ്പെടലാണ് യുക്തി. സലഫിയായതുകൊണ്ടല്ല അക്ബര്‍ ഉന്നംവെക്കപ്പെടുന്നത്. അദ്ദേഹം മുസ്‌ലിമായതുകൊണ്ടും മതങ്ങളെക്കുറിച്ച് സംസാരിക്കുന്ന വ്യക്തിയായതുകൊണ്ടുമാണ്. സാകിര്‍ നായിക്കിനും അക്ബറിനുമെതിരെ ഉയര്‍ന്നതുപോലെയുള്ള വിഷയങ്ങള്‍ ഇനി രാജ്യത്ത് ഉണ്ടാവരുത്. ഫാസിസത്തിന്റെ ഉന്നങ്ങളെയും ഊന്നലുകളെയും തകിടംമറിക്കുകയാണ് ഇതിനുവേണ്ടത്. വേട്ടക്കാരനെതിരെ ഒന്നിച്ചാല്‍ ഇത് സാധിക്കാവുന്നതേയുള്ളൂ.



Leave A Comment